41. എഴുപതുകളിലെ ആര്‍.ഈ.സി.യിലെ പ്രവേശനത്തിന്‍റെ ചില പ്രത്യേകതകളും ഒരു ബന്ധുവിന്‍റെ പ്രവേശനവും
ആര്‍.ഈ.സി.യിലെ പ്രവേശനം തുടക്കം മുതല്‍ പകുതി കേരളത്തില്‍ നിന്നുള്ള
കുട്ടികള്‍ക്കും ബാക്കി പകുതി മറ്റു
സംസ്ഥാനങ്ങളില്‍ നിന്നും ആയിരുന്നു. അന്ന്
ഇന്നത്തെപ്പോലെ അഖിലേന്ത്യാ പ്രവേശന പരീക്ഷയൊന്നും
ഉണ്ടായിരുന്നില്ല. ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപതികമായി നിശ്ചിത ക്വോട്ടാ നിശ്ചയിച്ചു
വെച്ചിരിക്കുന്നു. ഈ ക്വോട്ടായിലേക്കുള്ള പ്രവേശനം അതാത് സംസ്ഥാനത്തില്‍ തന്നെ നടത്തി
കോഴിക്കോട് ആര്‍.ഈ.സി.യിലേക്ക് അയക്കുകയായിരുന്നു പതിവു. എന്നാല്‍ ഈ രീതിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഒന്നാമത് ചില
സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ലീഷ് മാധ്യമം
ആയി പഠിക്കാത്തവരെയും പ്രവേശനത്തിനു തിരഞ്ഞെടുത്തു വന്നു. ഓരോ സംസ്ഥാനത്തില്‍ നിന്നു വരുന്ന
കുട്ടികള്‍ക്ക് വ്യവസ്ഥകള്‍ ഒരു പോലെ
ആയിരുന്നില്ല. ചില സംസ്ഥാനങ്ങളില്‍ നിന്നു
വന്നവര്‍ ഇങ്ലീഷ് മാധ്യമത്തില്‍ പഠിച്ചവര്‍ ആവണമെന്നും മറ്റു ചില സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ ഇങ്ലീഷില്‍ ഒരു ടെസ്റ്റ് പാസാകണമെന്നും മറ്റും ആയിരുന്നു. പോരാഞ്ഞ് ചില സംസ്ഥാനങ്ങളില്‍
സ്കൂള്‍
പഠനം കേരളത്തിനെ അപേക്ഷിച്ച് ഒരു വര്‍ഷം
കുറവും ആയിരുന്നു. ഇക്കാരണങ്ങളാല്‍ നമ്മുടെ കേരളത്തിലെ കുട്ടികളുടെ കൂടെ പഠിക്കാനായി
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്ന കുട്ടികളെ
തയ്യാറാക്കാനായി ഒരു വര്‍ഷത്തെ പ്രിപ്പാറട്ടറി
കോര്‍സ് ഉണ്ടായിരുന്നു. ഹിന്ദി മാധ്യമത്തില്‍ പഠിച്ചുവന്നവര്‍ക്ക് ഈ ഒരു വര്‍ഷകോര്‍സ് വളരെ സഹായകരമായിരുന്നു.
ചില വിഷയങ്ങളില്‍ അവര്‍ സ്കൂളില്‍ പഠിച്ചതില്‍
കൂടുതലായി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചില അതി സമര്‍ത്ഥന്മാര്‍ വെറുതെ
സമയം കളയുകയും പതിവായിരുന്നു.
ഇനി നടന്ന സംഭവം ഇവിടെ
പറയാം. എന്‍റെ ഒരു അടുത്ത
ബന്ധുവിന്‍റെ മകന്‍ മദ്ധ്യപ്രദേശില്‍
നിന്നു കോഴിക്കോട്
ആര്‍.ഈ.സി. യിലേക്ക് പ്രവേശനം വാങ്ങി
എന്‍റെ വീട്ടില്‍ വന്നു . ഭിലായ് സ്റ്റീല്‍
പ്ലാന്‍റില്‍ ജോലി ഉണ്ടായിരുന്ന ഒരു ജ്യേഷ്ടന്‍റെ
ഒരേ ഒരു മകന്‍
ആയിരുന്നു പ്രവേശനം നേടി വന്ന കക്ഷി. വളരെ
ആഗ്രഹത്തില്‍ എഞ്ചിനീയറിങ്ങ് പ്രവേശനം വാങ്ങി വന്നവര്‍. രാവിലെ ഞങ്ങള്‍
സര്‍ട്ടിഫിക്കേറ്റ് എല്ലാം
എടുത്ത് പ്രവേശനത്തിനുള്ള ഹാളില്‍ എത്തി. അയാളുടെ മുറ ആയപ്പൊള്‍
പ്രവേശനപരിപാടി നിയന്ത്രിച്ചു കൊണ്ടിരുന്ന അസിസ്റ്റന്‍റ്
പ്രോക്ടര്‍ എന്ന ഓഫീസര്‍
ഒരു സാങ്കേതിക പ്രശ്നം ഉന്നയിച്ചു.
മധ്യപ്രദേശില്‍ നിന്നു വന്ന കുട്ടികള്‍ ഇങ്ലീഷ്
മാധ്യമത്തില്‍ പഠിച്ചവര്‍ ആയിരുന്നു
എന്ന ഒരു സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കണം എന്നു നിര്‍ബന്ധിച്ചു,
കുട്ടി ഹിന്ദി മാധ്യമത്തില്‍
ആയിരുന്നു പഠിച്ചിരുന്നത് . സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു പ്രവേശനത്തിനു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവസാന നിമിഷത്തില്‍ കുടിക്കാന്‍ വായിലേക്ക് വെച്ചപ്പൊള്‍ തട്ടിക്കളഞ്ഞതു പോലെ ആയി. പ്രവേശന
ഓഫീസര്‍ പറഞ്ഞു ഈ കുട്ടിയെ പ്രവേശിപ്പിക്കണം എങ്കില്‍
കാലിക്കട്ട് യൂണിവേര്‍സിറ്റിയില്‍ നിന്നു
പ്രത്യേക ഓറ്ഡര്‍ വാങ്ങണം എന്നായി.
ഏതായാലും ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉടന്‍ തന്നെ
തേഞ്ഞിപ്പലത്തുള്ള സര്‍വകലാശാലയിലേക്ക് ബസ്സുകയറി
എത്തി. അവിടെ ചെന്ന് റെജിസ്ട്രാര്‍ ശ്രീ.പി.കെ,കോശിയെ
നേരിട്ടു കണ്ട് കാര്യം പറഞ്ഞു
. അദ്ദേഹം പറഞ്ഞത്: “ നിങ്ങളുടെ കൊളേജിലെ
ആള്‍ക്കാര്‍ക്ക് സാമാന്യ ബുദ്ധി അല്‍പ്പം
കുറവാണെന്ന് തോന്നുന്നല്ലൊ. കഴിഞ്ഞ
ദിവസം ഇതുപൊലെ ഹിന്ദി മാധ്യമത്തില്‍
പഠിച്ച ഒരു കുട്ടിക്ക് ഞങ്ങള്‍ പ്രവേശനം
കൊടുക്കാന്‍ ഓറ്ഡര്‍ കൊടുത്തിരുന്നല്ലോ.
അതേ നിയമം അനുസരിച്ചു നിങ്ങളുടെ കുട്ടിക്കും
പ്രവേശനം കൊടുക്കാവുന്നതാണല്ലൊ “ എന്നു.
എതായാലും അദ്ദേഹം പഴയ ഓര്‍ഡറിന്‍റെ
പകര്‍പ്പ് എടുത്ത് അതെ വ്യവസ്ഥ
അനുസരിച്ച് നമ്മുടെ കുട്ടിക്കും
പ്രവേശനം കൊടുക്കണം എന്ന് എഴുതി
തന്നു.
ഇനി അല്‍പം ചരിത്രം . നമ്മുടെ കുട്ടിക്ക്
മുമ്പ് പ്രവേശനത്തിനു വന്ന കുട്ടി സാധാരണക്കാരന്‍ ആയിരുന്നില്ല. മദ്ധ്യപ്രദേശ്
സര്‍ക്കാറിലെ വിദ്യാഭ്യാസ ഡയറക്ടറുടെ മകന്‍
ആയിരുന്നു. അയാളുടെ കുട്ടിക്കു മേല്‍പ്പറഞ്ഞതു പോലെ ഇങ്ലീഷ് മാധ്യമം
ആണെന്ന സര്‍ട്ടിഫിക്കെറ്റ് വേണം എന്നു പറഞ്ഞപ്പോള്‍
അയാള്‍ ദ്വേഷ്യപ്പെട്ട് യൂണിവേര്‍സിറ്റിയില്‍ ചെന്ന്
ബഹളമുണ്ടാക്കി. ഒരേ കോര്‍സിന്
പല നിബന്ധനകള്‍ പല സംസ്ഥാനങ്ങള്‍ക്കും വേറെ വേറേ ആയതില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഈ അനീതി ശരിയാക്കിയില്ലെങ്കില്‍ കാലിക്കട്ട്
സര്‍വകലാശാലയിലെ എല്ലാ ബിരുദങ്ങളുടെയും അംഗീകാരം മദ്ധ്യപ്രദെശ് സര്‍ക്കാര്‍
റദ്ദാക്കും എന്നു ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് വൈസ് ചാന്‍സലറുമായി
ചര്‍ച്ച
ചെയ്തിട്ടായിരുന്നു ഡയറക്ടറുടെ കുട്ടിക്ക്
പ്രവേശനം കൊടുക്കാന്‍ ഉത്തരവിറക്കിയത്. ഇതനുസരിച്ച് നമ്മുടെ
ബന്ധുവിന്‍റെ കുട്ടിക്കും
പ്രവേശനം കൊടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.
ഏതായാലും റെജിസ്റ്റ്റാറിന്‍റെ കടലാസുമായി
ഞങ്ങള്‍ തിരിച്ച് കോളേജില്‍ എത്തിയപ്പൊള്‍ പ്രവേശന ആഫീസര്‍
ഇളിഭ്യനായി. ഞാന്‍ പ്രിന്‍സിപ്പാളിന്
അപ്രിയന്‍ ആയതുകൊണ്ട് ഞങ്ങളെ മന:പൂര്‍വ്വം ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചതാണോ
എന്ന് എനിക്കു തോന്നാതിരുന്നില്ല. ഏതായാലും തന്‍റെ മകന്‍റെ
എഞ്ചിനീയറിങ്ങ് പ്രവേശനത്തിന് മോഹിച്ചു
വന്ന ബന്ധുവും മകനും
കയ്യും വീശി തിരിച്ചു പോകേണ്ട ഗതികേട് ഒഴിവായി. ചില ഭൃത്യന്മാര്‍
രാജാവിനേക്കാള്‍ വിശ്വസ്ഥനാകുന്ന (
More loyal than the
king himself) സാഹചര്യം
ആയിരുന്നു ഇത് എന്നു വ്യക്തമായിരുന്നു.
Comments
Post a Comment