31.ഭാഷയിലെ വ്യത്യാസങ്ങളും ചില തമാശകളും

 

ഭാഷ മലയാളം തന്നെ, എന്നാല്‍ പല സ്ഥലത്തും ഒരേ വാക്കിനു പല അര്‍ത്ഥങ്ങളാണ്. വിവാഹം കഴിഞ്ഞു മലബാറിലേക്കു കുടിയേറിയ എനിക്കു പലപ്പോഴും ഇതു മനസ്സറിഞ്ഞു ചിരിക്കാനവസരം തന്നിട്ടുണ്ടു. അപൂര്‍വം  ബുദ്ധിമുട്ടുകളും. ചില ഉദാഹരണങ്ങള്‍  ഇവിടെ കുറിക്കുന്നു. . .


1.കടവിറങ്ങാനുണ്ടോ?

 

തെക്കന്‍  കേരളത്തില്‍  നിന്നു ആദ്യമായി ഞാന്‍  മലബാറിലേക്കു വരുകയായിരുന്നു. നീണ്ട തീവണ്ടി യാത്ര കഴിഞ്ഞു പത്തിരുപതു കിലോമീറ്ററ് ബസ്സില്‍  യാത്ര ചെയ്യണം. ശ്രീമാന്റെ ജോലിസ്ഥലത്തെത്താന്‍. പുലര്‍ച്ചെയാണു കോഴിക്കോടു ഇറങ്ങിയതു. ബസ്സില്‍  കയറി പകുതി ഉറക്കത്തിലാണു യാത്ര. അതിനിടയില്‍  കിളിയുടെ ചോദ്യം കടവിറങ്ങാനുണ്ടോ?.എന്തിനാണു ഇത്ര മ്ലേച്ഛമായ  കാര്യം  പരസ്യമായി ചോദിക്കുന്നതു എന്നു ഞാനത്ഭുതപ്പെട്ടു. ഞങ്ങളുടെ നാട്ടില്‍  ‘കടവിറങ്ങുക എന്നു പറഞ്ഞാല്‍  ശൌചം ചെയ്യുക എന്നാണു. ശ്രീമാന് പറഞ്ഞപ്പോഴാണു അറിഞ്ഞതു. പോകുന്ന വഴി ചെത്തു കടവു എന്നു പേരുള്ള ഒരു സ്ഥലം ഉണ്ടു. ബസ് സ്റ്റോപ്പും അതേ പേരില്‍  തന്നെ അറിയപ്പെടുന്നു. അവിടെ ആളിറങ്ങാനുണ്ടോ എന്നാണു അയാള് ചോദിച്ചതു. വര്‍ഷങ്ങള്‍  കഴിഞ്ഞു.ഇപ്പോഴും ആ സ്ഥലം എത്തുമ്പോള്‍  ഞാനീ സംഭവം ഓര്‍മ്മിച്ച് ചിരിച്ചു പോകാറുണ്ടു. ഇപ്പോഴും കിളിയുടെ കൊഞ്ചലിലും വ്യത്യാസമില്ല.

 

2.ചിമ്മിനി ഉണ്ടോ?


ഞങ്ങള്‍  ജോലിസ്ഥലത്തുള്ള ക്വാറ്ട്ടെറ്സില് താമസം തുടങ്ങിയിട്ടു കുറച്ചു നാളേ ആയുള്ളൂ. അടുത്ത വീട്ടിലെ ജോലിക്കാരി ഒരു ദിവസം എന്നോടു ചോദിച്ചു
ചേച്ചീ,   ചിമ്മിനി ഉണ്ടോ? എന്നു. ഞാന്‍  ഉടനെ മറുപടി പറഞ്ഞു. ഇല്ല. ഈ സംഭവം ഞാനെന്‍റെ  എന്റെ പല സുഹൃത്തുക്കളോടും പറഞ്ഞു. കാരണം ഞങ്ങളുടെ നാട്ടില്‍  ആരും തന്നെ ചിമ്മിനി കടം ചോദിക്കാറില്ല. കുറെ നാള്‍  കഴിഞ്ഞു ആരോ പറഞ്ഞാണു മനസ്സിലായതു ചിമ്മിനി എന്നതു മലബാറില്‍ മണ്ണെണ്ണ ആണു. മണ്ണെണ്ണ വീട്ടില് ഉണ്ടായിട്ടും അയല്‍ വക്കക്കാരോടു ഇല്ല  എന്നു നുണ പറയേണ്ടി വന്നതില്‍  എനിക്കു കുറ്റബോധം തോന്നി, വൈകി ആണെങ്കിലും.

3.മേത്തില് പോയി കീത്തില് കീഞോളീ.


മറ്റൊരിക്കല്‍  ഞങ്ങള്‍  ഗുരുവായൂര്‍ക്ക്  പോകുക ആയിരുന്നു, കുട്ടിക്കു ചോറു കൊടുക്കാന്. അന്നു യാത്രാസൌകര്യം വളരെ കുറവാണു. റോഡും മോശം. ബസ്സുകള്‍  വല്ലപ്പോഴുമെ ഉള്ളൂ. പ്രൈവറ്റു ബസ്സാണു, മലപ്പുറം കഴിഞ്ഞു കോട്ടക്കലിലേക്കുള്ള വഴിയില്‍ ഒരു നാട്ടിന്‍പുറത്ത്
 ബസ്സു കേടായി. കണ്ഡക്ടറ് പറഞ്ഞതനുസരിച്ചു എല്ലാവരും നടന്നു തുടങ്ങി, ബസ്റ്റോപ്പ് അടുത്തുണ്ടെന്നുള്ള വിശ്വാസത്തില്‍. കുറെ നടന്നിട്ടും ബസ്സ്റ്റോപ്പു കാണാന് കഴിയാഞ്ഞപ്പോള് എതിരെ വന്ന ആളോട് ചോദിച്ചു ബസ്റ്റോപ്പ് എവിടെയാ?. അയാള് പറഞ്ഞു. ദാ നിങ്ങളു മേത്തിലു പോയി കീത്തിലു കീഞ്ഞോളീ. അയാള്‍ ഞങ്ങളെ പരിഹസിക്കുകയാണെന്നാണു ആദ്യം തോന്നിയതു. പിന്നീടാണു മനസ്സിലായതു അയാള് പറഞ്ഞതു ശരി തന്നെ എന്നു. ഒരു കയറ്റം കയറി മറ്റൊരു ഇറക്കം കഴിഞ്ഞപ്പോള് ബസ്റ്റോപ്പ് എത്തിയിരുന്നു.


4.
ചാടിക്കോ
വടക്കന് മലബാറില് വച്ചു മറ്റൊരു അനുഭവം. പണി എല്ലാം കഴിഞ്ഞു ഞാന് വീടു പൂട്ടി താക്കോല്‍
 കൂട്ടം കൊണ്ടുനടക്കുമായിരുന്നു. എന്റെ ഭര്തൃ സഹോദരി (നാത്തൂന്) താഴത്തെ ഷെഡ്‌ തുറക്കാന്‍  താക്കോലന്വേഷിച്ചു. താക്കോല് വീടിന്റെ ടെറസില് തുണി വിരിച്ചുകൊണ്ടു നിന്നിരുന്ന എന്റെ കയ്യിലാണെന്നറിഞ്ഞപ്പോള്‍ എന്നോടു പറഞ്ഞു ഏട്ടത്തിയമ്മേ, ചാടിക്കോ. ടെറസില് നിന്നു ചാടുകയോ? ഞാന് ഭയന്നുപോയി. നാത്തൂന്‍ പോരെന്നു കേട്ടിട്ടേ ഉള്ളൂ. ഇപ്പോള് സത്യമായി അനുഭവപ്പെടുകയാണോ? പിന്നീടാണ് മനസ്സിലായതു നാത്തൂന് പറഞ്ഞതു തക്കോല് കൂട്ടം താഴോട്ടിടാനാണു എന്നു.


Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും