127. അങ്ങനെ ഞാനും അടുത്തൂണ്‍ പറ്റി: ( ഉപ സംഹാരം)
ഒരിക്കല്‍ എന്റെ മകള്‍ എന്നോടു ചോദിച്ചു “ അച്ഛനെങ്ങനെ ആര്‍.ഈ.സി.യില്‍ ഇത്രയധികം വര്‍ഷം തുടര്‍ച്ചയായി ബോറടിക്കാതെ ജോലി ചെയ്യാന്‍ കഴിഞ്ഞ? ഞാന്‍ പറഞ്ഞു “ ഞാന്‍ ഇവിടെവന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് നിന്റെ അമ്മയെ ഞാന്‍ വിവാഹം കഴിച്ചത്. ഞങ്ങള്‍ ഇപ്പോഴും സന്തോഷമായി കഴിയുന്നത് നീ കണ്ടിട്ടില്ലേ. അതാണ് പരസ്പരസ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും വിശ്വസ്തതയുടെയും വിജയം. ഞങ്ങള്‍ പഴയ തലമുറയില്‍ ഉള്ളവര്‍ക്ക് ഞങ്ങളുടെ സ്ഥാപനം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അത് പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയുകയില്ല , എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും “ . അതെ , അങ്ങനെ 1969 സെപ്റ്റംബര്‍ ഒന്നാം തീയതി ചാത്തമംഗലത്ത് വന്നു ആര്‍.ഈ.സി.യുമായി തുടങ്ങിയ ബാന്ധവം 2011 ഏപ്രില്‍ മാസം മുപ്പതാം തീയതി അവസാനിപ്പിച്ചു , ഈ നാല്‍പ്പത്തിരണ്ടു വര്‍ഷം ഒരദ്ധ്യാപകനെന്ന നിലയിലും മറ്റു രീതിയിലും എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു എന്റെ ജോലിയോട് സത്യസന്ധതയും ആത്മാര്‍ഥതയും കാണിച്ചു എന്ന് ആണ് എന്റെ പൂര്‍ണവിശ്വാസം. ആരും പൂര്‍ണരല്ലല്ലോ , പൂര്‍ണത ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തെറ്...