70.ഇന്‍റേണല്‍ മാര്‍ക്കും ഇടിമുറിയും ചില അനുഭവങ്ങള്‍
അടുത്ത കാലത്ത് പ്രൊഫഷണല്‍ കോളേജുകളില്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ഇന്‍റേണല്‍ മാര്‍ക്കിനെപ്പറ്റി പല അപവാദങ്ങളും കേള്‍ക്കുന്നു. കുട്ടികളെ മന:പൂര്‍വ്വം ദ്രോഹിക്കാന്‍ ചില സ്ഥാപനങ്ങളും ചില അധ്യാപകരും ശ്രമിക്കുന്നു, പ്രത്യേകിച്ചും ചില സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എന്ന് പരക്കെ പരാതിയുണ്ട്. എന്നാല്‍ നല്ല സ്ഥാപനങ്ങളില്‍ , നല്ല രീതിയില്‍ പഠിച്ചു ബിരുദം നേടാന്‍ വേണ്ടി കോളേജില്‍ വരുന്ന കുട്ടികള്‍ക്ക് ഇന്‍റേണല്‍ മാര്‍ക്ക് ഒരു അനുഗ്രഹം തന്നെ ആയിരുന്നു., ഞങ്ങള്‍ പഠിച്ചിരുന്ന 1963 – 68 ല്‍ പോലും.
ഒന്നാമതായി , എന്തുകൊണ്ടു പ്രൊഫഷണല്‍
കോളേജുകളില്‍ ഇന്റെര്ണല്‍ മാര്ക്ക് ആവശ്യമാണ് എന്ന് നോക്കാം. സാധാരണ യൂണിവേര്‍സിറ്റി
പരീക്ഷകള്‍ വര്‍ഷാവസാനം അല്ലെങ്കില്‍ സെമസ്റ്റര്‍ അവസാനമാണ് നടത്തുക. സാങ്കേതിക
സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ മികവു ഈ അവസാന പരീക്ഷ കൊണ്ടു മാത്രം നിര്‍ണയിക്കാന്‍
കഴിയുകയില്ല എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എഞ്ചിനീയറിങ്ങിലും
മെഡിസിനിലും മറ്റും പ്രായോഗിക പരിചയത്തിന്റെ പ്രാധാന്യം പ്രത്യേകം പറയെണ്ടതില്ലലോ.
പ്രൊഫഷണല്‍ കോളേജിലെ പഠനത്തില്‍ പകുതിയോളം തന്നെ പ്രായോഗിക പരീക്ഷണങ്ങളില്‍
കൂടിയാണ് പഠിക്കുന്നത്. കണ്ടും കേട്ടും പഠിക്കുന്നതിലുപരി ചെയ്തു പഠിക്കുകയാണ്
ഇവിടെ ചെയ്യുന്നത്.
എഞ്ചിനീയറിങ്ങിനാണെങ്കില്‍ പണിശാലകളിലും ലബോറട്ടറികളിലും
ചെയ്യുന്ന ജോലി വ്യക്തമായി അദ്ധ്യാപകരുടെ നിരീക്ഷണത്തിലാണ് ചെയ്യുന്നത്. ഓരോ
കുട്ടിയും ഇതെല്ലാം എത്രമാത്രം ശ്രദ്ധയോടെയും ശുഷ്കാന്തിയോടെയും ചെയ്യുന്നു എന്ന്
അതാതു ദിവസം അദ്ധ്യാപകര്‍ ശ്രദ്ധിച്ചു വിലയിരുത്തണമെന്നതു നിര്ബന്ധമാണ്.
സെമസ്റ്റര്‍ അവസാനത്തിലുള്ള വിലയിരുത്തലിനോടൊപ്പം തുടര്‍ച്ചയായ വിലയിരുത്തലും (continuous evaluation) അനുപേക്ഷണീയമാണ്.
മെഡിസിന്‍ പോലെയുള്ള മേഖലകളില്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടും കേട്ടും ചെയ്തും
പഠിക്കുന്നതും അത്യാവശ്യമാണ്. ഇത്തരം കോര്‍സുകളില്‍ പുസ്തകങ്ങളില്‍ നിന്നും
വായിച്ചു പഠിക്കാവുന്നതിനു പരിമിതികളുണ്ട്. ഒന്നോ അതിലധികമോ അദ്ധ്യാപകരുടെ
ആഴ്ചയില്‍ ഒരു പ്രാവശ്യം മാത്രം ചെയ്യുന്ന ലബോറട്ടറിസെഷനില്‍ ഇങ്ങനെ വിലയിരുത്തലിന്റെ
ആകെ തുകയായാണ് ലബോറട്ടറികളില്‍ ഇന്റെര്ണല്‍ മാര്ക്ക് നിശ്ചയിക്കുന്നത്. അതുപോലെ
തിയറി പേപ്പര്‍ ആണെങ്കില്‍ യൂണിവേര്സിറ്റി ന്നിശ്ചയിക്കുന്നതനുസരിച്ചു രണ്ടോ
അതിലധികമോ ക്ലാസ് പരീക്ഷയും രണ്ടോ അതില്‍ കൂടുതലോ അസൈന്മെന്റും കൊടുത്തു അതിനു
കിട്ടുന്ന മാര്ക്കനുസരിച്ചാണ് ഇത്തരം പേപ്പറിന് ഇന്റെര്ണല്‍ മാര്ക്ക് കൊടുക്കുക. കാലിക്കറ്റ്
യൂണിവേര്സിറ്റിയില്‍ അവസാന പരീക്ഷയ്ക്ക് 100 മാര്‍ക്ക് ഉള്ളപ്പോള്‍
ഇന്റെര്ണറല്‍ മാര്‍ക്ക് 50 ആയിരുന്നു.
ഈ അമ്പത് മാര്‍ക്കില്‍ രണ്ടു ക്ലാസ്
പരീക്ഷയ്ക്ക് 15 വീതം മുപ്പതു മാര്‍ക്കും രണ്ടു അസൈന്മെന്റിന് 10 മാര്‍ക്ക് വീതം 20 മാര്‍ക്കും ആണ്
കിട്ടുക. ക്ലാസ് പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കും അസൈന്മെന്റിന് കിട്ടിയ മാര്‍ക്കും
കൂട്ടിയാല്‍ ഇന്റെര്ണല്‍ മാര്ക്കായി. ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസും അസൈന്‍മെന്റും
കൃത്യ സമത്ത് മൂല്യനിര്‍ണയം നടത്തി കുട്ടികള്‍ക്ക് തിരിച്ചു കൊടുത്തിരിക്കണം. ഇന്റെര്ണെല്‍
മാര്ക്ക് യൂണിവേര്സിറ്റി നടത്തുന്ന പരീക്ഷയ്ക്ക് മുമ്പ് കുട്ടികളെ അറിയിക്കാന്‍
നോട്ടീസ് ബോര്ഡില്‍ ഇടണമെന്ന് നിര്‍ബന്ധമാണ്. മാര്‍ക്കു കൂട്ടിയിട്ടതില്‍ എന്തെ ങ്കിലും അപാകതയോ തെറ്റോ
ഉണ്ടെങ്കില്‍ അത് തിരുത്താനവസരം കൊടുക്കണമെന്നും നിബന്ധനയുണ്ട്. രണ്ടോ മൂന്നോ
ദിവസം ഇതിനു വേണ്ടി തീര്ച്ചയായും കാത്തിരിക്കുകയും വേണം. തികച്ചും സുതാര്യമായ
രീതിയില്‍ തന്നെ ഇത് ചെയ്തിരിക്കണം.
സാധാരണ തിയറി പേപ്പറിന് യൂണിവേര്‍സിറ്റി പരീക്ഷയ്ക്ക്
100 മാര്‍ക്കും ഇന്റെര്‍ണല്‍ മാര്‍ക്ക് 50 ഉം കൂട്ടി ഒരു വിഷയത്തിനു ആകെ 150 മാര്‍ക്കായിരിക്കും. അതില്‍
75 മാര്‍ക്കെങ്കിലും കിട്ടിയാല്‍ മാത്രമേ ആ വിഷയം പാസായതായി കണക്കാക്കൂ. യൂണിവേര്‍സിറ്റിപരീക്ഷയ്ക്ക്
40 മാര്‍ക്കെങ്കിലും കിട്ടണമെന്നും നിര്ബന്ധമുണ്ട്. അവസാന പരീക്ഷയ്ക്ക്
ചോദ്യപേപ്പര്‍ ഇടുന്നത് എവിടെയെങ്കിലും ഉള്ള അദ്ധ്യാപകര്‍ ആയിരിക്കും. ചിലപ്പോള്‍
ചോദ്യങ്ങള്‍ അപ്രതീക്ഷിതമായ രീതിയില്‍ ആയാല്‍ പരീക്ഷ വിഷമം ഉള്ളതാവാം അപ്പോള്‍
ഇന്റെര്ണഷല്‍ മാര്‍ക്കു കൂടുതല്‍ കിട്ടിയിട്ടുണ്ട് എങ്കില്‍ പരീക്ഷ പാസാകാന്‍
എളുപ്പമാണ്. നല്ലവണ്ണം പഠിക്കുന്ന കുട്ടികള്‍ക്ക് 80 -- 90 %% വരെ
ഇന്റെര്ണല്‍ മാര്ക്ക് കിട്ടാന്‍ വിഷമമില്ല. അപ്പോള്‍ ഫസ്റ്റ്ക്ലാസിനും
ഡിസ്ടിന്ക്ഷനും വരെ ഈ മാര്‍ക്കു സഹായകമാവുമെന്നു തീര്ച്ചയാണ്. ഞങ്ങള്‍ പഠിക്കുന്ന
കാലത്ത് ഒരു വര്‍ഷം യൂണിവേര്സിറ്റി
പരീക്ഷയ്ക്ക് ആകെ 1000 മാര്‍ക്കാണെങ്കില്‍ ഇന്റെര്ണല്‍ മാര്‍ക്ക് ആകെ 200 മാത്രമേ
ഉണ്ടായിരുന്നുള്ളൂ. എന്നാലും അതില്‍ ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും 180 – 190 മാര്‍ക്കുവരെ കിട്ടിയിരുന്നു. അവസാന പരീക്ഷയ്ക്ക് ഒന്നോ രണ്ടോ വിഷയത്തിനു മാര്‍ക്കു
കുറഞ്ഞാലും ക്ലാസും ഡിസ്ടിന്ക്ഷനും നഷ്ടപ്പെടാതിരിക്കാന്‍ ഈ മാര്‍ക്കു
സഹായിച്ചിരുന്നു. (കൂട്ടത്തില്‍ പറയട്ടെ അല്പം ആത്മപ്രശംസയാണ് എങ്കിലും, എന്റെ കേരള
യൂണിവേര്സിറ്റി ബാച്ചില്‍ മൂന്നാം വര്‍ഷം മൂന്നു പേര്‍ക്കും നാലാം വര്ഷം ഒരാള്‍ക്കും
അഞ്ചാം വര്‍ഷം മൂന്നു പേര്‍ക്കും മാത്രമായിരുന്നു ഡിസ്റ്റിന്ഗ്ക്ഷന്‍ മൂന്നു വര്‍ഷവും
എനിക്ക് മാത്രവും, അവസാനം ഒന്നാം സ്ഥാനവും അന്നത്തെ
ഒരേ ഒരു കേരളാസര്വ്വ കലാശാലയില്‍ )
ആര്‍.ഈ.സി.യില്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ടുന്റില്‍
സെമസ്റ്റര്‍ അവസാനം എല്ലാവരും ഇന്റെര്ണല്‍ മാര്ക്കിട്ടു കഴിഞ്ഞു അതാതു ക്ലാസ്സിലെ
അദ്ധ്യാപകര്‍ ഒരുമിച്ചിരുന്നു അവര്‍ കൊടുത്ത ശരാശരി, പരമാവധി കൊടുത്തത് ഏറ്റവും കുറഞ്ഞ എന്നീ മാര്‍ക്കുകള്‍, 50% ല്‍ കുറഞ്ഞു കിട്ടിയവരാരൊക്കെ
അവരുടെ എണ്ണം ഇവയെല്ലാം വിവിധ വിഷയങ്ങള്‍ക്ക്
താരതമ്യം ചെയ്തു നോക്കുന്നു. ഏതെങ്കിലും അദ്ധ്യാപകന്‍ ഇട്ട മാര്‍ക്ക് വളരെ കുറവാകുകയോ ആ വിഷയത്തിനു കൂടുതല്‍
കുട്ടികള്‍ തോല്ക്കുകയോ ചെയ്‌താല്‍ അയാള്‍ അതിനു വ്യക്തമായ കാരണങ്ങള്‍ കാണിച്ചു
മറ്റദ്ധ്യാപകരെ ബോദ്ധ്യപ്പെടുത്തിയിരിക്കണം, അല്ലെങ്കില്‍ മറ്റു
വിഷയങ്ങളിലെ പോലെ ശരാശരി മാര്‍ക്കു കിട്ടത്തക്കവിധം അയാള്‍ കൊടുത്ത മാര്‍ക്ക് നോര്മലൈസ്
ചെയ്യേണ്ടി വരും. വളരെ സീനിയര്‍ ആയ അദ്ധ്യാപകര്‍ പോലും ഇത് ചെയ്യേണ്ടിവന്നിട്ടുണ്ട്.
അതില്‍ യാതൊരു ദാക്ഷിണ്യവും ഇല്ല. പൊതുവേ ആര്‍.ഈ.സി.യില്‍ ഇന്റെര്ണല്‍
മാര്ക്കിന്റെ ശരാശരി 65% നും 70%% നും ഇടയില്‍ ആയിരുന്നു. അപൂര്വ്വം അധ്യാപകരുടെ ശരാശരി ഇതില്‍ വളരെ കുറഞ്ഞാലും
കൂടിയാലും മാര്‍ക്ക് നോറ്മലൈസ് ചെയ്യേണ്ടി
വരും.
ഇനി എന്റെ അനുഭവം. ഞാന്‍ പഠിച്ചിരുന്നപ്പോള്‍
ടി.കെ.എമ്മില്‍ അത്ര മോശമല്ലാത്ത ഇന്റെര്ണെല്‍ മാര്ക്ക് എല്ലാ വര്ഷവും
കിട്ടിയിരുന്നു, അത് എനിക്ക് മൂന്നാം വര്ഷം മുതല്‍ ഡിസ്ടിന്ക്ഷന്‍ തുടര്ച്ചയായി നിലനിര്ത്താന്‍
ഇതു സഹായിച്ചു. ഞാന്‍ ആര്‍.ഈ.സിയില്‍ പഠിപ്പിച്ചപോഴും മിക്കവാറും വര്‍ഷങ്ങളില്‍
എന്റെ വിദ്യാര്‍ഥികളുടെ ഇന്റെര്ണല്‍ മാര്ക്കിന്റെ
ശരാശരി 70 % ല്‍ നിന്ന് വളരെ
വ്യത്യസ്തമായിരുന്നില്ല. ഒരിക്കല്‍, ആര്‍.ഈ.സി.യില്‍ ചേര്‍ന്നു
രണ്ടു വര്‍ഷം കഴിഞ്ഞു അവസാന വര്‍ഷത്തെ
കുട്ടികളില്‍ ഏഴു പേര്‍ക്ക് പാസാകാനുള്ള ഇന്‍റേണല്‍
മാര്‍ക്കുകിട്ടിയില്ല. അവരെ ഞാന്‍ റൂമില്‍
വിളിപ്പിച്ചു സംസാരിച്ചു. ക്ലാസ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതാണ് ഇന്‍റേണല്‍ മാര്‍ക്ക് കുറയാന്‍ കാരണം എന്ന് പറഞ്ഞു മനസ്സിലാക്കി.
തിയറി പരീക്ഷ തുടങ്ങുന്നതിനു മുമ്പ് നിങ്ങള്‍ വന്നു ഒരു ക്ലാസ് പരീക്ഷ കൂടി എഴുതി
നന്നായി ചെയ്‌താല്‍ മിനിമം മാര്ക്ക് തരാമെന്നു പറഞ്ഞു. പക്ഷെ അവരില്‍ രണ്ടു പേര്‍
മാത്രമേ വന്നുള്ളൂ. ബാക്കി അഞ്ചുപേര്‍ മിനിമം ഇന്‍റേണല്‍ മാര്‍ക്കില്ലാതെ പരീക്ഷ
എഴുതേണ്ടി വന്നു. സെമസ്റ്റര്‍ പരീക്ഷയ്ക്ക് മാത്രം 50% മാര്‍ക്കു കിട്ടിയാലേ അവര്‍ക്ക് ഞാന്‍
പഠിപ്പിച്ച വിഷയം പാസാകാനാവൂ. പൊതുവേ ക്ലാസില്‍ കയറാതെ നടന്ന ഇവര്‍ക്ക് ഇത് തികച്ചും അപ്രാപ്യമായ കാര്യമായിരുന്നു, പ്രത്യേകിച്ചും
അത്ര ലളിതമല്ലാത്ത ഈ വിഷയത്തിനു. അവര്‍ കോര്‍സ് പൂര്‍ത്തിയാക്കി മൂന്നോ നാലോ
പ്രാവശ്യം പരീക്ഷ എഴുതി തോറ്റതായി അറിഞ്ഞു. കുറെ പ്രാവശ്യം ആര്‍.ഈ.സി.യില്‍ എഴുതി
തോറ്റതിന് ശേഷം അവര്‍ പരീക്ഷാ കേന്ദ്രം മാറ്റി പാലക്കാട്ട് റെജിസ്റ്റര്‍ ചെയ്തു
നോക്കി, പക്ഷെ അങ്ങനെയും ഗതി പിടിച്ചില്ല. (മച്ചിപ്പശുവിനെ തൊഴുത്തുമാറ്റി കെട്ടിയാല്‍
മാത്രം പ്രസവിക്കുകയില്ലല്ലോ). അഞ്ചു വര്‍ഷത്തെ കോഴ്സ് നിര്‍ത്തലാക്കിയപ്പോള്‍ അവര്‍ക്കു പിന്നെ എന്ത്
സംഭവിച്ചു എന്ന് എനിക്കറിയില്ല. “എന്റച്ചോ എന്നെ തല്ലണ്ട, ഞാന്‍ നന്നാവുകയില്ല “ എന്ന് വാശി
പിടിക്കുന്നവരോട് എന്ത് പറയാന്‍ ? സാക്ഷാല്‍ ദൈവം
തമ്പുരാന്‍ വിചാരിച്ചാലും രക്ഷപെടുത്താന്‍ കഴിയാത്തവര്‍.
ഞാന്‍ ഇത്രയും എഴുതിയതില്‍ നിന്ന് നല്ല
സ്ഥാപനങ്ങളില്‍ നല്ല രീതിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇന്‍റേണല്‍ മാര്‍ക്ക് വളരെ സഹായം ആണ് എന്ന്
കാണിക്കാനാണ്. അവിടെ മാര്‍ക്കിടുന്ന രീതിയും സുതാര്യമാണ്. ഒരു കുട്ടിക്ക് അര്‍ഹമായ
മാര്‍ക്കു കിട്ടാന്‍ എല്ലാ സഹായവും ഉണ്ടാവും. പരാതികള്‍ ഉണ്ടെങ്കില്‍ വകുപ്പ്
മേലധികാരികളെയോ ആവശ്യമെങ്കില്‍ പ്രിന്സിപ്പലിനെയോ കണ്ടു ബോധിപ്പിക്കാം, പരാതിയില്‍
കഴമ്പ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും കുട്ടിക്ക് പ്രയോജനം ഉള്ള രീതിയില്‍ തീരുമാനം
പ്രതീക്ഷിക്കാം. അപൂര്‍വ്വം അദ്ധ്യാപകര്‍ ഇന്റെര്‍ണല്‍ മാര്‍ക്കുപയോഗിച്ചു കുട്ടികളെ
ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും അവര്‍ക്ക് സ്വതന്ത്രമായി ഇതെല്ലാം
ചെയ്യാന്‍ കഴിയുകയില്ല. പ്രാകൃതമായ ഇടിമുറിയും ഭീഷണിയും ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ
ഉപദ്രവിച്ചു നന്നാക്കാന്‍ ശ്രമിക്കുന്ന സ്വാശ്രയസ്ഥാപനങ്ങളോട് എന്ത് പറയാന്‍?
അങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ പൂട്ടിപ്പോകുമെന്നതു ഉറപ്പുതന്നെ.
Comments
Post a Comment