100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും
ലെഫ്കെയിലെ യൂണിവേസിറ്റിയില്‍ ആകെ രണ്ട് ഇന്ത്യക്കാരായ അദ്ധ്യാപകരേ ഉണ്ടായിരുന്നുള്ളു. നമ്മുടെ ആളും ബാലയും. വിദ്യാര്‍ത്ഥികളും വളരെക്കുറവ്. ഇന്ത്യക്കാരായവര് അറബ് രാജ്യങ്ങളില് ജോലി ചെയ്യുന്നവരുടെ മക്കളാണു. ഹൈദരാബാദുകാര് രണ്ടു പേരുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ നമ്മള്‍ ഇന്ത്യക്കാരാണെന്നറിഞ്ഞിട്ടും അടുത്തുവരുകയോ പരിചയപ്പെടാന് ശ്രമിക്കുകയോ ഉണ്ടായില്ല. കാരണം എന്താണെന്നറിയില്ല. യൂണിവേറ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളില്‍ പെണ്കുട്ടികള്‍ വളരെ കുറവു. ഭാരിച്ച ഫീസും ഇതിനു കാരണം ആവാം. ഇറാക്കില്‍ നിന്നു രണ്ടു കുട്ടികളുണ്ടായിരുന്നു. പറ്ദ്ദയും വിഗ്ഗും ധരിക്കുന്നു. അത്തത്തുര്‍ക്കിന്‍റെ ഭരണപരിഷ്കാരമായി മതപരമായ വസ്ത്രങ്ങള്‍ ധരിച്ചു ഔദ്യോഗികചുമതലകള്‍ക്ക് വരാന് പാടില്ല. ഒരിക്കല്‍ തുര്‍ക്കിയില്‍ തലയില് തുണി ഇട്ടു അസംബ്ലിയില്‍ വന്ന ഒരു സ്ത്രീയുടെ അംഗത്വം നഷ്ടപ്പെട്ടതായി കേട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ തലയില്‍ തുണി ഇടാന് പാടില്ല. വളരെ യാഥാസ്ഥിതികരായ ചിലര്‍ ആദ്യം തലയില്‍ ഒരു കറുത്ത തുണികൊണ്ടു പൊതിയുന്നു. എന്നിട്ട് അതിന്റെ മുകളില്‍ വിഗ്ഗുവെച്ചു ക്ലാസ്സില്‍ വരുന്നതായി ആശാന് പറഞ്ഞു. പല കുട്ടികളും ഇക്കാരണത്താല്‍ ഒരു പോലെ തോന്നിക്കുന്നു, അവരെ ക്ലാസ്സില്‍ തിരിച്ചറിയാന് തന്നെ ബുദ്ധിമുട്ടുണ്ടാകുന്നു എന്നും.(ഇതുപോലെ ഒരു സംഭവം നാട്ടിലെ സ്ഥാപനത്തിലും ഉണ്ടായി. ഒരു സഹപ്രവര്‍ത്തകന്റെ ഇരട്ട പെണ്കുട്ടികള് രണ്ടുപേരും നല്ല മാര്‍ക്ക് വാങ്ങി ആറീസിയില്‍ പ്രവേശനം ലഭിച്ചു. രണ്ടുപേരും കാണാന്‍ നല്ല കുട്ടികള്‍. എന്നാല്‍ തമ്മില്‍ തിരിച്ചറിയാന്‍ വിഷമം, സാധാരണ തന്നെ. പെട്ടെന്നൊരു ദിവസം ഇവര്‍ രണ്ടും പര്‍ദ്ദയിട്ടു ക്ലാസ്സില്‍ വന്നു. അദ്ധ്യാപകരും മറ്റു കുട്ടികളും വിഷമത്തിലായി, അവരെ തിരിച്ചറിയാന്‍. എന്തെങ്കിലും ഒരു വ്യത്യാസം കുട്ടികളുടെ മുഖത്ത് കാണിക്കണം എന്ന് ഞങ്ങള്‍ സഹപ്രവര്‍ത്തകനോട് കേണപേക്ഷിച്ചു).
ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നു യൂണിവേര്‍സിറ്റിയിലേക്കു നടന്നു പോകാനുള്ള ദൂരമേ ഉള്ളു. വൈകുന്നേരങ്ങളില്‍ കടല്‍തീരത്തു കൂടിയുള്ള നടത്തം പതിവായിരുന്നു. പോകുന്നവഴി ആശാന്റെ ഒരു യുവസഹപ്രവര്‍ത്തകന്‍റെ വീടുണ്ടു. അയാളുടെ ഒരു കൂട്ടുകുടുംബമാണു. അമ്മയും അച്ഛനും സഹോദരിയും എല്ലാവരും ഉണ്ട്. ഒരു സഹോദരി ഇസ്റ്റാംബുളില്‍ പഠിക്കുന്നു. അയാളുടെ കാമുകി / പ്രതിശ്റുത വധുവും ഇടക്കു അവിടെ കാണാറുണ്ടു. അവര്‍ക്ക് ഇന്ത്യയെ കുറിച്ചു ഒരുപാടു കാര്യങ്ങളറിയണം. എല്ലാം ചോദിച്ചു മനസ്സിലാക്കി, ഞങ്ങളുടെ പരിമിതമായ തുര്‍ക്കിഷ് ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കി. ഗാന്ധി സിനിമ അവരെല്ലാവരും പല പ്രാവശ്യം കണ്ടിരിക്കുന്നു. അവരുടെ എല്ലാം ഒരു സംശയം: എന്തു കൊണ്ടു ഗാന്ധി ഒറ്റ മുണ്ടു മാത്രം ധരിച്ചു ജീവിച്ചിരുന്നു എന്നാണു. ഞങ്ങള്‍ പറഞ്ഞു:”എന്റെ നാട്ടുകാരില്‍ പകുതിയിലധികം പേര്‍ക്കും ഒറ്റ മുണ്ടു പോലും വാങ്ങാന് കഴിയാത്തപ്പോള്‍ എങ്ങനെയാണു ഞാന് സൂട്ടും കോട്ടും ഇട്ടു നടക്കുക?” എന്നു പറഞ്ഞാണു അദ്ദേഹം അങ്ങനെ ചെയ്തതു എന്നു പറഞ്ഞപ്പോള് അവര്‍ക്കുണ്ടായ അത്ഭുതം കണ്ണുകളില്‍ കാണാമായിരുന്നു. കൃഷ്ണാനദീതീരത്തുവച്ചു ഗാന്ധിജി തന്റെ മേല്മുണ്ടു തണുത്തു വിറച്ചിരുന്ന ഒരുസ്ത്രീക്കു കൊടുക്കുന്ന രംഗം ഞങ്ങള്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവര്‍ക്ക് വിശ്വാസമായി. കൂടുതല്‍ വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ അത്താഴം കഴിക്കേണ്ടിവരും, അതു ഒരു പതിവാക്കേണ്ട എന്നു ആശാന് പറഞ്ഞു.
ലെഫ്കെ
ഒരു ചെറിയ ടൌണാണു,
അല്പം വലിയ ഗ്രാമം എന്നും പറയാം. ഞങ്ങള്‍ സാധനങ്ങള്‍
വാങ്ങിയിരുന്നതു ഒരു മിലിട്ടറി കാന്റീനില് നിന്നാണു. അവിടെ
വെള്ളിയാഴ്ച ദിവസം സാധനങ്ങള്‍ വരും. അന്നു തന്നെയോ പിറ്റേ
ദിവസമോ ചെന്നില്ലെങ്കില്‍ ആവശ്യമുള്ള സാധനങ്ങള്‍ കിട്ടുകയില്ല. നല്ല
സാധനങ്ങള്‍ ന്യായമായ വിലക്കു കിട്ടും. റഷ്യക്കാരനായ സഹപ്രവര്‍ത്തകനായ
അദില്‍ എന്ന പ്രഫസ്സര്‍ക്ക് ഒരു പഴയ റെനോള്‍ട്ട് കാറുണ്ടു. ചില
ദിവസം അതില്‍ ഞങ്ങള്‍ എല്ലാവരും കൂടി പോകും അവിടെ. ചിലപ്പോള്‍ ടാക്സിയിലും. രണ്ടു മാസം ഉപയോഗിച്ച കാറുകള് പോലും കുറഞ്ഞ വിലക്കു കിട്ടും. ഈ കാന്റീനില്‍ ചെരുപ്പും കൌതുക
വസ്തുക്കളും മുതല് പച്ചക്കറികളും പഴങ്ങളും വരെ കിട്ടും. തുര്‍ക്കിഷ്
തൂണിത്തരങ്ങള്‍ ന്യായമായ വിലക്കു കിട്ടുമായിരുന്നു. നല്ല
ഗുണനിലവാരമുള്ള പരുത്തി വത്രങ്ങള് തുര്‍ക്കിയില്‍ സുലഭം. ആശാനു
വാങ്ങിയ ചില ഷറ്ട്ടുകള് ആറു വര്ഷം കഴിഞ്ഞിട്ടും
കേടു കൂടാതെ ഇരിക്കുന്നു. വിലക്കുറവായതു കൊണ്ടു
പ്രതീക്ഷിച്ചതു രണ്ടു പ്രാവശ്യം നനച്ചു കഴിഞ്ഞാല് ഉപയോഗശൂന്യമാവും എന്നായിരുന്നു.
സ്ത്രീകളുടെ യൂറോപ്യന് ഫാഷനിലുള്ള
വസ്ത്രങ്ങള്‍ക്ക് വില കൂടുതലാണ്. മിക്ക കടകളിലും തുര്‍ക്കിഷ്
ഭാഷയില് 50% വിലക്കുറവു
എന്നു എഴുതി വച്ചിട്ടുണ്ടു. ചിലപ്പോള്‍ “ആനയെ വാങ്ങിയാല്‍
ചേന ഫ്രീ” എന്ന പോലുള്ള
പരസ്യവും.
ഇവിടെയും ചൂടു കൂടുതലാണ്. കടല്‍ തീരമായതിനാല്‍
കുറച്ചാശ്വാസമുണ്ട്. നിരത്തുകളും ഭൂമിയും എല്ലാം വരണ്ടിരിക്കുന്നു. കടല്‍
തീരമാണെങ്കിലും മത്സ്യം സുലഭമല്ല. മത്സ്യംപിടുത്തക്കാരെയും
കണ്ടില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞതു അവിടെ തീരത്തു
മത്സ്യങ്ങള്‍ വളരെ കുറവാണെന്നും ഉള്ളതുതന്നെ ഭക്ഷ്യയോഗ്യമല്ല എന്നുമാണ്. തുര്‍ക്കിയുടെ
ആക്രമണം ഉണ്ടായപ്പോള്‍ ചെമ്പുഖനികള് പലതും
യൂറോപ്പ്യന് മുതലാളിമാര്‍ ഇട്ടെറിഞ്ഞു പോയതു മൂലം ഖനിയില് നിന്നു പുറത്തേക്കു
വരുന്ന മലിന ജലം കടലിലേക്കൊഴുകി വിഷമയമാകുന്നു
എന്നുള്ളതു ഒരു സത്യമാണ്. ആഴക്കടലില്‍ നിന്നു പിടിച്ച
മത്സ്യം കിട്ടും, അല്പം വില കൂടുതലാണെന്നു മാത്രം. മാംസം ധാരാളം കിട്ടും, ചെമ്മരിയാടിന്റെ മാംസം, നമ്മുടെ മാട്ടിറച്ചി
പോലെയുള്ള കട്ടിയുള്ള ചുവന്നഇറച്ചി(Redmeat).
പച്ചക്കറികള്‍ നമ്മുടെ നാട്ടിലുള്ളതൊന്നും ഇല്ല. വെള്ളരിക്കയും ഇളവനും മുരിങ്ങക്കായും ഇല്ലാതെ അവിയല്‍ വെക്കാനും പഠിച്ചു.
നമ്മുടെ ചുരക്കാ പോലെയുള്ള ഒരുസാധനം കിട്ടും. 'അതു താനല്ലയോ ഇതു' എന്ന് വിചാരിക്കുകയേ
മാര്‍ഗമുള്ളൂ. ഉരുളക്കിഴങ്ങും സവാള ഉള്ളിയും കാരറ്റും
ബീറ്റൂട്ടും എല്ലായിടത്തും കിട്ടും. പയര്‍ വര്‍ഗത്തിലുള്ളവ
ബീന്‍സ് മാത്രം. എന്നാലും അത്യാവശ്യം ഒപ്പിക്കാം. പക്ഷെ ഇവയൊക്കെ ഹോട്ടലില്‍ പച്ചയായേ കിട്ടൂ. കറിവെക്കാന്‍
നമ്മള്‍ തന്നെ വേണം. തേങ്ങാ പൊടിആയി കിട്ടും. കേരളത്തില്‍ നിന്നു പോയാല്‍ തേങ്ങാ കിട്ടുമോ എന്ന ഭയം വേണ്ട. മിക്കവാറും എല്ലായിടത്തും ഇതു കിട്ടും. പക്ഷെ അവര്‍
അത് മധുരപലഹാരത്തിന് ഭംഗി വരുത്താന്‍ മാത്രമെ ഉപയോഗിക്കുന്നുള്ളൂ എന്ന് മാത്രം.
നമ്മള്‍ പാക്കറ്റു കണക്കിന് വാങ്ങുമ്പോള്‍ കടക്കാര്‍ക്ക് തന്നെ അത്ഭുതം. ഇവര്‍ ഇത്ര അധികം
മധുരപലഹാരം ഉണ്ടാക്കുമോ?
Comments
Post a Comment