107. എന്‍.ഐ.ടി.യിലെ ഭരണ സാരഥിയുടെ നിയമനവും ചില കളികളും

 ആര്‍.ഈ.സി.കള്‍ നാഷണല്‍ ഇന്‍സ്റ്റിട്യുട്ട് ഓഫ് ടെക്നോളജി ആയി മാറിയപ്പോള്‍ വന്ന ഭരണസംവിധാനത്തിലെ പ്രധാന മാറ്റങ്ങളെ കുറിച്ച് മുമ്പ് എഴുതിയിരുന്നു. പ്രിന്‍സിപ്പലിന് പകരം ഡയറക്ടര്‍ , വിവിധ ഡീന്‍മാര്‍, സ്വന്തമായ സെനറ്റ് , അക്കാഡമിക് കൌണ്‍സില്‍ എന്നിവ പ്രത്യേകത കളായിരുന്നു. ഡീന്മാരെ സീനിയരായ പ്രൊഫസര്‍മാരില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് നോമിനേറ്റു ചെയുകയായിരുന്നു. ചെറിയ ഒരു പ്രതിഫലം ഉണ്ടായിരുന്നു എങ്കിലും സ്ഥാനത്തിന്റെ പ്രാധാന്യം കൊണ്ടു പലരും അതില്‍ തല്പരര്‍ ആയിരുന്നു. ആദ്യത്തെ സംഘം ഡീന്മാരില്‍ എന്നെ സൌകര്യ പൂര്‍വ്വം ഒഴിവാക്കിയതും മുമ്പെഴുതിയിരുന്നു.

ആര്‍.ഈ.സി.കള്‍ എന്‍.ഐ.ടി.കളാക്കിയത് എന്‍.ഡി.എ.സര്‍ക്കാര്‍ ഭരണത്തിലിരുന്നപ്പോഴായിരുന്നു. അതാതു ആര്‍.ഈ.സി.കളിലെ പ്രിന്‍സിപ്പല്‍മാര്‍ ആദ്യത്തെ ഡയറക്ടര്‍മാരായി തുടരാനനുവദിക്കപ്പെട്ടു. എന്നാല്‍ അധികം താമസിയാതെ പുതിയ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ തുടങ്ങി. അതിനു പുതിയ നിബന്ധനകളും ഉണ്ടാക്കി. ഒന്നാമതായി ഡയറക്ടര്‍ നിയമനം കരാര്‍ വ്യവസ്ഥയില്‍ അഞ്ചു വര്‍ഷത്തേക്കാക്കി. ഒരഞ്ചു വര്‍ഷം കൂടി സ്ഥാപനത്തിനും വ്യക്തിക്കും താല്പര്യമുണ്ട് എങ്കില്‍ തുടരാമെന്നു മാത്രം. രാജ്യത്തെ പതിനഞ്ചിലധികം എന്‍.ഐ.ടി.കളിലേക്ക് ഒരുമിച്ചായിരുന്നു നിയമനം സംബന്ധിച്ച പരസ്യം വന്നത്.

മറ്റൊരു നിബന്ധന അപേക്ഷകര്‍ക്ക്‌ കുറഞ്ഞത്‌ അഞ്ചു വര്‍ഷമെങ്കിലും ബാക്കി സര്‍വീസ് ഉണ്ടായിരിക്കണം എന്നായിരുന്നു. അന്ന് കോഴിക്കോട്ടു ആര്‍.ഈ.സി.യിലെ  റിട്ടയര്‍മെന്‍റ്  പ്രായം 62 ആയിരുന്നു. അതനുസരിച്ച് സീനിയര്‍ അദ്ധ്യാപകരില്‍ പലര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാ യിരുന്നു. അതുകൊണ്ടു ഞാനും മറ്റൊരു പ്രൊഫസറും അപേക്ഷ അയച്ചു. അപ്പോഴത്തെ പ്രിന്സിപ്പലിനു അഞ്ചു വര്‍ഷം സര്‍വീസ് ഇല്ലാതിരുന്നതു കൊണ്ട് അപേക്ഷിച്ചോ എന്നറിയില്ല. എന്ത് കൊണ്ടാണെന്നറിയില്ല ഞങ്ങളെ രണ്ടുപേരെയും ഇന്ടര്‍വ്യൂവിനു ക്ഷണിച്ചില്ല. അപേക്ഷയിലെ വ്യവസ്ഥകളനുസരിച്ച് എല്ലാം കൊണ്ടും അര്‍ഹരായിരുന്ന ഞങ്ങളെ രണ്ടു പേരെയും ഒഴിവാക്കിയതില്‍ എന്തോ ചെറിയ കളി നടന്നു എനിക്ക് സംശയം തോന്നി.

ഞാന്‍ ഈ വിവരങ്ങള്‍ എല്ലാം കാണിച്ചു ഹൈക്കോടതിയില്‍ ഒരു പരാതി കൊടുത്തു. അര്‍ഹതയുള്ള എനിക്കും ഇന്റര്‍വ്യു അനുവദിക്കണമെന്ന് കോടതിയുടെ ഉത്തരവുമായി ഞാന്‍ കൊച്ചിയില്‍ നിന്ന് ന്യുഡല്‍ഹിയിലേക്കു വിമാനത്തില്‍ കയറി. അവിടെ ചെന്ന് കോടതി ഉത്തരവ് എന്‍.ഐ.ടി.യുടെ കാര്യങ്ങള്‍ നോക്കുന്ന മാനവശേഷിവിഭവവികസനവകുപ്പിലെ ഉദ്യോഗസ്ഥനെ കാണിച്ചു. അയാള്‍ കടലാസ് നോക്കിയിട്ട് നിങ്ങള്‍ കേരളക്കാര്‍ കോടതിയുടെ ഉത്തരവും ആയി വന്നോ ? എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് കോടതി ഉത്തരവ് അനുസരിക്കാന്‍ ബുദ്ധിമുട്ടാണ്‌എങ്കില്‍ അതെഴുതി തന്നാല്‍ ഞാന്‍ മടങ്ങിപ്പോയ്ക്കൊള്ളാമെന്നു പറഞ്ഞപ്പോള്‍ അയാള്‍ അകത്തുപോയി മേലുദ്യോഗസ്ഥനെ കാണിച്ചു തിരിച്ചു വന്നു. ഇന്റര്‍വ്യു അനുവദിച്ചു എന്നറിയിച്ചു. ഇന്റര്‍വ്യു സമയത്ത് ആദ്യം തന്നെ എന്നോടു ചോദിച്ചത് നിങ്ങള്‍ക്ക് അഞ്ചു വര്‍ഷം ഇനിയും സര്‍വീസ് ഇല്ലല്ലോ എന്നായിരുന്നു. ഞാന്‍ പറഞ്ഞു ഉണ്ടല്ലോ, അതെങ്ങനെ, ഞങ്ങളുടെ സ്ഥാപനത്തില്‍ റിട്ടയര്‍മെന്റ് പ്രായം 62 ആയതുകൊണ്ടു എനിക്ക് അഞ്ചില്‍ കൂടുതല്‍ വര്‍ഷം സര്‍വീസ് ഇനിയും ബാക്കിയുണ്ട് എന്ന് പറഞ്ഞു. അത് കേട്ട് സീനിയര്‍ സെക്രട്ടരി അയാളുടെ അസിസ്ടന്റിനോടു തട്ടിക്കയറുന്നത് കാണാമായിരുന്നു. അതായത് എന്റെ ഊഹം ശരിയായിരുന്നു. മറ്റു ചില ആര്‍.ഈ.സി.കളില്‍ അന്ന് 60 വര്‍ഷം ആയിരുന്നു പെന്‍ഷന്‍ പറ്റുന്ന വയസ്സ്. അതെ മാനദണ്ഡം വച്ച് തെറ്റായി എന്നെ അവര്‍ ഒഴിവാക്കിയതായിരുന്നു എന്ന് അതില്‍ നിന്ന് വ്യക്തമായി. ഇന്ടര്‍വ്യൂവിനു ഇടയില്‍ അവര്‍ ചോദിച്ചു നിങ്ങള്‍ എന്ത് കൊണ്ടാണ് കോഴിക്കോട് എന്‍.ഐ.ടി.മാത്രം തിരഞ്ഞെടുത്തത്?: ഞാന്‍ പറഞ്ഞു ഞാന്‍ കഴിഞ്ഞ 32 വര്‍ഷമായി കോഴിക്കോട്ടു ആര്‍.ഈ.സി.യില്‍ ജോലി ചെയ്യുന്നു. ആ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ എനിക്ക് ചെയ്യാവുന്നത് ഞാന്‍ ചെയ്തിട്ടൂമുണ്ട്. അവിടെ മേലധികാരിയാവാന്‍ അവസരം കിട്ടിയാല്‍ കോഴിക്കോട്ടു എന്‍.ഐ.ടി.യുടെ വളര്‍ച്ചക്ക് എന്ത് ചെയ്യണമെന്ന വ്യക്തമായ കാഴ്ചപ്പാട് എനിക്കുണ്ട്, എന്റെ അദ്ധ്യാപനജീവിതത്തിലെ ഈ വൈകിയ കാലത്ത് എനിക്ക് മറ്റു എന്‍.ഐ.ടി. കളില്‍ പോയി ഭാഗ്യം അന്വേഷിക്കാന്‍ താത്പര്യവും ഇല്ല : എന്ന് പറഞ്ഞു. അവര്‍ പറഞ്ഞു സര്‍ക്കാരിന്റെ പോളിസി അനുസരിച്ച് അതാതു എന്‍.ഐ.ടി. കളില്‍ നിന്നുള്ളവരെ അവിടെ തന്നെ ഡയരക്ടറാവാന്‍ നിയമിക്കാന്‍ പാടില്ല എന്നാണു തീരുമാനം എന്ന് ഇന്റര്‍വ്യു ബോര്‍ഡു ചെയര്‍മാന്‍ തന്നെ വ്യക്തമാക്കി. ഇന്റെര്‍വ്യു കഴിഞ്ഞു വിമാനക്കൂലിയും വാങ്ങി ഞാന്‍ തിരിച്ചു പോന്നു.

പക്ഷെ ഈ ഇന്റര്‍വ്യുവിന്റെ പിന്നാമ്പുറത്ത് ചില കാര്യങ്ങള്‍ നടക്കുന്നു എന്ന് മനസിലായി. ഡല്‍ഹിയില്‍ ഞാന്‍ താമസിച്ചത് എന്റെ ഒരു കസിന്റെ വീട്ടിലായിരുന്നു. അയാള്‍ പറഞ്ഞു ചേട്ടാ ഇന്റര്‍വ്യു ഒക്കെ കൊള്ളാം , പക്ഷെ നിയമനം കിട്ടണമെങ്കില്‍ അല്‍പ്പം ചിലവാക്കേണ്ടി വരും എന്ന്. ഞാന്‍ പറഞ്ഞു ഏതായാലും നിങ്ങള്‍ അന്വേഷിക്കൂ, എത്രയാണ് എന്നറിഞ്ഞിട്ടു തീരുമാനിക്കാം , നിങ്ങള്‍ക്ക്  ഈ അന്വേഷണത്തിന് വേണ്ട ചെലവ് ഞാന്‍ വഹിച്ചു കൊള്ളാം എന്ന്. അതനുസരിച്ച് അവര്‍ അന്വേഷിച്ചു ഞാന്‍ ഇന്റെര്‍വ്യു കഴിഞ്ഞു ചെന്നപ്പോള്‍ വിവരം അന്വേഷിച്ചു വച്ചിരുന്നു. ചെലവ് ഏതാനും ഫോണ്‍ വിളികള്‍ മാത്രം . പത്തു രൂപ ആയിരുന്നു അന്നത്തെ തുക. അതും ഉടനേ കൊടുക്കേണ്ട ആവശ്യമില്ല, നിയമന ഉത്തരവ് കിട്ടിക്കഴിഞ്ഞു കൊടുത്താല്‍ മതിയത്രെ. ഈ രീതിയില്‍ ഭരണചുമതല ഏൽക്കുന്നവര്‍ മുടക്ക് മുതലും പലിശയും ഈടാക്കുന്നത് സ്വാഭാവികം. അക്കാഡമിക് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അന്ന് മോശമല്ലാത്ത തുക സംഭാവന വാങ്ങുന്നുണ്ട് എന്ന് ഞാന്‍ കേട്ടത് ഇപ്പോള്‍ നേരിട്ട് ബോദ്ധ്യമായി.തരികിട പരിപാടിക് തയാറാകാത്ത എനിക്ക് നിയമനം കിട്ടിയില്ല, കോടതി ഉത്തരവും കൊണ്ടു ചെന്ന് എന്നെ തിരഞ്ഞെടുക്കുമെന്നു എനിക്ക് തീരെ പ്രതീക്ഷയും ഇല്ലായിരുന്നു. എനിക്ക് അര്‍ഹതയുണ്ട് എന്ന് തെളിയിക്കുക മാത്രമായിരുന്നു എന്റെ ലക്‌ഷ്യം. അത് നേടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളാണ് അന്ന് ഡയരക്ടര്‍ ആയി നിയമിതനായത്. എന്‍.ഐ.റ്റി തുടങ്ങിയപ്പോള്‍ ഡയറക്ടറായിരുന്ന പഴയ ആര്‍.ഈ.സി പ്രിന്‍സിപ്പാള്‍ തുടര്‍ നിയമനം കിട്ടാത്തതില്‍ പ്രതിഷേധിച്ചു ജോലിരാജിവച്ചു തമിഴ് നാട്ടിലെ ഏതോ സ്വാശ്രയസ്ഥാപനത്തിലേക്ക് വണ്ടിയും കയറി.

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും