8.വിവാഹ മോതിരവും സിമുലേഷനും
ഞങ്ങളുടെ, എന്‍റെയും ശ്രീമതിയുടെയും വീടുകള്‍ തമ്മില്‍
ഏതാണ്ട് ഒരു കിലോമീറ്റര്‍
ദൂരം മാത്രമേ ഉള്ളു.
എന്‍റെ വീടു നെല്‍പ്പാടത്തിന്‍റെ നടുവിലും
അയാളുടേത് പമ്പാ നദിയുടെ ഒരു ഉപശാഖയായ മണിമലയാറിന്‍റെ തീരത്തും. വേനല്‍ക്കാലം ആകുമ്പൊള്‍
പുഴയില്‍ കുളിക്കുന്നതിന്‍റെ സുഖം കൊണ്ട് നാട്ടില്‍
ഉള്ളപ്പോള്‍ രാവിലെ പുഴയില്‍ കുളിക്കുന്നത് പതിവായിരുന്നു. അങ്ങനെ അവധിക്കു
വീട്ടില്‍ ഉള്ള ഒരു ദിവസം ഞാനും
എന്‍റെ അളിയന്മാരില്‍ ഒരാളും
കൂടി ശ്രീമതിയുടെ വീട്ടിന്‍റെ മുമ്പിലെ
പുഴക്കടവില്‍ കുളിക്കാന്‍ ഇറങ്ങി, വിവാഹം കഴിഞ്ഞ്
അധികനാളായിട്ടില്ല. എന്‍റെ കയ്യില്‍ ശ്രീമതിയിട്ട
വിവാഹമോതിരം എന്‍റെ മോതിരവിരലില്‍ അല്‍പ്പം അയഞ്ഞതായിരുന്നു. ഇപ്പോഴൊക്കെ പെണ്‍വീട്ടുകാര്‍ അവരുടെ
കുട്ടിയുടെ വിരലിനു
പാകത്തിലും വരന്‍റെ വീട്ടുകാര്‍
വരന്‍റെ പാകത്തിലും മോതിരം ഉണ്ടാക്കി വിവാഹ സമയത്ത് പരസ്പരം കൈമാറി ഇടുകയാണല്ലോ പതിവ്. പക്ഷേ അന്നു
ആ പതിവുണ്ടായിരുന്നില്ല എന്നു തോന്നുന്നു.
വിശദമായ കുളിക്കിടയില്‍ കയ്യില്‍
സോപ്പ് തേച്ചപ്പോള്‍ അയഞ്ഞു കിടന്ന മോതിരം
സോപ്പിന്‍റെ വഴുക്കലില്‍ തെന്നി
ആറ്റിലേക്ക് വീണു. വെള്ളം
അത്ര തെളിഞ്ഞത് ആയിരുന്നില്ല.
പോരാഞ്ഞ് കുളിക്കുമ്പോള്‍ വെള്ളം കുറെയൊക്കെ കലങ്ങുകയും ചെയ്യുമല്ലോ. കടവില്‍ സാധാരണ കുളിക്കുന്ന
ഭാഗം മാത്രം താഴെ നല്ല
മണലായിരിക്കും. പക്ഷേ കടവില്‍ നിന്നു മാറി
രണ്ട് വശത്തേക്കും ആഴത്തിലേക്കു
പോകുമ്പൊഴും മണല്‍ ഉണ്ടാവില്ല, ചെളി ആയിരിക്കും.
മോതിരം ചെളിയില്‍ വീണാല്‍
കാല്‍ ചവിട്ടി ചെളിയില്‍
താഴ്ന്നുപോകുകയേ ഉള്ളൂ.
അങ്ങനെ താഴ്ന്നു പോയാല്‍ തപ്പിനോക്കി
കിട്ടാനുള്ള സാദ്ധ്യത
തീരെയില്ല. ഏതായാലും ഞാനും
അളിയനും കുറെ നേരം
തപ്പി നോക്കി. കുളിക്കാന്‍
പോയ ആള്‍ക്കാരെ നേരം വൈകിയിട്ടും കാണാഞ്ഞതു കൊണ്ട്
ഓരോരുത്തരായി അന്വേഷിച്ചു വന്നു കൊണ്ടിരുന്നു. ശ്രീമതി താന്‍ പ്രിയതമനു വിവാഹസമയത്ത് സ്നേഹപൂര്‍വം അണിയിച്ച മോതിരം കളഞ്ഞു
പോയതില്‍ കരച്ചിലിന്‍റെ
വക്കത്ത് എത്തി. ഞങ്ങള്‍ തപ്പല്‍
തുടര്‍ന്നു കൊണ്ടിരുന്നപ്പൊള്‍ കടത്തു
കടവില്‍ നിന്ന് കേട്ടറിഞ്ഞു
മറ്റു ചിലരും ഞങ്ങളെ സഹായിക്കാന്‍ വന്നു
തപ്പാന്‍ തുടങ്ങി. ആളു കൂടുന്തോറും
മോതിരം കിട്ടാനുള്ള സാദ്ധ്യത
കുറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഇതൊക്കെ
ശ്രദ്ധിച്ചു കൊണ്ട് കരയില്‍
നിന്ന ഒരു പ്രായമായ അമ്മാവന്‍ പറഞ്ഞു .” അനിയാ ഞാന്‍ പറയുന്നതു പോലെ
ഒന്നു ചെയ്തു നോക്ക്. നിങ്ങളുടെ
കടവില്‍ വീണു പോയ മോതിരത്തിന്‍റെ ഏകദേശം
അതേ ഭാരം ഉള്ള മറ്റൊരു
മോതിരം ഒരു നീണ്ട നൂലില്‍ കെട്ടി കയ്യില്‍ ഇട്ട് നിങ്ങള്‍
സോപ്പു തേച്ചതു പോലെ സോപ്പ്
തേച്ചു മോതിരം വെള്ളത്തിലേക്ക് വീഴ്ത്താന്‍ ശ്രമിക്കൂ. എനിക്കു പെട്ടെന്ന്
ഞങ്ങള്‍ സിസ്റ്റംസ് ശാസ്ത്രത്തില്‍ ചെയ്യുന്ന
സിമുലേഷന്‍ എന്ന പരീക്ഷണം ഓര്‍മ്മ വന്നു. ( ചില
പരീക്ഷണങ്ങള്‍ നേരിട്ട് ചെയ്യുന്നതിനു പകരം
മിക്കവാറും അതു പോലെ തന്നെ ഒരു മാതൃക ഉപയോഗിച്ചു
ചെയ്തു നോക്കുന്ന രീതി ). ഞാന്‍ വേറെ ഒരു മോതിരം സംഘടിച്ച് കഴിവതും
മുമ്പ് എന്‍റെ മോതിരം നഷ്ടപ്പെട്ടതു പോലെ
ചെയ്തു. പുതിയ മോതിരം വെള്ളത്തിലേക്ക് പ്ലം എന്നു
വീണു. നമ്മുടെ അമ്മാവന്‍ പറഞ്ഞു
“ അനിയാ, സാവകാശം ആ
നൂലിന്‍റെ അറ്റം വിടാതെ
മോതിരം എവിടെ എന്നു നോക്കൂ. ഭാഗ്യം
ഉണ്ടെങ്കില്‍ ആ പുതിയ മോതിരം
പഴയ മോതിരത്തിന്‍റെ അടുത്തു
തന്നെ കാണും, നോക്കൂ.” വലിയ
പ്രതീക്ഷയൊന്നും ഇല്ല്ലായിരുന്നു എങ്കിലും
ഞാന്‍ നോക്കി. അത്ഭുതമെന്നു
പറയട്ടെ , പഴയ മോതിരവും പുതിയ
മോതിരവും അടുത്തടുത്തു കിടക്കുന്നു, എല്ലാവര്‍ക്കും സന്തോഷമായി,
ഞാന്‍ കരക്കു കയറി ഈ
ആശയം പറഞ്ഞു തന്ന അമ്മാവനോട് ചോദിച്ചു , “ ചേട്ടാ ഈ
ആശയം താങ്കള്‍ക്കു എങ്ങനെ
കിട്ടി. ഞങ്ങള്‍ ഇത്
എഞ്ചിനീയറിങ്ങില്‍ ഞങ്ങള്‍ പഠിക്കുന്നതാണല്ലോ
“, അദ്ദേഹം
പറഞ്ഞു:അനിയാ ഇതിനു വലിയ എഞ്ചിനീയറിങ്ങ് വൈദഗ്ദ്ധ്യം ഒന്നും
വേണ്ട, ഞങ്ങള്‍
ചിലപ്പോള്‍ ചെയ്യുന്നത് ഇവിടെ ചെയ്തു നോക്കിയെന്നേ ഉള്ളൂ.
ഞങ്ങളുടെയൊക്കെ വീട്ടില്‍ സദ്യ കഴിഞ്ഞ്
ചോറും കറിയുമൊക്കെ ഉണ്ടാക്കിയ
വലിയ വട്ടച്ചെമ്പ് പുഴയുടെ
തീരത്ത് വെള്ളത്തില്‍ ഇറക്കി
വെക്കാറുണ്ട്. അതില്‍ ഉണങ്ങി പിടിച്ച ഭക്ഷ്യസാധനങ്ങള്‍ കുതിര്‍ന്ന ശേഷം വൃത്തിയാക്കാന്‍ വേണ്ടി.
ചിലപ്പോള്‍ ഇവയിലൊരു ചെമ്പ് പുഴയിലെ ഒഴുക്കില്‍
പെട്ടു തെന്നി മാറിപ്പോയാല്‍ ഞങ്ങള്‍ ചെയ്യുന്നത്
അതുപോലെയുള്ള മറ്റൊരു ചെമ്പില്‍ വലിയ
കയറു കെട്ടി ചെമ്പ്
പുഴയിലേക്ക് തെന്നിപ്പോകാന്‍ അനുവദിക്കുകയാണ്. അപ്പോള്‍ കയറുകെട്ടിയ ചെമ്പ് ആദ്യം
പോയ ചെമ്പിന്‍റെ അടുത്തുതന്നെ പോയിക്കിടക്കും. അത്ര വലിയ
ചെമ്പു കണ്ടെത്താന്‍ ഞങ്ങള്‍
നോക്കുന്ന പരിപാടി ഈ ചെറിയ മോതിരം
കണ്ടെത്താന്‍ ഉപയോഗിച്ചു നോക്കി എന്നേ ഉള്ളൂ. ഏതായാലും പരിപാടി വിജയം
ആയല്ലൊ “. അതാണ്
പ്രായോഗിക ബുദ്ധി. മോതിരം കിട്ടിയത്
ശ്രീമതി മങ്കൊമ്പിലമ്മക്ക് അറുനാഴിപ്പായസം നേര്‍ന്നതു കൊണ്ടാണെന്ന് അയാള്‍ അവകാശവാദം ഉന്നയിച്ചു
എങ്കിലും ആ പ്രായമായ
മനുഷ്യന്‍റെ വിജയകരമായ ഉപദേശം വിജയിച്ചതിനു മനസാ അദ്ദേഹത്തെ അഭിനന്ദിച്ചു.
Comments
Post a Comment