113. ഇന്‍ ചാര്‍ജു മാറി സ്ഥിരം ഡയരക്ടര്‍

 മുമ്പൊരു ഖണ്ഡത്തില്‍  എഴുതിയ എന്‍.ഐ.ടി.കളിലെ ഡയരക്ടര്‍മാരെ കൂട്ടമായി പുറത്താക്കിയപ്പോള്‍ സീനിയര്‍ പ്രൊഫസറായി ചാര്‍ജെടുത്ത എന്റെ സുഹൃത്തായിരുന്നു എന്നെ വിജിലന്‍സ് എന്ന പോലീസ് പണിയില്‍ നിന്ന് മാറ്റി ഡീനായി നിയമിച്ചത് എന്ന് ഞാന്‍ മുമ്പെഴുതിയിരുന്നു. കുറഞ്ഞ കാലം മാത്രം ഡയറക്ടര്‍ ആയിരുന്ന അദ്ദേഹം എന്‍.ഐ.ടി.യിലെ പല പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു, ഇന്‍ ചാര്‍ജെന്ന നിലയില്‍ പരിമിതികള്‍ ഉണ്ടായിരുന്നു എങ്കിലും വെറും മുട്ടുശാന്തി ആകാതെ പലതും അദ്ദേഹം ചെയ്തു. പൊതുവേ എല്ലാവര്‍ക്കും സന്തോഷവും ആയിരുന്നു. എന്‍.ഐ.ടി.കളുടെ ഭരണത്തിന് ഇറക്കുമതി ചെയ്ത ഡയരക്ടര്‍മാരെക്കാള്‍ അകത്തു നിന്നുള്ളവര്‍ ആയാല്‍ കുറച്ചുകൂടി നന്നായിത്തന്നെ ചെയ്യാന്‍ കഴിയും എന്ന് കാണിച്ചു കൊടുക്കുകയും ചെയ്തു.

പുതിയ ഡയരക്ടര്‍മാരുടെ നിയമനം നടക്കുന്നുണ്ടായിരുന്നു. വിജിലന്‍സ് ആഫീസര്‍ എന്ന നിലയില്‍ ചില സാമ്പത്തിക ക്രമക്കേടുകള്‍ ഞാന്‍ റിപ്പോര്ട്ടു ചെയ്ത ഡയരക്ടര്‍ വീണ്ടും കോഴിക്കോട്ടേക്ക് തന്നെ വരരുത് എന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു, പ്രത്യേകിച്ചും ഞങ്ങള്‍ തമ്മില്‍ അത്ര സ്വരച്ചേര്‍ച്ച ഇല്ലെന്നു വ്യക്തമായ സ്ഥിതിയില്‍. ഏതായാലും മാനവശേഷിവിഭവവികസനവകുപ്പിലെ വിജിലന്‍സ് ആഫീസറെ എനിക്ക് അറിയാമായിരുന്നത് കൊണ്ടു നിയമന ഉത്തരവ് അയക്കുന്നതിനു മുമ്പ് ആരാണ് ഇവിടെക്ക് വരുന്നത് എന്നതിലുപരി പഴയ ആള്‍ തന്നെയാണോ എന്നുറപ്പാക്കാന്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു. ബീഹാര്‍ ഐ.എ.എസ്. കേഡറില്‍ നിന്നുള്ള ഒരു മലയാളി ആയിരുന്നു അദ്ദേഹം. ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അയ്യോ നിയമന കാര്യം ഞാനല്ലല്ലോ നോക്കുന്നത് , ഞാന്‍ ബന്ധപ്പെട്ട സെക്രട്ടറിയെ വിളിച്ചു ചോദിച്ചു വിവരം പറയാം ‘” എന്ന് അദ്ദേഹം പറഞ്ഞു. രാത്രി ആയിരുന്നു ഞാന്‍ വിളിച്ചത്. പത്തു മിനുട്ട് കഴിഞ്ഞു അദ്ദേഹം തിരിച്ചു വിളിച്ചു ഇത്തവണ ഇന്റര്‍വ്യു കഴിഞ്ഞു ഓരോ എന്‍.ഐ.ടി യിലേക്കും മൂന്നോ നാലോ പേരുടെ ഒരു പാനലില്‍ നിന്നാണ് നിയമനം നടത്തുന്നത്. ഏതായാലും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആള്‍ കോഴിക്കോട് എന്‍.ഐ.ടി യുടെ പാനലില്‍ ഇല്ല എന്നുറപ്പായി പറഞ്ഞു. ഞാന്‍ നന്ദി പറഞ്ഞു ഫോണ്‍ താഴെ വച്ചു. ഏതായാലും പൂച്ചയുടെ സ്വഭാവം ഉള്ള മേല്‍പ്പറഞ്ഞ കക്ഷി പുറത്താക്കപ്പെട്ടെങ്കിലും വീണ്ടും മറ്റൊരു എന്‍.ഐ.ടി.യിലെ ഡയറക്ടര്‍ ആയി എന്ന് പിന്നീട് കേട്ടു.

കോഴിക്കോട്ടു എന്‍.ഐ.ടി.യില്‍ പുതിയതായി വന്നത് വാറങ്കല്‍ ആര്‍.ഈ.സി.  യില്‍ ജോലി ചെയ്തിരുന്ന ഒരു ഫിസിക്സ് പ്രൊഫസര്‍ ആയിരുന്നു. ഒരു ദേശീയ എഞ്ചിനീയറിംഗ് സ്ഥാപനത്തില്‍ എഞ്ചിനീയറിംഗ് ബിരുദം ഇല്ലാത്ത ഒരാള്‍ ഡയറക്ടര്‍ ആയി വന്നത് തന്നെ അത്ഭുതം ആയിത്തോന്നി ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും. അന്നത്തെ നിയമനങ്ങളില്‍ പല 'അത്ഭുതങ്ങ'ളും നടക്കുന്നുണ്ടായിരുന്നു, അതില്‍ ഒന്ന് ഇതും. ഏതായാലും അദ്ദേഹം ചാര്‍ജെടുത്തശേഷം ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. പ്രധാനമന്ത്രി മാറുമ്പോള്‍ മന്ത്രിമാര്‍ മാറുന്നത് പോലെ ഞങ്ങള്‍ ഡീന്‍ന്മാര്‍ രാജിവെക്കാന്‍ സന്നദ്ധരായെങ്കിലും എല്ലാവരെയും അവരവരുടെ കാലാവധി തീരുന്നത് വരെ തുടരാന്‍ അദ്ദേഹം അനുവദിച്ചു. എനിക്ക് രണ്ട് വര്‍ഷത്തിലധികം ബാക്കി ഉണ്ടായിരുന്നു. ഈ രണ്ടു വര്‍ഷവും അക്കാഡമിക് കാര്യങ്ങളില്‍ അദ്ദേഹം എനിക്ക് പൂര്‍ണമായ സ്വാതന്ത്ര്യവും എന്റെ അഭിപ്രായങ്ങള്‍ക്ക് പ്രോത്സാഹനവും തന്നിരുന്നു. അദ്ദേഹത്തിന്റെയും പൂര്‍ണസഹകരണത്തോടെയാണ് പുതിയ എം.ടെക്. എം.എസ്സി(ടെക്) പ്രോഗ്രാമുകള്‍ തുടങ്ങിയത് . അദ്ദേഹം തുടങ്ങിയ ബി.ടെക്.പ്രോഗ്രാമുകള്‍ മാത്രം എന്റെ വകുപ്പില്‍ വരുന്നതായിരുന്നില്ല. ബി.ടെക്കിനു അന്ന് മറ്റൊരു യു.ജി.ഡീന്‍ ഉണ്ടായിരുന്നു. കെമിക്കല്‍ എഞ്ചിനീയറിംഗ് , എഞ്ചിനീയറിംഗ് ഫിസിക്സ് എന്നീ ബി.ടെക്.കോഴ്സുകള്‍ അദ്ദേഹം ഡയറക്ടര്‍ ആയിരുന്നപ്പോള്‍ തുടങ്ങിയതായിരുന്നു. പൊതുവേ കേരളത്തില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സ് ഏതാനും കോളേജുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ , അതും കൂടുതല്‍ ആവശ്യക്കാര്‍ ഇല്ലാത്ത ഒരു കോഴ്സായിരുന്നു എന്ന് ഞങ്ങള്‍ പറഞ്ഞു എങ്കിലും ആ കോഴ്സും എഞ്ചിനീയറിംഗ് ഫിസിക്സ് കോഴ്സും അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പര്യത്തില്‍ തുടങ്ങിയതായിരുന്നു. എഞ്ചിനീയറിംഗ് ഫിസിക്സ് ഇപ്പോഴും കോഴിക്കോട് എന്‍.ഐ.ടി.യില്‍ അവസാനം മാത്രം എടുക്കുന്ന കോഴ്സു ആയി തുടരുന്നു.

ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ മാത്രമേ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായുള്ളൂ. പൊതുവേ എം.ടെക് കോഴ്സുകള്‍ക്ക് ആന്ധ്രയില്‍ നിന്നുള്ള കുട്ടികള്‍ ആയിരുന്നു കൂടുതലും പ്രവേശനം നേടിയിരുന്നത്. അതിനു പ്രധാന കാരണം അവിടെ എം. ടെക് പ്രവേശനത്തിനുള്ള GATE പരീക്ഷയ്ക്ക് നല്ല കോച്ചിംഗ് കേന്ദ്രങ്ങള്‍ ഉള്ളതായിരുന്നു. പൊതുവേ ഇങ്ങ്ലീഷ്‌ ഭാഷ കൈകാര്യം ചെയ്യാന്‍ പിന്നോക്കം ആയിരുന്ന ഇവരുടെ എണ്ണം കുറക്കാന്‍ ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചു. GATE സ്കോര്‍ ഉപയോഗിച്ചു കുറെ കുട്ടികളെ തിരഞ്ഞെടുത്തു അതാതു വകുപ്പുകള്‍ നടത്തുന്ന ഒരു പ്രവേശന പരീക്ഷ കൂടി നടത്തി രണ്ടിനും കൂടി കിട്ടുന്ന മാര്‍ക്കനുസരിച്ചു പ്രവേശനം നടത്തിയാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചു. ചില ഐ.ഐ.ടി.കളില്‍ ഇങ്ങനെയായിരുന്നു പ്രവേശനം നടത്തിയിരുന്നത് എന്നും കൂടി പറഞ്ഞു . പെട്ടെന്ന് അദ്ദേഹത്തിന് എന്റെ ഉദ്ദേശം പിടി കിട്ടി, GATE എന്ന ദേശീയ പ്രവേശന പരീക്ഷ കൂടാതെ വേറെ പരീക്ഷയോ, വേണ്ടെ വേണ്ട എന്ന് ഉടനെ പറഞ്ഞു. കാരണം എന്തെന്ന് വ്യക്തമല്ലേ ?

എന്‍.ഐ.ടി.യില്‍ അദ്ധ്യാപക ജോലിക്ക് അപേക്ഷിച്ചവരുടെ അപേക്ഷകള്‍ സ്ക്രീനിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി എന്നെ അദ്ദേഹം രണ്ടു പ്രാവശ്യം നിയമിച്ചു. നിയമങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കുന്ന ഒരു സീനിയര്‍ അദ്ധ്യാപകനെന്നതിന്റെ അംഗീകാരം ആയി ഞാനത് സ്വീകരിച്ചു. വിദേശത്ത് നിന്ന് വെറും ഒരു ഈമെയില്‍ മാത്രം അയച്ച ചിലരെ അഭിമുഖത്തിനു വിളിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശങ്ങളില്‍ പോകുന്നവര്‍ എല്ലാവരും മഹാന്മാര്‍ അല്ലെന്ന കാര്യം നേരിട്ട് മനസിലാക്കിയിട്ടുള്ള ഞാന്‍ അവരുടെ ബിരുദ ബിരുദാന്തര ബിരുദങ്ങളുടെ പകര്‍പ്പ് പോലും കാണാതെ എങ്ങനെ അവരെ വിളിക്കുമെന്നു സംശയം പ്രകടിപ്പിച്ചു വെറുതെ ഒരു ഇലക്ട്രോണിക് ബയോയൊഡാറ്റ മാത്രം പോരാ എന്ന് ഞാന്‍ എതൃപ്പ് പ്രകടിപ്പിച്ചു. എനിക്ക് പൂര്‍ണബോദ്ധ്യം ഇല്ലാത്ത ഒരു കാര്യം ഞാന്‍ ചെയ്യില്ല എന്നുറപ്പായപ്പോള്‍ അദ്ദേഹം തനിക്കു താല്പര്യമുള്ളവരെ വിളിക്കാന്‍ വേണ്ടി വേറെ അദ്ദേഹം  പറയുന്നതു  പോലെ അനുസരിക്കുന്ന ഒരു സേര്‍ച്ച്‌ കമ്മറ്റി ഉണ്ടാക്കി. ഈ സമാന്തരകമ്മറ്റിയുടെ സഹായത്തോടെ വിദേശത്തു നിന്നു  അപേക്ഷ അയച്ച ചിലരെ വിഡിയോ കോണ്ഫെറന്സില്‍  ഇന്റെര്‍വ്യു ചെയ്തു എടുക്കാനും തീരുമാനിച്ചു.

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും