122.എം.ജി.എസ്. എന്ന ചരിത്രകാരന്റെ ഓര്‍മ്മകളും മറ്റു സംഭവങ്ങളും

 സിംഗപൂര്‍ നീയാന്‍ പോളി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കാന്‍ എന്‍.ഐ.ടി. യില്‍ വന്ന പ്രസിദ്ധചരിത്രകാരനായ ശ്രീ എം.ജി.എസ്‌.നാരായണനുമായി കുറച്ചുസമയം ഞങ്ങള്‍ ഡയറക്ടരുടെ മുറിയില്‍ കഴിഞ്ഞതു അല്പം രസകരമായ വിവരങ്ങളിലേക്കു നയിച്ചു. ശ്രീ.എം.ജി.എസ്. പലപ്പോഴും അല്പം സ്തോഭജനകമായ (sensational) ചരിത്രവസ്തുതകള്‍ പരസ്യമായി പറയുന്ന ആളായി എനിക്ക് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് എല്ലാവരും കരുതുന്നതു പോലെ വാസ്കോ ഡാ ഗാമാ കോഴിക്കോട് കടപ്പുറത്ത്  (കാപ്പാട്) അല്ല കപ്പലില്‍ നിന്ന് കരയ്ക്കിറങ്ങിയത് എന്നദ്ദേഹം പറഞ്ഞു. അതായത് ഗാമ കോഴിക്കോട് തുറമുഖതീരത്ത് കപ്പലില്‍ വന്നപ്പോള്‍ സാമൂതിരി സ്ഥലത്തില്ലായിരുന്നു എന്നും, തല്‍ക്കാലം കൊയിലാണ്ടിയില്‍ പോയി വിശ്രമിക്കാനാവശ്യപ്പെട്ടു എന്നും കുറെ ദിവസംകഴിഞ്ഞു ഗാമയും കൂട്ടുകാരും കൊയിലാണ്ടിയില്‍ നിന്ന് കരമാര്‍ഗം കോഴിക്കോട്ടു വരുകയായിരുന്നു എന്നും അദ്ദേഹം ഒരിക്കല്‍ ഒരു പ്രസംഗമധ്യേ പറയുകയുണ്ടായി. അതുപോലെ കൊടുങ്ങല്ലൂരില്‍ മാലിക് ദീനാര്‍ ആദ്യത്തെ മുസ്ലിം പള്ളിയുണ്ടാക്കിയപ്പോള്‍ അവിടെ നിന്ന് കുഴിച്ചെടുത്ത ചരിത്ര വസ്തുതകളില്‍ ഒരു ചെമ്പുതകിടു കണ്ടു എന്നും അതു കൊടുങ്ങല്ലൂര്‍ ഭാഗത്തുണ്ടായിരുന്ന ഹിന്ദു, കൃസ്ത്യന്‍ പുരോഹിതന്മാരുടെയും നാടുവാഴികളുടെയും കയ്യൊപ്പോടു കൂടിയ സമ്മതപത്രമായിരുന്നു എന്ന വിവരവും പറഞ്ഞിരുന്നു.

ഏതായാലും എം.ജി.എസ്സും ഞാനും ഡയറക്ടരുടെ മുറിയില്‍ ഇരിക്കുമ്പോള്‍ പല കാര്യങ്ങളും സംസാരിച്ചപ്പോള്‍ നമ്മുടെ നാട്ടുകാരുടെ ജാതി സ്പര്‍ദ്ധയിലേക്ക് എത്തി ചേര്‍ന്നു. കോഴിക്കോട്ടു സാമൂതിരിയുടെ ഭരണവും തിരുവിതാംകൂര്‍ രാജഭരണവും സംസാരവിഷയമായി. തിരുവിതാംകൂറില്‍ രാജാക്കന്മാരുടെ അല്പം 'നേരമ്പോക്കിന് '(കടപ്പാട് വി.കെ.എന്‍) വേണ്ടി നിലനിന്നിരുന്ന നായര്‍ വീടുകളായിരുന്നു അമ്മ വീടുകളെന്നും, അത് പോലെ സാമൂതിരിക്കും കോഴിക്കോട്ടു ചില നായര്‍ വീടുകളില്‍ അവിഹിതബന്ധം ഉണ്ടായിരുന്നു എന്ന് എം.ജി.എസ്. പണ്ടു വെളിപ്പെടുത്തിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ എം.ജി.എസ്.നായരല്ലാത്തത് കൊണ്ടു നായന്മാരെ മോശമാക്കാനാണ് ഇങ്ങനെ പറഞ്ഞത് എന്ന് കരുതി ചിലര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്രേ. അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു : ഞാനും ഒരു ഒന്നാം തരം നായര്‍ തന്നെ ആണെന്നുള്ള വിവരം എനിക്ക് വാലില്ലാത്തത് കൊണ്ടു ( പേര് എം.ജി.എസ്. നാരായണന്‍ എന്ന് മാത്രം , നായര്‍ , മേനോന്‍ എന്നീ ജാതിപ്പേരില്ലാതെ) അവര്‍ അറിഞ്ഞില്ല, ഞാന്‍ അവരെ അറിയിക്കാനും ശ്രമിച്ചില്ല.

ഏതായാലും ഇന്ത്യാ ചരിത്രത്തെയും കേരളത്തിന്റെ പ്രത്യേകതകളെ പറ്റിയും അദ്ദേഹം എടുത്ത ക്ലാസ് കുട്ടികള്‍ക്ക് വളരെ അറിവുണ്ടാക്കുന്നതും രസകരമായിരുന്നു എന്നും അറിഞ്ഞു. വന്ദ്യ വയോധികനായ അദ്ദേഹം സ്നേഹപൂര്‍വ്വം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു വിദേശി കുട്ടികളുടെ കൂടെ രണ്ടു മൂന്നു മണിക്കൂര്‍ ചിലവഴിച്ചതിനു നന്ദി , വൈകി ആണെങ്കിലും.

കാപ്പാട് നിന്ന് തിരിച്ചു വരുന്ന വഴി സി.വി.എന്‍.കളരിയില്‍ പോയി കളരിപ്പയറ്റ് എങ്ങനെ എന്ന് കാണിക്കുകയും ചെയ്തു. അവിടത്തെ ഗുരുക്കള്‍ കാര്യങ്ങള്‍ കുട്ടികള്‍ക്ക് ആയോധനമുറകള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. അര മണിക്കൂര്‍ നീണ്ടു നിന്ന ആയോധനകലാ പ്രദര്‍ശനവും അതോടൊപ്പം ഉണ്ടായിരുന്നു. ബേപ്പൂര്‍ ഉരു നിര്‍മ്മിക്കുന്നയിടത്തിലും ഞങ്ങള്‍ കുട്ടികളെ കൊണ്ടുപോയിരുന്നു.

മറ്റു ചില  സംഭവങ്ങള്‍

സിംഗപൂരില്‍ നിന്ന് വന്ന കുട്ടികളുടെ ഇന്ത്യയെ കണ്ടെത്തല്‍ പരിപാടി വളരെ വിജയകരമായിതന്നെ മുന്നോട്ടു പോയി. കേരളത്തിലങ്ങോളം ഇങ്ങോളം അവരെ കൊണ്ടു പോയി നമ്മുടേതായ എല്ലാ കലാരൂപങ്ങളെയും അവരെ പരിചയപ്പെടുത്തി കേരളത്തിലെ കുടില്‍ വ്യവസായം മുതൽ സ്വാശ്രയസംഘങ്ങളെയും കൊച്ചിയിലെ വ്യവസായങ്ങളും കൊച്ചി ഇന്‍ഫോപാര്‍ക്ക് , തിരുവനന്തപുരം ടെക്നോപാര്‍ക്ക് എന്നിവിടങ്ങളിലും അവരെ കൊണ്ടു പോയി അവിടെയൊക്കെ എന്താണ് നടക്കുന്നത് എന്ന് കാണിച്ചുകൊടുത്തു.

അവര്‍ ക്യാമ്പസ്സില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ഹോളി ആഘോഷിച്ചത്. ആര്‍.ഈ.സി. (എന്‍.ഐ.ടി) യില്‍ പകുതിയോളം കുട്ടികള്‍ കേരളത്തിന്‌ വെളിയില്‍ നിന്നും വരുന്നവരായതു കൊണ്ടു ഹോളി വിപുലമായി ആഘോഷിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അന്ന് സിന്ദൂരം വാരികോരി പരസ്പരം എറിഞ്ഞു രാവിലെ പുലര്‍ച്ച മുതല്‍ ഉച്ചവരെ വലിയ മേളം ആയിരുന്നു. നന്മയ്ക്ക് തിന്മമേല്‍ വിജയം ആഘോഷിക്കുന്നു എന്ന് പറയപ്പെടുന്ന ഹോളി ആഘോഷങ്ങളില്‍ സിംഗപൂര്‍ കുട്ടികള്‍ ആത്മാര്‍ഥമായി പങ്കെടുത്തു. ഞങ്ങളുടെ കുട്ടികള്‍ അവരെ സ്നേഹപൂര്‍വ്വം പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.

അതുപോലെ തന്നെ എന്‍.ഐ.ടി.യിലെ പ്രധാനപ്പെട്ട കലോത്സവമായ രാഗം ഫെസ്റ്റിവലും ആയിടക്കായിരുന്നു. ശങ്കര്‍ മഹാദേവന്റെ സംഗീതമേളയും വിവിധകോളേജുകളില്‍ നിന്ന് വന്ന കുട്ടികളുടെ കലാപ്രകടനങ്ങളും വിദേശി  കുട്ടികളായ കുട്ടികള്‍ക്ക് മൂന്നു ദിവസത്തേക്ക് കണ്ണിനും കാതിനും നല്ല വിരുന്നായി.ഒരു വാരാന്ത്യം കുട്ടികളെ വടക്കന്‍ മലബാറില്‍ കണ്ണൂര്‍ കാസര്‍കോട് ഭാഗത്തേക്ക് കൊണ്ടുപോയി. മലബാറിന്റെ തനതായ തെയ്യം പരിപാടി കുട്ടികള്‍ കണ്ടു ആസ്വദിച്ചു. കളമെഴുതി പാട്ട്, തായമ്പക എന്നിവയും കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെ ഒരു സായാഹ്നവും അവരാസ്വദിച്ചു.

പ്രധാനമായും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠിക്കുന്ന കുട്ടികളായിരുന്നത് കൊണ്ടു കേരളത്തിലെ ഐ.ടി. വ്യവസായം അന്ന് ശൈശവദിശയില്‍ ആയിരുന്നു എങ്കിലും കൊച്ചിയിലെ ഇന്ഫോപാര്‍ക്കും മറ്റു വ്യവസായങ്ങളും അവര്‍ സന്ദര്‍ശിച്ചു. കൊച്ചി കായലില്‍ ബോട്ടിങ്ങും  ആസ്വദിച്ചു. നമ്മുടെ കേരളത്തിലെ ഐ.ടി. വ്യവസായത്തിനു തുടക്കം കുറിച്ച തിരുവനന്തപുരം ടെക്നോപാര്‍ക്കും കുട്ടികള്‍ സന്ദർശിച്ചു അവിടെ പ്രവര്‍ത്തിച്ചു വന്നിരുന്ന ചില സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ അവരെ ഹാര്‍ദ്ദമായി സ്വീകരിച്ചു അവിടത്തെ പരിപാടികള്‍ വിശദീകരിച്ചു കൊടുക്കുകയുണ്ടായി. തലസ്ഥാന നഗരിയിലെ മറ്റു കാഴ്ചകളും അവര്‍ കണ്ടു മടങ്ങി. ഇതിനിടയില്‍ കേരളത്തിലെ സ്വാശ്രയസ്വയംസഹായ കൂട്ടായ്മകളായ കുടുംബശ്രീ സംഘത്തിന്റെ പ്രവര്‍ത്തനവും കുടില്‍ വ്യവസായങ്ങളായ നെയ്തു കേന്ദ്രങ്ങളും അവര്‍ കാണുകയുണ്ടായി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇത്തരം സഹകരണ കൂട്ടായ്മകളെപ്പറ്റി എന്‍.ഐ.റ്റി.യില്‍ വച്ച് ക്ലാസ് എടുക്കുകയും ചെയ്തു.


Comments