124. ഡീന്‍റെ കാലം കഴിഞ്ഞപ്പോള്‍ വിദേശവിദ്യാർത്ഥികളും അക്കാഡമിക് ഗുണനിലവാരവും
ഡയരക്ടര്‍ ഇന്‍ ചാര്‍ജായിരുന്നപ്പോഴായിരുന്നു എന്നെ പി.ജി & റിസേര്‍ച് ഡീനായി ആയി നിയമിച്ചത്. പുതിയ ഡയറക്ടര്‍ വന്നപ്പോള്‍ കാലാവധി കഴിയുന്നത് വരെ തുടരാന്‍ അനുവദിക്കുകയായിരുന്നു. അതനുസരിച്ച് അദ്ദേഹത്തിന്റെ കീഴില്‍ രണ്ടു വര്‍ഷം കൂടി ഞാന്‍ പി.ജി. ഡീനായി തുടര്‍ന്നു. കാലാവധി കഴിഞ്ഞപ്പോള്‍ അഡ്മിന്‍ കെട്ടിടത്തില്‍ നിന്ന് തിരിച്ചു എന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപന ജോലിയിലേക്ക് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുവാന്‍ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോകാന്‍ തയാറെടുക്കുകയായിരുന്നു. അന്നത്തെ ഏറ്റവും സീനിയര്‍ പ്രൊഫസറായ ഞാനായിരുന്നു ഡയറക്ടര്‍ സ്ഥലത്തില്ലാത്തപ്പോള്‍ ഇന്‍ ചാര്‍ജാകുക. ഇതു കൊണ്ടാണോ അറിയില്ല അദ്ദേഹം എന്നോടു അഡ്മിന്‍ ബ്ലോക്കില്‍ തന്നെ തുടരണമെന്നു ആവശ്യപ്പെട്ടു. വേറൊരു ദൂതന്‍ വഴി ഒഴിവു വന്ന ഡീന്‍ പ്ലാനിംഗ് ആകാന്‍ താല്പര്യം ഉണ്ടോ എന്ന് അറിയാന്‍ ശ്രമിച്ചു. അതിനു താല്പര്യം ഇല്ല എന്ന് ഞാന്‍ വ്യക്തമാക്കി. കാരണം പലപ്പോഴും ഡയറക്ടരുടെ താല്പര്യം നോക്കി മനസ്സാക്ഷിക്കു നിരക്കാത്ത പലതിനും കൂട്ടുനില്‍ക്കേണ്ടിവരുമെന്നുള്ളത് കൊണ്ടും ധനകാര്യത്തില്‍ ഞാന്‍ അന്നും ഇന്നും അല്പം പിന്നോക്കമായിരുന്നു എന്നതുകൊണ്ടും തന്നെ. എന്റെ കൂടെ യു.ജി. ഡീനായിരുന്ന ആള്‍ സന്തോഷപൂര്‍വ്വം ഈ ഡീന്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
പലപ്പോഴും ഡയറക്ടറും ഡീന്‍മാരും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍
തീ കെടുത്താന്‍ (Fire fighting) എന്നെ ഡയറക്ടര്‍ പല തവണ
ഉപയോഗിച്ചിരുന്നു. അങ്ങനെ മറ്റുള്ളവര്‍ അംഗീകരിക്കുന്ന ഒരാളടുത്തുള്ളത് നല്ലതാണ്
എന്ന് തോന്നിയതുകൊണ്ടും എന്നെ അഡ്മിന്‍ ബ്ലോക്കില്‍ തന്നെ തുടര്‍ന്നിരുത്താനെന്തു മാര്‍ഗം
എന്ന് എന്നോടു ചോദിച്ചു. ഒരു ദേശീയ സ്ഥാപനം എന്ന നിലയില്‍ മറ്റു ചില രാജ്യങ്ങളില്‍
നിന്നും, പ്രത്യേകിച്ച്, സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് പത്തു മുപ്പത്തിലധികം കുട്ടികള്‍ എന്‍.ഐ.ടി.യില്‍
പഠിക്കുന്നത് കൊണ്ടു വിദേശത്ത് നിന്ന് വരുന്ന കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍
ഒരു സീനിയര്‍ പ്രൊഫസര്‍ ഉള്ളത് നന്നായിരിക്കും എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അത്
പോലെ ഡീന്‍ ആയിരുന്നപ്പോള്‍ അക്കാഡമിക് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഞാന്‍
തുടങ്ങിവച്ച ചില പരിപാടികള്‍ പൂര്‍ത്തിയാക്കാനും ഉണ്ടായിരുന്നു. ഈ രണ്ടു
പരിപാടികള്‍ക്കും കൂടി എന്നെ ഒരു പുതിയ പോസ്റ്റ് ഉണ്ടാക്കി അഡ്മിന്‍ ബ്ലോക്കില്‍
ഒരു ഓഫീസ് ഉണ്ടാക്കി ഇരുത്തി തന്നു. പോസ്റ്റിന്റെ പേര് ഞാന്‍ പറഞ്ഞതനുസരിച്ച് അന്തര്‍ദ്ദേശീയ
ലയിസണ്‍ ആഫീസര്‍ (International Liaison Officer )എന്നും
അക്കാഡമിക് ഗുണനിലവാര മാനെജുമെന്റ് സംഘാടകന്‍ ( Coordinator, Academic Quality
Management) എന്നും കൂടിയാക്കി. ഡീന്‍പോസ്റ്റിനു തുല്യമായ എല്ലാ അധികാരങ്ങളും ഉള്ള
ജോലിയാക്കി. അങ്ങനെ ഡിപ്പാര്‍ട്ടുമെന്റിലെ ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം ഞാന്‍ ഈ
രണ്ടു കാര്യങ്ങളിലും ചിലതു ചെയ്യാനുള്ള ശ്രമം തുടങ്ങി.
ആദ്യമായി എന്‍.ഐ.ടി.യിലെ മറ്റു രാജ്യങ്ങളില്‍ നിന്ന്
വന്ന വിദ്യാര്‍ഥികളെ എല്ലാവരെയും വിളിച്ചു വരുത്തി പരിചയപ്പെട്ടു. അവര്‍ക്ക്
സ്ഥാപനത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടോ എങ്കില്‍ അവരെ സഹായിക്കാനാണ്
എന്നെ ഏല്പിച്ചിരിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞു. അന്ന് പ്രധാനമായും മദ്ധ്യ ഏഷ്യന്‍
രാജ്യങ്ങളുടെ പരസ്പര സഹകരണത്തിന്റെ (SAARC) ഭാഗമായി നേപ്പാള്‍, ശ്രീലങ്ക, ചില
ആഫ്രിക്കന്‍ രാജ്യങ്ങള് എന്നിവിടങ്ങളില്‍ നിന്ന് ചില കുട്ടികള്‍ ഞങ്ങളുടെ
സ്ഥാപനത്തില്‍ പഠിക്കുന്നുണ്ടായിരുന്നു. നേപ്പാളില്‍ നിന്ന് മൂന്നു കുട്ടികള്‍, കെനിയയില്‍
നിന്ന് ഒരു കുട്ടി, ശ്രീലങ്കയില്‍ നിന്ന് പത്തോളം കുട്ടികള്‍ ഇവരായിരുന്നു സാര്‍ക്ക് ( SAARC ) രാജ്യങ്ങളില്‍
നിന്നുള്ളവര്‍. ഇവരുടെ വിസ സംബന്ധമായ കാര്യങ്ങള്‍, പ്രവേശനം കിട്ടുമ്പോള്‍
പാസ്പോര്‍ട്ടിന്റെ പകര്‍പ്പോടുകൂടി പോലീസില്‍ വിവരം അറിയിക്കുക മുതലായ കാര്യങ്ങള്‍
ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.
വിദേശകാര്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന
ഇന്ത്യന്‍ സാംസ്ക്കാരിക കൌണ്‍സില്‍(ICCR-Indian Council
for Cultural Relations) എന്ന വകുപ്പുമായി സഹകരിച്ചു ചില സാംസ്കാരിക പരിപാടികളില്‍ സഹകരിക്കാനും
തുടങ്ങി. തിരുവനന്തപുരത്തെ ICCR ആഫീസില്‍ നിന്ന് ഒരാള്‍
ഇവിടെ വന്നു കാലിക്കറ്റ് യുനിവേര്‍സിറ്റിയില്‍ വച്ച് ഒരു യോഗം കൂടുകയുണ്ടായി.
അഫ്ഘാനിസ്ഥാനില്‍ നിന്നു വന്ന കുറെ
കുട്ടികളെ പരിചയപ്പെടുകയും ചെയ്തു. പുതിയതായി വന്ന കുട്ടികള്‍ക്ക് വേണ്ടി വിദേശികള്‍ ഇന്ത്യയില്‍ വന്നു താമസിക്കുമ്പോള്‍
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി ക്ലാസ് എടുക്കുകയും ചെയ്തു. എന്റെ തുര്‍ക്കിയിലെയും
സിംഗപൂറിലെയും താമസവും അമേരിക്കയിലും ഇന്ഗ്ലണ്ടിലും കുട്ടികളെ കാണാന്‍ പോയപ്പോള്‍
ഉണ്ടായ അനുഭവങ്ങളും ഇതിനു സഹായിച്ചു. അതുപോലെ അക്കാഡമിക് ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിന് അക്കാഡമിക് ആഡിറ്റ് ചെയ്യാന്‍ ചില ശ്രമവും നടത്തി, എല്ലാം തികഞ്ഞവര്‍
എന്ന് സ്വയം കരുതുന്ന ചില വകുപ്പ്
തലവന്മാരുടെ എതിര്‍പ്പ് കൊണ്ടും ഡയറക്ടരുടെ തണുപ്പന്‍ മനോഭാവം കൊണ്ടും അ ശ്രമങ്ങള്‍
പരാജയപ്പെട്ടു എങ്കിലും. (മുമ്പ് ഇതെപ്പറ്റി എഴുതിയിരുന്നു).
Comments
Post a Comment