126. പിരിയുന്നതിനു മുമ്പ് അവസാനത്തെ കുത്ത്
അങ്ങനെ അറുപത്തഞ്ചു വയസ്സാകാന്‍ ഏതാണ്ടു ആറുമാസം മാത്രം ബാക്കി ഉണ്ടായിരുന്നപ്പോഴാണ് അപ്പോള്‍ ഡയറക്ടറായിരുന്ന ആളിന്‍റെ അഞ്ചു വര്‍ഷത്തെ കാലാവധി കഴിഞ്ഞത്. പുനര്‍നിയമനം ഇല്ലാത്തതുകൊണ്ടു ഏറ്റവും സീനിയര്‍ ആയ പ്രൊഫസര്‍ക്ക് ചാര്‍ജു കൊടുത്തു ഡയറക്ടര്‍ സ്ഥലം വിടണം എന്നാണു പതിവു നിര്‍ദ്ദേശം പുതിയ ഡയറക്ടര്‍ നിയമനത്തിനു കാലതാമസം വരുമെന്നുറപ്പുള്ളതുകൊണ്ടും, പോരാഞ്ഞു ഡയറക്ടര്‍ നിയമനത്തില്‍ ചില പുതിയ വ്യവസ്ഥകള്‍ കൂടി ഉണ്ടാക്കിയതുകൊണ്ടും (ഉദാഹരണത്തിന് എഞ്ചിനീയറിംഗ് ബിരുദധാരി ആയിരിക്കണം എന്നത് ) അഞ്ചു വര്‍ഷം ഞങ്ങളെ ഭരിച്ചിരുന്ന ഫിസിക്സ് ബിരുദധാരിയ്ക്ക് സാദ്ധ്യതയും കുറവാണെന്ന് തോന്നി.
ഇതൊക്കെകൊണ്ടു
കഴിഞ്ഞ കാലങ്ങളില്‍ തലവന്‍ സ്ഥലത്തില്ലാതിരുന്ന സമയത്തൊക്കെ ഡയറക്ടറുടെ ചാര്‍ജു വഹിച്ചിരുന്ന
എറ്റവും സീനിയറ് പ്രൊഫസറായ എനിക്കായിരിക്കും
ചാര്‍ജു കൈമാറുക എന്ന് ഞാനും മറ്റു ചിലരും
വിചാരിച്ചു. എന്നാല്‍ സ്ഥാനമൊഴിയുന്ന കക്ഷി അങ്ങനെയല്ല വിചാരിച്ചത്. സത്യം
സത്യമായി പറയുന്ന അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന എനിക്ക് ചാര്‍ജു
തരാതിരിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്ന് പുറത്തു പോകുന്ന ഡയറക്ടര്‍
സ്വന്തം ഹൃദയം സൂക്ഷിപ്പുകാരും ‘വൈകുന്നേരത്തെ’ പരിപാടിക്ക് ഒന്നിച്ചു കൂടുകയും
ചെയ്യുന്ന ചില ആള്‍ക്കാരുമായി ആലോചിച്ചു കണ്ടെത്തി. അതുവരെ ആര്‍ക്കും സംശയം
ഇല്ലാതിരുന്ന എന്റെ സീനിയോറിറ്റി ഒരു സുപ്രഭാതത്തില്‍ പോയി, അദ്ദേഹത്തിന്റെ ചൊല്‍പ്പടിക്കു
നില്‍ക്കുകയും ചില അന്വേഷണങ്ങള്‍ വന്നപ്പോള്‍ ഡീനെന്ന നിലയില്‍ ഇല്ലാത്ത അത്യാവശ്യരേഖകള്‍
ഉണ്ടാക്കി കൊടുക്കുകയും ചെയ്ത മറ്റൊരാള്‍ പെട്ടെന്ന് എനിക്ക് സീനിയറായി മാറി.
പെട്ടെന്ന്
സീനിയറായി മാറിയ ആള്‍ ഞാന്‍ പ്രൊഫസറായി തികച്ചും ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് പ്രൊഫസറായത്.
പ്രായത്തില്‍ എന്നോടൊപ്പം ആയിരുന്നു എങ്കിലും ആര്‍.ഈ.സി.യില്‍ ഞാന്‍ 1969 ല്‍ ചേര്‍ന്നപ്പോള്‍
അയാള്‍ ചേര്‍ന്നത് 1971ല്‍ മാത്രം ആയിരുന്നു. എനിക്ക് ആദ്യം ഒരു പ്രൊഫസര്‍ അവധിയില്‍ പോയ
ഒഴിവിലേക്കാണ് നിയമനം കിട്ടിയത്,
1987 സെപ്റ്റംബര്‍ 17നു. ഒരേ സമയത്ത് നടന്ന
ഇന്റര്‍വ്യൂവില്‍ എന്നെയും മേല്‍പ്പറഞ്ഞ കക്ഷിയെയും സ്ഥിരമായ പ്രൊഫസര്‍
പോസ്റ്റിലേക്ക് റാങ്ക് ചെയ്തിരുന്നു. എന്നെ ഇല്ക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസറായും
ടി യാനെ ഇലക്ട്രോണിക്സ് പ്രൊഫസര്‍ ആയും
ആണ് റാങ്ക് ചെയ്തത്. രണ്ടു പേരും സ്ഥിരമായ പ്രൊഫസര്‍ പോസ്റ്റിലേക്ക് നിയമനം കിട്ടിയത്
1988 ജൂണ്‍ ഒന്നിനായിരുന്നു,
കാരണം ഈ പോസ്റ്റുകളിലെക്കുള്ള തസ്തിക പുനര്‍നിര്‍ണയം ചെയ്തപ്പോള്‍ അപ്പോഴേക്ക്
മാത്രമേ നിയമനം അനുവദിക്കാന്‍ ആവുകയുള്ളായിരുന്നു. ഒരേ സെലക്ഷന്‍ ആയിരുന്നത്
കൊണ്ടു രണ്ടു വ്യത്യസ്തവകുപ്പുകളിലെ പോസ്റ്റുകളിലേക്കുള്ള നിയമനത്തില്‍ ഉയര്‍ന്ന റാങ്ക്
അയാള്‍ക്ക് ആണെന്നും പറഞ്ഞു സീനിയറാക്കി കണക്കാക്കി. സീനിയോറിറ്റി കണക്കാക്കുമ്പോള്‍
ഉയര്‍ന്ന പോസ്റ്റില്‍ ആദ്യം നിയമനം കിട്ടിയ ആളാണ് സീനിയര്‍ എന്ന സത്യം സൌകര്യപൂര്‍വ്വം
മറന്നു കൊണ്ടാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്. ഇതിനെതിരേ ഞാന്‍ മാനവശേഷിവിഭവവികസന
മന്ത്രാലയത്തിനു പരാതി സമര്‍പ്പിച്ചു എങ്കിലും അധികാരത്തില്‍ ഇരിക്കുന്നവരില്‍
നിന്നും നക്കാപ്പിച്ച വാങ്ങിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആഫീസര്‍മാര്‍
പരാതിയ്ക്ക് മറുപടിപോലും തന്നില്ല. (ന്യു ഡല്‍ഹി അശോക ഹോട്ടലിലെ ബാറിലെ കമ്പ്യൂട്ടര്‍
ബില്ലുകളിലെ തുക എഴുതിവാങ്ങുന്നതു എന്തിനെന്നു വ്യക്തമായി) കഷ്ടിച്ച് ആറുമാസം
മാത്രം സര്‍വീസ് ബാക്കിയുണ്ടായിരുന്ന ഞാനിതിനു വേണ്ടി കോടതി കയറാനും പോകുകയില്ല
എന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞ ഈ ഡയറക്ടര്‍ ഒരിക്കല്‍ എന്നോടു
പറഞ്ഞ വാക്കുകള്‍ എനിക്ക് ഓര്‍മ്മ വന്നു “ ഉന്നതങ്ങളിലെ കാര്യങ്ങള്‍
നടക്കുന്നത് ‘താനെന്റെ പുറം ചൊറിയുക, തിരിച്ചു ഞാന്‍ നിങ്ങളുടെ പുറം ചൊറിയാം’. (I
scratch your back, you scratch my back)“എന്ന രീതിയില്‍ അല്ലേ എന്ന്. അത് ഇക്കാര്യത്തില്‍ തികച്ചും ശരി തന്നെ
ആയിരുന്നു. ഒരിക്കല്‍ സാമ്പത്തിക ക്രമക്കേടുകളെപറ്റി അന്വേഷിക്കാന്‍ സിബിഐ ആഫീസര്‍മാര്‍
വന്നപ്പോള്‍ 24 മണിക്കൂറിനകം ചില രേഖകള്‍ കൊച്ചിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രാത്രിയില്‍
കോളേജു വാഹനത്തില്‍ നഗരത്തില്‍ നിന്ന് വരുത്തി വ്യാജരേഖകള്‍ ഉണ്ടാക്കിച്ച്
അയക്കാന്‍ സഹായിച്ചയാളിന്റെ പുറം ചൊറിയാതിരിക്കാന്‍
കഴിയുമോ? ആറുമാസം ഇന്‍ചാര്‍ജു ഡയറക്ടറായിരുന്നാല്‍ എന്‍.ഐ.ടി.യില്‍ ഉള്ള നിരവധി
പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയും എനിക്ക് തീരെ
ഇല്ലായിരുന്നു. ഇന്‍ ചാര്‍ജു ആയിരിക്കുമ്പോള്‍ കിട്ടുന്ന ഏതാനും ഉറുപ്പികയുടെ
ആനുകൂല്യവും എനിക്ക് വേണ്ട എന്നു വച്ചു. അതുകൊണ്ടു ഞാന്‍ കോടതിയില്‍ കയറാനും പോയില്ല. കുറുക്കുവഴിയില്‍ കൂടി ഇന്‍ ചാര്‍ജായ
മഹാന്‍ വിളിച്ച യാതൊരു ഔദ്യോഗിക പരിപാടിയിലും എന്തിനു പിരിഞ്ഞു
പോകുന്നവര്‍ക്ക് കൊടുക്കുന്ന സ്മരണിക ഭരണസമിതി
അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ അയാളുടെ കയ്യില്‍
നിന്ന് വാങ്ങാന്‍ പോലും ഞാന്‍ പോയില്ല.
നീണ്ട 42 വര്‍ഷത്തെ ജോലിക്കിടക്ക് പലപ്പോഴും എനിക്കു കിട്ടിയ
കുത്തുകളുടെ കൂട്ടത്തില്‍ ഒന്നും കൂടി
വാങ്ങി ഞാന്‍ എന്‍റെ
ഡിപ്പാര്‍ട്ടുമെന്‍റില്‍ പോയി നിശ്ശബ്ദം
വിശ്റമജീവിതത്തിനു തയ്യാറെടുത്തു.
Comments
Post a Comment