123.ഇന്ത്യയെ കണ്ടെത്തലിന്റെ അവസാനം വേദനാജനകം
അങ്ങനെ സിംഗപൂര്‍ നീയാന്‍ പോളിയിലെ കുട്ടികളുടെ ഇന്ത്യയെ കണ്ടെത്തലിന്റെ അവസാന ആഴ്ചയിലേക്ക് കടന്നു. ഈ പരിപാടിയില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ അതാതു മേഖലയില്‍ തികച്ചും പ്രാഗത്ഭ്യം തെളിയിച്ചവര്‍ ആയിരുന്നു, പ്രശസ്തിയെക്കാള്‍ പ്രാഗത്ഭ്യം ആയിരുന്നു അവരെ തിരഞ്ഞെടുത്തതില്‍ ഞങ്ങളുടെ മാനദണ്ഡം. പിന്നെ കുട്ടികളോട് ഇന്ഗ്ലീഷില്‍ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും. ഞങ്ങളുടെ സ്ഥാപനത്തിലെ തന്നെ വിവിധ വകുപ്പുകളിലെ പ്രഗത്ഭന്‍മാരും ക്ലാസ് എടുത്തു, അത് പോലെ തന്നെ പുറത്തുനിന്നും.
അവസാന ആഴ്ചയോടടുത്ത ഒരു ദിവസം ഡയരക്ടര്‍
എന്നെവിളിച്ചു ചോദിച്ചു, “നിങ്ങള്‍ക്ക് പുതിയ പ്രാസംഗികനായ ഒരാളെ വേണമെങ്കില്‍ ഞാന്‍ തരാം, അദ്ദേഹം
എന്റെ സുഹൃത്തും കൂടി ആണ്. “സംഗതി എനിക്ക് പിടി കിട്ടി ബോസിനു സുഹൃത്തുമായി എന്‍.ഐ.ടി.യില്‍ വന്നു കൂട്ടുകൂടാന്‍
ഞങ്ങള്‍ അവസരം ഉണ്ടാക്കണം. ശരിയെന്നു പറഞ്ഞു ഒരു ദിവസം ഞങ്ങള്‍ പറഞ്ഞ ആളിന്റെ
ക്ലാസിനു അവസരം ഉണ്ടാക്കി വിവരം അറിയിച്ചു. അതിനു അടുത്ത ദിവസം കക്ഷി ഞങ്ങളുടെ
ഗസ്റ്റ് ഹൌസില്‍ രാവിലെ എത്തുമെന്ന് വിവരം രാത്രി എട്ടു മണി കഴിഞ്ഞു ഡയറക്ടര്‍
എന്നെ അറിയിച്ചു. അദ്ദേഹം എന്തിനെപ്പറ്റിയാണ് സംസാരിക്കാന്‍ പോകുന്നതെന്നോ
എത്രനേരം ക്ലാസ് എടുക്കുമെന്നോ ഞങ്ങള്‍ക്കറിയില്ല, ബോസ്സ് ഈ വിവരം ഞങ്ങളോട്
ചോദിക്കുകയോ കക്ഷിയെ അറിയിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍
വിചാരിച്ചു എല്ലാം പറഞ്ഞിട്ടുണ്ടാവുമെന്നു.
ഏതായാലും രാവിലെ ഏഴു മണിയോടു കൂടി ഞാന്‍
ഗസ്റ്റ് ഹൌസിലേക്ക് ഫോണ്‍ ചെയ്തു, കക്ഷി വന്നിട്ടുണ്ട്
എന്നുറപ്പാക്കി. അദ്ദേഹത്തിനോട് സംസാരിക്കാന്‍ ശ്രമിച്ചു. ഏകദേശം എട്ട് മണി
കഴിഞ്ഞായിരുന്നു എനിക്ക് അദ്ദേഹത്തിനെ ഫോണില്‍ കിട്ടിയത്. ഞാന്‍ ചോദിച്ചു “സാര്‍
എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത് ? “. അപ്പോഴാണ്
അദ്ദേഹം എന്നോടു ചോദിക്കുന്നത് “എന്താണ് പരിപാടി, എത്ര നേരം സംസാരിക്കണം എങ്ങനെ സംസാരിക്കണം?”. ഞാന്‍ പറഞ്ഞു ഞങ്ങളുടെ
പരിപാടി അനുസരിച്ച് “രാവിലെ മുഴുവന്‍ ഏതാണ്ട് മൂന്നു മണിക്കൂര്‍ ഒരാള്‍ തന്നെ ആണ് ക്ലാസ് എടുക്കുന്നത്
, ഒന്നര മണിക്കൂര്‍ കഴിഞ്ഞു 15 മിനുട്ട് വിശ്രമം കൊടുക്കും”, ഇത്
കേട്ടപ്പോള്‍ അദ്ദേഹം ആകെ അമ്പലാപ്പിലായി. ചുരുക്കത്തില്‍ മൂന്നു മണിക്കൂര്‍
ക്ലാസെടുക്കാന്‍ ഉള്ളതൊന്നും അദ്ദേഹം ആലോചിച്ചു വച്ചിട്ടില്ല എന്ന് സാരം. ഏതോ
സമ്മേളനത്തിന്റെ 10 – 15 മിനുട്ട് ഉദ്ഘാടന പ്രസംഗം ആയിരിക്കും എന്നാണു കക്ഷി വിചാരിച്ചതെന്ന്
തോന്നി. വലിയ ആള്‍ക്കാര്‍ അതൊക്കെയല്ലേ
ചെയ്യൂ.
ഞാന്‍ നഗരത്തില്‍ എന്റെ വീട്ടില്‍ വച്ചാണ്
അദ്ദേഹത്തോടു സംസാരിച്ചത്. ഞാന്‍ കോളേജിലെത്തിയപ്പോള്‍ നേരെ ഗസ്റ്റ്
ഹൌസിലെക്കായിരുന്നു പോയത്, അദ്ദേഹത്തെ നേരിട്ടുകണ്ടു സംസാരിക്കാന്‍ . അപ്പോള്‍
അദ്ദേഹം പറഞ്ഞു “ ഞാന്‍ ഒരാളിന്റെ ഇമെയില്‍ അഡ്രസ് തരാം ,അയാള്‍ ഒരു വിഡിയോ
അയച്ചു തരും അത് ഡൌണ്‍ലോഡ് ചെയ്തു ക്ലാസിലേക്ക് കൊടുത്തയക്കുക , ഞാന്‍
കുറച്ചു സമയം ക്ലാസെടുത്തു തുടങ്ങിക്കഴിഞ്ഞു അത് കിട്ടിയാല്‍ മതി എന്ന് പറഞ്ഞു.
ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ അത് ഡൌണ്‍ലോഡ് ചെയ്യാമെന്ന് കരുതി അദ്ദേഹം പറഞ്ഞ ആളുമായി
ബന്ധപ്പെട്ടു. അപ്പോഴാണ് മനസ്സിലാകുന്നത് ഒന്നര മണിക്കൂറോളം നീണ്ട ഒരു വിഡിയോ
ആണ് അദ്ദേഹം ആവശ്യപ്പെടുന്നത്, അത് സ്വാഭാവികമായും
ഇമെയില്‍ വഴി അയക്കാന്‍ സാധിക്കുകയില്ല സി.ഡി.യിലോ ഡി.വി.ഡി.യിലോ പകര്‍ത്തി എത്തിക്കാനെ
കഴിയൂ എന്ന് മനസ്സിലാക്കുന്നത്. ഗൂഗിള്‍ ഡ്രൈവും ക്ലൌഡ് കമ്പ്യൂട്ടിങ്ങും , മറ്റും
അന്നില്ല. കോയമ്പത്തൂരില്‍ ഉള്ള അദ്ദേഹത്തിന്റെ സുഹൃത്തിന്റെ പക്കല്‍ നിന്നും
അരമണിക്കൂര്‍ കൊണ്ടു സാധനം ഇവിടെ എത്തിക്കാനുതകുന്ന മാന്ത്രികവിദ്യ ആര്‍ക്കും
അറിയില്ല എന്ന വിവരം ഞാന്‍ നമ്മുടെ കക്ഷിയെ അറിയിച്ചു. ഞാന്‍ തന്നെ ആണ് വിവരം
അറിയിക്കാന്‍ ക്ലാസ്റൂമില്‍ എത്തിയത്. അതുവരെയുള്ള അയാളുടെ ക്ളാസിന്റെ മേന്മകൊണ്ടോ
മറ്റോ അപ്പോള്‍ തന്നെ കുട്ടികള്‍ എല്ലാം അവരവരുടെ ലാപ്ടോപ്പില്‍ എന്തൊക്കെയോ
കളിച്ചു കൊണ്ടു ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. ഒരദ്ധ്യാപകന്‍
കുട്ടികള്‍ക്കുക്ലാസ് എടുക്കുമ്പോള്‍ അവര്‍ക്ക് തീരെ താല്പര്യം ഇല്ലാത്ത ഏതെങ്കിലും
വിഷയത്തെ കുറിച്ച് യാതൊരു തയാറെടുപ്പും കൂടാതെ എന്തെങ്കിലും പറഞ്ഞു കൊണ്ടിരുന്നാല്‍
എന്ത് സംഭവിക്കുമോ അത് തന്നെ സംഭവിച്ചു. ഏതായാലും രാവിലെ ഉള്ള ഇടവേളവരെ അദ്ദേഹം
കുട്ടികളോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു എന്ന് മാത്രം .ബാക്കി സമയം ഞാന്‍ കുട്ടികളോട് ചിലതൊക്കെ പറഞ്ഞ്
സമയം വെറുതെ കളയാതെയാക്കി .
വൈകുന്നേരം അദ്ദേഹം ഡയറക്ടരുമായി താജ്
ഹോട്ടലില്‍ പോയി സല്‍ക്കാരം സ്വീകരിച്ചു രാവിലെയാണു മദിരാശി ഫ്ലൈറ്റില്‍ തിരിച്ചു
പോയത്. അയാള്‍ പോയിക്കഴിഞ്ഞു ഞാന്‍ ഡയറക്ടറെ കണ്ടപ്പോള്‍ അദ്ദേഹം വല്ലാതെ
ക്ഷോഭിച്ചിരുന്നു. സുഹൃത്തിന്റെ ക്ലാസ്സില്‍ കാലുകള്‍ ബഞ്ചില്‍ കയറ്റി വച്ച് ആണ്
കുട്ടികള്‍ ഇരുന്നത് , അവര്‍ സാമാന്യ മര്യാദ കാണിച്ചില്ല, മാനേര്സ് ഇല്ലാത്ത
ഇത്തരം പോളിടെക്നിക് കുട്ടികളെ പഠിപ്പിച്ചാല്‍ എന്‍.ഐ.ടി.ക്ക് എന്ത് പ്രയോജനം ആണ്
ഉണ്ടാവുന്നത് എന്നൊക്കെ അദ്ദേഹം ചോദിച്ചു. കാര്യം ഞങ്ങള്‍ക്ക് മനസ്സിലായി.
ബോസിന്റെ സുഹൃത്ത് തന്റെ കഴിവ് കേടിനെപറ്റി കുട്ടികള്‍ പുറത്തുപറയുന്നതിന് മുമ്പ്
തന്നെ അവരെ ആക്രമിച്ചു മുങ്കൂര്‍ ജാമ്യം എടുക്കാന്‍
ഉള്ള ശ്രമം തുടങ്ങി. നമ്മുടെ റോഡില്‍
അപകടം ഉണ്ടാകുമ്പോള്‍ നമ്മുടെ വാഹനത്തിന്‍റെ പുറകില്‍ കൊണ്ടിടിച്ച വാഹനത്തിന്‍റെ
ഡ്രൈവര്‍ നമ്മെ കുറ്റപ്പെടുത്തുന്ന
അതേ പരിപാടി. ഞങ്ങള്‍ കുറെപ്പേര്‍ കഴിഞ്ഞ ആറു മാസത്തിലധികമായി പ്ലാന്‍ ചെയ്തു വളരെ
നല്ല രീതിയില്‍ നടത്തിയ ഈ പരിപാടിയെപറ്റി ഒരൊറ്റ ദിവസം കൊണ്ടു വളരെ മോശമായ
അഭിപ്രായം പറഞ്ഞു ഞങ്ങളുടെ ബോസിന്റെ അഭിപ്രായം മാറ്റാന്‍ അയാള്‍ക്ക് കഴിഞ്ഞു
എന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. കഷ്ടം, അയാളെ ഒഴിവാക്കാന്‍
ശ്രമിക്കാതിരുന്നതിനുള്ള ശിക്ഷയായി ഇത് ഞങ്ങള്‍ക്ക് .
കുട്ടികളും അദ്ധ്യാപകരും അടങ്ങിയ സംഘം വളരെ
സന്തോഷമായി മടങ്ങിപ്പോയതിന്റെ അടുത്ത ദിവസം തന്നെ നീയാന്‍ പോളിടെക്നിക്ക് ഡയറക്ടരുടെ
അനുമോദനക്കുറിപ്പും അടുത്ത മൂന്നു വര്ഷം ഈ പരിപാടി തുടര്‍ന്നു കൊണ്ടു പോകണം എന്ന
അപേക്ഷയും അടങ്ങിയ ഈമെയില്‍ ഞങ്ങള്‍ക്കു കിട്ടി. കുറെ ബുദ്ധിമുട്ടിയായിരുന്നു
എങ്കിലും ആദ്യം നടത്തിയ ഈ പരിപാടി വിജയം ആയതില്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു. പക്ഷെ
ഞങ്ങളുടെ ബോസ് നിരുപാധികം ഈ പരിപാടി ഉപേക്ഷിക്കുകയാണ് ചെയ്തത്. കാരണം പറഞ്ഞതോ “ പോളിടെക്നിക്കുമായി
, അവിടത്തെ കുട്ടികളുമായി സമ്പര്‍ക്കം ഉണ്ടാക്കിയത് കൊണ്ടു നമുക്ക് ഗവേഷണം
ചെയ്യാന്‍ അവസരം കിട്ടിയില്ല” എന്ന് . ഇത് ആദ്യം തന്നെ അദ്ദേഹത്തിനു അറിയാന്‍ വയ്യായിരുന്നോ, എന്ന്
ഞങ്ങള്‍ അത്ഭുതപ്പെട്ടു. കോഴിക്കോട് എന്‍.ഐ.ടി. എന്ന സ്ഥാപനത്തെപ്പറ്റി മറ്റു
രാജ്യങ്ങളില്‍ അറിയാന്‍ , നല്ലൊരു മാര്‍ഗം ആയാണ് ഈ പരിപാടി ഞങ്ങള്‍ക്ക് തോന്നിയത്, പക്ഷെ ബോസ്
ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ കാണാന്‍ കൂട്ടാക്കാതെ അദ്ദേഹത്തിന്റെ
സുഹൃത്തിന്റെ നുണ പ്രചാരണത്തിനാണ് വില കല്പിച്ചതു. അതുകൊണ്ടു ഈ പരിപാടി പിന്നീട്
നടന്നല്ല. മറ്റേതോ എന്‍.ഐ.ടി. ഏറ്റെടുത്തു നടത്തി എന്ന് ഞങ്ങള്‍ പിന്നീട് കേട്ടു.
വല്യ ആള്‍ക്കാര്‍ ആകുമ്പോള്‍ അവര്‍ക്കൊക്കെ എന്തും ആവാമല്ലോ.
Comments
Post a Comment