96. തുറ്കിയില് നിന്നു സൈപ്രസ്സിലെക്കു

 മദ്ധ്യവേനല്‍  അവധിക്കു  ഞങ്ങള്‍ ലണ്ടന്‍  വഴി അമേരിക്കയില്‍  കുട്ടികളെ  കാണാന്‍ പോയി  തിരിച്ചെത്തി. അപ്പോഴേക്കും ടര്‍ക്കിയിലെ പണപ്പെരുപ്പം വളരെ രൂക്ഷമായിരിക്കുന്നു. ഭാഗ്യത്തിനു വേനലവധി കഴിഞ്ഞിട്ടില്ല. എന്താണു ചെയ്യേണ്ടതു? തിരിച്ചു പോന്നാലോ എന്നു വരെ ആലോചിച്ചിരിക്കുന്ന സമയത്താണു സൈപ്രസ്സില് നിന്നു ഒരു ഫോണ് വിളി. ആശാന്റെ ഒരു പഴയ സുഹൃത്ത്. അവിടെ ഒരു യൂണിവേര്‍സിറ്റിയില് ഡീന് ആയി ജോലിയില് ഉണ്ടായിരുന്നു. അദ്ദേഹമാണു . അമേരിക്കയില്‍ പോകുന്നതിനു മുമ്പ്  ഞങ്ങള്‍  വിളിച്ചതായിരുന്നു. പലതും പറഞ്ഞ കൂട്ടത്തില്‍ തുര്കിയിലെ പണപ്പെരുപ്പത്തിന്റെ കാര്യവും  പറഞ്ഞു . പെട്ടെന്ന് അദ്ദേഹം പറഞ്ഞു  താങ്കള്‍ക്ക്   ഇങ്ങോട്ടു വരാന്‍  താല്പര്യം ഉണ്ടൊ? എങ്കില്‍  ന്യായമായ ശമ്പളം  ശരിയാക്കാം. ഏതായാലും കോളെജില്‍  നിന്ന് എടുത്ത രണ്ട്  വര്‍ഷത്തെ അവധി തീര്‍ന്നിട്ട് തിരിച്ചു പോയാല്‍ മതി. ഞങ്ങളുടെ  യൂണിവേര്‍സിറ്റിയില്‍   ഒരു പുതിയ കോര്സും ഡിപാര്‍ട്ടുമെന്‍റും തുടങ്ങുകയാണ്. ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്  വിഭാഗം തുടങ്ങുകയാ‍ണു. അതിന്റെ തലവനായി ആയി നിങ്ങള്‍ക്ക്  ചേരാമെങ്കില്‍  നല്ലതു. വൈദ്യന്‍  വിധിച്ചതും രോഗി ഇച്ഛിച്ചതും ഒന്നു എന്ന രൂപത്തിലായി. തിരിച്ചു നാട്ടില്‍  പോകാന് നാട്ടില്‍ നിന്നു പണം വരുത്തേണ്ട ഗതികേടു ഒഴിവാക്കിയാല്‍  മതി കുറഞ്ഞതു എന്നു മനസ്സില് വിചാരിച്ചു. അദ്ദേഹം ഒരാഴ്ചക്കകം വിശദമായ വിവരങ്ങളറിയിച്ചു. പുതിയ ഡിപ്പാര്‍ട്ടുമെന്റാണു, ആദ്യ വര്‍ഷം ആശാന്‍റെ സ്വന്തം   വിഷയങ്ങളൊന്നും ഉണ്ടാവുകയില്ല. മറ്റു ചില വിഷയങ്ങള്‍  പഠിപ്പിക്കേണ്ടി വരും , താമസിക്കാന് എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു ഫ്ലാറ്റും അടുത്തു തന്നെ ഉണ്ടു, കിട്ടുന്ന ശമ്പളത്തില്‍  പകുതി ഡോളറോ പൌണ്ടോ ആയി തരാമെന്നും എഴുതിയിരുന്നു. വളരെസന്തോഷം. അങ്ങനെ തുര്‍ക്കിയില് നിന്നു യാത്ര പറയാന് ഞങ്ങള്‍ തീരുമാനിച്ചു. പൂക്കളും പച്ചപ്പും നിറഞ്ഞ തുര്‍ക്കി. ഒരുപാടു സുഹൃത്തുക്കളെ, നല്ല മനുഷ്യരെ പരിചയപ്പെടാന്‍  കഴിഞ്ഞ  തുര്‍ക്കി.



പോകുന്നതിനു മുമ്പായി ഞങ്ങളെ വിമാനത്താവളത്തില്‍  വന്നു  കൂട്ടിക്കൊണ്ടുവന്ന അബ്ദുവിന്റെ വീട്ടിലെക്കുള്ള ക്ഷണം സ്വീകരിച്ചില്ലല്ലോ എന്നോര്‍ത്തു. അബ്ദു ആശാന്റെ ഡിപാര്ട്മെന്റിലെ ഒരു അധ്യാപകസഹായി ആയിരുന്നു. അയാള് രണ്ടാം ഭാര്യയും അമ്മയുമായി യൂണിവേര്സിറ്റിയില്‍ നിന്നു കുറച്ചു ദൂരെയാണു താമസം. നല്ല ഗ്രാമീണ അന്തരീക്ഷം. വീടിനു ചുറ്റും മുന്തിരി വള്ളി കൊണ്ടു ഒരു വള്ളിക്കുടില്‍ മാതിരി തോന്നുന്ന വീട് . നല്ല പാകം വന്ന വലിയ തരം മുന്തിരിക്കുലകള്‍ വള്ളിയില് നിന്നു തൂങ്ങിക്കിടക്കുന്നു. അല്പം എത്തിയാല്‍ വായില്‍ തന്നെ മുന്തിരിക്കുല കിട്ടും. വീടിന്റെ രണ്ടാം നിലയിലേക്കും അബ്ദു ഇതു വളര്‍ത്തിയിരിക്കുന്നു. അബ്ദുവിന്റെ  അമ്മക്കും ഭാര്യയ്കും ഇങ്ലീഷ് ഭാഷ തീരെ വശമില്ല, എനിക്കു തുര്‍ക്കിഷ് ഭാഷയും അത്യാവശ്യം കുറെ വാക്കുകള് മാത്രം അറിയാം. എന്നാലും ഞങ്ങള്‍ തമ്മില് ആശയ വിനിമയത്തിനു ഭാഷ ഒരു തടസ്സമല്ലായിരുന്നു. സാധാരണ തുര്‍ക്കിഷ്  ഭക്ഷണം, ഹൃദ്യമായ രൂപത്തില്‍ വിളമ്പി. ഞങ്ങള്‍ നക്ഷത്ര ഹോട്ടെലിലെ ഭക്ഷണത്തിനെക്കാളാസ്വദിച്ചു കഴിച്ചു. അബ്ദുവിന്റെ ഭാര്യ ആമിനാ ഗറ്ഭിണി ആയിരുന്നു. എന്നാലും ഞങ്ങളെ തിരിച്ചു വീട്ടില് കൊണ്ടാക്കാന് അവള്‍ കൂടെ വന്നു. വഴിയില്‍  മുഴുവന് അവളുടെ കയ്യ് എന്റെ കയ്യില്‍ ആയിരുന്നു. എന്റെ സ്വന്തം മകളുടെ സാമീപ്യം എനിക്കനുഭവപ്പെട്ടു. ഒരിക്കല്‍ കൂടി ഈ നല്ല മനുഷ്യരുടെ അടുത്തു നിന്നു പോകാനുള്ള  വിഷമം അറിഞ്ഞു. പോകാനുള്ള കാരണം അവര്‍ക്കെല്ലാം അറിയാം, പക്ഷേ അവര്‍ക്ക് എവിടെ പോകാന് കഴിയും.? അവരുടെ നാട്ടിന്റെ നല്ലതും ചീത്തയും അവരനുഭവിച്ചേ പറ്റുകയുള്ളല്ലോ.

 
പോകുന്നതിനു മുമ്പായി എനിക്കു ഒരു വൈദ്യപരിശോധന ആവശ്യമെന്നു കണ്ടു. യൂണിവേര്‍സിറ്റിയില് നിന്നുള്ള സുഹൃത്തുക്കള്‍  വഴി അതിനും എളുപ്പമായി. മെഡിക്കല്‍ വിഭാഗത്തില്‍  ചെന്നപ്പോള്‍ ഏകദേശം എന്റെ പ്രായം തന്നെ ഉള്ള ഒരു നല്ല സ്ത്രീ ഗൈനക്കോളാഗിസ്റ്റ് ആയ അവരും എല്ലാ സ്ത്രീകളെയും പോലെ എന്റെ സാരിയും മറ്റും കണ്ടു അത്ഭുതപ്പെട്ടു. വളരെയധികം വൃത്തിയായി സൂക്ഷിച്ച ആശുപത്രി പരിസരം പൂക്കളും ചെടികളും വെച്ചു മോടി പിടിപ്പിച്ചിരിക്കുന്നു. പരിശോധനക്കു വേണ്ടി എന്നെ മേശപ്പുറത്തു കിടത്തിയപ്പോഴും ഡോക്ട്ടറും നഴ്സും എന്റെ സാരിയുടെ കാര്യം ആയിരുന്നു ചര്ച്ച ചെയ്തതു. വിശദമായ പരിശോധനയ്ക്കു ശേഷം കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു ടെസ്റ്റ്  റിപ്പോറ്ട്ടിന്റെ പകര്‍പ്പും  തന്നു ഞങ്ങളെ അവര്‍ സ്നേഹപൂറ്വം വാതില് വരെ  വന്നു  യാത്രയാക്കി.. ഞങ്ങള്‍ക്ക്   പ്രത്യേക പരിഗണന നല്കിയതില്‍  ആര്‍ക്കും പരാതിയില്ല, വിദേശികളായതു കൊണ്ടാണോ ഇന്ത്യാക്കാരായതു കൊണ്ടാണോ നിശ്ചയമില്ല

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും