121. സിംഗപൂര്‍ കുട്ടികള്‍ എന്‍.ഐ.റ്റി.യില്‍

  അങ്ങനെ ഞങ്ങളുടെ ധാരണാപത്രം ഒപ്പിടലും ഡയരക്ടരുടെയും (എന്റെയും) സിംഗപൂര്‍ യാത്രയും കഴിഞ്ഞു . നീയാന്‍ പൊളി ടെക്നിക്കിലെ കുട്ടികളുടെ ഇന്ത്യയെ കണ്ടെത്തല്‍ പരിപാടി എല്ലാവരും അംഗീകരിച്ചു. അതിന്റെ സംഘാടകനായി ഞങ്ങളുടെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ രാംകുമാര്‍ ശ്രീധരന്‍ പിള്ള എന്ന സഹപ്രവര്‍ത്തകനെ നിയമിക്കുകയും ചെയ്തു. എനിക്ക് വളരെ സഹായം ആയിരുന്നു അദ്ദേഹം. എല്ലാകാര്യവും എന്നോട് ചര്‍ച്ച ചെയ്യണം എന്ന കാര്യത്തില്‍ മാത്രം അല്‍പ്പം അമാന്തം കാണിച്ചു എങ്കിലും എന്റെ ഉപദേശം ഇല്ലാതെ തന്നെ കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാനും ചെയ്യിക്കാനും അറിയുന്ന ആള്‍ ആയിരുന്നു രാംകുമാര്‍. .(ഇപ്പോള്‍ എന്‍.ഐ.റ്റി.യില്‍ ഇല്ല , രാജി വച്ച് ഏതൊ സ്വാശ്രയ കോളേജില്‍ ആണെന്ന് തോന്നുന്നു). ഇന്ത്യയെ കണ്ടെത്തല്‍ (India Immersion programme) എന്ന ഈ പരിപാടി 2009 മാര്ച് 8 മുതല്‍ ഏപ്രില്‍ 15 വരെയായിരുന്നു.

മുപ്പതോളം കുട്ടികളും രണ്ടു അദ്ധ്യാപകരും ആണ് വരുന്നത്. അവരെ ഞങ്ങളുടെ ഹോസ്റ്റലുകളില്‍ താമസിക്കാന്‍ വേണ്ട സൗകര്യം ഇല്ല, മുറികള്‍ എല്ലാം വാതാനുകൂലനം (ഏ.സി.) ചെയ്തിരിക്കണം എന്നതായിരുന്നു നിബന്ധനകളിലൊന്നു. പരിപാടിയുടെ പൂര്‍ണമായ ചെലവ്  നീയാന്‍ പോളി  അധികൃതര്‍ വഹിക്കാം എന്നതായിരുന്നു ധാരണ. ഏ.സി. പിടിപ്പിക്കുന്നത് തല്‍ക്കാലത്തേക്ക് മാത്രം ആകാന്‍ കഴിയുകയില്ലല്ലോ. രണ്ടു ബാച്ച് എത്യോപ്യന്‍ വിദ്യാര്‍ത്ഥികളെ ആർ.ഈ.സി.യിൽ പഠിപ്പിച്ചതിനു പ്രതിഫലമായി കിട്ടിയ എത്യോപ്യന്‍ ഹോസ്റ്റല്‍ മുറികളില്‍ ഏ.സി.വയ്ക്കാന്‍ പറ്റിയ വയറിംഗ് ഇല്ല എന്ന് കണ്ടു. ഞങ്ങളുടെ ഗസ്റ്റ് ഹൌസില്‍ ഏതാനും മുറികളില്‍ മാത്രമേ ഏ.സി. അന്ന് ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ടു മറ്റു മുറികളില്‍ എല്ലാം ഏ.സി. പിടിപ്പിക്കാന്‍ എഞ്ചിനീയറിംഗ് യുണിറ്റിനോടു പറഞ്ഞു എസ്റ്റിമേറ്റ് ഉണ്ടാക്കി സാധനങ്ങള്‍ വാങ്ങി എല്ലാ മുറികളിലും ഏ.സി. കുട്ടികള്‍ വരുന്നതിനു മുമ്പ് തന്നെ പിടിപ്പിച്ചു. അദ്ധ്യാപകര്‍ക്ക് രണ്ടു പേര്‍ക്കും സിംഗിള്‍ റൂമും ബാക്കി ഉള്ളവര്‍ക്ക് ഡബിള് റൂമും. താഴത്തെ നിലയില്‍ ഒരു വിങ്ങില്‍ പെണ്‍കുട്ടികളും മറു വിങ്ങില്‍ ആണ്‍കുട്ടികളും കുറച്ചുപേര്‍ മുകളിലും ആക്കി. ടോയ് ലറ്റില്‍ എല്ലാം ടിഷ്യു വെക്കാനുള്ള ഹോള്‍ഡര്‍ വരെ പിടിപ്പിച്ചു. പുതിയ കര്‍ട്ടനും എല്ലാം വാങ്ങി. ഗസ്റ്റ് ഹൌസ് മാനേജര്‍ മാണിയുമായി ഭക്ഷണത്തിന്റെ കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ഗസ്റ്റ് ഹൌസ് സ്റ്റാഫിനെക്കൊണ്ട് ഇവര്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്യിക്കുക വിഷമം ആയിരിക്കും, അതുകൊണ്ടു കാന്റീനില്‍ ഉണ്ടാക്കി ഗസ്റ്റു ഹൌസില്‍ കൊണ്ടു വന്നു വിളമ്പാം എന്ന തീരുമാനത്തിലെത്തി. കാന്റീന്‍ വിജയന്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റു. മെനു വിശദമായി ചര്‍ച്ച ചെയ്തു തീരുമാനിച്ചു. ചൈനീസും ഇന്ത്യനും വിഭവങ്ങള്‍ കൂട്ടി കലര്‍ത്തി ഒരു മെനുവും ഉണ്ടാക്കി. എരിവു കുറച്ചു പ്രത്യേകം പാകം ചെയ്യണം എന്നാവശ്യപ്പെട്ടു. പെണ്‍കുട്ടികളോട് സിംഗപൂരിലെ ചൂടിനു ചേര്‍ന്ന അത്യന്താ ധുനിക വസ്ത്രധാരണ രീതി ഒന്ന് മിതപ്പെടുത്തണം എന്ന് അദ്ധ്യാപകരെ വിളിച്ചു അറിയിച്ചു. അവര്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദേശം കൊടുത്തു കൊള്ളാം എന്ന് ഏറ്റു. ഇത്രയധികം ഏഷ്യയില്‍ നിന്നുള്ള വിദേശികള്‍ ആദ്യമായായിരിക്കും ചാത്തമംഗലത്ത് ഒരുമിച്ചു കാണുന്നത്, നമ്മുടെ കുട്ടികളില്‍ ചിലരുടെയെങ്കിലും കുസൃതിക്കളികള്‍ അതിര് കടക്കാതിരിക്കാന്‍ വേണ്ട ഉപദേശം  ഞങ്ങളുടെ കുട്ടികള്‍ക്കും കൊടുത്തു.

പഠന പദ്ധതി ഉണ്ടാക്കല്‍ ആയിരുന്നു അടുത്ത പരിപാടി. രാംകുമാര്‍ അതില്‍ വളരെ അധികം ശ്രദ്ധയോടെ നീയാനിലെ ഈ വിഷയത്തില്‍ പഠിക്കേണ്ട വിഷയങ്ങള്‍ നോക്കി ഇന്ത്യയെ കേരളത്തിലൂടെ എങ്ങനെ കാണിക്കാം എന്ന് ആലോചിച്ചു. കേരളത്തില്‍ കണ്ണൂര്‍ മുതല്‍ കന്യാകുമാരി വരെ വാരാന്ത്യത്തില്‍ യാത്ര പ്ലാന്‍ ചെയ്തു. ആഴ്ച ദിവസങ്ങളില്‍ ഒരു ഏ.സി.ഹാളില്‍ ലെക്ചര്‍ ക്ലാസുകളും മറ്റും നടത്തി. പ്രസിദ്ധ ചരിത്ര പണ്ഡിതനായ പ്രൊഫ. എം ജി എസ്  നാരായണന്‍, മാനേജ് മെന്റു വിദഗ്ദ്ധനായ വി കെ എസ മേനോന്‍ എന്നീ പ്രഗത്ഭരും ഗ്രാമീണ ബാങ്ക് ഉദ്യോഗസ്തരും കുടുംബശ്രീ പ്രവര്‍ത്തകരും ഞങ്ങളുടെ കോളേജിലെ ചില അദ്ധ്യാപകരും ആയിരുന്നു ക്ലാസ് എടുത്തത്. മലബാറിലെ തെയ്യം , കേരളത്തിന്റെ തനതായ കഥകളി, കലാമണ്ഡലം സന്ദര്‍ശനം, കൊച്ചിയിലെ കായല്‍ യാത്ര, ആലുവയിലെ ചില വ്യവസായങ്ങള്‍ സന്ദര്‍ശനം, തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് , മറ്റു പ്രധാനസ്ഥലങ്ങള്‍, കന്യാകുമാരി ഇവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ആദ്യത്തെ ആഴ്ച വാരാന്ത്യം തന്നെ കോഴിക്കോട് കാണാന്‍ ഇറങ്ങി . രാവിലെ കാന്റീനില്‍ നിന്ന് ഉച്ച ഭക്ഷണം പാര്‍സല്‍ ആയി എടുത്തിരുന്നു. ആദ്യം വെസ്റ്റ്‌ ഹില്ലിലെ വി കെ കൃഷ്ണമേനോന്‍ മ്യുസിയം കാണാന്‍ പോയി, അവിടെ കാര്യമായി ഒന്നും ഇല്ലായിരുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങളും പഴയ പീരങ്കിയുടെ മുന്നിലും കുറെ ഫോട്ടോ എടുത്തു മടങ്ങി. അത് കഴിഞ്ഞപ്പോള്‍ ഉച്ചയായി , കുട്ടികള്‍ എല്ലാവരും  പാര്‍സല്‍ ആയി കൊണ്ടു വന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. പാര്‍സല്‍ ഭക്ഷണം അവര്‍ക്ക് ഒന്നും ആയില്ല എന്ന് മനസ്സിലായത്‌ കൊണ്ടു രണ്ടു മണി ആയപ്പോള്‍ സത്കാര് റെസ്റ്റോറന്റില്‍ വന്നു എല്ലാവരും സുഖമായി കോഴി ബിരിയാണി കഴിച്ചു. ഉച്ചക്ക് ശേഷം കാപ്പാട് കടപ്പുറത്ത് പോയി. വാസ്കൊ ഡാ ഗാമ വന്നിറങ്ങിയ സ്ഥലം കാണിച്ചു കൊടുത്തു. കുട്ടികള്‍ക്ക് ചരിത്ര ത്തില്‍  അത്ര താല്പര്യം ഇല്ലായിരുന്നു എങ്കിലും കടലും വെള്ളവും ഇഷ്ടമായി. ഫോട്ടോയും വിഡിയോയും എടുക്കാനുമായി.

അപ്പോഴാണ്‌ ഒരു പ്രശ്നം. പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ടോയ്ലെ റ്റില്‍ പോകണം. കാപ്പാട് പൊതുജനങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ പറ്റിയ ടോയ്ലെറ്റ് ഒന്നും ഇല്ല, പിന്നെ അവിടത്തെ ഒരു ഹോട്ടലുകാരോട് കാലു പിടിച്ചു കുട്ടികളുടെ വിഷമം തീര്‍ത്തു. അങ്ങനെ ആദ്യത്തെ വാരാന്ത്യത്തില്‍ ഒരു ദിവസം കഴിച്ചു.

രണ്ടാം ദിവസം ഭാഗ്യത്തിന് തൊണ്ടയാടു ചിന്മയാമിഷന്‍ സ്കൂള്‍ ഹാളില്‍ തോടയം കഥകളിയോഗത്തിന്റെ കഥകളി ഉണ്ടായിരുന്നു. തോടയം  കഥകളി യോഗം അംഗമായ  ഞാന്‍ സംഘാടകരോട് ചോദിച്ചു അനുവാദം വാങ്ങി കുട്ടികളെ അങ്ങനെ ഒരു നല്ല കഥകളി പരിപാടി കാണിച്ചു. ചെണ്ടയുടെ മേളവും മറ്റും കേട്ട് അവര്‍ ഭയന്നുവോ എന്ന് സംശയം തോന്നി. അവര്‍ക്ക് ഫോട്ടോ എടുക്കാനും വിഡിയോ എടുക്കാനും കഴിഞ്ഞു. തോടയം ക്ലബ്ബിനു ഒരു ചെറിയ തുക സംഭാവനയായി കൊടുത്തു ഞങ്ങള്‍ അങ്ങനെ കേരളത്തിന്റെ തനതായ കലാരൂപവും അവരെ കാണിച്ചുകൊടുത്തു.

മഹാഭാരതത്തിലെ   കര്‍ണ ശപഥം  ആയിരുന്നു  കഥ. കലാമണ്ഡലം ഗോപി  ആശാന്‍റെ  കര്‍ണ വിലാപം ( എന്തഹോ  മന്മാനസം സന്താപം .... ) അതി മനോഹരമായ പദാഭിനയം   കുട്ടികള്‍ക്ക്  എന്തെങ്കിലും  മനസ്സിലായൊ  ആവോ. ഏതായാലും  എല്ലാവരും  ആവേശപൂര്‍വം ഫോട്ടൊയും  വിഡിയോയും എടുത്തു സന്തുഷ്ടരായി .

 










Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും