9 .ആര്‍.ഈ.സി.ക്യാമ്പസ്സിലേക്ക്

 

കഷ്ടിച്ച്   ഒരാഴ്ച  ആയിരുന്നു  കൃസ്തുമസ്  അവധി.  അവധി മുഴുവന്‍  ബന്ധുക്കളുടെ  വീട്ടില്‍  വിരുന്നു പോയി തീര്‍ന്നു.  ഏതായാലും  അവിടെയും  ഇവിടെയും  നിന്നും  വയറ്റില്‍ കൊള്ളാത്തത്ര  ഭക്ഷണം  കഴിച്ചു എങ്കിലും   വയറ്റില്‍  അസുഖം  ഒന്നുമില്ലാതെ  അവധി ദിവസം  തീര്‍ന്നു  കിട്ടി. നവവധുവിനും  വരനും ഇതിനിടയില്‍   സ്വകാര്യമായി  കഴിയാന്‍   കിട്ടിയ  അവസരങ്ങള്‍   രാത്രിയില്‍  ഏതാനും  മണിക്കൂറുകള്‍ മാത്രം. അതുകൊണ്ട്  കൊളേജ് തുറന്നാല്‍ എങ്ങനെയും  ശ്രീമതിയെയും  കൂട്ടി കോഴിക്കോട്ടേക്ക്   പോകണം  എന്നായിരുന്നു  എന്‍റെ ആഗ്രഹം . ശ്രീമതിക്ക്   കോട്ടയത്ത്  റബ്ബര്‍  ബോര്‍ഡ് കേന്ദ്രത്തില്‍  ഉണ്ടായിരുന്ന   ജോലിയില്‍ നിന്ന്  അവധി  എടുത്തിരിക്കുകയായിരുന്നു. തിരിച്ച്  ജോലിയില്‍  ചേരണോ എന്ന്  തീരുമാനിച്ചിരുന്നില്ല. കോഴിക്കോട്  റബ്ബര്‍  ബോര്‍ഡിന്‍റെ  ഓഫീസിലേക്ക്   മാറ്റം കിട്ടാന്‍  സാദ്ധ്യതയില്ല എന്നാണറിഞ്ഞത്. അതുകൊണ്ട്   ജോലി  രാജിവെക്കുക  മാത്രമേ  വഴിയുള്ളൂ  എന്നായിരുന്നു  പൊതുവെ   തീരുമാനം.

 

കോഴിക്കോട്  ആര്‍.ഈ.സി.യില്‍ പോകാന്‍   തീരുമാനിക്കുന്നത് ഏളുപ്പം  ആയിരുന്നു  എങ്കിലും  രണ്ടു പേരും കൂടി  എവിടെ  താമസിക്കും  എന്നത്  ഒരു പ്രശ്നം തന്നെ  ആയിരുന്നു.. 1969ല്‍   ക്യാമ്പസ്സില്‍  ഇപ്പോഴത്തെപ്പോലെ അദ്ധ്യാപകര്‍ക്കും അദ്ധ്യാപകേതരജീവനക്കാര്‍ക്കും താമസിക്കാന്‍ ആവശ്യമായ  ക്വാര്‍ട്ടേര്‍സുകള്‍  ഉണ്ടായിരുന്നില്ല. ഉള്ളവ തന്നെ   ജോലിയില്‍   ആദ്യമാദ്യം ചേര്‍ന്നവര്‍ക്കായിരുന്നു  മുന്‍ഗണണനാക്രമത്തില്‍   കൊടുത്തിരുന്നത്. ഏതാനും  മാസങ്ങള്‍ക്കു  മുമ്പ്   ജോലിയില്‍ പ്രവേശിച്ച എനിക്ക്   ക്വാര്‍ട്ടേറ്സ്  കിട്ടാനുള്ള  സാദ്ധ്യത ഇല്ല എന്നു  തന്നെ  ആയിരുന്നു സ്ഥിതി. കുറച്ചു  ദിവസം  ഗസ്റ്റ്   ഹൌസില്‍  താമസിക്കാം എന്ന്  തീരുമാനിച്ച്   ഏതായാലും  കക്ഷിയെയും  കൂട്ടി ഒരു ദിവസം   പുലര്‍ച്ചെ   മലബാര്‍  എക്സ്പ്രെസ്സില്‍    കോഴിക്കോട്ട്  ആര്‍ ഈ സി    ക്യാമ്പസ്സില്‍ എത്തി.

 

അന്ന്  ഇന്നത്തെപ്പോലെ   ഗസ്റ്റ്  ഹൌസ് കെട്ടിടം  ഒന്നുമില്ലായിരുന്നു.  റോഡരികില്‍  ഉള്ള  നാലു സി ടൈപ്പ്  ക്വാര്‍ട്ടേറ്സുകളില്‍   ഒരെണ്ണം ആയിരുന്നു   ഗസ്റ്റ്  ഹൌസ്  ആയി   ഉപയോഗിച്ചിരുന്നത്. രണ്ട്  കിടപ്പുമുറികളും ഒരു  സ്വീകരണമുറിയും  അടുക്കളയും  ഉള്ള  ക്വാര്‍ട്ടേറ്സ്. കാന്‍റീന്‍  തൊട്ടടുത്തായിരുന്നതു കൊണ്ട്   ഭക്ഷണം  അവിടെ പോയി കഴിക്കാം  അല്ലെങ്കില്‍  അവിടെ  പറഞ്ഞാല്‍ ക്വാര്‍ട്ടേര്‍സിലേക്ക്  കൊണ്ടുവന്നു  തരും എന്ന  ഗുണം  ഉണ്ടായിരുന്നു. ഗസ്റ്റ്  ഹൌസ് ആയിരുന്നതു   കൊണ്ട്   ഒരു വാച്ച്മാന്‍  എപ്പോഴും അവിടെ   ഉണ്ടായിരുന്നു. ഗോവിന്ദ  മാരാര്‍  എന്ന  മദ്ധ്യ വയസ്കനും അശോകന്‍  എന്ന  ചെറുപ്പക്കാരനും   ആയിരുന്നു   ഗസ്റ്റ്  ഹൌസില്‍  ഡ്യൂട്ടി. രണ്ടു  പേരും വളരെ   സ്നേഹവും  വിനയവും  ഉള്ളവരായിരുന്നു . ഏതായാലും  ഞങ്ങള്‍   അവിടെ  ചെന്ന  ദിവസം  ഗസ്റ്റ് ഹൌസില്‍   വേറെ  ആരും  ഇല്ലായിരുന്നു. കോളേജിലെ ജോലിക്കാര്‍ക്ക്   ഗസ്റ്റ്  ഹൌസില്‍  താമസിക്കാന്‍  മുറി കൊടുക്കുന്നത്   കോളേജിന്‍റെ ഔദ്യോഗിക  അതിഥികള്‍  വന്നാല്‍   അവര്‍ക്ക്   മുറി ഒഴിഞ്ഞു  കൊടുക്കണം  എന്ന  വ്യവസ്ഥയില്‍  ആയിരുന്നു.  ഏതായാലും  ഒരാഴ്ച  ആരുടെയും  ശല്യം  ഇല്ലാതെ  കഴിഞ്ഞു. കാന്‍റീനില്‍  നിന്നു  ഭക്ഷണം , ഞാന്‍   9 മണി  ആകുമ്പോള്‍  കോളേജില്‍ പോകും , ശ്രീമതിക്ക്  ഒന്നും ചെയ്യാന്‍ ഇല്ലാതിരുന്നതുകൊണ്ട്   ഉറക്കം തന്നെ  ഉറക്കം . ഉച്ചക്ക് ഭക്ഷണം  കഴിച്ച്   ഞാന്‍ വീണ്ടും പോകും ,ശ്രീമതി   ഉറക്കം  തുടരും. ഉറക്കം  കൂടി   ചില ദിവസം   ഞാന്‍ കോളേജില്‍   നിന്നു  തിരിച്ചു വന്നാല്‍   ബെല്ലടിച്ചാല്‍   വാതില്‍ തുറക്കാന്‍  പോലും     വൈകിയ  അവസരവും  ഉണ്ടായിട്ടുണ്ട്. റോഡരുകില്‍  ഉള്ള ക്വാര്‍ട്ടേര്‍സ് ആയതു കൊണ്ട്  ജനാലക്കു  തട്ടി  ഉണര്‍ത്തേണ്ട നാണക്കേട്  ഒരിക്കല്‍ ഉണ്ടായി   എന്നതും  സത്യമാണ്.

 

പക്ഷേ  ഞങ്ങളുടെ  സ്വൈരതാമസം  ഏതാനും  ദിവസമേ  നിലനിന്നുള്ളൂ . മൂന്നു ദിവസം  കഴിഞ്ഞപ്പോള്‍  കോളെജിന്‍റെ  അതിഥിയായി കാലിക്കട്ട് സര്‍വകലാശാലയുടെ  ആദ്യത്തെ ഫിസിക്കല്‍  എഡ്യുക്കേഷന്‍   ഡയരക്ടര്‍  ആയിരുന്ന  ശ്രീ.ജേക്കബ്  അടുത്ത  മുറിയില്‍  വന്നു. പകല്‍  സമയം മുഴുവന്‍  കോളേജില്‍ ഔദ്യോഗിക കാര്യം  നിര്‍വഹിച്ച ശേഷം    വൈകുന്നേരങ്ങളില്‍  അദ്ദേഹത്തിന്‍റെ  ചങ്ങാത്തം   രസകരമായി  തോന്നി.  ജര്‍മ്മനിയിലും മറ്റു വിദേശ രാജ്യങ്ങളിലും ധാരാളം  യാത്രചെയ്തിരുന്ന  അദ്ദേഹം  സരസമായി സംസാരിക്കുമായിരുന്നു.  തീരെ  പരിചയമില്ലാത്ത  അദ്ദേഹത്തിന്‍റെ സംഭാഷണം  കേള്‍ക്കാന്‍  ആദ്യം   മടി  ആയിരുന്നു എങ്കിലും  ക്രമേണ  ശ്രീമതിയും   ഞങ്ങളുടെ  കൂടെ   കേള്‍ക്കാന്‍   കൂടി. അങ്ങനെ  ഒന്നു രണ്ടാഴ്ച  മുന്നോട്ടു  പോയി. പക്ഷേ  ഗസ്റ്റ്  ഹൌസ്   ജീവിതം എത്രനാള്‍   തുടരാന്‍  കഴിയും  എന്ന അനിശ്ചിതത്വത്തില്‍   നിന്നു  രക്ഷപെടാന്‍  മാര്‍ഗ്ഗം  അന്വേഷിച്ചു   തുടങ്ങി.

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും