125.വീണ്ടും ചില പ്രൊഫഷണല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍
പ്രൊഫഷണല്‍ വിദ്യാഭ്യാസം ക്ലാസ് റൂമുകളില്‍ മാത്രം ചെയ്യേണ്ട കാര്യമല്ല എന്ന് ഞാന്‍ മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പഠിക്കുന്നതിന്റെ കൂടെ തന്നെ വിദ്യാര്‍ഥികള്‍ അവരുടെ മറ്റു കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ വേണ്ടി ശ്രമിക്കേണ്ടതു അത്യാവശ്യമാണ്. സ്പോട്സും ഗെയിംസും പോലെ തന്നെ പ്രധാനമാണ് പ്രൊഫഷണല്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുക എന്നത്. സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ , ഇന്സ്ടിട്യൂഷന് ഓഫ് എഞ്ചിനീയെര്സ്, ഇന്സ്ടിട്യൂഷന്‍ ഓഫ് ഇലകട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയെര്സ് തുടങ്ങിയ സംഘടനകള്‍ കുട്ടികളുടെ നേത്രുത്വ പാടവവും സംഘടനാശേഷിയും വളര്‍ത്തുന്നതോടൊപ്പം മറ്റു രാജ്യങ്ങളില്‍ ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടാനും സഹായകമാവുന്നു.
ആര്‍.ഈ.സി. പ്രവര്‍ത്തനം തുടങ്ങിയിട്ടു അമ്പതു
വര്ഷം ആയിക്കഴിഞ്ഞിരുന്നു. വജ്രജൂബിലിയ്ക്ക് വിപുലമായ ആഘോഷപരിപാടികള്‍
ഇട്ടിരുന്നു. ഇതിന്റെ ഭാഗമായി ആദ്യത്തെ പരിപാടി സംഘടിപ്പിക്കാന്‍ എനിക്കു കഴിഞ്ഞു.
മുമ്പ് സൂചിപ്പിച്ച പ്രവര്‍ത്തനങ്ങളോടൊപ്പം IEEE യും കമ്പ്യൂട്ടര്‍
സോസൈറ്റിയും ആയി സഹകരിച്ചു സ്വതന്ത്ര സോഫ്റ്റ് വെയറിനെ പരിചയപ്പെടുത്താന്‍ ഒരു
പരിപാടി കോഴിക്കോട് നഗരത്തില്‍ തന്നെ നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. സ്വതന്ത്ര
സോഫ്റ്റ് വെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാനെ തന്നെ ഞങ്ങള്‍
കോഴിക്കോട്ടുകാര്‍ക്ക് പരിചയപ്പെടുത്തി. നഗരത്തിലെ ഏറ്റവും വലിയ സമ്മേളനഹാളായ
ടാഗോര്‍ സെന്റിനറി ഹാള്‍ നിറയെ ജനങ്ങള്‍ ഇത്തരം ഒരു സാങ്കേതിക വിദ്യയെപ്പറ്റി
അറിയാന്‍ വന്നു എന്നത് തന്നെ ഞങ്ങള്‍ക്ക് അത്ഭുതം ആയിരുന്നു. ഞങ്ങളുടെ കോഴിക്കോട് എം.എല്‍.എ.
ശ്രീ പ്രദീപ്കുമാറിന്റെ സഹായവും ഉപദേശവും ഞങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍
ആര്‍.ഈ.സി.അദ്ധ്യാപനും ആയിരുന്ന പ്രൊഫ.അച്യുതനും നഗരത്തിലെ ഒരു പ്രധാന വ്യവസായി ആയ
ശ്രീ. നിത്യാനന്ദകമ്മത്തും ഞങ്ങള്‍ക്ക്
സഹായമായി. മൈക്രോസോഫ്ട്ടിന്റെയും ആപ്പിളിന്റെയും കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാതെ ആര്‍ക്കും സ്വതന്ത്രമായി
ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറാണല്ലോ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. ഇതുപയോഗിക്കുന്നതിനു
കുത്തക മുതലാളിമാര്‍ക്ക് പണം നല്‍കേണ്ട. ഇതുപയോഗിച്ച് നമ്മള്‍ ഉണ്ടാക്കുന്ന സോഫ്റ്റ്‌വെയറുകള്‍
മറ്റുള്ളവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാനനുവദിക്കണം എന്ന ഒരൊറ്റ വ്യവസ്ഥ
മാത്രമേ ഉള്ളൂ. നമ്മുടെ ഐ.ടി.മിഷന്‍ കേരള ഉപയോഗിക്കുന്നതു ഇത്തരം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍
ആണ്. കോടികള്‍ മുടക്കി മറ്റു സോഫ്റ്റ്‌വെയറുകള്‍ വാങ്ങുന്നതിന് പകരം ഒരൊറ്റ പൈസ
ചിലവാക്കാതെ സ്കൂളുകളിലെ കമ്പ്യുട്ടര്‍വല്‍ക്കരണം സാദ്ധ്യമായത് ഇത് വഴിയാണ്.
ഇത്തരം സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കാന്‍
ഒരു സംഘം ഞങ്ങള്‍ ആര്‍.ഈ.സി.യില്‍ തുടങ്ങിവച്ചു. FOSS എന്ന പേരില്‍
അറിയപ്പെടുന്ന ഇത് ഇന്നും സജീവമായി നില നില്‍ക്കുന്നു. അതിന്റെ തുടക്കത്തില്‍ IEEE യോട് സഹകരിച്ച ദിലീപ് (dilip vamanan) വാമദേവന്‍
എന്നിവരെയും സ്മരിക്കുന്നു.
IEEE യുടെ കേരള ഘടകത്തിന്റെ കേന്ദ്രം തിരുവനന്തപുരത്തായിരുന്നു അന്നും ഇന്നും.
മലബാറില്‍ ഉള്ള ഞങ്ങളില്‍ പലര്‍ക്കും അതുകൊണ്ടു വാര്‍ഷിക സമ്മേളനത്തിനൊഴികെ
ഒന്നിനും പോകാന്‍ കഴിയുമായിരുന്നില്ല. ഈ ഗതി മാറ്റാന്‍ വേണ്ടി എന്‍.ഐ.ടി.യിലും
ചുറ്റുപാടും ഉള്ള കുറെ അംഗങ്ങളെ കൊണ്ടു മലബാറില്‍ ആദ്യത്തെ ഉപവിഭാഗം (IEEE
Subsection) ഉണ്ടാക്കാന്‍ ഞാന്‍ മുന്കയ്യെടുത്തു.. ഇതോടെ IEEE യുടെ
മലബാറിലെ പ്രവര്‍ത്തനത്തിന് ഒരു ഉണര്‍വുണ്ടായി. ഒരു പക്ഷെ ഇത്തരം പ്രവരത്തികളില്‍
എന്നെക്കാള്‍ താല്പര്യം പ്രകടിപ്പിച്ച പലരും (ഡോ സമീര്‍, നന്ദകുമാര്‍
തുടങ്ങിയവര്‍ ) എനിക്ക് വേണ്ട ഊര്‍ജം പകര്‍ന്നു എന്ന് പറയുകയായിരിക്കും ശരി. ഞാന്‍
ഈ ഉപവിഭാഗത്തിന്റെ സ്ഥാപകഅദ്ധ്യക്ഷനുമായി. ഇപ്പോഴും മലബാര്‍ ഉപവിഭാഗം വിദ്യാര്‍ഥികള്‍ക്കും
സമൂഹത്തിനും നന്മ ചെയ്യുന്ന പ്രയോജനപ്രദമായ പല പരിപാടികളും ആസുത്രണം ചെയ്തു നടത്തി
വരുന്നു. IEEE എന്ന ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൊഫഷണല്‍ സംഘടനയുടെ ആയുഷ്കാല അംഗം ആയി
തീര്‍ന്നു ഞാന്‍ ഏതാനും വര്‍ഷം മുമ്പ്. (
ഒരാള്‍ തുടര്‍ച്ചയായ അംഗമായിരുന്ന വര്‍ഷവും പ്രായവും കൂട്ടിയാല്‍ 100
ആകുമ്പോഴാണ് ആയുഷ്കാലഅംഗത്വം കിട്ടുന്നത്, ആങ്ങനെ ആകുന്നവര്‍ക്ക് വാര്‍ഷിക
വരിസംഖ്യ 60 ഡോളര്‍ കൊടുക്കേണ്ട) IEEE കേരളഘടകത്തിന്റെ
വിദ്യാഭ്യാസ കാര്യഉപദേശകനായും കൊണ്ഫെറന്‍സ്
ബോര്‍ഡിന്റെ അദ്ധ്യക്ഷനായും എളിയ
രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതുപോലെ അല്‍പ്പം വൈകിയാണെങ്കിലും ഞാന്‍ ഇന്സ്ട്ടിട്യൂഷന്‍ ഓഫ് എഞ്ചിനീയെര്സിന്റെയും
ഫെലോ ആയിത്തീര്‍ന്നു. കോഴിക്കോട്
കേന്ദ്രത്തിന്റെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. വിശ്രമ ജീവിതം ഇങ്ങനെ ഏതെങ്കിലും
രീതിയില്‍ സമൂഹത്തിനും ചെറുപ്പക്കാര്‍ക്കും പ്രയോജനപ്പെടണം എന്ന ലക്ഷ്യത്തോടെ
ചിലതൊക്കെ ചെയ്യുന്നു എന്ന് മാത്രം .കോവിഡ്
കാലതത്തും ചില വെബിനാറില്‍ കൂടി
ഞങ്ങളുടെ യുവ വോളണ്ടിയര്‍മാരുമായി
സംവദിക്കാന്‍ കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളില്‍ കൂടി കുറെയേറെ
യുവാക്കളെ പ്രൊഫഷണല്‍ സഒസൈറ്റി
പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാനും കഴിഞ്ഞു
എന്നതില്‍ കൃതാര്‍ത്ഥതയുണ്ട്.
Comments
Post a Comment