29.ആര്‍ ഈ സി / എന്‍.ഐ.ടി. ക്യാമ്പസ്സിന്റെ ചില പ്രത്യേകതകള്‍

  ആര്‍..സി.ക്യാമ്പസ്സിനു ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവിടെ താമസിക്കുന്നവര്‍ക്ക് ചില ബുദ്ധിമുട്ടുകളും. ഒന്നാമതായി , ആര്‍.ഈ.സി കോഴിക്കോട് പട്ടണത്തില്‍ നിന്ന് കോഴിക്കോട്ടു മുക്കം റോഡില്‍ 22 കി മീ ദൂരത്തിലാണ്‌ എന്നതു തന്നെ. ഇക്കാരണത്താല്‍ രാത്രി 930 മണി കഴിഞ്ഞാല്‍ രാവിലെ 5 മണി വരെ ക്യാമ്പസ്സിലേ ക്കെത്താന്‍ സാധാരണ പബ്ലിക് വാഹനങ്ങള്‍ കിട്ടുകയില്ല. ടാക്സി ആട്ടോ എന്നിവയ്ക്ക് വലിയ തുക കൊടുത്താല്‍ മാത്രമേ വരുകയുള്ളൂ. കൊടുക്കേണ്ട തുകയ്ക്ക് യാതൊരു നിശ്ചയവുമില്ല. ഓരോരുത്തരും പറയുന്ന തുക കൊടുക്കേണ്ടി വരുമായിരുന്നു. ബസ്സിനു 1രൂപ 40 പൈസ ആയിരുന്നപ്പോള്‍ പോലും 300 രൂപയില്‍ കുറയാത്ത തുക ടാക്സിക്കു കൊടുക്കണമായിരുന്നു. ഇത്രയും ദൂരം ആട്ടോ റിക്ഷയില്‍ വളരെ അപൂര്‍വം  ആള്‍ക്കാര്‍  മാത്രമേ പോകുകയുള്ളൂ. അപ്പോള്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് നഗരത്തില്‍ അസമയത്ത് എത്തുന്നവര്‍ റെയില്‍വേ സ്റെഷനിലോ ബസ്റ്റാന്ഡിലോ  കുത്തിയിരുന്നു നേരം വെളുപ്പിക്കുക മാത്രമേ ഗതിയുണ്ടായിരുന്നുള്ളൂ. 

നഗരത്തില്‍ നിന്ന് കഷ്ടിച്ച് എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ ഉള്ള മെഡിക്കല്‍ കോളേജും പതിമൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ ഉള്ള ജല വിഭവ വികസന കേന്ദ്ര(CWRDM) വും പോലെ ന്യായമായ ദൂരം ആയിരുന്നുവെങ്കില്‍ കുറെയേറെ ബുദ്ധിമുട്ടുകള്‍ കുറവാകുമായിരുന്നു. ഇപ്പോള്‍ CWRDM ഇരിക്കുന്ന സ്ഥലം ആയിരുന്നു ആര്‍.ഈ.സി.ക്കു വേണ്ടി ആദ്യം പരിഗണിക്കപ്പെട്ടത് എന്ന് കേട്ടിരുന്നു. ഏകദേശം 400 ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസ് ഇത്ര ദൂരെ ആവാന്‍ കാരണം അന്നത്തെ സ്ഥലം എം എല്‍ എ ആയിരുന്ന ശ്രീമതി ലീലാ ദാമോദരമേനോന്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു. ഏതായാലും ഇപ്പോള്‍ ക്യാമ്പസ് വികസിപ്പിക്കാന്‍ സ്ഥലപരിമിതി മൂലം കഴിയുന്നില്ല എന്നതും ഒരു വസ്തുത തന്നെ. 

 ക്യാമ്പസിന്റെ ഒത്ത നടുവില്‍ കൂടിയാണ് കോഴിക്കോട് മുക്കം റോഡു കടന്നു പോകുന്നത്. അതു കൊണ്ടു ചുറ്റുപാടും താമസിക്കുന്ന പൊതുജനങ്ങള്‍ക്ക് ‌ ക്യാമ്പസില്‍ സ്വതന്ത്രമായി കയറി ഇറങ്ങാം. പലപ്പോഴും സ്ത്രീകളുടെ കഴുത്തില്‍ ഇട്ടിരുന്ന മാല പൊട്ടിക്കാനും മറ്റും ശ്രമങ്ങള്‍ നടന്നിരുന്നു. ഈ റോഡു ക്യാമ്പസ്സിനുള്ളില്‍ നിന്ന് മാറ്റാന്‍ ഡോ ഉണ്ണികൃഷ്ണപിള്ള സാര്‍ പ്രിന്സിപ്പല്‍ ആയിരുന്നപ്പോള്‍ കുറെയേറെ സ്ഥലം വിട്ടു കൊടുത്തു ആര്‍.ഈ.സി യുടെ പടിഞ്ഞാറു വശത്ത് ഓമശ്ശേരിക്ക് പോകുന്ന റോഡു വീതി കൂട്ടാന്‍ കൊടുത്തു എങ്കിലും പൊതുജനങ്ങളുടെ എതൃപ്പുമൂലം ഇന്നും അത് സാധ്യമായിട്ടില്ല. അദ്ദേഹം പ്രിന്സിപ്പല്‍ ആയിരുന്നപ്പോള്‍ കേന്ദ്ര ഇല്കട്രോണിക്സ് വകുപ്പിന്റെ സ്ഥാപനമായ CEDT ( CEDT- Centre for Electronics Development പിന്നീട് പേര് മാറ്റി DOEACC , വീണ്ടും പേരു മാറി ഇപ്പോള്‍ NIELIT Centre National Institute of Electronics and Information Technology )ക്ക് കൊടുത്ത പത്ത് ഏക്കര്‍ സ്ഥലം കേരള സര്‍ക്കാര്‍  വര്‍ഷങ്ങള്‍ കഴിഞ്ഞു അക്വയര്‍ ചെയ്തു തിരിച്ചു കൊടുത്തപ്പോള്‍ ക്യാമ്പസ് ഒന്ന് കൂടി മുറിക്കപ്പെട്ടു. ഇപ്പോള്‍ ക്യാമ്പസ് മൂന്നു ഭാഗങ്ങളായാണ് കിടക്കുന്നത്. ക്യാമ്പസ്സിന്റെ അകത്തു കൂടി രണ്ടു പൊതു നിരത്തുകള്‍ പോകുന്നു. കോഴിക്കോട്ടു മുക്കം റോഡു ജീവനക്കാര്‍ താമസിക്കുന്ന ഭാഗവും അക്കാദമിക് കെട്ടിടങ്ങള്‍ ഉള്ള ഇന്സ്ടിട്യുറ്റ് ഭാഗവും ആയി രണ്ടായി തിരിച്ചു. പുതിയതായി കിട്ടിയ സ്ഥലം കട്ടാങ്ങല്‍ കൊടുവള്ളി റോഡിനു പുറത്താണ്. അത് കൊണ്ടു എന്‍.ഐ.റ്റി ഇപ്പോഴും ഒരു തുറന്ന ക്യാമ്പസ് ആയി തന്നെ നില നില്കുന്നു. ശരിക്കും ഒരു പ്രവേശന കവാടം പോലും ഇല്ലാതെ ക്യാമ്പസ്സില്‍ താമസിക്കുന്നവര്‍ക്കും അവരുടെയും സ്ഥാപനത്തിന്റെയും സ്വത്തുക്കള്‍ക്കും സംരക്ഷണം കൊടുക്കുന്നത് വളരെ ബുദ്ധിമുട്ടായി തന്നെ ഇരിക്കുന്നു. ക്യാമ്പസ്സിനു ചുറ്റുമതില്‍ കെട്ടിയതിനു പോലും നാട്ടുകാരുടെ കാര്യമായ എതൃപ്പുണ്ടായിരുന്നു. സ്ഥാപനത്തിന്റെതായ സ്ഥലം കുറെയൊക്കെ കയ്യേറപ്പെടുകയും ചെയ്തു. ആര്‍ ഈ സി ക്യാമ്പസ് സ്കൂളിനും പോസ്റ്റ്‌ ഓഫീസിനും ബാങ്കിനും വിട്ടുകൊടുത്ത സ്ഥലം വേറെ. 

 ഇത്രയധികം ജീവനക്കാരുള്ളവരില്‍ നിന്ന് കിട്ടുന്ന തൊഴില്ക്കരം കൊണ്ടു മാത്രം ആര്‍ ഈ സി ഉള്‍പ്പെടുന്ന ചാത്തമംഗലം  പഞ്ചായത്ത് കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം ഉള്ള ഒരു പഞ്ചായത്ത് ആണെങ്കിലും നാട്ടുകാര്‍ ചെറിയ വിട്ടുവീഴ്ചകള്‍ക്കുപോലും തയ്യാറല്ല. ക്യാമ്പസ്സിലെ തെരുവ് നായ്ക്കളെ പിടിക്കാന്‍ പോലും പഞ്ചായത്ത് തയ്യാറാവുമായിരുന്നുള്ളു. സ്ഥാപനം കൊണ്ടു നാട്ടുകാര്‍ക്ക്  എല്ലാ ഗുണങ്ങളും വേണം, നൂറു കണക്കിന് ആള്‍ക്കാര്‍ക്ക് തൊഴില്‍ ഉണ്ടാവുന്നു കച്ചവടക്കാര്‍ അമിതമായ ലാഭം ഉണ്ടാക്കുന്നു ഇതൊക്കെ വേണം. എന്നാല്‍ സ്ഥാപനത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ ജനങ്ങളോ പഞ്ചായത്തോ തയ്യാറാവുന്നുമില്ല. ക്യാമ്പസ്സിലെ താമസക്കാരോട്‍ പോലും ഒരു പ്രത്യേക തരം ജീവികളെപ്പോലെയാണ് നാട്ടുകാര്‍ പെരുമാറുന്നത്. 

 ക്യാമ്പസ്സില്‍ ഉള്ള ആര്‍.ഈ.സി.ഗവ. ഹൈസ്കൂള്‍ പൊതുവേ നല്ല നിലവാരം പുലര്‍ത്താതിരുന്നത് കൊണ്ടും ഇങ്ലീഷ് മീഡിയം ഡിവിഷന്‍  വളരെ  വൈകി തുടങ്ങി എന്നതുകൊണ്ടും, സംസ്ഥാനത്തിനു പുറത്തു വന്ന അദ്ധ്യാപകരുടെയും മറ്റുള്ളവരുടെയും  കുട്ടികള്‍ എല്ലാവരും തന്നെ നഗരത്തിലെ നല്ല സ്കൂളുകളില്‍ ആണ് പഠിച്ചിരുന്നത്, ഇപ്പോഴും പഠിക്കുന്നതും. സില്‍വര്‍  ഹില്‍സ് ബോയ്സ് , പ്രോവിഡന്സ് ഗേള്‍സ്, സെന്റ് ജോസെഫ്സ് ബോയ്സ്, സെന്റ്‌ ജോസെഫ്സ് ഗേള്‍സ് എന്നീ  സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയത്തിലും ആയിരുന്നു ഇവര്‍ പഠിച്ചിരുന്നത്. നഗരത്തിലേക്ക് രാവിലെയും നഗരത്തില്‍ നിന്ന് വൈകുന്നേരവും സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി കോളേജു ബസ് ഓടിക്കുന്നു. രാവിലെ തിരിച്ചു വരുമ്പോള്‍ ജീവനക്കാരെയും കൂട്ടി വരും. അടുത്തകാലത്ത് കോളേജു ക്യാമ്പസില്‍ തന്നെ എല്ലാ സാധനങ്ങളും കിട്ടുന്നത് കൊണ്ടു ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ നഗരത്തില്‍ പോകേണ്ട കാര്യമില്ല. വല്ലപ്പോഴും വസ്ത്രങ്ങള്‍ വാങ്ങാനോ പുതിയ സിനിമ കാണാനോ മാത്രം നഗരത്തില്‍ പോയാല്‍ മതി. ഇപ്പോള്‍ മിക്കവര്‍ക്കും സ്വന്തമായ വാഹനം ഉള്ളതുകൊണ്ട് പ്രശ്നമല്ല. ആദ്യകാലത്ത് കോളേജു വാഹനങ്ങള്‍ അല്ലാതെ പ്രൊഫ.ശങ്കരന്‍ നായര്‍ , പ്രഫ. കെ.പി.സാം കെ.വി.കെ സാര്‍ തുടങ്ങിയ ഏതാനും അദ്ധ്യാപകര്‍ക്കു  മാത്രമേ സ്വന്തം വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. പ്രൊഫ. ശങ്കരന്‍ നായര്‍ സാര്‍ എല്ലാ ശനിയാഴ്ചയും കുടുംബസമേതം നഗരത്തില്‍ പോകുന്നത് പതിവാക്കിയിരുന്നു. ഇപ്പോള്‍ കട്ടാങ്ങല്‍, മുക്കം, കുന്നമംഗലം മാര്‍ക്കറ്റുകളും വികസിച്ചത് കൊണ്ടു നഗരത്തില്‍ പോകേണ്ട ആവശ്യമേ ഇല്ല. 

 ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കോളേജു കെട്ടിടത്തിന്റെ വശത്താണ് എങ്കിലും പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അദ്ധ്യാപകര്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സിന്‍റെ എല്ലാം   നടുക്കാണ്. ഇപ്പോള്‍ ക്യാമ്പസ്സിലെ കുട്ടികള്‍ക്കുവേണ്ടി ബസ് സര്‍വീസും ഉണ്ട്. മെസ്സിലെ ഭക്ഷണം പോരാത്തവര്‍ക്ക് കാന്റീനും ആണ്‍കുട്ടികളുടെ ഹോസ്റ്റലിനടുത്ത് മിനി കാന്റീനും പ്രവര്‍ത്തിക്കുന്നു. 

 ജീവനക്കാരും കുട്ടികളും അംഗങ്ങളായ സഹകരണ സ്റ്റോറില്‍ എല്ലാ സാധനങ്ങളും കിട്ടും. റേഷന്‍കടയും അവിടെ തന്നെയുണ്ട്‌. പഴങ്ങളും ശീതളപാനീയങ്ങളും ബേക്കറി സാധനങ്ങളും അവിടെ ഒരു കടയില്‍ വിറ്റു വരുന്നു. കുട്ടികള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും അവിടെ കിട്ടും. പുതുതായി ചേരുന്ന കുട്ടികള്‍ക്കു വേണ്ടി ഹോസ്റ്റലില്‍ തന്നെ താല്‍ക്കാലിക ഷോപ്പ് ആദ്യത്തെ കുറച്ചു ദിവസങ്ങളും  പ്രവര്‍ത്തിക്കുന്നു. അങ്ങനെ പൊതുവേ പണ്ടത്തെ അപേക്ഷിച്ചു ക്യാമ്പസ് സ്വയം പര്യാപ്തമായി കഴിഞ്ഞു,.

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും