14. ആദ്യകാല അദ്ധ്യാപന രീതിയും മധുവിധു രാത്രികളും
എനിക്ക് ആര്‍.ഈ.സി.യില്‍ ആദ്യം തന്നെ പഠിപ്പിക്കാന്‍ കിട്ടിയ ചില വിഷയങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളവയായിരുന്നു. ടി കെ എമ്മില്‍ ഒരു വര്‍ഷം പഠിപ്പിച്ചിരുന്ന മുന്‍ പരിചയം കണക്കാക്കിയായിരുന്നു എന്നു തോന്നുന്നു. എന്‍റെ കൂടെ ജോലിയില്‍ പ്രവേശിച്ച മറ്റുള്ളവര്‍ക്ക് മിക്കവര്‍ക്കും ലബൊറട്ടറി ക്ലാസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.ഞാന്‍ വിവാഹം കഴിച്ചു ശ്രീമതിയുമായി ക്യാമ്പസ്സില്‍ വന്ന ആദ്യ നാളുകളില്‍ ഞാന്‍ പഠിപ്പിച്ചു കൊണ്ടിരുന്നത് മെക്കാനിക്കല്‍ ബ്രാഞ്ചിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ഇലക്ടീവ് വിഷയം ആയിരുന്നു, ഇന്സ്ട്രമെന്റ്റേഷന്‍ & സെര്‍വോമെക്കാനിസം എന്ന പേരില്‍. കുട്ടികള്‍ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിഷയം ഞാന്‍ പഠിച്ചതായിരുന്നില്ല. കണ്ട്രോള്‍ സിസ്റ്റം തന്നെ കഷ്ടിച്ചു പഠിച്ചു എന്നെ പറയാനാവൂ. ബി.എസ്.സി,എഞ്ചിനീയറിങ്ങിന് അവസാന വര്‍ഷം ഇന്ഡസ്ത്രിയല്‍ ഇല്കട്രോണിക്സ് & കണ്ട്രോള്‍ സിസ്റ്റം എന്ന് ഒരു വിഷയം ഉണ്ടായിരുന്നു. പക്ഷെ ടി.കെ.എമ്മില്‍ ആ വിഷയം ഞങ്ങളെ പഠിപ്പിച്ചത് ബംഗാളില്‍ നിന്നു വന്ന ഒരു മുഖര്‍ജി ആയിരുന്നു. അദ്ദേഹം ഇലക്ട്രോണിക്സ്ഭാഗം മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ. തനിയെ പഠിക്കാന്‍ വളരെ വിഷമമുള്ള ഗണിത ശാസ്ത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന കണ്ട്റോള്‍ സിസ്റ്റം ഞങ്ങള്‍ വളരെ ബുദ്ധിമുട്ടി കഷ്ടിച്ച് അവസാന വര്‍ഷപരീക്ഷക്ക് എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത രണ്ടു ചോദ്യത്തിനെങ്കിലും ഉത്തരം എഴുതാന്‍ മാത്രമേ പഠിച്ചിരുന്നുള്ളൂ. അതുകൊണ്ടു കുട്ടികളെ ഈ വിഷയം പഠിപ്പിക്കാന്‍ ഓരോ ദിവസവും ഒരു മണിക്കൂര്‍ ക്ലാസെടുക്കാന്‍ മൂന്നു മണിക്കൂര്‍ വരെ രാത്രിയില്‍ തയ്യാറെടുപ്പും നോട്ടെഴുതലുമൊക്കെ വേണ്ടി വന്നു.
ലൈബ്രറിയില്‍ നിന്നെടുത്ത അഞ്ചും ആറും പുസ്തകങ്ങള്‍ ഒരോന്നായി വായിച്ചു സ്വന്തമായി നോട്ടെഴുതുക ശ്രമകരമായിരുന്നു. എന്നാലും പുതിയ വിഷയം പഠിക്കാനുള്ള ആഗ്രഹത്തില്‍ അത് ചെയ്തു വന്നു. പോരാഞ്ഞു എന്റെ അദ്ധ്യാപന ജീവിതത്തില്‍ ക്ലാസെടുക്കുന്നുതിനു മുമ്പ് വിശദമായ നോട്ടെഴുതി വക്കുക എന്നത് ആദ്യം മുതലേ ഉള്ള ശീലമായിരുന്നു. ഒരു കോര്‍സിനു ഞാന്‍ തയാറാക്കിയ നോട്ടുകള്‍ 200 പേജിന്റെ രണ്ടോ മൂന്നോ ബുക്കുകള്‍ വരെ ഉണ്ടാകും. ആദ്യമാദ്യം ചിലസമയത്തു ക്ലാസ്സില്‍ വച്ച് ഈ നോട്ടുകള്‍ വായിക്കുകയോ നോക്കുകയോ ചെയ്യുമായിരുന്നു. പിന്നെ പിന്നെ ഈ ബുക്കുകള്‍ മാജിക്കുകാരന്റെ മാന്ത്രിക വടി പോലെ മേശപ്പുറത്തിരിക്കും അത്യാവശ്യം വന്നാല്‍ മാത്രം തുറന്നു നോക്കും എന്ന് മാത്രം. ഇതേ വിഷയം പിന്നീട് കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ ഈ നോട്ടുകള്‍ അടിസ്ഥാനമാക്കി കൂടുതല്‍ വിവരങ്ങള്‍ മാര്‍ജിനില്‍ മറ്റും എഴുതി ചേര്‍ക്കുമായിരുന്നു. ദോഷം പറയരുത്, ഈ ശീലം എനിക്ക് അടുത്തൂണ്‍ പറ്റുന്നതു വരെ ഉണ്ടായിരുന്നു. ടെക്സ്റ്റു പുസ്തകവുമായി അല്ലെങ്കില്‍ കയ്യും വീശി ഞാന്‍ ക്ലാസില്‍ ഒരിക്കലും പോകാറില്ലായിരുന്നു. ചില ശീലങ്ങള്‍ മാറ്റാന്‍ വിഷമമാണല്ലോ. ഇപ്പോഴും പത്തു മിനുട്ട് ഒരു ഉദ്ഘാടനപ്രസംഗം ആണെങ്കിലും പറയാനുള്ളത് ഒന്നെഴുതി വച്ചത് എന്റെ പോക്കറ്റില്‍ ഉണ്ടാവും. അത് ആത്മവിശ്വാസത്തിനു ആവശ്യമായി തീര്‍ന്നിരിക്കുന്നു. ഇങ്ങനെ ഞാന്‍ എഴുതി വച്ച നോട്ടുബുക്കുകള്‍ നേരെ ചൊവ്വേ എഡിറ്റു ചെയ്‌താല്‍ പല വിഷയത്തിനും പുസ്തകങ്ങള്‍ ആക്കാമായിരുന്നു.ചുരുക്കത്തില്‍ മധുവിധു ആഘോഷിക്കാന്‍ കൂടെ വന്ന നവവധു കൂര്‍ക്കം വലിച്ചു നല്ല രണ്ടുറക്കം കഴിയുമ്പോഴായിരുന്നു ഞാന്‍ ക്ലാസിനുള്ള തയാറാടുപ്പും കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നിരുന്നത്.
Comments
Post a Comment