127. അങ്ങനെ ഞാനും അടുത്തൂണ്‍ പറ്റി: ( ഉപ സംഹാരം)
ഒരിക്കല്‍ എന്റെ മകള്‍ എന്നോടു ചോദിച്ചു “അച്ഛനെങ്ങനെ ആര്‍.ഈ.സി.യില്‍ ഇത്രയധികം വര്‍ഷം തുടര്‍ച്ചയായി ബോറടിക്കാതെ ജോലി ചെയ്യാന്‍ കഴിഞ്ഞ? ഞാന്‍ പറഞ്ഞു “ ഞാന്‍ ഇവിടെവന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് നിന്റെ അമ്മയെ ഞാന്‍ വിവാഹം കഴിച്ചത്. ഞങ്ങള്‍ ഇപ്പോഴും സന്തോഷമായി കഴിയുന്നത് നീ കണ്ടിട്ടില്ലേ. അതാണ് പരസ്പരസ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും വിശ്വസ്തതയുടെയും വിജയം. ഞങ്ങള്‍ പഴയ തലമുറയില്‍ ഉള്ളവര്‍ക്ക് ഞങ്ങളുടെ സ്ഥാപനം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അത് പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയുകയില്ല, എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും “.
അതെ, അങ്ങനെ 1969
സെപ്റ്റംബര്‍ ഒന്നാം തീയതി ചാത്തമംഗലത്ത് വന്നു ആര്‍.ഈ.സി.യുമായി തുടങ്ങിയ ബാന്ധവം
2011 ഏപ്രില്‍ മാസം മുപ്പതാം തീയതി അവസാനിപ്പിച്ചു ,ഈ നാല്‍പ്പത്തിരണ്ടു വര്‍ഷം
ഒരദ്ധ്യാപകനെന്ന നിലയിലും മറ്റു രീതിയിലും
എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു എന്റെ ജോലിയോട് സത്യസന്ധതയും ആത്മാര്‍ഥതയും
കാണിച്ചു എന്ന് ആണ് എന്റെ പൂര്‍ണവിശ്വാസം. ആരും പൂര്‍ണരല്ലല്ലോ, പൂര്‍ണത
ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു
തെറ്റുകുറ്റങ്ങള്‍ പലതും ഉണ്ടായിരുന്നിരിക്കാം, വീഴ്ചകള്‍ പലതും
പറ്റിയിട്ടുണ്ട്, പക്ഷെ ആരെയും ഞാന്‍ മന:പൂര്‍വ്വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന്
പറയുന്നതിലഭിമാനം ഉണ്ട്. എന്റെ പ്രവര്‍ത്തിയില്‍ എന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക്
ഉപരിയായി സ്ഥാപനത്തിന്റെ, എന്റെ വിദ്യാര്‍ഥികളുടെ ന്യായമായ താല്പര്യങ്ങള്‍ക്ക് ഞാന്‍ മുന്ഗണന കൊടുത്തിരുന്നു
എന്ന് തീര്‍ച്ച. ഒരദ്ധ്യാപകനെന്ന നിലയില്‍
ഇപ്പോഴും മെച്ചപ്പെടാന്‍ ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും എന്റെ
വിദ്യാര്‍ഥികള്‍ എന്നെ വെറുക്കുമെന്നു ഞാന്‍ കരുതുന്നില്ല. ക്ലാസ് മുറിയ്ക്കകത്ത്
ഞാന്‍ കര്‍ശക്കാരനായിരുന്നു എങ്കിലും പുറത്തു അവര്‍ക്ക് എനിക്ക് ചെയ്യാനാവുന്ന
സഹായങ്ങള്‍ ചെയ്തിട്ടുണ്ട്, തീര്‍ച്ച. എന്റെ കീഴില്‍
ഗവേഷണം നടത്തിയ കുട്ടികള്, മുപ്പതിലധികം എം.ടെക്. തീസിസ് ചെയ്തവരും അഞ്ചു പി.എച്.ഡി.ചെയ്തവരും, ഒരു പക്ഷെ
ഞാനവരെക്കൊണ്ട് കഠിനമായി ജോലി ചെയ്യിക്കുന്നയാള് (task master) ആണെന്ന്
പരാതി പറഞ്ഞേക്കാം. പക്ഷെ അവരെ പീഡിപ്പിച്ചു എനിക്ക് ഒന്നും നേടാന്‍
ഉണ്ടായിരുന്നില്ല. അവരുടെ ജോലി എത്രയും മെച്ചമാക്കുക എന്നത് മാത്രമായിരുന്നു എന്റെ
ലക്‌ഷ്യം. പരിപൂര്‍ണതക്കു വേണ്ടി നിരന്തരമായി ശ്രമിക്കണം എന്ന് ഞാൻ അവർക്കു
കാണിച്ചു കൊടുക്കാൻ ശ്രമിച്ചു. അവരില്‍ പലരും അത് തിരിച്ചറിഞ്ഞു എന്റെ നല്ല
സുഹൃത്തുക്കളായി പിന്നീടു മാറിയിട്ടുണ്ട്.
ആര്‍.ഈ.സി, എന്‍.ഐ.ടി ആയപ്പോഴും അതിനുമുമ്പും
പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, ഇപ്പോഴും പ്രശ്നങ്ങള്‍
ഉണ്ടായി കൊണ്ടിരിക്കുന്നു. അവയുടെ പരിഹാരത്തിന് എന്നെക്കൊണ്ട് ചെയ്യാവുന്നതൊക്കെ
ഞാന്‍ ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ധൈര്യമായി പറയാന്‍ കഴിയും. സ്ഥാപനം വളര്‍ന്നതോടു
കൂടി ഞാനും വളര്‍ന്നു, ഞങ്ങളുടെ കുട്ടികള്‍ ഈ മഹത്തായ സ്ഥാപനത്തിന്റെ തണലില്‍ വളര്‍ന്നു വലുതായി
സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ളവരായി.
ഒരു പ്രൊഫഷണല്‍ കോളേജിലെ അദ്ധ്യാപകന്റെ ജോലി
വെറും ക്ലാസ് എടുക്കുക മാത്രമല്ല എന്ന് ഞാന്‍ വിശ്വസിച്ചു. അക്കാരണത്താല്‍ അധ്യാപന
ജോലിയുടെ കൂടെ തന്നെ വിദ്യാര്‍ഥികളുടെ പഠനേതരകഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍
എന്നാല്‍ കഴിയുന്നത് ചെയ്തിരുന്നു. പ്രൊഫഷണല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടി
അതാണ് ഞാന്‍ ചെയ്തത്. സിസ്റ്റം സൊസൈറ്റിയില്‍ തുടങ്ങി IEEE യില്‍ ദീര്‍ഘകാലം
പ്രവര്ത്തിച്ചതിന്റെ ലക്‌ഷ്യം മറ്റൊന്നുമായിരുന്നില്ല. കൂട്ടത്തില്‍ എനിക്കും
പ്രയോജനം ഉണ്ടായി എന്നത് മറക്കുന്നില്ല.
അദ്ധ്യാപനജോലിക്ക് പുറമേ അതതു കാലങ്ങളില്‍ ഞാന്‍
മറ്റു ജോലികളും സന്തോഷപൂര്‍വ്വം ഏറ്റെടുത്തു നടത്തിയിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന
കാലത്താണ് രാജന്‍ കേസ് ഉണ്ടായതു. രാജന്റെ കൂട്ടുകാരനായിരുന്ന ചാലി എന്റെ ഹോസ്റ്റലിലായിരുന്നു.
ചുറ്റുപാടും ഉള്ള നാട്ടുകാര്‍ക്ക് പ്രയോജനം ഉണ്ടായിരുന്ന നാഷണല്‍ അഡള്‍ട്ട് എഡ്യുക്കേഷന്‍ പദ്ധതിയുടെയും (National Adult
Education Programme NAEP) സ്കൂളുകളിലെ കംപ്യുട്ടര്‍ സാക്ഷരതാപദ്ധതിയുടെയും ( Computer Literacy
and Studies in Schools – CLASS) സംഘാടകന്‍ ആയി
എനിക്കാവുന്നത് ചെയ്തിട്ടുണ്ട്.
ഇലക്ട്രിക്കല്‍ വിഭാഗം തലവനായും ചീഫ് വിജിലന്‍സ്
ആഫീസറായും പി ജി & റിസേര്‍ച് ഡീനായും അവസാനം ഇന്റര്‍നാഷണല്‍ ലയസന്‍
ആഫീസരും അക്കാഡമിക് ഗുണനിലവാരം വര്‍ദ്ധിപ്പാനുള്ള പരിപാടികളുടെയും സംഘാടകനായും
ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പലതും ശ്രമിച്ചു എങ്കിലും പലതിലും
പരാജയപ്പെട്ടിട്ടും ഉണ്ട്, എങ്കിലും ശ്രമിക്കാതിരിക്കുന്നതിനു പകരം പരാജയപ്പെട്ടാലും ശ്രമിക്കുക ( It is better
to have tried and failed, than not to have tried at all) എന്ന
തത്വത്തില്‍ ഞാന്‍ വിശ്വസിച്ചു , വിശ്വസിക്കുന്നു.
ക്യാമ്പസ് ജീവിതത്തിലും എനിക്ക് കയ്പ്പേറിയ
അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,, എന്നാല്‍ നര്സരിസ്കൂളിന്റെയും
സ്റ്റാഫ് ക്ലബ്ബിന്റെയും സെക്രട്ടറിയായും സ്റ്റാഫ് അസോസിയെഷന്‍ കമ്മറ്റി മെമ്പറായും
ഞാന്‍ എന്റെ വ്യക്തിപരമായ താല്പര്യങ്ങളെക്കാള്‍ പൊതുതാല്പര്യങ്ങള്‍ക്ക് തന്നെ മുന്‍ഗണന
കൊടുത്തിരുന്നു.
എന്റെ ഈ നീണ്ട യാത്രയില്‍ എന്നെ കൈപിടിച്ചു
നടത്തിയ, നല്ലത് പറഞ്ഞും കാണിച്ചും നയിച്ച എന്റെ അധ്യാപകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും
എന്റെ അകൈതവമായ നന്ദി ഞാന്‍ ഇവിടെ പ്രദര്ശിപ്പിക്കട്ടെ. നാല് പ്രിന്‍സിപ്പല്‍മാരുടെ
കീഴിലും നാല് ഡയരക്ടര്‍മാരുടെ കീഴിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും
അവര്‍ക്ക് അര്‍ഹമായ അനുസരണയും ബഹുമാനവും നല്‍കിയിട്ടുണ്ട്. ചിലരുടെ പക്കല്‍
നിന്നും ചില കാര്യങ്ങളില്‍ എനിക്ക് വിവേചനാപരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതവരുടെ
കുറ്റം കൊണ്ടല്ലാ അവരുടെ ഉപജാപകസംഘം എന്നെപ്പറ്റി തെറ്റായ വിവരം ധരിപ്പിച്ചത്
കൊണ്ടാണെന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ അക്കാഡമിക് കഴിവുകളില്‍ മതിപ്പുള്ള ഒരു സുഹൃത്ത് ഡയറക്ടര്‍ ഇന്‍ ചാര്‍ജായിരുന്നിട്ടും എന്നെ
ഡീനായി നിയമിച്ചു. അതുകൊണ്ടു എന്‍.ഐ.ടി. ആയപ്പോഴും പലതും ചെയ്യാന്‍ കഴിഞ്ഞു
.
എനിക്ക് വേണ്ടിയോ എന്റെ കുഞ്ഞുങ്ങള്‍ക്ക്
വേണ്ടിയോ ആരെയും ശുപാര്‍ശ കൊണ്ടോ മറ്റോ സ്വാധീനിച്ചു കാര്യം നേടാന്‍
ശ്രമിച്ചിട്ടില്ല,. എന്റെ സഹപ്രവര്‍ത്തകരില്‍ പ്രത്യേകിച്ചും പ്രൊഫ. ചാര്‍ലൂ , പ്രൊഫ.
ശ്രീനിവാസന്‍ എന്നീ വകുപ്പ് തലവന്മാരും സഹോദരനിര്‍വിശേഷമായ സ്നേഹത്തോടു കൂടി എന്നെ
നയിച്ച ഭരതന്‍ സാറും തിരുവേങ്കടം സാറും , സുഹൃത്തും
വഴികാട്ടിയുമായി സഹായിച്ച നീലകണ്‍ഠന്‍, വെങ്കടരമണി എന്നിവരും എല്ലാം എന്നെ ഹൃദയപൂര്‍വ്വം
സഹായിച്ചിട്ടുണ്ട്. ഇവരില്‍ പ്രൊഫ. ചാര്‍ലൂ , പ്രൊഫ. ശ്രീനിവാസന്‍, ഡോ.
നീലകണ്ടന്‍ എന്നിവര്‍ ഇന്ന് നമ്മോടൊപ്പം ഇല്ല. അവരുടെ പാവനസ്മരണക്ക് മുമ്പില്‍
പ്രണാമം. അധ്യാപകേതര ജീവനക്കാര്‍ വളരെയുണ്ടു, ആരെയും പേരെടുത്തു
പറയുന്നില്ല. അവരോടുള്ള കടപ്പാടും മറക്കുന്നില്ല.
1969 ല്‍ അസോസിയേറ്റ്
ലക്ചറര്‍ ആയി ആര്‍.ഈ.സി.യില്‍ വന്ന ഞാന്‍ 1971ല്‍ ലക്ചറര്‍ ആയി, 1983 ല്‍ അസിസ്റ്റന്റ പ്രൊഫസറും 1987ല്‍ പ്രൊഫസറുമായി. ആര്‍.ഈ.സി.യില്‍
നിന്ന് ഒരു വര്ഷം ശമ്പളം ഇല്ലാത്ത വധിയില്‍
ഐ.ഐ.ടി . മദ്രാസില്‍ നിന്ന് എം.ടെക്കും മൂന്നു വര്ഷം ശമ്പളത്തോ ടെയുള്ള അവധിയില്‍
ഐ.ഐ.ടി ഡല്‍ഹിയില്‍ നിന്ന് പി.എച്.ഡി.യും എടുത്തു. ആറുമാസം ശമ്പളത്തോടെ സബാറ്റിക്കല്‍
അവധിയില്‍ സിംഗപൂരിലും ഒന്നരവര്ഷം അസാധാരണ അവധിയില്‍ ടര്‍ക്കിയിലും സൈപ്രസിലും
വിസിറ്റിംഗ് പ്രൊഫസറായും ജോലി നോക്കി. ബാക്കിയുള്ള സമയം എന്റെ കഴിവനുസരിച്ച് ഇവിടെ
തന്നെ ജോലി ചെയ്തു. വിദേശത്ത് കുട്ടികളെ കാണാന്‍ പോയപ്പോള്‍ അമേരിക്കയിലും ഇന്ഗ്ലണ്ട്,
സ്കോട്ട്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളില്‍ സ്ഥലങ്ങള്‍ കണ്ടു.
എന്റെ അദ്ധ്യാപനത്തിലുള്ള പരിചയം അടുത്ത തലമുറയിലേക്കു പകര്‍ന്നു കൊടുക്കുന്നതിന്റെ ഭാഗമായി Modern
Control Engineering , A Guide to Academic Research, (Both Sanguine Technical
Publishers Bangalore) Basics of Electrical Engineering, Introduction to
Electrical Engineering( Both EC Reference Books, Ernakulam) എന്നീ ഇന്ഗ്ലീഷ് പുസ്തകങ്ങളും സംസ്ഥാന ഭാഷാസ്ഥാപനത്തിന് വേണ്ടി
"വൈദ്യുതിയുടെ പ്രേഷണം വിതരണം" എന്ന പുസ്തകവും "വൈദ്യുത ടെക്നോളജി
" എന്ന പുസ്തകത്തിന്റെ ഏതാനും അദ്ധ്യായങ്ങളും മലയാളത്തിലും ചില
ശാസ്ത്രവിഷയങ്ങളില്‍ മലയാള ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍
പ്രസിദ്ധീകരിച്ചു. പത്തിലധികം ഓര്‍മ്മക്കുറിപ്പുകളും യാത്രാവിവരണങ്ങളും മലയാളത്തില്‍
എഴുതിയിട്ടുണ്ട്. ഇവ ആമസോണില്‍ ഈബുക്കായി ലഭ്യമാണ്.
കുടുംബകാര്യത്തില്‍ എന്റെ മകള്‍ ഭര്‍ത്താവിനോടും
രണ്ടു കുട്ടികളോടും കൂടി അമേരിക്കയില്‍ ജോലി ചെയ്യുന്നു, രണ്ടു പേരും
സോഫ്റ്റ്‌വെയര്‍ എഞ്ചിനീ യര്‍മാര്‍. മകനും
മരുമകളും ഡോക്ടര്‍മാര്‍ സ്കോട്ലണ്ടില്‍ ജോലി ചെയ്യുന്നു. അവര്‍ക്കും രണ്ടു
കുട്ടികള്‍. മകന്‍റെ ആദ്യത്തെ കുട്ടി ഏതാനും
മാസത്തിനകം കെയിംബ്രിഡ്ജ് സര്വകലാശാലയില്‍ നിന്ന്
ആദ്യ ബിരുദം നേടുന്നു. ഇതൊക്കെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ
ആകെത്തുക. ജീവിതം മുഴുവന്‍ എനിക്കും മക്കള്‍ക്കും വേണ്ടി അദ്ധ്വാനിച്ച പത്നി ഏതാനും മാസം മുമ്പ്
കുറെ നാള്‍ രോഗാതുരയായിരുന്നശേഷം വിഷ്ണുപദം പൂകി. അയാളുടെ അസുഖം കാരണം കോഴിക്കോട്ട് നിന്ന് കൊച്ചിയില്‍
പ്രായമായവര്‍ക്ക് വേണ്ടിയുള്ള ഒരു സ്ഥാപനത്തിലേക്ക് 2019 ല്‍ താമസം മാറ്റിയിരുന്നു.
ഇപ്പൊള്‍ ഞാന്‍ ഏകനായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. നല്ല പഴയ ഓര്‍മ്മകള്‍ അയവിറക്കുന്നതിന്റെ
ഭാഗമായി ഉത്തരം കുറിപ്പുകള്‍ എഴുതുകയാണ് പ്രധാന ജോലി ഇപ്പോള്‍.
ഞാന്‍ എന്‍ഐടിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍
എന്റെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ എഴുതിയ കത്തില്‍ നിന്ന് ഒരു വാക്ക് ഉദ്ധരിച്ചു
കൊണ്ടു നിര്‍ത്താം.
I have retired, but
not yet tired !
Comments
Post a Comment