15 . കുടുംബ വഴിയിലേക്ക്

 


ക്യാമ്പസ്സില്‍ താമസസൌകര്യത്തില്‍  അനിശ്ചിതത്വം  ഉണ്ടായിരുന്നു  എങ്കിലും മറ്റുകാര്യങ്ങള്‍  മുറ പോലെ തന്നെ   നടക്കുന്നുണ്ടായിരുന്നു. ശ്രീമതി അധികം   താമസിയാതെ തന്നെ അടുത്തഘട്ടത്തിലേക്ക്  കടന്നു. മനം പുരട്ടലും തല ചുറ്റലുമൊക്കെ ആയി. അന്ന്   ഞങ്ങളുടെ ഏറ്റവും  അടുത്തുള്ള ആശുപത്രി   നിര്‍മ്മലാ ആശുപത്രി ആയിരുന്നു. അവിടെ  ഉണ്ടായിരുന്ന സ്ത്രീരോഗവിദഗ്ദ്ധ  ഒരു  ഇറ്റാലിയന്‍ സിസ്റ്റര്‍  ( ഡോ. മറിയ  ആല്‍ബെറോണീ ) ആയിരുന്നു  അയാളെ  പരിശോധിച്ചത്. കുഴപ്പമൊന്നുമില്ല. ജാറ്ഡിയ  എന്ന ഒരു വിരശല്യം  ഉണ്ട്  എന്നു  മാത്രം പറഞ്ഞു. ഈ സാധനം  എവിടെ  നിന്നു  കിട്ടി  എന്നറിയാന്‍  കഴിഞ്ഞില്ലെങ്കിലും  മരുന്നു കൊടുത്തു. പിന്നെ സാധാരണ   ഗര്‍ഭകാല ടോണിക്കും ഇരുമ്പ്  ഗുളികയും  മാത്രം  കൊടുക്കാന്‍   പറഞ്ഞു. ഇരുമ്പ്  ഗുളിക  ശ്രീമതിക്ക്  അത്ര   സ്വീകാര്യം  അല്ലായിരുന്നു  എങ്കിലും മനസ്സില്ലാമനസ്സോടെ എങ്കിലും    ഗര്‍ഭത്തില്‍ ഉള്ള  കുഞ്ഞിനെ  ഓര്‍ത്ത്  അതെല്ലാം  കഴിച്ചു. പക്ഷേ  ച്ഛര്‍ദ്ദിയും മറ്റു  ബുദ്ധിമുട്ടുകളും  കൊണ്ട്   കക്ഷി   നല്ലതുപോലെ ക്ഷീണിച്ചിരുന്നു. മദ്ധ്യവേനല്‍   അവധി ആയപ്പൊള്‍ വീട്ടിലേക്കു  പോന്നു. ഞാന്‍ അദ്ധ്യയന  വര്‍ഷം  പകുതി  ആയ സെപ്റ്റംബറില്‍ മാത്രം  ജോലിക്ക്  ചേര്‍ന്നതു കൊണ്ട് എല്ലാവര്‍ക്കും ഉള്ള രണ്ടു മാസം വെക്കേഷനില്‍   ഒരു   മാസം  മാത്രമേ  എനിക്ക് അര്‍ഹമായിരുന്നുള്ളു.  ഒരു മാസം   അവധി വീട്ടില്‍  കഴിഞ്ഞു. ബാക്കി സമയം  തിങ്കള്‍  മുതല്‍  വെള്ളി  വരെ  കോളേജിലും വെള്ളിയാഴ്ച രാത്രി  വീട്ടിലേക്ക്  തിരിക്കും . ഞായറാഴ്ച  രാത്രി  ആലപ്പുഴയില്‍  നിന്നും അപൂര്‍വം   കണ്ണൂര്‍   ഡീലക്സിലും അതു കിട്ടിയില്ലെങ്കില്‍  ഫാസ്റ്റ്  പാസഞ്ചര്‍   ബസ്സിലും രാവിലെ  കോളേജില്‍  എത്തിയിരുന്നു.  

മദ്ധ്യവേനല്‍ അവധിക്കു ശ്രീമതിയെ വീട്ടിലാക്കിയെങ്കിലും ജുണില്‍ പുതിയ അദ്ധ്യയനവര്‍ഷം  ആരംഭിച്ചപ്പോള്‍ തിരിച്ചു ക്യാമ്പസ്സില്‍ എങ്ങനെ വരും എന്നായി. സാം സാറിന്റെ പത്നി തിരിച്ചുവരുമ്പോള്‍ വീടൊഴിഞ്ഞു  കൊടുക്കണമല്ലോ എന്നു  ചിന്തിച്ച് എങ്ങനെയെങ്കിലും ആഗസ്റ്റ്‌ വരെ കഴിയാന്‍ അടുത്തയിടം അന്വേഷിച്ചു തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് ഏതാനും F ടൈപ്പ് ക്വാറ്ട്ടറുകള്‍  ഒഴിവു വന്നത്. അതിലൊന്നു ഭാഗ്യവശാല്‍ ഞങ്ങള്‍ക്കും കിട്ടി. സാം സാറിന്റെ ക്വാര്‍ട്ടേര്‍സിനടുത്തു തന്നെ. ഞങ്ങളുടെ സ്റ്റാഫ് നര്‍സായിരുന്ന   ശ്രീമതി ഗൌരി പൊതുവാളിന്റെ തൊട്ടടുത്ത വീട് തന്നെ. അങ്ങനെ ആര്‍.ഈ.സി ക്യാമ്പസ്സില്‍ സ്വന്തമായി ഒരു താമസസ്ഥലം കിട്ടി. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടു അത്യാവശ്യം വേണ്ട  ബാക്കി ഫറ്ണിച്ചറും മറ്റും വാങ്ങി താമസം ഉറപ്പിച്ചു.

 

Comments