49. താജ് മഹല്‍ യാത്ര
ഡല്‍ഹിയില്‍ വന്നു സ്ഥലം
കാണാന്‍ ദക്ഷിണേന്ത്യയില്‍ നിന്ന് വരുന്ന ആരാണെങ്കിലും അന്ന് ആദ്യം
അന്വേഷിക്കുന്നത് പണിക്കെര്‍സ് ട്രാവല്‍സ് ആയിരിക്കും. ഒരൊറ്റ ബസ്സ് മാത്രമായി
തുടങ്ങിയ ഈ സ്ഥാപനം ഇന്ന് വളര്‍ന്നു വലിയതായിരിക്കുന്നു. ന്യായമായ പ്രതിഫലം
വാങ്ങിക്കൊണ്ടു നല്ല രീതിയില്‍ ഉത്തരവാദിത്വബോധത്തോടെ യാത്രക്കാരെ
നിശ്ചിതസ്ഥലങ്ങളില്‍ കൊണ്ടു പോയി കൃത്യ സമയത്ത് തിരിച്ചെത്തിക്കുന്ന ഒരു
സ്ഥാപനം നമ്മുടെ നാട്ടുകാരന്‍ ന്യു ഡല്‍ഹിയില്‍ നടത്തുന്നു എന്നത് ഏതു മലയാളിക്കും
സന്തോഷം ഉണ്ടാക്കുന്നതാണ്. ശ്രീ എ രാമചന്ദ്ര (A R C ) പണിക്കര്‍
എന്നയാള്‍ 1967ല്‍ എളിയ നിലയില്‍ ഒരൊറ്റ ബസ്സുമായി തുടങ്ങിയ
ഈ ട്രാവല്‍ ഏജെന്സി ഇന്ന് കന്യാകുമാരി മുതല്‍ ഹിമാലയം വരെ യാത്രക്കാരെ വഹിച്ചു
കൊണ്ടു പോകുന്ന ഒരു ബൃഹത്തായ സ്ഥാപനം ആയി മാറിയിരിക്കുന്നു. മിക്കവാറും എല്ലാ
പ്രധാനപ്പെട്ട നഗരങ്ങളിലും അവരുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയില്‍ കരോള്‍
ബാഗിലാണ് അവരുടെ ആഫീസ്. യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസരം അന്ന്
തന്നെ ഡല്‍ഹിയില്‍ പലയിടത്തും ഉണ്ടായിരുന്നു. ഞങ്ങളുടെ ഐഐടിയുടെ ഗെയ്റ്റില്‍ തന്നെ
ടിക്കറ്റ് വാങ്ങാം. അവിടെ നിന്ന് രാവിലെ ബസ്സില്‍ കയറിയാല്‍ ആഗ്രാ യാത്ര കഴിഞ്ഞു രാത്രി
ഒമ്പതു മണിയോടു കൂടി തിരിച്ചു ഇവിടെ തന്നെ കൊണ്ടു വിടും.
കോലപ്പന്‍ പിള്ള സാറും
കുടുംബവുമായിട്ടായിരുന്നു ഞങ്ങള്‍ അഗ്രായ്ക്ക് പോയത്. അദ്ദേഹത്തിന്റെ ഗവേഷണ കാലം തീരാറായപ്പോള്‍
ആയിരുന്നു യാത്ര. അന്ന് പണിക്കെര്‍സ് ട്രാവെല്സിന്റെ ആഗ്രാ ട്രിപ്പ് പുലര്ച്ചെ 6 മണിക്ക് തുടങ്ങി. ആഗ്രാ ഫോര്ട്ട്, താജ് മഹല്‍, ഫത്തേപൂര്‍ സിക്രി എന്നീ മൂന്നു സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ച
ടൂറായിരുന്നു. ചില ട്രിപ്പുകളില്‍ ഫത്തേപൂര്‍ സിക്രി ഒഴിവാക്കി കൂടുതല്‍ സമയം
താജില്‍ ചിലവഴിക്കാന്‍ കഴിയും. നിലാവെളിച്ചത്തില്‍ സുന്ദരമായ താജ് കാണാന്‍
കഴിയില്ല എന്ന വിഷമം മാത്രമേ ഉള്ളൂ. പണ്ടു ഞങ്ങളുടെ അവസാന വര്‍ഷത്തെ ടൂറിനു താജില്‍
ഒന്ന് പോയ ഓര്‍മ്മ എനിക്കുണ്ട്. കുഞ്ഞുങ്ങള്‍ക്കും ശ്രീമതിക്കും കോലപ്പന്‍ സാറിനും
കുടുംബത്തിനും ആദ്യമായിത്തന്നെ.
ആഗ്രയിലെ അക്ബറിന്റെ കോട്ട താജില്‍ നിന്ന് കഷ്ടിച്ചു മൂന്ന് കിലോമീറ്ററില്‍ ദൂരത്തിലാണ്. കോട്ടയില്‍ നിന്നു ഞങ്ങള്‍ നേരെ താജിലെക്കായിരുന്നു പോയത്. 1628 മുതല്‍ 1658 വരെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ 1632 ല്‍ പണി തുടങ്ങിയതായിരുന്നു താജ്. തന്റെ പത്നിയായ മുംതാസിന്റെ ശവകുടീരം അടക്കാന്‍ വേണ്ടി നിര്മ്മിച്ചതായിരുന്നല്ലോ ഈ കുടീരം. 42 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്തിന്റെ കേന്ദ്ര ബിന്ദുവാണ് പ്രധാന ഡോമും അതിന്റെ ചുറ്റുമുള്ള നാല് സ്തൂപങ്ങളും. താജിന്റെ തൊട്ടടുത് തന്നെ ഒരു പള്ളിയും മുമ്പില്‍ നല്ലൊരു പൂന്തോട്ടവും ഉണ്ട്. താജിന്റെ പണി തുടങ്ങിയത് 1632 ലായിരുന്നു വെങ്കിലും 1653 ലാണ് പണി തീര്ന്നത്. 20,000 ആള്‍ക്കാര്‍ ഇതിനു വേണ്ടി ഇരുപതു വര്‍ഷത്തിലധികം ജോലി ചെയ്തു. കാബൂളില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും കൊണ്ടു വന്ന വിശേഷതരം മാര്‍ബിളില്‍ ആയിരുന്നു നിര്മ്മാണം. അന്നത്തെ ചെലവ് 320 ലക്ഷം രൂപയോളം ആയിരുന്നു എന്ന് വിക്കിപീഡിയയില്‍ കാണുന്നു. ഈ ഹര്‍മ്മ്യത്തിന്റെ പ്രധാന ശില്പി ഉസ്താദ് ആഹമ്മദ് ലഹൌരി ആയിരൂന്നുവെന്നും അതില്പറയുന്നു. മുഗള്‍ ശില്പകലയുടെ ഏറ്റവും നല്ല ഉദാഹരണമായ താജ് 1983 ല്‍ ലോക പൈതൃക സ്ഥലം ആയി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏഴു മഹാത്ഭുതങ്ങളില്‍ ഒന്നായി താജ് മഹാല്‍ കണക്കാക്കപ്പെടുന്നതില്‍ അത്ഭുതം ഒന്നുമില്ലല്ലോ.
താജിലെ പ്രധാന
മകുടത്തിന്റെ താഴെ പ്രധാന ഹാളില്‍ ആണ് മുംതാസിന്റെയും അതിനടുത്തു തന്നെ
ഷാജഹാന്റെയും ശവ കുടീരങ്ങള്‍. സ്ഥാപിച്ചിരിക്കുന്നത്. പുറത്തുനിന്ന് കാണുന്നത്
അസ്സലല്ല,
, ശരിയായവ അതിനു താഴെയാണ് എന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. ഭിത്തികളില്‍
മുന്തിരി വള്ളികള്‍ കയറിപ്പോകുന്നത് വരെ വിവിധ നിറത്തിലുള്ള മാര്ബിള്‍ പതിച്ചു
നിര്മ്മിച്ചിരിക്കുന്നു. ചില സ്ഥലങ്ങളില്‍ രത്നങ്ങളും പതിച്ചിരുന്നുവത്രേ. നാല്
സ്തൂപങ്ങളും പ്രത്യേക ചെരിവോടു കൂടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അവ ഏതെങ്കിലും
കാരണവശാല്‍ വീണാല്‍ തന്നെ അത് താജ് മഹലിന്റെ പ്രധാന കെട്ടിടത്തിലേക്ക്
വീഴാതിരിക്കത്തക്ക വിധമാണ് ഈ ചെരിവ് കൊടുത്തിരിക്കുന്നത്. യമുനയുടെ തീരത്ത്
നിര്മിച്ച ഈ പ്രേമസ്മാരകം ഇന്നും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. സമീപത്തുള്ള
ഫാക്ടറികളില്‍ നിന്നും വമിക്കുന്ന അമ്ലപുകയും മറ്റും കൊണ്ടു മാര്ബിളിന്റെ നിറം
മാറുന്നു എന്ന് ഇടയ്ക്ക് കേഴ്വി ഉണ്ടായിരുന്നു. യമുനാ നദിയും മലീമസമായി ഒഴുകുന്നു
അടുത്തു കൂടി.
ഞങ്ങള്‍ എതാനും മണിക്കൂര്‍ താജു മഹല്‍ നടന്നു കണ്ടു. അവിടെയുള്ള ഫോട്ടോഗ്രാഫറെക്കൊണ്ട് ഞങ്ങള്‍ നാലുപേരും താജിന്റെ മുമ്പില്‍ നല്ക്കുന്ന ഫോട്ടോ എടുത്തു. പണം കൊടുത്താല്‍ അവര്‍ പ്രിന്റു അയച്ചുതരും എന്ന് പറഞ്ഞു. അതിന്റെ കോപ്പി ഇതോടൊപ്പം കൊടുക്കുന്നു. ബ്ലാക്ക് & വൈറ്റ് ഫോട്ടോയാണ് അന്നുള്ളത്. കളര്‍ ഫോട്ടോ ഇറങ്ങിയിട്ടില്ല. ഗൂഗിളില്‍ നിന്ന് കിട്ടിയ മറ്റു ചിലതും കാണാം.
ഫത്തേപൂര്‍ സിക്രി
ആഗ്രയില്‍ നിന്ന് 37 കിലോമീറ്റര്‍ ദൂരെയാണ്. 1569 ല്‍ അക്ബര്‍ ചക്ര വര്‍ത്തിയാണ് ഇതു നിര്‍മ്മിച്ചത്. 1571 tമുതല്‍ 1585 വരെ അക്ബര്‍ ഇതുതന്നെ തലസ്ഥാനമായി
ഉപയോഗിച്ചിരുന്നു. സൂഫി പുണ്യവാളന്‍ സലിം ചിസ്തിയുടെ ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ചതാണ്
ഇവിടത്തെ പ്രധാന കെട്ടിടം. അക്ബര്‍ ചക്രവര്ത്തിയുടെ നേരിട്ടുള്ള മേല്നോട്ടത്തിലാണ്
ഈ കോട്ടക്കുള്ളിലെ നിര്‍മ്മാണസമുച്ചയം ഉണ്ടാക്കിയത്. ഫത്തേപൂര്‍ സിക്രിയുടെ
പ്രവേശന കവാടം 35 മീറ്റര്‍ ഉയരമുള്ള ബുലന്ദ് ദര്‍വാസാ
എന്നറിയപ്പെടുന്നു. പഞ്ച് മഹല്‍ എന്നറിയപ്പെടുന്ന കൊട്ടാരാവും ഗംഭീരം തന്നെ. ഇതും
ചുവന്ന കല്ലില്‍ നിര്‍മ്മിച്ചതാണ്. വലിയ കേടു പാടുകൂടാതെ ഇതും ഇന്നും നില നില്‍ക്കുന്നു.
സൂഫി പുണ്യവാളന്‍ സലിം ചിസ്തിയുടെ ശവകുടീരവും ഇവിടെ തന്നെ വെള്ള മാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്നു.
ഫത്തേ പൂര്‍ സിക്രി
നീണ്ട ബസ് യാത്രക്ക്
ശേഷം കുട്ടികളും ശ്രീമതിയും നല്ലവണ്ണം ക്ഷീണിച്ചിരുന്നു. തിരിച്ചെത്തിയപ്പോള്‍ രാത്രി
പതിനൊന്നു മണി കഴിഞ്ഞു. . ഐഐടി ഗെയ്റ്റില്‍ തന്നെ ഇറങ്ങാന്‍ കഴിഞ്ഞത് കൊണ്ടു
ബുദ്ധിമുട്ടു കൂടാതെ വീട്ടില്‍ എത്തി വിശ്രമിക്കാന്‍ കഴിഞ്ഞു.










Comments
Post a Comment