52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍
പൊതുവേ
ഞങ്ങളുടെ നാലുപേരുടെയും ആരോഗ്യനില ഡല്‍ഹിയില്‍ വച്ച് മൂന്നു വര്‍ഷവും
മോശമല്ലായിരുന്നു, അല്ല താരതമ്യേന മെച്ചമായിരുന്നു.
ആദ്യത്തെ തണുപ്പുകാലത്ത് കുഞ്ഞുങ്ങളുടെ ടോണ്സില്‍സ് വീങ്ങി പനി വന്നു കൊണ്ടിരുന്നത്
ഹോമിയോ ചികിത്സയില്‍ മാറി. പിന്നത്തെ രണ്ടു തണുപ്പുകാലത്തു വലിയ വിഷമം ഒന്നും
ഉണ്ടായില്ല. പൊതുവേ തണുപ്പു കാലാവസ്ഥ പിടിക്കാത്ത എനിക്കും വലിയ ബുദ്ധിമുട്ടൊന്നും
ഉണ്ടായില്ല.
കുഞ്ഞുങ്ങളെ
രണ്ടുപേരെയും ഒരു വര്‍ഷം കഴിഞ്ഞു മുനീര്‍ക്കയിലെ ചെറിയ സ്കൂളില്‍ നിന്ന് സഫ്ദര്‍
ജന്ഗ് എങ്ക്ലേവിലെ സെന്‍റ് മേരീസ് സ്ക്കൂളില്‍ ചേര്‍ത്തു. ഐ ഐ ടി യില്‍ നിന്ന്
അല്പം കൂടി ദൂരം ഉണ്ടായിരുന്നുവെങ്കിലും കോട്ടയത്തുകാരി ഒരു വനിത നടത്തുന്ന
സ്കൂളായിരുന്നു അത്. ഐഐടിക്കടുത്തു തന്നെയുള്ള മദേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലും കേന്ദ്രീയ
വിദ്യാലയത്തിലും ശ്രമിച്ചു നോക്കി എങ്കിലും കിട്ടിയില്ല. കേന്ദ്രീയ വിദ്യാലയത്തില്‍
ഗവേഷണ വിദ്യാര്‍ത്ഥികളുടെ കുട്ടികള്‍ക്ക് പ്രവേശനം പുതുതായി കിട്ടുകയില്ല
എന്നറിഞ്ഞു. നേരത്തെ കെവിയില്‍ പഠിച്ചു മറ്റു സ്ഥലത്ത് നിന്ന് മാറ്റം വന്നവര്ക്കു
മാത്രമേ പ്രവേശനം കിട്ടൂമായിരുന്നുള്ളൂ. മേഹ്രോളി റോഡില്‍ ഉള്ള മദേര്‍സ് ഇന്‍റര്‍നാഷണില്‍
പ്രവേശന പരീക്ഷ എഴുതിയെങ്കിലും
കിട്ടിയില്ല, പ്രത്യേകിച്ചും കുട്ടികള്‍ രണ്ടു പേരും
ഇടയ്ക്കുള്ള ക്ലാസുകളില്‍ പ്രവേശനം തേടിയതു കൊണ്ടാണെന്നു തോന്നി. അതുകൊണ്ടു സെന്റ് മേരീസ് കൊണ്ടു
തൃപ്തിപ്പെടെണ്ടി വന്നു.
മകള്‍
ഒരു ദിവസം കുളിമുറിയില്‍ കാല്‍ വഴുതി വീണത് കൊണ്ടു കയ്മുട്ടിനു ചെറിയ പൊട്ടല്‍
ഉണ്ടായി. അതും കൊണ്ടു സഫ്ദര്‍ജങ് ആശുപത്രിയില്‍ പോയി പ്ലാസ്റ്റര്‍ ഇട്ടു. ഇടത്തെ
കയ്യായിരുന്നു പൊട്ടിയത് . അതുകൊണ്ടു കയ്യും തൂക്കി മകള്‍ സ്കൂളില്‍ പോയി തുടങ്ങി.
ചില ദിവസം ഞാനോ അല്ലാത്ത ദിവസം ശ്രീമതിയോ മകളെ സ്കൂളില്‍ അനുഗമിച്ചു. പൊതുവേ
കുട്ടികളെ നല്ലതുപോലെ നോക്കുന്ന സ്കൂളായിരുന്നതുകൊണ്ടു പിന്നീട് അതും വേണ്ടി
വന്നില്ല. മകള്‍ ക്ലാസ്സിലെ വി.ഐ.പി സ്ഥാനം ശരിക്കും ആസ്വദിച്ചു തുടങ്ങി. ഓരോ
ദിവസവും വരുമ്പോള്‍ അവളുടെ കൂട്ടുകാര്‍ പ്ലാസ്ടറിന്മേല്‍ എഴുതിയ പുതിയ വാചകങ്ങള്‍
കാണിച്ചു തരുമായിരുന്നു. പ്ലാസ്റ്റര്‍ മുറിക്കാന്‍ ചെന്നപ്പോള്‍ അതിന്മേല്‍ ഒരു
നുള്ള് സ്ഥലം പോലും എഴുതാതെ ബാക്കിയുണ്ടായിരുന്നില്ല.
മകന്റെ
കണ്ണ് ടെസ്റ്റ് ചെയ്യാന്‍ ഒരിക്കല്‍ AIIMS നോടനുബന്ധിച്ചുള്ള
രാജേന്ദ്ര പ്രസാദ് കണ്ണാശുപത്രിയില്‍ പോയി. കണ്ണുടെസ്റ്റ് ചെയ്തു കണ്ണാടി എഴുതി.
ഒരു ചെറിയ പ്രശ്നം മാത്രം. കണ്ണുപരിശോധിക്കാന്‍ കണ്ണില്‍ മരുന്നൊഴിച്ചാല്‍ സാധാരണ
പരമാവധി 24 മണിക്കൂറിനകം കണ്ണ് പഴയ സ്ഥിതിയില്‍ ആവേണ്ടതായിരുന്നു.
പക്ഷെ അയാളുടെ കൃഷ്ണമണി വികസിച്ച രീതിയില്‍ കുറെ ദിവസം തുടര്‍ന്നു. അതുകൊണ്ടു ഒന്നു രണ്ടു പ്രാവശ്യം അവിടെ വീണ്ടും
പോകേണ്ടി വന്നു. കണ്ണില്‍ വേറെ മരുന്നൊഴിച്ചു ഒന്ന് രണ്ടാഴ്ച കൊണ്ടു അത് നേരെയായി.
ചിലയാള്‍ക്കാര്‍ക്ക് അങ്ങനെയായിരിക്കുമെന്നു അവര്‍ സമാധാനിപ്പിച്ചു. പണ്ട് അമ്മക്കും ചേച്ചിക്കും
ചിക്കന്‍പോക്സ് വന്നപ്പോള്‍ ഇയാള്‍
രക്ഷപെട്ട പോലെ മറ്റൊരു പ്രതിഭാസം!
പക്ഷെ
ആരോഗ്യ വിഷയത്തില്‍ ശരിക്കും ബുദ്ധിമുട്ടിയതും മുട്ടിച്ചതും ശ്രീമതി ആയിരുന്നു.
ഒന്നാമത്തെ മദ്ധ്യവേനല്‍ അവധിക്കു അമ്മയും മക്കളും നാട്ടില്‍ പോയി തിരിച്ചു
വന്നപ്പോള്‍ മുതല്‍ ശ്രീമതിക്ക് ചെറിയ പനി മാറാതെ തുടര്‍ന്നു. വലിയ പനിയൊന്നും
അല്ല,
99 - 100 ഡിഗ്രിക്കു മേല്‍ പനിയില്ല. അമ്മാവന്‍ ഇവരെ കൂട്ടിക്കൊണ്ടു
വന്ന ശേഷം താജ്മഹലും ഡല്‍ഹിയും കണ്ടു
തിരിച്ചു പോയി, രണ്ടു മാസം കഴിഞ്ഞിട്ടും പനി മാറുന്നില്ല.
ശ്രീമതി ഇന്ഗ്ലീഷു മരുന്ന് കഴിക്കുന്നതില്‍ മടി ഉള്ളയാളായതു കൊണ്ടു കോട്ടയ്ക്കല്‍
ആര്യവൈദ്യശാലയുടെ ന്യുഡല്‍ഹി ശാഖയില്‍ ഒരു വൈദ്യനെ കണ്ടു അരിഷ്ടവും കഷായവും ഒക്കെ
കഴിച്ചു നോക്കി. എന്നിട്ടും പനി വിട്ടുമാറുന്നില്ല. ഞങ്ങളുടെ ഐ ഐ ടി യിലെ
ആശുപത്രിയില്‍ പല പ്രാവശ്യം പോയെങ്കിലും പ്രയോജനം ഉണ്ടായില്ല. മെല്ലെ മെല്ലെ പനി
മാറാതെ മൂന്നു മാസത്തോളം ആയി. ഞാന്‍ വിഷമിച്ചു. പൊതുവേ ആറു ദിവസത്തില്‍ കൂടതല്‍ പനി നിന്നാല്‍ ടൈഫോയ്ടോ
മറ്റോ ആണോ എന്നും സംശയിച്ചു. ആയിടെ ഐഐടി യിലെ ആശുപത്രിയില്‍ ആഴ്ച്ചയില്‍ രണ്ടു
ദിവസം ഒരു ആമാശയ രോഗവിദഗ്ദ്ധന്‍ (gastro enterologist) വരുന്നുണ്ടായിരുന്നു.
ആരോ പറഞ്ഞു അദ്ദേഹത്തെ കാണിച്ചു നോക്കാന്‍. നല്ല പ്രായമുള്ള ഒരു ഡോക്ടര്‍. അദ്ദേഹം
വിവരങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞ ശേഷം ഒരു കുപ്പിയില്‍ നിന്ന് ഗ്യാസിനുള്ള ജെലൂസില്‍
ദ്രാവകം ഒരു വലിയ സ്പൂണ്‍ കുടിപ്പിച്ചു . അര മണിക്കൂര്‍ കഴിഞ്ഞു ടെമ്പറേച്ചര്‍
നോക്കാന്‍ പറഞ്ഞു. അത്ഭുതം എന്ന് പറയട്ടെ ശ്രീമതിയുടെ ടെമ്പറേച്ചര്‍ സാധാരണ
നിലയിലെത്തി. ഒരു കുപ്പി ജെലൂസില്‍ വാങ്ങി മൂന്നു നാലു ദിവസം കഴിക്കാന്‍ പറഞ്ഞു
അദ്ദേഹം. അപ്പോള്‍ രോഗം ഇതായിരുന്നു
വയറ്റില്‍ ഗ്യാസ് ഇളകിയതായിരുന്നു പനിക്കു കാരണം.
ശ്രീമതി
വേനല്‍ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ഇഷ്ട ഭോജ്യമായ ചക്കയും മാങ്ങയും കുറെ കൂടുതല്‍
കഴിച്ചു എന്ന് തോന്നുന്നു. ഡല്‍ഹിയില്‍ അന്ന് ഇത് രണ്ടും അത്ര ലഭ്യമായിരുന്നില്ല.
അത് കൊണ്ടു അയാള്‍ മനസ്സ് നിറയെ ചക്ക കറിയായും പഴുപ്പിച്ചും മാമ്പഴവും ഒക്കെ വാരി
വലിച്ചു തിന്നതു കാരണം ഗ്യാസ് ഇളകിയതായിരുന്നു ഈ ചെറിയ പനിക്ക് കാരണം. ഗ്യാസ്
ഇളകിയാലും പനി വരുമെന്നത് പുതിയ അറിവായിരുന്നു ഞങ്ങള്‍ക്കെല്ലാം.


Comments
Post a Comment