6. പാലക്കാട്ടെ ആദ്യ ദിനങ്ങള്‍

 


 

വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ്   അല്‍പ്പം  നേരത്തെ പോകാന്‍  അനുവാദം വാങ്ങി പാലക്കാട്ടേക്കുള്ള   ബസ്സില്‍  കയറി. അന്നു കോഴിക്കോടു നിന്ന് മലപ്പുറം   പെരിന്തല്‍മണ്ണ  വഴി  4 മണിക്കൂര്‍   വരെ എടുക്കും  ബസ്സില്‍  പാലക്കാട്ടെത്താന്‍ . രാത്രി  10  മണിയൊക്കെ  ആവും  വീട്ടില്‍ എത്താന്‍. ഉറക്കക്കാര്യത്തില്‍  അല്‍പ്പം ഭ്രാന്തിയായ ശ്രീമതി   ഒരുറക്കം കഴിഞ്ഞിട്ടുണ്ടാവും. ഏതായാലും വിവാഹം  കഴിഞ്ഞ്  രണ്ട് ദിവസം ആയെങ്കിലും കാര്യമായി  ഒന്നും  സംസാരിച്ചു  തുടങ്ങിയിട്ടും കൂടെ  ഇല്ലമായിരുന്നു. അയാളുടെ  സ്വാഭാവികമായ നാണവും ജ്യേഷ്ടന്‍റെ  ഭാര്യയുടെയും  മക്കളുടെയും  സാമീപ്യവും  കൊണ്ട് സ്വകാര്യമായി  കിട്ടുന്ന  നിമിഷങ്ങള്‍   കുറവായിരുന്നു എന്നതും കാരണമായിരുന്നു. ശനിയും  ഞായറും വൈകുന്നേരമാകുമ്പോള്‍  പുറത്തിറങ്ങും. ഒരു ദിവസം   ടിപ്പുവിന്‍റെ  കോട്ടയില്‍  പോയി   കുറെ  നേരം  അവിടെ ഇരുന്നു. ഇന്ത്യന്‍  കോഫീ ഹൌസില്‍  പോയി   ഒരു കാപ്പിയും  നെയ്റോസ്റ്റും  വാങ്ങി  കഴിച്ച്   വീട്ടിലേക്ക്  പോന്നു. ഞായറാഴ്ച ഒരു  സിനിമാ   കാണാം  എന്നു കരുതി.  കല്‍പ്പാത്തിയിലേക്ക്  പോകുന്ന വഴിയുള്ള  ഒരു ഓല കെട്ടിയ തിയേറ്ററില്‍ ആണ് കയറിയത്. സിനിമാ  കാണാനുള്ള  ആഗ്രഹം  കൊണ്ടൊന്നുമല്ല വെറുതെ  കുറെനേരം   ഒരുമിച്ചിരിക്കാന്‍   മാത്രം. കയറിക്കഴിഞ്ഞതാണ്  മനസ്സിലായത്  ചിത്രം   ദി  ബൈബിള്‍  . ആദാമും  ഹവ്വായും  പാമ്പും എല്ലാം വന്നു  പോയി   ചിലതൊക്കെ  കണ്ടു , സായിപ്പന്മാര്‍  വര്‍ഷങ്ങള്‍   കൊണ്ട്   ശ്രദ്ധിച്ച്  ഗവേഷണം  നടത്തി ഉണ്ടാക്കിയ  സിനിമ.  ഞങ്ങള്‍   കണ്ടുവോ  ഓര്‍മ്മയില്ല. അങ്ങനെ  ആദ്യത്തെ  വാരാന്ത്യം  കഴിഞ്ഞു. വീണ്ടും  പുലര്‍ച്ചെ  കോഴിക്കോട്ടേക്ക്. ഇത്തവണ  10  മണിക്ക് തന്നെ  കൊളേജില്‍  എത്തി.  തിങ്കളാഴ്ച  തിയറി  ക്ലാസ്  ഇല്ലാതിരുന്നതു  കൊണ്ട്  ഉച്ചക്ക്   ലാബറട്ടറി  ക്ലാസ്   മാത്രമേ  ഉണ്ടായിരുന്നുള്ളു.

 



അടുത്ത  ആഴ്ചയും  ഇതൊക്കെ  തന്നെ , ഒരു ദിവസം  ഉച്ച  കഴിഞ്ഞ്  മലമ്പുഴ ഡാം  കാണാന്‍  പോയി . അന്ന്   പൂന്തോട്ടം ശരിയായി  വരുന്നേ ഉണ്ടായിരുന്നുള്ളു. കാനായി കുഞ്ഞുരാമന്‍റെ   യക്ഷിയും മറ്റും  വന്നിട്ടില്ല. അക്വേറിയം  ഉണ്ടായിരുന്നു എന്നാണോര്‍മ്മ.  മൊബൈലും  ഫോട്ടൊയും ഒന്നും  ഇല്ലായിരുന്ന അക്കാലത്തെ ഓര്‍മ്മകളും മങ്ങിപ്പോയി. അടുത്ത  ദിവസം ന്യൂ  തിയേറ്ററില്‍ ഒരു തമിഴ്   പടം ആയിരുന്നു. ജയലളിതയും എം ജി ആറും  അഭിനയിച്ച  കുമരിപ്പെണ്‍  ആയിരുന്നു  എന്ന്  തോന്നുന്നു. ജയലളിതയുടെ  ഡാന്‍സും  മറ്റും  കണ്ടു.  ഈ ചിത്രം  കൊല്ലത്ത്  കിളികൊല്ലൂര്‍  എസ് വി  തിയേറ്ററില്‍  സെക്കന്‍ഡ് ഷോ   കണ്ടതുമായിരുന്നു. തമിഴ്  പടം   ആയതുകൊണ്ട് ശ്രീമതിക്ക്ഡയലോഗ് ഒന്നും  മനസ്സിലായിട്ടുണ്ടാവില്ല.  അവിടെയും  സിനിമാ  കാണാന്‍  അല്ലല്ലോ  കയറിയത് എന്ന് സമാധാനം . അന്നും   ഇന്ത്യന്‍  കോഫീ ഹൌസില്‍  നിന്നു ഇത്തവണ   മസാല ദോശയും കാപ്പിയും  കഴിച്ചു   രാത്രി  വീട്ടില്‍  എത്തി.   





Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും