105. ഒരു കണ്ണ് നഷ്ടപ്പെടുമെന്ന നിലയില്‍ നിന്നു രക്ഷപ്പെട്ട കഥ
മുമ്പൊരിക്കല്‍ പറഞ്ഞ എന്റെ ഇന്ഗ്ലീഷില്‍ എഴുതിയ ആദ്യത്തെ എഞ്ചിനീയറിംഗ് ടെക്സ്‌റ്റുബുക്ക് (Modern Control Engineering) ഏകദേശം ഒരു വര്‍ഷം കൊണ്ടാണ് ഞാനെഴുതി തീര്ത്തത്. ബി.ടെക്. അവസാന വര്ഷം പഠിപ്പിച്ചു കൊണ്ടിരുന്ന വിഷയം തന്നെ പല പ്രാവശ്യം പഠിപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടു കൂടുതല്‍ പുസ്തകങ്ങള്‍ ഒന്നും വായിക്കേണ്ടി വന്നില്ല. പണ്ടു തൊട്ടേ പഠിച്ചിട്ടുള്ള നല്ല വിദേശ പുസ്തകങ്ങളുടെ രീതികളില്‍ മനസ്സില്‍ സൂക്ഷിച്ചു വച്ചത് ഞാന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന രീതിയില്‍ എഴുതിയതായിരുന്നു. കണ്‍ട്രോള്‍ സിസ്റ്റംസ് എന്ന വിഷയം അല്പം ബുദ്ധിമുട്ടുള്ളതായിരുന്നു. ഗണിതശാസ്ത്രവുമായി കൂടുതല്‍ ബന്ധപ്പെട്ട വിഷയം ആയതു കൊണ്ടു പഠിപ്പിക്കുന്നത് മിക്കതും ബ്ലാക്ക് ബോര്‍ഡില്‍ എഴുതിയാണ് പഠിപ്പിക്കാറുള്ളത്, പൊതുവേ കുട്ടികള്‍ക്കും ഈ രീതി ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. ക്ലാസില്‍ ഒന്നോ രണ്ടോ പ്രാവശ്യം ആവര്‍ത്തിക്കുന്നതിനേക്കാള്‍ ഇത് കൂടുതല്‍ നല്ലതും ആയിരുന്നു. ക്ലാസില്‍ ഇരിക്കുന്ന എല്ലാവരുടെയും ബുക്കില്‍ നോട്ടുണ്ടാവും , ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തവർക്ക് പോലും. പണ്ടു കൊല്ലത്ത് വച്ച് ഞങ്ങളുടെ ടികെഎമ്മിലെ അദ്ധ്യാപകന്‍ ഹരിഹരന്‍ സാര്‍ ഉപയോഗിച്ച അതെ രീതി. പുസ്തകം എഴുതിയപ്പോള്‍ അത്യാവശ്യം പ്രോബ്ലംസിന് മാത്രം ചില നല്ല ബുക്കുകള്‍ നോക്കിയിരുന്നു എന്നത് സത്യം.
എന്റെ പുസ്തകം എഴുതുന്ന രീതി അന്നും ഇന്നും, ഇന്ഗ്ലീഷില്‍
ആയാലും മലയാളത്തില്‍ ആയാലും ഒന്ന് തന്നെ. ടൈപ്പ് ചെയ്യലും തെറ്റ് തിരുത്തലും
എല്ലാം ഞാന്‍ തന്നെ. ചിത്രങ്ങള്‍ മാത്രം പെന്സിലില്‍ വരച്ചു ആരെ കൊണ്ടെങ്കിലും
വരപ്പിക്കും. അതും രേഖാചിത്രങ്ങള്‍ ആണെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ
വരക്കും. പുസ്തകം എഴുതി എഴുതി അല്‍പ്പം വലുതായിപ്പോയി എന്ന് തോന്നി. ആദ്യത്തെ പതിപ്പില്‍
തന്നെ 570 ഓളം പേജുകള്‍, 10 അദ്ധ്യായവും. കോളേജില്‍ വച്ച് ക്ലാസ് എടുക്കാനും ഔദ്യോഗിക മീറ്റിങ്ങുകള്‍ക്കും
പോകാത്ത സമയം മുഴുവന്‍ കമ്പ്യൂട്ടറില്‍ തന്നെ ആയിരുന്നു, വീട്ടില്‍
വന്നാലും ഭക്ഷണം കഴിഞ്ഞാല്‍ ഇത് തന്നെ. ഒരു തരം ഭ്രാന്തു പിടിച്ച രീതിയില്‍
വാശിയിലുള്ള എഴുത്ത്, അതും അന്ന് ഉണ്ടായിരുന്ന CRT ( കാതോട് റെ ട്യൂബു ) ഉള്ള
കമ്പ്യുട്ടറില്‍ റേഡിയേഷന്‍ മൂലം കണ്ണിനു വിഷമം ഉണ്ടാക്കുന്ന തരം മോണിട്ടര്‍.
എന്തെങ്കിലും തുടങ്ങി വച്ചാല്‍ അത് എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ഒരു
ആകാംക്ഷയും എനിക്കിന്നും ഉണ്ട്. (ഒരു തരം Completion mania ) പക്ഷെ
അമിതമായ ഈ പ്രവര്‍ത്തി ഒരു കണ്ണു നഷ്ടപ്പെടുമോ എന്ന നിലയിലേക്ക് എത്തിച്ചു.
തുടക്കം ഇങ്ങനെ ആയിരുന്നു. ഒരു ദിവസം
കോഴിക്കോട്ടു നിന്ന് രാവിലെ വണ്ടി എടുത്തു മകളുമായി കോളെജിലേക്ക് പുറപ്പെട്ടു. തലേ
ദിവസം രാത്രിയില്‍ അല്‍പ്പം കൂടുതല്‍ ടൈപ്പ് ചെയ്തു എന്ന് തോന്നുന്നു. വണ്ടി
അരയിടത്ത് പാലം കഴിഞ്ഞപ്പോള്‍ ഒരു കണ്ണില്‍ എന്തോ കറുപ്പ് നിറം പോലെ തോന്നി.
കണ്ണില്‍ കൂടി കറുത്ത ഒരു ചാല് ഒലിച്ചു വീഴുന്നത് പോലെ, കാറിന്റെ
ചില്ലില്‍ അഴുക്കും പൊടിയും പിടിച്ചിരിക്കുമ്പോള്‍ വെള്ളം വീണാല്‍ അതില്‍ കൂടി ഒലിച്ചിറങ്ങുന്നത്
പോലെ കണ്ണില്‍ കൂടിയെന്തോ ഒലിക്കുന്നത് പോലെ.
മറ്റസുഖം ഒന്നും തോന്നിയും ഇല്ല. മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ അത്
മിക്കവാറും മാറുകയും ചെയ്തു.
കോളേജില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ നേത്ര
രോഗ ചികിത്സാ വിഭാഗത്തില്‍ ഉപരിപഠനം നടത്തുന്ന മകളോട് ഇങ്ങനെ ഒരു സംഭവം ഉണ്ടായി
എന്ന് പറഞ്ഞു. അവള്‍ പറഞ്ഞു “ അച്ഛന്‍ എന്ത് പണിയാ കാണിച്ചത്, അപ്പോള്‍ തന്നെ വിവരം
പറഞ്ഞിരുന്നു എങ്കില്‍ എന്റെ മാഡത്തിനെ കണ്ടു നോക്കാമായിര്രുന്നല്ലോ കണ്ണ്
ചിലപ്പോള്‍ നഷ്ടപ്പെടാന്‍ വരെ സാദ്ധ്യതയുള്ള സാഹചര്യം ആവാം, ഏതായാലും
ഉടനെ അവരെ കാണാന്‍ പോകാം “ എന്ന് പറഞ്ഞു ഉടന്‍ തന്നെ അവളുടെ വകുപ്പ് തലവരായ ഡോ പത്മജയെ കാണാന്‍ പോയി, അവര്‍
വിശദമായി പരിശോധിച്ച ശേഷം പറഞ്ഞു “ സാര്‍, ഇത് ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ആ കണ്ണ് നഷ്ടപ്പെടാന്‍ തന്നെ
സാദ്ധ്യതയുണ്ട്. കണ്ണിന്റെ ഉള്ളിലെ നേത്രപടലത്തിനു(retina) മുമ്പില്‍
ഉള്ള ലെന്സിന്റെ അകത്തുള്ള വിട്ട്രിയം (vitrium) എന്ന ഭാഗത്ത് രക്തം
ഒലിച്ച് ഇറങ്ങിയതാണ് രാവിലെ കറുത്ത ചാലുകള്‍ ആയി കണ്ടത്. ഇത് തുടര്‍ന്നാല്‍ നേത്രപടലം തന്നെ നഷ്ടപ്പെടാം .അതുകൊണ്ടു നാളെ
തന്നെ ലേസര്‍ ഉപയോഗിച്ചുള്ള ഒരു ശസ്ത്രക്രിയ ചെയ്തെ മതിയാവൂ , ഭാഗ്യത്തിന്
മധുരയില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ ആഴ്ചയില്‍ രണ്ടു ദിവസം കോമണ് വെല്‍ത്ത് ആശുപത്രിയില്‍
ലേസര്‍ ഉപയോഗിച്ചുള്ള ചികിത്സ നടത്തുന്നുണ്ട് . നാളെ അയാള്‍ വരും. ഞാന്‍ വിളിച്ചു
പറയാം നാളെത്തന്നെ അത് ചെയ്തു കൊള്ളുക, അല്ലെങ്കില്‍ ഒരു കണ്ണിന്റെ
കാഴ്ച തന്നെ നഷ്ടപ്പെട്ടേക്കാം “ .
അങ്ങനെ പിറ്റേ ദിവസം തന്നെ ലേസര്‍ രശ്മികള്‍
ഉപയോഗിച്ച് നേത്രപടലത്തില്‍ ഉണ്ടായ ചെറിയ സുഷിരങ്ങള്‍ വെല്‍ഡു ചെയ്തടച്ചു.
ഇപ്പോഴും ആ കണ്ണില്‍ ചെറിയ കറുത്ത പൊട്ടുകള്‍ ഓടിക്കളിക്കുന്നത് ശ്രദ്ധിച്ചാല്‍
കാണാം. കണ്ണിന്റെ വിട്രിയത്തില്‍ രക്തം കട്ട പിടിച്ചു ഉണ്ടായ കറുപ്പ് പൊട്ടുകള്‍.
ശീലമായപ്പോള്‍ അവ കാഴ്ച്ചയെ ബാധിക്കാതെ ആയി തീര്‍ന്നു. എന്റെ സഹപ്രവര്‍ത്തകനായ ഒരു
അദ്ധ്യാപകന്റെ ഒരു കണ്ണ് നേത്രപടലം വേര്‍പെട്ട് (retina detachment) നഷ്ടപ്പെട്ടു എന്ന്
കേട്ടിരുന്നു.
സെമസ്റ്റര്‍ ക്ലാസുകള്‍ക്ക് നടുവില്‍ തന്നെ ഒരു മാസത്തോളം മെഡിക്കല്‍ അവധി
എടുക്കേണ്ടി വന്നു എന്ന കുറ്റബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നുണ്ടായ
വിഷമം ആയതു കൊണ്ടു വേറെ നിവൃത്തി ഇല്ലായിരുന്നു എന്നത് സത്യം.

Comments
Post a Comment