19. കുഞ്ഞുമോളൂമായി ക്യാമ്പസ്സിലെ ജീവിതം
ശ്രീമതിയുടെ പ്രസവ ശുശ്രൂഷയും മറ്റും കഴിഞ്ഞ
ഒരു ലക്കത്തില്‍ പറഞ്ഞുവല്ലോ.. ആദ്യത്തെ കണ്മണിയുയും ശ്രീമതിയുമായി ആര്‍.ഈ.സി.ക്യാമ്പസ്സില്‍
വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും കൂടാതെ കഴിഞ്ഞു പോയി. കുഞ്ഞു തികച്ചും ഒരു അമുല്‍
ബേബി ആയിരുന്നു, കാരണം അമുലിന്റെ പാല്‍പ്പൊടി തന്നെ അയാളുടെ പ്രധാന ആഹാരം . നല്ല ഫോട്ടോജെനിക്
ആയ മുഖം. തന്റെ ഉണ്ടവയറും താങ്ങി ഉള്ള പല്ലു മുഴുവന്‍ പുറത്തിട്ടു ആരെക്കണ്ടാലും
ചിരിക്കും. പിന്നെ എന്റെ കൂടെ ചിലപ്പോള്‍ ക്ലബ്ബില്‍ കൊണ്ടുപോകുന്നതു കൊണ്ടു പലര്‍ക്കും
അവളെ പരിചയമായി അവരില്‍ പലരും അവളെ ഓമനിക്കാനും തുടങ്ങി.
ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റില്‍ ഞങ്ങളുടെ അടുത്ത വര്‍ഷം
ജോലിയില്‍ ചേര്‍ന്ന ടി.എല്‍. ജോസ്, എ.രാമലിംഗം, എം.എസ്.ഐസക്,
കെ.എ.ജോസഫ് എന്നിവരെല്ലാവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു.
രാമലിംഗം അയാളുടെ സ്വന്തം ക്യാമെറായില്‍ മോളുടെ കുറെ ഫോട്ടോ എടുത്തു തന്നു,
അമ്മയുടെയും എന്റെയും ഉള്‍പ്പെടെ. അന്നത്തെ ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ ചിലതിപ്പോഴും അത്ര മോശമാകാതെ ഉണ്ട്. അവയില്‍ ചിലത്
സ്കാന്‍ ചെയ്തത് ഇതോടോപ്പം കൊടുക്കുന്നു. ഇവരില്‍ രാമലിംഗം എയര്‍ ഇന്ത്യയില്‍
ഗ്രൌണ്ട് എഞ്ചിനീയര്‍ ആയി പോയി. ഐസക് , ജോസഫ് എന്നിവര്‍
ഇലക്ട്രിസിറ്റി ബോര്‍ഡിലും ജുനിയര്‍ എഞ്ചിനീയര്‍മാരായി ചേര്‍ന്നു. ടി.എല്‍. ജോസ് ദീര്‍ഘകാലം
ആര്‍.ഈ.സി.യില്‍ തന്നെ ജോലി ചെയ്ത് എന്നെപ്പൊലെ
റിട്ടയര്‍ ആയി തൊടുപുഴയില്‍ കഴിയുന്നു.
F ടൈപ് ക്വാര്‍ട്ടേര്‍സിലെ താമസത്തിനിടയ്ക്ക്
അയല്‍ വാസികള്‍ ആയിരുന്നു ഞങ്ങളുടെ തന്നെ ഡിപ്പാര്‍ട്ടുമെന്റിലെ രഘുരാമിറെഡ്ഡിയും
മെക്കാനിക്കലിലെ ഈ.എം. സോമശേഖരന്‍ നായര്‍, ജോര്‍ജ് വര്‍ഗീസ് , മാത്ത്സിലെ ഒ
ടി ജോര്‍ജ്, സുലൈമാന്‍ സാര്‍ എന്നിവര്‍. സുലൈമാന്‍ സാര്‍
ടികെ എമ്മില്‍ നിന്ന് വന്നതായിരുന്നു. അവിടെ വച്ച് എനിക്കു ക്ലാസ് എടുത്തിട്ടില്ല
എങ്കിലും ഞാന്‍ അദ്ദേഹത്തെ ഗുരുതുല്യനായി തന്നെ കണക്കാക്കിയിരുന്നു. റെഡ്ഡിയുടെ
ഭാര്യ രേവതി ശ്രീമതിക്ക് നല്ല കൂട്ടായിരുന്നു, അവരുടെ ക്വാര്‍ട്ടറിനു
തൊട്ടു പുറകില്‍ താമസിച്ചിരുന്ന നര്‍സമ്മയ്ക്ക് തെലുങ്കുഭാഷ കുറേശ്ശെ
അറിയാമായിരുന്നു. തെലുങ്കു അറിയാന്‍ വയ്യെങ്കിലും ശ്രീമതിയും ഇവരുടെ കൂടെ കൂടും.
മദ്ധ്യ വേനല്‍ അവധി വരെ അടിച്ചു പൊളിച്ചു ജീവിച്ചു. കോതമംഗലത്തു നിന്നു വന്ന ഒരു ഫിസിക്കല്‍ എഡ്യുക്കേഷന്‍ അദ്ധ്യാപകന്‍ ജോണ്
ഫിലിപ്പും അന്ന് ഞങ്ങളുടെ അയല്വാസിയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ മോളുടെ അതെ
പ്രായം ആയിരുന്നു. ആരോഗ്യത്തില്‍ അല്‍പ്പം പിന്നോക്കം ആയിരുന്നു ആ കുട്ടി.
ഏപ്രില്‍ മേയ് ആയപ്പോള്‍ പതിവ് പോലെ അമ്മയെയും മോളെയും വീട്ടിലാക്കി
വീണ്ടും സമ്മര്‍ സ്കൂളിനു മദിരാശിയിലേക്ക് പുറപ്പെട്ടു. മൂന്നു സമ്മര്‍ സ്കൂളില്‍
അവസാനത്തെതായിരുന്നു.
മൂന്നാമത്തെ സമ്മര്‍ സ്കൂള്‍ പരീക്ഷകൂടി കഴിഞ്ഞാല്‍ മാത്രമേ എം ടെക്കിനു
ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയുമോ എന്നറിയൂ. അങ്ങനെ 5000 മീറ്റര്‍ ഓട്ടത്തിന്റെ അവസാന
ലാപ്പ് ഓടുന്നതു പോലെ പരീക്ഷകള്‍ എല്ലാം ഒരു വിധം നന്നായി എഴുതി. അത്ര മോശമല്ലാത്ത
ഗ്രെയ്ഡും കിട്ടി. ഏതായാലും മൂന്നു സമ്മര്‍ ക്ലാസ്സുകളിലെയും പരീക്ഷകളെല്ലാം
വിജയകരമായി പൂര്‍ത്തിയാക്കിയ ആര്‍.ഈ.സി യില്‍ നിന്നും വന്ന ഞങ്ങള്‍ രണ്ടാള്‍ക്കും വെങ്കടരമണിക്കും എനിക്കും നേരിട്ട് രണ്ടാം വര്‍ഷത്തേക്ക്
സെലക്ഷന്‍ കിട്ടി. വെങ്കടരമണി ഇല്കട്രോണിക്സും ഞാന്‍ കണ്ട്രോള്‍ സിസ്റ്റവും
ആയിരുന്നു പ്രത്യേക വിഷയങ്ങളായി തിരഞ്ഞെടുത്തിരുന്നത്. വൈവി എന്ന് ഞങ്ങള്‍ വിളിക്കുന്ന വെങ്കട രമണി ഐ ഐ
ടി മദ്രാസില്‍ നിന്ന് തന്നെ ബി ടെക് കഴിഞ്ഞയാളായിരുന്നു. എനിക്ക് ഡിപ്പാര്‍ട്ടുമെന്റില്‍
വളരെയധികം സഹായിയും ആയിരുന്നു അദ്ദേഹം . തമിഴ് നാട്ടുകാരനായിരുന്നു എങ്കിലും എജീസ്
ഓഫീസില്‍ ഉദ്യോഗസ്ഥനായ അച്ഛന്റെ കൂടെ ആറോ ഏഴോ സംസ്ഥാനങ്ങളില്‍ താമസിച്ച
ആളായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി ശമ്പളം ഇല്ലാത്ത
അവധിക്കു അപേക്ഷ കൊടുത്തു. പക്ഷെ എന്റെ അപെക്ഷ ഞാന്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയില്ല
എന്ന കാരണം പറഞ്ഞു നിരസിച്ചു. വൈവിക്കു മാത്രം അവധി അനുവദിച്ചു.
സമ്മര്‍ സ്കൂള്‍ കഴിഞ്ഞു വീണ്ടും ഭാര്യയും മകളുമായി
ക്യാമ്പസില്‍ എത്തി. അതിനിടയില്‍ ശ്രീമതിയുടെ നല്ല സുഹൃത്തായിരുന്ന റെഡ്ഡിയുടെ
ഭാര്യ രേവതി നാട്ടില്‍ വച്ച് ഒരപകടത്തില്‍ (തീപ്പോള്ളലേറ്റ് ) മരണമടഞ്ഞു
എന്നറിഞ്ഞു. അതിനു ശേഷം റെഡ്ഡിയും ജോലി രാജി വെച്ച് തിരുപ്പതി ശ്രീ വെങ്കടേശ്വര
എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകനായി പോയി. അവിടെ നിന്ന് അദ്ദേഹം ഐ ഐ ടി
മദ്രാസില്‍ പി എച് ഡി ക്കു പോകുകയും വേറെ വിവാഹം കഴിച്ചു കുട്ടികളുമായി സുഖമായി
കഴിയുന്നു എന്നും കേട്ടു.




Comments
Post a Comment