28 :ക്യാമ്സ്സിലെ ജനസേവനം തൊഴിലാക്കിയവര്‍
കോഴിക്കോട് ആര്‍.ഈ.സി ക്യാമ്പസില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും വീട്ടുകാരികള്‍ക്ക് സഹായികളായി നാലഞ്ചു പേര്‍ ഉണ്ടായിരുന്നു. ഇവരെ എല്ലാം പൊതുവേ ആള്‍ക്കാര്‍ ‘കോയ’ എന്ന പൊതുവായ പേരിലാണ് വിളി ച്ചിരുന്നത്. ഇവരില്‍ ഓരോരുത്തരുടെയും സ്വഭാവവും രൂപവും അനുസരിച്ച് ‘കോയ’ എന്നുള്ളതിന് മുമ്പ് ഒരു വിശേഷണം ചേര്‍ത്താണ് ഇവരെ തിരിച്ചറിഞ്ഞിരുന്നത്. ശരിക്കും അവര്‍ ‘കോയ’ എന്ന പേരിനു എങ്ങനെ അര്‍ഹരായി എന്ന് ചോദിക്കരുത് എം.ടി.വാസുദേവന്‍ നായരുടെ സിനിമകളിലെ നെല്ലിക്കോട് ഭാസ്കരനെപ്പോലെയുള്ള നടന്മാര്‍ അവതരിപ്പിച്ചു വന്ന ഒരു നല്ല മനുഷ്യനാവും ഈ ‘കോയ’ മാര്‍.(എന്തിനും ഏതിനും വര്‍ഗീയത കാണുന്ന ഈ കാല ഘട്ടത്തില്‍ ആരെയും അപഹസിക്കാനോ മോശമാക്കാനോ അല്ല ഇതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.)
അതിലൊരാള്‍ ഞങ്ങള്‍ വന്ന അന്ന് തന്നെ പരിചയപ്പെട്ട അദ്രമാന്‍ കോയ ആയിരുന്നു, കൂട്ടത്തില്‍
ഏറ്റവും ശ്രദ്ധേയനും പൊതുവെ എല്ലാവര്‍ക്കും ഉപകാരിയുമായിരുന്നയാള്‍. തികച്ചും യാഥാസ്ഥിതിക
കുടുംബത്തില്‍ വളര്‍ന്ന ശ്രീമതിക്ക് ആദ്യമൊക്കെ അയാളുടെ രീതികള്‍ അല്‍പ്പം വെറുപ്പ്
തന്നെ ഉണ്ടാക്കി എന്നത് സത്യം. അയാള്‍ പറയുന്ന തനി മലബാറന്‍ ഭാഷയില്‍ “മോളെ” എന്ന വിളി മാത്രമേ ശ്രീമതിക്ക് മനസ്സിലാകുമായിരുന്നുള്ളൂ.
കക്ഷി “ മോളെ “ വിളിച്ചു കൊണ്ടു എവിടെയും കയറി വരും, പ്രത്യേകിച്ച്
അടുക്കളയിലും മറ്റും കയറുന്നത് ശ്രീമതിക്ക് തീരെ പിടിച്ചില്ല എന്ന് മുഖഭാവം കൊണ്ടു
തന്നെ അറിയാം. പക്ഷെ ഇയാള്‍ എല്ലാവര്‍ക്കും സഹായി ആയിരുന്നു. അതുകൊണ്ടായിരുന്നു ഇയാളെ “ജനസേവനം കോയ” എന്നു വിളിച്ചിരുന്നത്.
ആര്‍ക്ക് എന്ത് വേണമെങ്കിലും ഏത്
സമയത്തും ചെയ്യാനും സഹായിക്കാനും അയാള്‍ തയ്യാറായിരുന്നു. വലിയവനെന്നോ
ചെറിയവനെന്നോ വ്യത്യാസമില്ലാതെ, ചെയ്യുന്ന ജോലിക്ക് അയാള്‍ കൃത്യമായി പ്രതിഫലം പറഞ്ഞു
വാങ്ങി പോകുന്നു. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനോ മറ്റോ ഏല്‍പ്പിച്ചാല്‍
കൃത്യമായി കണക്കു ബോധിപ്പിക്കുവാന്‍ അയാള്‍ ശ്രദ്ധിച്ചു. ഒരു പൈസയുടെ പോലും
വ്യത്യാസം വരുകയില്ല. കക്ഷിയുടെ സേവനങ്ങള്‍ പലതാണ്, കടയില്‍
നിന്ന് സാധനങ്ങള്‍ വാങ്ങുക, ഞായറാഴ്ച ദിവസം എല്ലാവര്‍ക്കും 7 കിലോമീറ്റര്‍ ദൂരെയുള്ള മുക്കത്ത് നിന്ന് മാംസം വാങ്ങിക്കൊണ്ടു വരുക
എന്ന് തുടങ്ങി റേഷന്‍ കാര്‍ഡ് , മണ്ണെണ്ണ പെര്‍മിറ്റ് ഇവ ശരിയാക്കുക എല്ലാം അയാളുടെ സേവനങ്ങളില്‍ പെടും.
ഞായറാഴ്ചത്തെ മാംസം വാങ്ങാനുള്ള ലിസ്റ്റ് തലേദിവസം തന്നെ അയാള്‍ തയാറാക്കും
ആവശ്യക്കാരുടെ അളവനുസരിച്ച് ആട്ടിറച്ചി, മാട്ടിറച്ചി ,
ചിക്കന്‍ ഇവ കാല്‍ കിലോ, അര കിലോ, മുക്കാല്‍ കിലോ, ഒരു കിലോ അങ്ങനെ ഒരു മുപ്പതു വീട്ടു
കാര്‍ക്കു വേണ്ടി എങ്കിലും മാംസം വാങ്ങി കൃത്യമായി തൂക്കി പൊതിയില്‍ ആക്കി അയാള്‍
വീട്ടില്‍ എത്തിക്കും. അതിന്റെ അളവനുസരിച്ച് വിലയും കമ്മീഷനും വാങ്ങും. ഒരാള്‍
പോലും തൂക്കത്തില്‍ കുറവുള്ളതായോ കമ്മീഷന്‍ കൂടുതല്‍ വാങ്ങിയതായോ പരാതി
പറഞ്ഞിട്ടില്ല. തികച്ചും സത്യസന്ധ മായ രീതി.
റേഷന്‍ കാര്‍ഡിനും മണ്ണെണ്ണ പെര്‍മിറ്റിനും അപേക്ഷ ഫോറം പൂരിപ്പിച്ചു വേണ്ട
സഹായക തെളിവും ആയി കൊടുത്താല്‍ മൂന്നോ നാലോ ദിവസത്തിനകം താലൂക്ക് സപ്ലെ ആഫീസില്‍
നിന്ന് സാധനം വാങ്ങി വീട്ടില്‍ എത്തിക്കും. കമ്മീഷന്‍ അല്പം കൂടുതല്‍ ആണെന്ന്
മാത്രം.
കോളേജു തുറക്കുന്ന സമയത്ത് കുട്ടികളുടെ ബാഗും മറ്റും ഹോസ്റ്റലില്‍
എത്തിക്കുക, പുതിയതായി പ്രവേശനം വാങ്ങി വരുന്നവര്‍ക്ക് കിടക്കയും ബക്കറ്റും മറ്റും
വാങ്ങാന്‍ സഹായിക്കുക, അവസാന വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കി പോകുന്നവരുടെ സാധനങ്ങള്‍
കോഴിക്കോട്ടു കൊണ്ടുപോയി ടി.വി.എസ്സില്‍ ബുക്ക് ചെയ്യുക ഇവയെല്ലാം അയാള്‍
ചെയ്യുമായിരുന്നു. ശരിക്കും ഒരു സകലകലാവല്ലഭന്‍ (Jack of all trades !!) തന്നെ ആയിരുന്നു ഞങ്ങളുടെ കോയ.
അയാളില്‍ ഞങ്ങള്‍ കണ്ട ഗുണം രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള അപാര കഴിവാണ്.
ഞങ്ങള്‍ പറയുമായിരുന്നു ആനയെപ്പോലും മനസ്സില്‍ തളച്ചു സൂക്ഷിക്കാനുള്ള കഴിവു അയാള്‍ക്കുണ്ട്
എന്ന് . മിക്കവാറും എല്ലാ വീടുകളിലും അയാള്‍ നിത്യവും സന്ദര്‍ശിക്കുക
പതിവായിരുന്നു എങ്കിലും മറ്റുള്ളവരെപ്പറ്റി നല്ലതു മാത്രമെ അയാള്‍ പറഞ്ഞിട്ടുള്ളൂ.
അയാള്‍ക്ക് നീരസം തോന്നിയവരെപ്പറ്റി പോലും അയാള്‍ ഒരിക്കലും മോശമായി പറയുകയില്ല.
മറ്റുള്ളവരെപ്പറ്റി ഒരു വിവരവും അയാളില്‍ നിന്ന് ആര്‍ക്കും ചോര്ത്തി എടുക്കാനും സാധിക്കുമായിരുന്നില്ല.
തിരഞ്ഞെടുപ്പ് സമയത്ത് അയാള്‍ വളരെ സജീവമാകും. അയാള്‍ പിടിച്ചിരുന്ന
കൊടിയുടെ നിറം പോലും ആര്‍ക്കും അറിയില്ലായിരുന്നു. രഹസ്യങ്ങളുടെ ഒരു കലവറ തന്നെ
ആയിരുന്നു അയാള്‍. ഒരു പാര്‍ട്ടിക്കാരുടെയും കൊടിപിടിക്കാനോ മുദ്രാവാക്യം
വിളിക്കാനോ ഞങ്ങളുടെ അറിവില്‍ അയാള്‍ പോയിട്ടില്ല എങ്കിലും വ്യക്തമായ രാഷ്ട്രീയ
ബോധം അയാള്‍ക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തു എല്ലാവരെയും വോട്ടു
ചെയ്യിക്കാന്‍ അയാള്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. ആര്‍ക്കു വോട്ടു ചെയ്യണമെന്നു അയാള്‍ പറയുകയില്ല. പക്ഷെ
ക്യാമ്പസ്സിലെ മടി പിടിച്ചിരിക്കുന്ന സ്ത്രീകളെപ്പോലും വോട്ടിംഗ് ബൂത്തിലെത്തിക്കാന്‍
അയാള്‍ ഉത്സാഹിച്ചു. സ്വന്തം ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ ആരിലും അടിച്ചേല്പിക്കാന്‍
അയാള്‍ മുതിര്‍ന്നിട്ടുമില്ല. ക്യാമ്പസില്‍ ആരെങ്കിലും റേഷന്‍
വാങ്ങുന്നില്ലെങ്കില്‍ അവരുടെ കാര്‍ഡു വാങ്ങി ആഴ്ചയില്‍ കിട്ടുന്ന അരി മുഴുവന്‍
അയാള്‍ വാങ്ങി സ്വന്തം വീട്ടിലോ വിവാഹം കഴിച്ചു വേറെ താമസിക്കുന്ന മകളുടെ വീട്ടിലോ
എത്തിക്കും. ബക്രീദ് സമയത്ത് അയാളുടെ വീട്ടില്‍ തന്നെ കൊന്നു മുറിച്ച ആട്ടിന്‍
കുട്ടിയുടെ (മൂരിക്കുട്ടന്റെ) മാംസം എല്ലാവര്‍ക്കും എത്തിച്ചിരുന്നു. ആരും വെറുതെ
വാങ്ങുകയില്ല എന്നയാള്‍ക്കറിയാം , ആരെങ്കിലും പണം കൊടുത്തില്ലെങ്കിലും അന്നേ ദിവസം അയാള്‍ക്ക്
പരാതിയില്ല.
അയാള്‍ താമസിച്ചിരുന്നത് ഏകദേശം അഞ്ചു കിലോ മീറ്റര്‍ ദൂരെ ആയിരുന്നു.
എഴുപതു വര്‍ഷത്തോളം അയാള്‍ അധ്വാനിച്ചു ജീവിച്ചു. ദിവസേന ചുരുങ്ങിയത് പത്തു
കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ടാവണം അയാള്‍. ഭാര്യയും മക്കളില്‍ ചിലരും ഈ ലോകം വിട്ടുപോയി
എങ്കിലും തന്റെ പതിവു ജോലികളൊന്നും അയാള്‍ മുടക്കിയിട്ടില്ല. ഇത്ര നിരന്തരമായ
അദ്ധ്വാനം കൊണ്ടോ മറ്റോ അയാള്‍ക്ക് 85 വയസു വരെ ഒരസുഖവും ബാധിച്ചതായി ആര്‍ക്കും
അറിയില്ല. അതുകൊണ്ടു തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവ നായിരുന്ന, സഹായി ആയിരുന്ന, അയാള്‍ പെട്ടെന്ന് ഒരു ദിവസം
മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പലരുടെയും ജീവിതത്തില്‍ ഒരു വിടവായി ശേഷിച്ചു ,
രാഷ്രീയക്കാര്‍ പറയുന്ന അര്‍ത്ഥത്തിലല്ല. ശരിക്കും.
Comments
Post a Comment