111. ഗവേഷണം ഇടയ്ക്കിടക്ക്, വില്‍ക്കാനുണ്ട് പി.എച്ഡി

 എഞ്ചിനീയറിംഗ് മേഖലയില്‍ പൊതുവേ എം.ടെക്കോ ബി.ടെക്കോ കഴിഞ്ഞു നേരിട്ട് ഗവേഷണത്തിന് പോകുന്നവര്‍ വളരെ കുറവാണ് , പ്രത്യേകിച്ചും എണ്പതുകളിലും പിന്നീടും. കാരണം വ്യക്തമാണല്ലോ, മിക്കവര്‍ക്കും മോശമല്ലാത്ത ജോലികിട്ടിയിരിക്കും അത് കൊണ്ടു തന്നെ. ഗവേഷണം നടത്തി പി. എച്.ഡി. ബിരുദം നേടാന്‍ ശ്രമിക്കുന്നവര്‍ അത്യപൂര്‍വ്വം തന്നെ. ഞാന്‍ മദിരാശി, ഡല്‍ഹി ഐ.ഐ.ടി.കളില്‍ പഠിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാപനങ്ങളായിട്ടു പോലും ഡിഗ്രി കിട്ടിക്കഴിഞ്ഞു നേരിട്ട് ഗവേഷണം നടത്താന്‍ വരുന്നവര്‍ വളരെ കുറവായിരുന്നു. വരുന്നവര്‍ തന്നെ ഐ.എ.എസ്, ഐ.ഈ.എസ്‌ മുതലായ ദേശീയ മത്സരപ്പരീക്ഷക്ക് തയാറെടുക്കുകയാണ് ആദ്യത്തെ വര്‍ഷം ചെയ്യുക. മിക്കവര്‍ക്കും ചിലവിനുള്ള തുക ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പായി കിട്ടും ഹോസ്റ്റലില്‍ അധികം ചിലവില്ലാതെ താമസവും ഭക്ഷണവും കിട്ടും.  വലിയനഗരങ്ങളില്‍ പുറത്തു താമസിച്ചു പഠിക്കുക അത്ര എളുപ്പമല്ലല്ലോ. പിന്നാണോ കോഴിക്കോട് എന്‍.ഐ.ടി.പോലുള്ള സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് ആൾക്കാർ വരുക. അന്ന് സ്കോളര്‍ഷിപ്പായി കിട്ടുന്ന തുക അത്ര ആകര്‍ഷകമായിരുന്നില്ല എന്നതുകൊണ്ടും ഇപ്പോള്‍ എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ഥികൾക്ക് ആദ്യവര്‍ഷം തന്നെ 15,000 രൂപയ്ക്കു മേല്‍ തുക കിട്ടുന്നത് കൊണ്ടു അദ്ധ്യാപക ജോലിയില്‍ കയറാന്‍ താല്പര്യമുള്ളവരെങ്കിലും  ചേരുന്നുണ്ട്.

അതുകൊണ്ടു എന്‍.ഐ.ടി.പോലുള്ള സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് വരുന്നവര്‍ കൂടുതലും മറ്റു സ്ഥാപനങ്ങളില്‍, പ്രത്യേകിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരായിരിക്കും .ജോലിയില്‍ നിന്നുള്ള ശമ്പളത്തോടെയോ അല്ലാതെയോ മൂന്നു വര്‍ഷത്തെ അവധി എടുത്തു വരുന്നവര്‍ കുറെ ഉണ്ടാവും . കേന്ദ്ര സര്‍ക്കാരിന്റെ അദ്ധ്യാപകരുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി Quality Improvement Programme (QIP), Faculty Improvement Programme (FIP) ഇവയില്‍  അദ്ധ്യാപകര്‍ക്ക് മുഴുവന്‍ ശമ്പളവും ദൂരസ്ഥലങ്ങളില്‍ പോയി പഠിക്കുമ്പോള്‍ കുടുംബത്തെ സംരക്ഷിക്കാന്‍ കുറച്ചു സ്റ്റൈപ്പന്റും കിട്ടുന്ന പദ്ധതികളാണിവ. . തമാശയായി മസാല ദോശ സ്കീം എന്ന് പറഞ്ഞിരുന്ന ഈ പദ്ധതിയില്‍ ഓരോ വര്‍ഷവും നിശ്ചിത അവസരങ്ങളേ ഉള്ളൂ. അത് കൊണ്ടു നല്ല മത്സരം കഴിഞ്ഞാണ് സെലക്ഷന്‍ കിട്ടുക. ഇതില്‍ വരുന്ന അദ്ധ്യാപകര്‍ക്ക് മാതൃ സ്ഥാപനങ്ങളില്‍ നിന്ന് മൂന്നു വര്‍ഷം മുഴുവന്‍ ശമ്പളവും ബത്തകളും നല്‍കുമെന്ന് ഉറപ്പുണ്ടാവണം, ഇതിനുപകരമായി ശമ്പളത്തോടുകൂടി അവധിയെടുത്ത കാലയളവിനു തുല്യമായ കാലം അവിടെ ജോലി ചെയ്തു കൊള്ളാം എന്ന് ബോണ്ട് ഒപ്പിട്ടു കൊടുക്കണം എന്നാണു നിബന്ധന. ഈ അവസരം കേരളത്തില്‍ സാങ്കേതികവിദ്യാഭ്യാസ ഡയരക്ടരുടെ കീഴിലുള്ള സര്‍ക്കാര്‍ എയിഡെഡ് കോളേജുകളിലെ അദ്ധ്യാപകര്‍ക്ക് മാത്രമേ ഉള്ളൂ. മറ്റു പ്രൈവറ്റ്, സ്വാശ്രയകോളേജുകളിലെ അദ്ധ്യാപകരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാലും പ്രൈവറ്റ് സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കുകയില്ല. കൊടുക്കുന്നു എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കും. ചില സ്ഥാപനങ്ങള്‍ നാമമാത്രമായ പ്രതിഫലം കൊടുക്കും, അല്ലെങ്കില്‍ തിരിച്ചു വന്നാല്‍ ജോലിയില്‍ എടുത്തു കൊള്ളാം എന്ന ഉറപ്പു മാത്രമേ കൊടുക്കുകയുള്ളൂ.

മറ്റൊരു മാര്‍ഗം അവധിഎടുക്കാതെ മാതൃസ്ഥാപനത്തില്‍ ജോലി ചെയ്തു കൊണ്ടു തന്നെ പാര്‍ട്ട്ടൈം ആയി ഗവേഷണം നടത്തുക എന്നതാണ്. ആഴ്ചയില്‍ 20ലധികം മണിക്കൂര്‍ പഠിപ്പിച്ചതിനു പുറമേ ഗവേഷണം നടത്താനുള്ള സമയം ഇവര്‍ക്ക് കിട്ടുക അപൂര്‍വമാണ്. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ ഇതിനു സംവിധാനം ഉണ്ടായിരുന്നു. യൂണിവേര്‍സിറ്റി അംഗീകരിച്ച ഗവേഷകരുടെ കീഴില്‍ അംഗീകൃതഗവേഷണ കേന്ദ്രത്തില്‍ ഗവേഷണം ചെയ്യണം എന്ന നിബന്ധന പാലിച്ചാല്‍ മതി. ഇത് പോലെ എന്‍.ഐ.ടി.യിലും പാര്‍ട്ട് ടൈം ആയി ഗവേഷണം നടത്താന്‍ ചിലര്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരും തുടര്‍ച്ചയായി ഒരു ഗവേഷണ ജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടി മൂന്നു വര്‍ഷത്തിനു പകരം പലപ്പോഴും അഞ്ചും ഏഴും വര്‍ഷം ഗവേഷണം നടത്തിയാണ് പി.എച്.ഡി. ബിരുദം നേടുന്നത്. അവധി കിട്ടുമ്പോള്‍ മാത്രം ഗവേഷണം നടത്തുക എന്ന രീതി അത്ര നന്നല്ല. കാരണം ഗവേഷണത്തില്‍ കാര്യമായ എന്തെങ്കിലും ചെയ്യണമെങ്കില്‍ ഏതാണ്ട് മുഴുവന്‍ സമയവും അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേ പറ്റൂ. കുറച്ചു കുറച്ചു ഇടയ്ക്കിടയ്ക്ക് അവധി കിട്ടുമ്പോള്‍ മാത്രം ചെയ്യുന്നതു കൊണ്ടു വലിയ പ്രയോജനമില്ല. എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ എങ്കിലും ചിട്ടയായി അച്ചടക്കത്തോടെ ഗവേഷണകാര്യത്തിനു വേണ്ടി മാത്രം  വിനിയോഗിക്കുകയായിരിക്കുന്നത് ആവശ്യമാണ്‌.

എന്‍.ഐ.ടി.യില്‍ പി.എച്.ഡി.ക്ക് മുന്നോടിയായി നാലോ അതിലധികമോ വിഷയങ്ങള്‍ (Course work) പഠിച്ചു പരീക്ഷ എഴുതി പാസാകണമെന്നുള്ളതുകൊണ്ട്  ഒരു വര്‍ഷമെങ്കിലും സ്ഥാപനത്തില്‍ ഉണ്ടാവണം. അതു കഴിഞ്ഞ് മാതൃസ്ഥാപനത്തില്‍ ചേര്‍ന്ന് ഇടയ്ക്കിടയ്ക്ക് പുരോഗതി ഗൈഡിനെയും ഡോക്ടറല്‍ കമ്മറ്റിയെയും ബോദ്ധ്യപ്പെടുത്തിയാല്‍ മതിയാവും .

ഞാന്‍ ഡീനായി ചേരുമ്പോള്‍ ഇത്തരം കുറെയധികം പാര്‍ട്ട് ടൈം  ഗവേഷണവിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. 2002  ല്‍  ആര്‍.ഈ.സി., എന്‍.ഐ.ടി. ആയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്  കോഴിക്കോട്   സര്‍വകലാശാലയില്‍ ഗവേഷണത്തിനു രെജിസ്റ്റര്‍ ചെയ്തിട്ട് എന്‍.ഐ.ടി.യിലേക്ക്  മാറിയവര്‍ ആയിരുന്നു. പലരും സര്‍ക്കാര്‍  അര്‍ദ്ധ  സര്‍ക്കാര്‍  സ്ഥാപനങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉത്തര വാദിത്തമുള്ള ജോലി  ഉള്ളവര്‍ ആയിരുന്നു. സാഹചര്യങ്ങള്‍ കാരണമായും സമയക്കുറവു കൊണ്ടും മറ്റും ഒന്നും ചെയ്യാതെ സെമസ്റ്ററില്‍ ഒരു പ്രാവശ്യം മാത്രം വന്നു കമ്മറ്റിയുടെ മുമ്പില്‍ എന്തെങ്കിലും കാട്ടിക്കൂട്ടി റജിസ്റ്റര്‍ ചെയ്തു ഫീസടച്ചു  പോകുകയായിരുന്നു. ഇതത്ര ശരിയായി  എന്ന് എന്ന് ഞങ്ങള്‍ക്ക് തോന്നി . ഗവേഷണം തുടങ്ങി രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും കാണിക്കാത്ത ഗവേഷണ വിദ്യാര്‍ഥികളെ പുറത്താക്കുകയാണ് നല്ലതെന്ന് തീരുമാനിച്ചു. അതനുസരിച്ചുള്ള തീരുമാനം ഡോക്ടറല്‍ കമ്മിറ്റി എടുക്കുകയാണെന്ന് നല്ലതെന്ന് ഞാന്‍ പറഞ്ഞു. പ്രൊഫസര്‍ ആകാന്‍ പി.എച്.ഡി. നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പി.എച്.ഡി ഒപ്പിച്ചെടുക്കാന്‍ ഇവരില്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഇത്തരം വിദ്യാര്‍ഥികള്‍ ചിലര്‍ ചെയ്ത സാഹസങ്ങള്‍  സന്ദര്‍ഭവശാല്‍ പറഞ്ഞു കൊള്ളട്ടെ.

അദ്ധ്യാപകവൃത്തിയില്‍ തുടരുന്ന വ്യക്തികള്‍ക്ക് ഉയര്‍ന്ന തസ്തികകളിലേക്ക് കയറ്റം കിട്ടണമെങ്കില്‍ പി.എച്.ഡി.ബിരുദം നിര്‍ബന്ധമാക്കിയതിന്റെ പരിണതഫലം ആയിരുന്നു ഈ പി.എച്.ഡി. എടുക്കാനുള്ള പരക്കം പാച്ചില്‍. ഗവേഷണം ചെയ്യുമ്പോള്‍ ഒരു ഗവേഷകന് കിട്ടുന്ന ഫലങ്ങള്‍ പ്രബന്ധങ്ങളായി മാസികകളിലോ കോണ്‍ഫെറന്സുകളിലോ അവതരിപ്പിക്കുന്നതു സാധാരണമാണ്. തീസിസ് കൊടുക്കുന്നതിനു മുമ്പേ കൂടുതല്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നല്ലത് തന്നെ. പക്ഷെ കുറുക്കു വഴിയില്‍  പി.എച്.ഡി. എടുക്കാനോ  മറ്റുള്ളവര്‍ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങള്‍ കോപ്പിയടിച്ചോ ഇത്  സാധിക്കുകയില്ല. 

ഞാന്‍ എന്‍.ഐ.റ്റി.യില്‍ പി.ജി & റിസേര്‍ച് ഡീനായിരുന്നപ്പോള്‍ ഇത്തരം രണ്ടു കേയ്സുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നു. ഒന്നാമത്തേത് ഒരു ചായക്കോപ്പയിലെ കൊടുംകാറ്റായിരുന്നു, എന്നാല്‍ രണ്ടാമത്തേത് കൊടുംവഞ്ചന തന്നെ. രണ്ടും ഞങ്ങളുടെ സ്ഥാപനത്തില്‍ ഗവേഷണം ചെയ്തു കൊണ്ടിരുന്ന ആള്‍ക്കാരെ സംബന്ധിച്ചായിരുന്നു.. ഒന്നാമത്തെത്  ഞങ്ങളുടെ ഒരു ഗവേഷണ വിദ്യാര്‍ഥി ഒരു കോണ്‍ഫെറന്സിനയച്ച പ്രബന്ധം മറ്റേതോ പ്രബന്ധത്തില്‍ നിന്ന് കോപ്പിയടിച്ചതായിരുന്നു എന്ന് സംഘാടകര്‍ കണ്ടെത്തി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് അയച്ചതായിരുന്നു. മറ്റുള്ളവര്‍ ചെയ്ത ഗവേഷണഫലങ്ങള്‍ കോപ്പിയടിച്ചു സ്വന്തമായി പ്രസിദ്ധീകരിക്കുക (plagiarism) എന്നത് അക്ഷന്തവ്യമായ കുറ്റം തന്നെ. ഈ ആരോപണം വന്നപ്പോള്‍ തന്നെ, ഞങ്ങള്‍ ആ പ്രബന്ധം പിന്‍വലിക്കാനാവശ്യപ്പെട്ടു. അവര്‍ പറഞ്ഞ ആരോപണം ശരിയാണോ എന്ന് കണ്ടെത്താന്‍ സ്വതന്ത്ര രായ മൂന്ന് പ്രൊഫസര്‍മാരുടെ കമ്മറ്റിയെ പരിശോധിക്കാന്‍ നിയോഗിച്ചു. അവര്‍ വിശദമായി പരിശോധിച്ചപ്പോള്‍ , ഭാഗ്യത്തിന് ആ പ്രബന്ധത്തില്‍ അതെഴുതിയ ആള്‍ തന്റെതെന്നു അവകാശപ്പെട്ടു പ്രസിദ്ധപ്പെടുത്തിയ ഗവേഷണഫലങ്ങള്‍ സ്വന്തം  തന്നെയായിരുന്നു, എന്നാല്‍ പ്രബന്ധത്തിന്റെ ആദ്യഭാഗത്ത്‌ ഈ വിഷയവുമായി ബന്ധപ്പെട്ടു മറ്റുള്ളവര്‍ ചെയ്ത ഗവേഷണങ്ങളെപറ്റി ചുരുക്കത്തില്‍ വിവരിച്ചപ്പോള്‍ മുമ്പ് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ നിന്നും  കുറെ ഭാഗം അത് പോലെ കോപ്പിയടിച്ചു ചേര്‍ത്തിരുന്നു. (literature survey ) മന:പൂര്‍വ്വം ആണോ അറിയില്ല, പ്രസ്തുത പ്രബന്ധം അവലംബമായി (Reference) കൊടുത്തിട്ടും ഇല്ലായിരുന്നു. ഏതായാലും കോപ്പിയടി കോപ്പിയടി തന്നെ, അയാള്‍ക്ക്‌ ന്യായമായ ശിക്ഷ ഞങ്ങള്‍ കൊടുക്കുകയും ചെയ്തു.

രണ്ടാമത്തെത് ഒരു സ്വാശ്രയകോളേജിലെ രണ്ടു പ്രൊഫസര്‍മാര്‍ പണം കൊടുത്തു പി.എച്.ഡി. വാങ്ങി എന്ന ആരോപണമായിരുന്നു. കേരള തമിഴ് നാടു തെക്കേ അതൃത്തിക്കടുത് ഉള്ള ഒരു കോളേജിലെ രണ്ടു വകുപ്പ് തലവന്മാര്‍ ഞങ്ങളുടെ കോളേജിലെ പാര്‍ട്ട് ടൈം  ഗവേഷണവിദ്യാര്‍ഥികളായിരുന്നു. ഇവരാണ് ഇങ്ങനെ പണം കൊടുത്തു പി.എച്.ഡി വാങ്ങി എന്നറിഞ്ഞത്. അതേ സ്ഥാപനത്തിലെ തന്നെ മറ്റൊരദ്ധ്യാപകനാണ് എനിക്ക് ഈ വിവരം അറിയിച്ചത്. അതില്‍ പറഞ്ഞ വിവരം അനുസരിച്ച് ഈ രണ്ടു പേരും ഏതോ ഒരു ഇല്ലാത്ത യൂണിവേര്‍സിറ്റിയുടെ പി.എച്.ഡി.  കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയില്‍ നിന്നും 60,000രൂപാ വീതം കൊടുത്തു വാങ്ങി എന്നതായിരുന്നു. ഡിഗ്രി കൊടുത്ത വിവരങ്ങള്‍ ആ ‘യൂണിവേര്‍സിറ്റി’യുടെ വെബ്സയിറ്റില്‍ ഉണ്ട് എന്ന് എഴുതിയിരുന്നു. വെബസൈറ്റ് പരിശോധിച്ചപ്പോള്‍ യൂണിവേര്‍സിറ്റിയുടെ ആസ്ഥാനം യു.കെ. യിലും (.uk)അവരുടെ ന്യുസിലണ്ടില്‍(.nz) ഉള്ള വിദൂരക്യാമ്പസില്‍ നിന്നാണ് ഇവര്‍ക്ക് ബിരുദം കൊടുത്തിരുന്നത് എന്ന വിവരവും  കണ്ടു. ഈ രണ്ടു പേരും എന്‍.ഐ.ടി.യില്‍ ചെയ്ത കോഴ്സ് വര്‍ക്ക് ഈ ഇല്ലായൂണിവേര്‍സിറ്റിയില്‍ ചെയ്തതായും , രണ്ടു പേരും അവരുടെ പ്രഖ്യാതരായ പൂര്‍വവിദ്യാര്‍ഥികളായും  കൊടുത്തിരുന്നു. ഈ രണ്ടു പേരെ കോളേജിലെ ഡയറക്ടര്‍ മറ്റദ്ധ്യാപകരുടെയും കുട്ടികളുടെയും സംയുക്തസമ്മേളനം വിളിച്ചു കൂട്ടി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തുവത്രേ. ഭയങ്കരന്മാര്‍ തന്നെ ഇവര്‍.

ഏതായാലും ഞാനിവരുടെ ചരിത്രം പരിശോധിച്ചു. ഇതിനു കുറച്ചുനാള്‍ മുമ്പ് ഈ രണ്ടു പേരെയും ഗവേഷണത്തില്‍ കാര്യമായി പുരോഗതി ഒന്നും ഇല്ലാതിരുന്നത് കൊണ്ടു ഡോക്ടറല്‍ കമ്മിറ്റിയില്‍ ഞങ്ങള്‍ താക്കീത് ചെയ്തതായിരുന്നു. എല്ലാ സെമസ്റ്ററിന്റെയും തുടക്കത്തില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ അവരുടെ പുരോഗതി കമ്മറ്റി മുമ്പാകെ അവതരിപ്പിച്ചു വിലയിരുത്തി തൃപ്തികരമാണെന്ന് കണ്ടാല്‍ മാത്രം  ഫീസ്‌ അടച്ചു റജിസ്ടര്‍ ചെയ്യണം എന്ന് നിര്‍ബന്ധമാണ്‌. റജിസ്ടര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി കഴിഞ്ഞു റജിസ്ടര്‍ ചെയ്യാത്തവരുടെ ലിസ്റ്റു ഒരാഴ്ചക്കകം എന്റെ മുമ്പിലെത്തിക്കാന്‍ എന്റെ സഹായിയായ കുട്ടിയോട് പറഞ്ഞിരുന്നു. ഓഫീസ്  ആട്ടൊമേഷന്‍ പരിശീലനത്തിനു  ചേര്‍ന്ന ഒരു  കുട്ടിയായിരുന്നു എന്‍റെ  സഹായി .( നല്ല  അനുസരണയും  വിവേകവും ഉള്ള  ആ കുട്ടി  ഇന്ന് കണ്ണൂരിലെ  ദേശീയ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു). ആ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഈ കക്ഷികള്‍ രണ്ടു പേരും ആ സെമസ്റ്ററില്‍ ല്‍ റജിസ്ടര്‍ ചെയ്തിട്ടില്ല. അങ്ങനെയുള്ളവരെ ഗവേഷണ വിദ്യാര്‍ത്ഥിസ്ഥാനത്തില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍  കാരണം ചോദിച്ചു കാരണം കാണിക്കല്‍ (ഷോ കോസ്) നോട്ടീസ് കൊടുക്കുക പതിവാണ്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും അങ്ങനെ ഞങ്ങള്‍ ഷോ കോസ് നോട്ടീസ് കൊടുത്തിരുന്നു. ഇതിനു മറുപടി നിശ്ചിത സമയത്തിനകം കിട്ടാതിരുന്നതു കൊണ്ടു ഇവരെ പുറത്താക്കി കൊണ്ടു ഒരു മെമ്മോ അയച്ചിട്ടില്ല എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ടു അവര്‍ രണ്ടു പേരും ഇപ്പോള്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികളല്ല എന്നുറപ്പായി.

കുറച്ചുനാള്‍ കഴിഞ്ഞു ഈ വിവരം അണ്ണാ യൂണിവേര്‍സിറ്റിയിലെ ഗവേഷണ വിഭാഗം ഡയറക്ടരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടി. നിങ്ങളുടെ രണ്ടു ഗവേഷണ വിദ്യാര്‍ഥികള്‍ പി.എച്.ഡി. പണം കൊടുത്തു വാങ്ങി എന്ന വിവരത്തെപ്പറ്റി ചോദിച്ചു കൊണ്ടു. അതിനും മറുപടിയായി ഈ കക്ഷികള്‍ ഞങ്ങള്‍ എന്‍.ഐ.ടി.യില്‍ നിന്ന് പുറത്താക്കിയവരാകുന്നു എന്ന വിവരം അറിയിച്ചു. അണ്ണാ യൂണിവേര്‍സിറ്റി എന്ത് തുടര്‍നടപടി എടുത്തു എന്നറിവില്ല. ഏതായാലും അവര്‍ക്ക് ഈ കള്ളഡിഗ്രി കൊണ്ടു കൂടുതല്‍ കാലം മുമ്പോട്ട്‌ പോകാന്‍ കഴിഞ്ഞില്ല. പൊതുവേ എല്ലാവരും അറിഞ്ഞ നിലക്ക് അവരുടെ ഡിഗ്രീ അംഗീകരിക്കപ്പെട്ടില്ല. ഈ രണ്ടു പേരും പിന്നീട് അണ്ണാ യൂണിവേര്‍സിറ്റിയില്‍ മൂന്നു വര്‍ഷം ഗവേഷണം നടത്തി തന്നെ ബിരുദം വാങ്ങി എന്നാണു കേട്ടത്.അവര്‍  ജോലി ചെയ്തിരുന്ന  കോളേജ്   ഏതാനും വര്‍ഷം  കഴിഞ്ഞ്   കല്‍പ്പിത  സര്‍വകലാശാല  ആയി  എന്നതു   മറ്റൊരു  വിധി   വൈപരീത്യം!

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും