35. പ്രമോഷനു വേണ്ടി ആദ്യത്തെ ഇന്ടെര്വ്യൂവിന്റെ അനുഭവം
കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ്ങ് കോളേജ് ( ഇന്നത്തെ എന്‍ ഐ ടി ) പല കാര്യങ്ങളിലും കേരളത്തിലെ മറ്റു എഞ്ചിനീയറിങ്ങ് കോളെജുകളില്‍ നിന്ന് വ്യത്യസ്തമാണല്ലൊ. അതിനു പല കാരണങ്ങളും ഉണ്ട്. ഭരണപരമായി എന്‍.ഐ.ടി. ആകുന്നതിനു മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭം ആയിരുന്നു എന്നതും അതിന്‍റേതായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും രണ്ടമ്മമാര്‍ ഉള്ള കുട്ടി പാലു കുടിച്ചു ജീവിക്കുകയില്ല എന്നതായിരുന്നു ഒരു പ്രശ്നം. മറ്റൊരു പ്രത്യേകത ജീവനക്കാരെ സംബന്ധിച്ചുള്ളതാണ്. ആര്‍ ഈ സി യിലും ഇന്ന് എന്‍ ഐ റ്റി യിലും സീനിയോറിറ്റി അനുസരിച്ച് ഉയര്‍ന്ന തസ്തികകളിലേക്ക് കയറ്റം കിട്ടുകയില്ല എന്നതായിരുന്നു. അസ്സൊസിയേറ്റ് ലെക്ചറര്‍ ആയി ജോലിയില്‍ പ്രവേശിച്ചവരെ മാത്രം ഒഴിവുകള്‍ ഉണ്ടാവുന്നതനുസരിച്ച് ലെക്ചറര്‍ ആയി പ്രമോഷന്‍ കൊടുക്കുമായിരുന്നു. 1969ല്‍ അസൊസിയേറ്റ് ലെക്ചറര്‍ ആയി ജോലിയില്‍ പ്രവേശിച്ച എനിക്ക് 1971 ല്‍ ലെക്ചറര്‍ ആയി സ്ഥാനക്കയറ്റം കിട്ടുകയും ചെയ്തു. എന്നാല്‍ ലെക്ച്ചറര്‍ മുതല്‍ മുകളിലേക്ക് ഉള്ള തസ്തികയില്‍ അഖിലേന്ത്യാപരസ്യത്തിലൂടെ അപേക്ഷകള്‍ ക്ഷണിച്ചു സ്ഥാപനത്തിനു പുറത്തുള്ളവരോടൊപ്പം ഇന്‍റര്‍വ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
കോഴിക്കോട് ആര്‍.ഈ.സി.യില്‍ ആദ്യം തുടങ്ങിയ എം.ടെക്.കോര്‍സുകളില്‍ ഒന്നായിരുന്നു ഇല്ക്ട്രിക്കല്‍ വകുപ്പില്‍ എം.ടെക് (ഇന്സ്ട്രമെന്റെഷന്‍ & കണ്ട്രോള്‍ സിസ്റ്റംസ്) . ഇപ്പോഴും ആദ്യം എല്ലാവരും ആവശ്യപ്പെടുന്ന ബ്രാഞ്ചുകളില്‍ ഒന്ന്. അത് പോലെ തന്നെ സിവിലില്‍ സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ്ങും മെക്കാനിക്കലിലെ തെര്‍മ്മല്‍ സയന്സും (റെഫ്രിജെറേഷന്‍ &എയര്‍കണ്ടീഷനിംഗ്)ഇതോടൊപ്പം തുടങ്ങിയതായിരുന്നു. ഈ ഓരോ കോര്സിനും ഒരു പ്രൊഫസര്‍. ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്നീ രണ്ടു പോസ്റ്റ് മാത്രമാണ് അനുവദിച്ചത്. ഇലക്ട്രിക്കലില്‍ അസിസ്റ്റന്റ്റ് പ്രൊഫസറായി ആദ്യത്തെ നിയമനം ഭരതന്‍ സാറിനായിരുന്നു. ഭരതന്‍ സാര്‍ വെസ്റ്റ് ഇന്ഡീസില്‍ ഒരു യൂണിവേര്‍സിറ്റിയില്‍ നിയമനം കിട്ടി അവധിയില്‍ പോയപ്പോള്‍ ഒഴിവുവന്ന വേക്കന്സി പരസ്യം ചെയ്തു. അഞ്ചു വര്‍ഷത്തെ അദ്ധ്യാപനപരിചയവും എം.ടെക് ബിരുദവുമാണ് കുറഞ്ഞ യോഗ്യത. ഞാന്‍ എം.ടെക് കഴിഞ്ഞു വന്നു ഒരു വര്‍ഷം ആവുന്നെ ഉള്ളൂ. ആകെ അദ്ധ്യാപന പരിചയം അഞ്ചു വര്‍ഷമായി. മിനിമം യോഗ്യത ഉണ്ടെന്നു തോന്നിയത് കൊണ്ടു ഞാനും അപേക്ഷ കൊടുത്തു. ഞങ്ങള്‍ ആര്‍.ഈ.സി യില്‍ ചേര്‍ന്ന വര്‍ഷം (1969) ആസ്ട്രേലിയയില്‍ ഉപരിപഠനത്തിനു പോയിരുന്ന ശ്രീ എം എന്‍ നീലകണ്ഠന്‍ നമ്പൂതിരി സാര്‍ പി.എച്.ഡി ബിരുദവുമായി തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെയും എം ടെക് കണ്ട്രോള്‍ സിസ്റ്റംസ് തന്നെ. പി എച് ഡി നെറ്റ് വര്‍ക്ക് & സിസ്റ്റംസ് ആയിരുന്നു. അതു കൊണ്ടു ഈ പോസ്റ്റിനു കോളേജില്‍ ഉള്ളവരില്‍ എല്ലാം കൊണ്ടും യോഗ്യന്‍ അദ്ദേഹം തന്നെ. എന്നെക്കാള്‍ സീനിയര്‍ ആയ മറ്റു പലരും അപേക്ഷിച്ചു എങ്കിലും യോഗ്യത കര്‍ശനമായി നോക്കിയതുകൊണ്ടു ഞങ്ങളെ രണ്ടു പേരെ മാത്രമേ ഇന്‍റര്‍വ്യൂവിനു വിളിച്ചുള്ളൂ. പുറത്തു നിന്ന് മൂന്നു പേരും. ഒരു പോസ്റ്റിനു അഞ്ചു പേരെയെങ്കിലും ഇന്‍റര്‍വ്യൂവിനു വിളിക്കണം രണ്ടു പേരെങ്കിലും വന്നില്ലെങ്കില്‍ പോസ്റ്റു വീണ്ടും പരസ്യം ചെയ്യണം എന്നായിരുന്നു നിബന്ധന.
ഇന്‍റര്‍വ്യൂ ദിവസം രാവിലെ എനിക്ക് 8
മണിക്ക് ക്ലാസ് ഉണ്ടായിരുന്നു. അത് കഴിഞ്ഞു വീട്ടില്‍ വന്നു പ്രാതല്‍ കഴിച്ചു
ഡിപ്പാര്‍ട്ടുമെന്റില്‍ തിരിച്ചെത്തിയപ്പോള്‍ നമ്പൂതിരി സാര്‍ എന്നെ അന്വേഷിച്ചു
നില്ക്കുന്നു. കാര്യം ഇതാണ്. ഇന്‍റര്‍വ്യുവിനു പുറത്തു നിന്നു ക്ഷണിക്കപ്പെട്ട
ആരും വന്നിട്ടില്ല. അതുകൊണ്ടു യാതൊരു പ്രതീക്ഷയും ഇല്ലാത്ത ഞാനും കൂടി ഇന്‍റര്‍വ്യൂവിനു
ചെന്നില്ലെങ്കില്‍ നമ്പൂതിരി സാറിനു പ്രമോഷന്‍ കിട്ടാന്‍ വീണ്ടും കാത്തിരിക്കേണ്ടി
വരും. അതുകൊണ്ടു ഞാന്‍ തീര്‍ച്ചയായും ഇന്‍റര്‍വ്യൂവിനു ഹാജരാകണം എന്ന് പറയാനാണ്
അദ്ദേഹം കാത്തിരുന്നത്. ഞാന്‍ ചോദിച്ചു “എനിക്കെന്താ ഗുണം?”. നമ്പൂതിരിയായതു
കൊണ്ടു ചിക്കന്‍ ബിരിയാണി കിട്ടില്ല. മസാല്‍ ദോശ പ്രതീക്ഷിക്കാം, ഒരു പക്ഷെ വടയും. ഏതായാലും ഞാന്‍
ഇന്‍റര്‍വ്യൂവിനു പോകാം എന്നേറ്റു. വീട്ടില്‍ ചെന്ന് വേണ്ട സര്‍ട്ടിഫിക്കെറ്റുകള്‍ എല്ലാം എടുത്തു
ഗസ്റ്റ് ഹൌസില്‍ എത്തി.
ആദ്യം നമ്പൂതിരി സാറിനെ തന്നെ വിളിച്ചു. അന്ന് കൊച്ചി യൂണിവേര്‍സിറ്റിയിലെ
ആദ്യത്തെ പ്രൊവൈസ്ചാന്സലറായിരുന്ന ഡോ സി പി കുര്യാക്കോസ് സാറായിരുന്നു ഒരു
വിഷയത്തിലെ വിദഗ്ദ്ധന്‍മാരില്‍ ഒരാള്‍. അദ്ദേഹം കണ്ട്രോള്‍ സിസ്റ്റംസില്‍ ലണ്ടന്‍ യൂണിവേര്സിറ്റിയില്‍ നിന്ന് പി എച് ഡി
ബിരുദം എടുത്തയാളായിരുന്നു. നമ്പൂതിരിയെ ഒന്നേകാല്‍ മണിക്കൂര്‍ ഇന്‍റര്‍വ്യൂ ചെയ്തു. അടുത്തതായി എന്നെ വിളിച്ചു. എനിക്ക്
പ്രതീക്ഷയുടെ തരിമ്പും ഇല്ലെങ്കിലും ഞാന്‍ ചിരിച്ചു കൊണ്ടു എല്ലാവരെയും വന്ദിച്ചു
അകത്തു കയറി. ആദ്യം തന്നെ പ്രിന്സിപ്പല്‍ എന്നോടു ചോദിക്കുന്നു. “നിങ്ങള്‍ക്ക് ബി എസ്സ സി എഞ്ചിനീയറിങ്ങിനു എത്ര ശതമാനം മാര്‍ക്കു
കിട്ടി?” . ഞാന്‍ പറഞ്ഞു : 79.65 ആകെ കൂടി,
അവസാന വര്ഷം മാത്രം 81.50. അദ്ദേഹം പെട്ടെന്ന്
കടലാസിന്റെ മൂലയില്‍ എന്റെ മാര്‍ക്കുലിസ്റ്റില്‍ നോക്കി ആകെയുള്ള 4150 ല്‍ എനിക്ക് കിട്ടിയ മാര്‍ക്കു ഹരിച്ചു നോക്കിയ ശേഷം പറഞ്ഞു : “അത് തെറ്റാണല്ലോ”. ഞാന്‍ എന്ത്
പറയാന്‍. അഞ്ചു വര്‍ഷം ബുദ്ധിമുട്ടി
പഠിച്ചു കിട്ടിയ ബിരുദം. അതിനു കിട്ടിയ ശരാശരി മാര്‍ക്ക് മാര്‍ക്കുലിസ്റ്റ് കയ്യില്‍ കിട്ടിയ അന്ന് തന്നെ പത്തു പ്രാവശ്യം
കണക്കു കൂട്ടി മനസ്സില്‍ കുറിച്ച മാര്‍ക്ക്, അദ്ദേഹം രണ്ടു
സെക്കന്റു കൊണ്ടു കണക്കു കൂട്ടി തെറ്റാണെന്ന് സ്ഥാപിക്കുന്നു. ഞാന്‍ മര്യാദയായി
പറഞ്ഞു, സര്‍, ക്ഷമിക്കണം ഞാന്‍
പറഞ്ഞത് ശരിയാണ്. “ അപ്പോള്‍ അദ്ദേഹം വീണ്ടും:
നിങ്ങള്‍ക്ക് എം ടെക്കിനു ശരാശരി മാര്‍ക്ക് 76.5%
എന്നെഴുതിയിരിക്കുന്നല്ലോ. നിങ്ങളുടെ CGPA (Cumulative Grade Point
Average) എത്രയാണ്? ഞാന്‍ : 7.65/10. അദ്ദേഹം : അതെങ്ങനെ ശരിയാകും CGPA 7.65 ആണെങ്കില്‍
മാര്‍ക്ക്76.5% ആകുന്നതെങ്ങനെ? ഒരു ഇന്‍റര്‍വ്യൂ
ആയതു കൊണ്ടു ഞാനിത്രമാത്രം പറഞ്ഞു : സര്‍ അപേക്ഷാ ഫോറത്തില്‍ ശരാശരി മാര്‍ക്കു
മാത്രമേ ചോദിച്ചിട്ടുള്ളൂ.. അതുകൊണ്ടാണ് ഞാന്‍ 76.5% എന്നും
ബ്രാക്കറ്റില്‍ 7.65/10. എന്നും എഴുതിയത്. എനിക്കും ഇന്റര്‍വ്യൂ
ബോര്‍ഡിലുള്ള മറ്റുള്ളവര്‍ക്കും അദ്ദേഹത്തിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമായി. തുടങ്ങുമ്പോള്‍
തന്നെ എന്നെ പ്രകോപിപ്പിച്ചു മാനസികമായി തളര്‍ത്തുക എന്ന ഒരു ലക്‌ഷ്യം മാത്രം. ഏതായാലും ഞാന്‍
പ്രകോപിതനാകാതെ എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മോശമാകാതെ ഉത്തരം പറഞ്ഞു. ഏതാണ്ട്
മുക്കാല്‍ മണിക്കൂര്‍ എന്നെയും ഇന്‍റര്‍വ്യൂ ചെയ്തു. എനിക്ക് കിട്ടിയാലും ഇല്ലെങ്കിലും ഇന്റര്‍വ്യൂ
തൃപ്തികരമായി തന്നെ ചെയ്തു. എം ടെക്
തീസിസില്‍ നിന്ന് നിന്ന് മൂന്നു പ്രബന്ധങ്ങള്‍ ഉള്ളത് തന്നെ എന്നില്‍
മതിപ്പുണ്ടാക്കി യെന്നാണ് എനിക്ക് തോന്നിയത്. ഏതായാലും പ്രതീക്ഷിച്ചതു പോലെ നമ്പൂതിരി
സാറിനു തന്നെ നിയമനം കിട്ടി. എനിക്ക് നമ്പൂതിരിസാര്‍ പാപ്പച്ചന്‍റെ
ചായക്കടയില്‍ നിന്ന് നല്ലൊരു ചായയും
വാങ്ങി തന്നു. അവിടെ കടിയൊന്നും
ഇല്ലമായിരുന്നു .
Comments
Post a Comment