4.മസാല ദോശയും വിവാഹ നിശ്ചയവും

 


അങ്ങനെ വിവാഹം ഉടനെ വേണ്ട എന്നു ഞാന്‍  പറഞ്ഞു  എങ്കിലും വീട്ടിലെ   നിര്‍ബന്ധം   മൂലം  ഒന്നു രണ്ടു  സ്ഥലത്ത്   പെണ്ണിനെ  കാണാന്‍  പോകുകയും  ചെയ്തു. എന്നെ  സംബന്ധിച്ച്  അത്  വെറും  ഒരു ചടങ്ങു  മാത്രം  ആയിരുന്നു. വൈദ്യുത  ബോര്‍ഡില്‍   പില്‍ക്കാലത്ത് അല്‍പ്പം കുപ്രസിദ്ധനായ ആലപ്പുഴ  പുന്നപ്രയില്‍ താമസം ആക്കിയിരുന്ന ഒരു  ചീഫ്  എഞ്ചിനീയറുടെ മകളെയും  ഞങ്ങളുടെ    കുട്ടനാടിന്‍റെ  സ്വന്തം ലോകപ്രശസ്ത  സാഹിത്യകാരനായ  തകഴി ശിവശങ്കരപ്പിള്ളയുടെ ഒരു  ബന്ധുവീട്ടിലെ  കുട്ടിയെയും  ആണ്  കാണാന്‍ പോയതെന്ന് ഓര്‍മ്മ വരുന്നു. ഏതായാലും  ഈ രണ്ട്   ആലോചനകളും  മുന്നോട്ട് പോയില്ല. അത്ര മോഡേണ്‍ അല്ലാത്ത  എന്നെ   പെണ്‍ കുട്ടികള്‍ക്ക് പിടിക്കാഞ്ഞതു  കൊണ്ടാണൊ ഞാന്‍   വേണ്ടെന്ന് വെച്ചതു കൊണ്ടാണൊ ഓര്‍മ്മയില്ല. ഈ അവസരത്തിലാണ്നമ്മുടെ കഥാനായികയുമായി    വിവാഹാലോചന വന്നത്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം,  ഒരു ഞായറാഴ്ച ഈ കുട്ടിയുടെ  അച്ഛന്‍ (അമ്മാവന്‍) പുലര്‍ച്ചെ മലബാര്‍ എക്സ്പ്രെസ്സില്‍ ഞാന്‍ താമസിക്കുന്ന കോഴിക്കോട് ആര്‍.ഈ.സി.യിലെ E ഹോസ്റ്റല്‍ തിരഞ്ഞു പിടിച്ചെത്തി.(ഞാന്‍ അന്ന് E ഹോസ്റ്റലിലെ റെസിഡണ്ട് വാര്‍ഡന്‍ ആയിരുന്നു.) രാവിലെ കുളിയും മറ്റും കഴിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി അടുത്തുള്ള D ഹോസ്റ്റലിലെ മെസ്സില്‍ പ്രാതല്‍ കഴിക്കാന്‍ എത്തി. അവിടെ ഞായറാഴ്ച മസാല ദോശയാണ് പ്രാതലിനു പലഹാരം. സ്വാഭാവികമായും ദോശ വരാന്‍ കുറച്ചു സമയം കൂടുതല്‍ എടുത്തു. ദോശക്കു വേണ്ടി കാത്തിരുന്ന സമയത്ത് അമ്മാവന്‍ വിവാഹകാര്യം എടുത്തിട്ടു. നിനക്ക് എന്റെ മകളെ ഇഷ്ടമാണോ?“ ഇതാണ് ആദ്യത്തെ ചോദ്യം. ചെറുപ്പം മുതല്‍ കാണുന്ന കുട്ടി, കാണാനും മോശമല്ല. നാടന്‍ ഭാഷയില്‍ അടക്കവും ഒതുക്കവും ഐശ്വര്യവും ഉള്ള കുട്ടി. സ്വാഭാവികമായും എന്റെ ഉത്തരം അതെഎന്ന് തന്നെ. പക്ഷെ അടുത്ത ചോദ്യം എന്നെ കുഴപ്പത്തിലാക്കി . എങ്കില്‍ അവളെ നിനക്ക് വിവാഹം കഴിച്ചു കൂടെ?  എന്നായി. എന്‍റെ  സ്വാഭാവിക പ്രതികരണം അല്ലാ  അമ്മാവാ, നമുക്കിഷ്ടമുള്ള  പെണ്‍കുട്ടികളെയൊക്കെ  വിവാഹം കഴിക്കാനാവുമോ എന്നായിരുന്നു എങ്കിലും  അധികപ്രസംഗം പറയണ്ട എന്നു  കരുതി എന്തുകൊണ്ട്  ഉടനെ വിവാഹം കഴിക്കാന്‍ ഞാന്‍ തയാറല്ല എന്നതിന് കാര്യകാരണങ്ങള്‍ പറഞ്ഞു ഞാന്‍ വാചാലനായി. അപ്പോള്‍ അമ്മാവന്‍ അടവ് മാറ്റി നിനക്ക് ഉന്നത വിദ്യാഭ്യാസത്തിനു വിവാഹം കഴിഞ്ഞാലും പോയിക്കൂടെ, സാമ്പത്തികം ആണെങ്കില്‍ ഞാന്‍ വേണ്ടത് ചെയ്തു കൊള്ളാം?”. "വിവാഹം കഴിക്കാം, പക്ഷെ എന്റെ പഠനം കഴിഞ്ഞു മാത്രം മതി  എന്നൊക്കെ പറഞ്ഞു നോക്കി, പ്രായം തികഞ്ഞ പെണ്കുട്ടിയെ വീട്ടില്‍ നിര്‍ത്തുന്ന മാതാപിതാക്കളുടെ വിഷമങ്ങള്‍ ആയി അപ്പോള്‍. ചുരുക്കത്തില്‍ അമ്മാവന്റെ പ്രലോഭനം കൊണ്ടോ ചൂടു മസാലദോശ അപ്പോഴേക്ക്  വന്നതു കൊണ്ടോ, കാരണം അറിയില്ല ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ഞാന്‍ വിവാഹത്തിന് പകുതി സമ്മതം മൂളി എന്ന് തന്നെ പറയാം. വിജയശ്രീലാളിതനായി അമ്മാവന്‍ ഉടന്‍ തന്നെ ( ഞാന്‍ അഭിപ്രായം മാറുന്നതിനു മുമ്പ് തന്നെ) സ്ഥലം വിട്ടു.


Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും