36.ചിക്കന്പോക്സിന്‍റെ പണ്ടത്തെ ചികിത്സയും രണ്ടനുഭവങ്ങളും
എനിക്ക്കൊല്ലത്തു പഠിക്കുമ്പൊള്‍ രണ്ടാം വര്‍ഷ പരീക്ഷയില്‍ (1965)ഉണ്ടായ അല്പം വേദന ഉണ്ടാക്കിയ അനുഭവം ഇവിടെ രേഖപ്പെടുത്തട്ടെ. എന്റെ സഹോദരിയുടെ വിവാഹം ഏപ്രില്‍ മാസം അവസാനം ആയിരുന്നു. പരീക്ഷ അടുത്തുകൊണ്ട് വിവാഹം നടക്കുന്ന അമ്പലപ്പുഴ ക്ഷേത്രത്തില്‍ രാവിലെ നേരിട്ട് വന്നാല്‍ മതി എന്നു പറഞ്ഞു എങ്കിലും ഒരേ ഒരു സഹോദരിയുടെ വിവാഹത്തിനു തലേ ദിവസത്തെ ബോട്ടില്‍ കയറി വീട്ടില്‍ എത്തി. എന്നാല്‍ പോയ വഴി നേരം വെളുക്കുന്നതിനു മുമ്പ് ഒരു ബന്ധു വീട്ടില്‍ ഏതാനും മണിക്കൂര്‍ കഴിച്ചു. അവിടെ ആര്‍ക്കോ ചിക്കന്‍ പോക്സ് ഉണ്ടായിരുന്നു, ഈ വിവരം അറിയാതെയാണ് അവിടെ കയറിയത് . കല്യാണം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ തിയറി പരീക്ഷയ്ക്ക് സമയം ആയി. എല്ലാം ഒരു വിധം നന്നായി എഴുതി. അവസാനത്തെ പരീക്ഷ സര്‍വേ തിയറി ആണ്. തലേ ദിവസം മുതല്‍ കലശലായ തലവേദന തുടങ്ങി. ഏതായാലും ഒരു വിധം പരീക്ഷ എഴുതി ലോഡ്ജില്‍ വന്നു. ഷര്‍ട്ടൂരിയപ്പോള്‍ ഒരു കൂട്ടുകാരന്‍ പറഞ്ഞു എടാ നിന്റെ പുറത്തു കുരുക്കള്‍ ഉണ്ട്, എളുപ്പം വീട്ടില്‍ പൊക്കോ, ബന്ധു വീട്ടില്‍ നിന്നും കിട്ടിയ ചിക്കന്റെ മുട്ട പുറത്തു വിരിഞ്ഞു തുടങ്ങിയിരുന്നു,. രാത്രിയിലെ ബോട്ടിന് വീട്ടിലേക്കു പോന്നു. അന്ന് ചിക്കന്‍ പോക്സ് വന്നാല്‍ മസൂരി പോലെ തന്നെ വളരെ കര്‍ശനമായ നിയന്ത്രണമാണ്, ഭക്ഷണം വളരെ ലഘുവായി മാത്രം , ഉപ്പും എണ്ണയും പാടില്ല, ഒരേ മുറിയില്‍ ഒറ്റയ്ക്കിരിക്കണം, വായിക്കാന്‍ പോലും പാടില്ല. അങ്ങനെ പതിനാലു ദിവസം വീട്ടു തടങ്കലില്‍ കഴിഞ്ഞു കുളിച്ചു പിറ്റേ ദിവസം തന്നെ കൊല്ലത്തേക്ക് തിരിച്ചു, പ്രായോഗിക പരീക്ഷകള്‍ തുടങ്ങിയിരുന്നു, അത് പരമാവധി മാറ്റി അവസാനത്തെ ദിവസത്തേക്ക് ആക്കാന്‍ അദ്ധ്യാപകര്‍ സഹായിച്ചിരുന്നു.
ആദ്യദിവസം സര്‍വേ
പ്രാക്ടിക്കല്‍ ആയിരുന്നു. നല്ല പൊരിഞ്ഞ
വെയിലത്ത് നിന്നാണ് സര്‍വേ. ഒരാള്‍ ചെയ്‌താല്‍ മാത്രം പോരാ മറ്റൊരാളെ സഹായിക്കുകയും വേണം. ചിക്കന്‍ പോക്സ്
കഴിഞ്ഞു കുളിച്ചു വെയില്‍ കൊണ്ടാല്‍ രോഗം വീണ്ടും വരുമേന്നാരോ
ഭയപ്പെടുത്തി, നല്ല ക്ഷീണവും ഉണ്ട്. ഒരു കൂട്ടുകാരനെ
കൂട്ടി ഇന്‍റേര്‍ണല്‍ പരീക്ഷകനായ
സാറിന്റെ അടുത്തു ചെന്ന് എന്നെ സഹായി ജോലിയില്‍ നിന്നൊഴിവാക്കാന്‍ അപേക്ഷിച്ചു.
അദ്ദേഹം തിരുവനന്തപുരത്ത് നിന്നു വന്ന എക്സ്റ്റേര്‍ണല്‍ പരീക്ഷകന്റെ അനുമതി തേടി.
അല്പം മൂലക്കുരുവിന്റെ അസുഖം ഉള്ള അദ്ദേഹം
പറഞ്ഞു “പറ്റത്തില്ല, നീ തന്നെ സഹായി ആയി ചെയ്യാതെ പറ്റില്ല”.
അങ്ങനെ രണ്ടു ദിവസം
വെയില്‍ കൊണ്ടു വാടി മൂന്നാം ദിവസം വര്‍ക്ക്
ഷാപ്പില്‍ എത്തി. കൊല്ലപ്പണി കിട്ടല്ലേ
എന്ന് പ്രാര്‍ത്ഥിച്ചു, അതുതന്നെ കിട്ടി. ചതുരത്തലയുള്ള ബോള്‍ട്ടുണ്ടാക്കണം, വലിയ കൂടം എടുത്തു ആദ്യത്തെ ഒരു മണിക്കൂര്‍ ചെയ്തു, ബോള്‍ട്ടിന്റെ വാലുമാത്രം ആയി, തല
ഉണ്ടാക്കാന്‍ കഴിയുന്നില്ല, കൂടം ഉയര്‍ത്താന്‍
കഴിയുന്നില്ല. തളര്‍ന്നു പോയി. ചില കൂട്ടുകാര്‍ക്ക് ഫൌണ്ട്റിയിലെ മണ്ണില്‍ പൂഴ്ത്തി വച്ച ഫിനിഷ് ചെയ്ത മോഡല്‍ തയാറാണ്, പക്ഷെ
അന്നും ഇന്നും അത്ര സ്മാര്‍ട്ടല്ലാത്ത ഞാന്‍ അത്തരം ‘തരികിട’ ചെയ്യാറില്ല. എന്നെക്കൊണ്ട്
ആയതു പോലെ മോഡല്‍ കൊടുത്തു, ഒറ്റ നോട്ടത്തില്‍ അത് ബോള്‍ട്ട് ആണെന്ന് എഴുതി വച്ചാല്‍ മാത്രമേ അറിയൂ.
പരീക്ഷയ്ക്ക് തോല്‍ക്കുമെന്നുറപ്പായി, ആരോ പറഞ്ഞു സെഷണല്‍ മാര്‍ക്കും
എനിക്ക് കുറവാണെന്ന്, ഒരു വിഷയം മാത്രം പരീക്ഷ തോറ്റാല്‍ പ്രമോഷന്‍
കിട്ടുമെങ്കിലും സ്കോളര്‍ഷിപ്പ്
പോകുമെന്നുറപ്പാണ്. ആകെ വിഷമിച്ചു. പരീക്ഷ തീരുമ്പോള്‍ ഇന്റെര്‍ണല്‍ പരീക്ഷകനെ കണ്ട് ഞാന്‍ ജയിച്ചോ
എന്നറിയണം, അതിനു കാത്തിരുന്നു വര്‍ക്കുഷോപ്പിന്‍റെ മുമ്പില്‍. ഗഫൂര്‍ സാര്‍ ആയിരുന്നു പരീക്ഷകന്‍
,ഞാന്‍ കാത്തു നില്കുന്നത് കണ്ടു സാര്‍ ചോദിച്ചു “എന്താടാ”.
ഞാന്‍ വിവരം പറഞ്ഞു “ഇന്നത്തെ പരീക്ഷയില്‍ ആരെങ്കിലും തോറ്റിട്ടുണ്ടോ എന്നറിയണം.
ഉണ്ടെങ്കില്‍ ഞാനായിരിക്കും എന്നുറപ്പാണ്”. സാര്‍ ആദ്യം വഴക്ക് പറഞ്ഞെങ്കിലും
എന്റെ ദയനീയ ഭാവം കണ്ടു അകത്തുപോയി നോക്കി, ആരും തോറ്റിട്ടില്ല എന്ന് പറഞ്ഞു.
സമാധാനമായി, വീട്ടിലേക്കു പോന്നു. എന്റെ എഞ്ചിനീയറിങ്ങ് പഠന കാലത്ത് ആദ്യത്തെയും അവസാനത്തെയും തോല്‍വി ഭയം അതായിരുന്നു.
ആര്‍.ഈ.സി.യിലെ അനുഭവം (1977)
ഇനി ആര്‍.ഈ.സി.യില്‍ വെച്ച് ഉണ്ടായ
അനുഭവം .രോഗം ചിക്കന്‍പോക്സ്
തന്നെ. പിടിച്ചത് എന്നെയല്ല ശ്രീമതിയെ . കുറച്ചു ദിവസം മുമ്പ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോയപ്പോള്‍ തിരക്കു മൂലം ഒരു ഇടത്തരം ലോഡ്ജില്‍
ഒരുരാത്രി കഴിഞ്ഞു എന്നതു
മാത്രമേ കാരണം കണ്ടുള്ളു. കുട്ടികള്‍ രണ്ടു പേരും
വളരെ ചെറുത്. നര്‍സറി സ്കൂളില്‍ പഠിക്കുന്നു. കോളേജ് ഡോക്ടറ്
നമ്മുടെ പി.സി.ജോര്‍ജ് തന്നെ. അദ്ദേഹം
പറഞ്ഞു സാരമില്ല , പനി ഉള്ളപ്പോള്‍ ധാരാളം പഴങ്ങളും മറ്റും
കൊടുക്കുക കഞ്ഞി കൊടുത്താല്‍ മതി. പനി വിട്ടാല്‍
ഏത് ആഹാരം വേണമെങ്കിലും
കഴിക്കാം തമാശയായി “ ചിക്കന്‍ കറി വരെ കഴിക്കാം “
എന്നൊക്കെ ഉപദേശിച്ചു. എനിക്ക്
ചിക്കന്‍പോക്സ് മുമ്പു വന്നതു
കൊണ്ട് ഭയമില്ല, മകളെ ഒരു വിധം
അമ്മയുടെ മുറിയില്‍ പോകെണ്ട
എന്നൊക്കെ വിലക്കി , എന്നാല്‍ മകന്‍ അമ്മയുടെ
അടുത്തു തന്നെ. വീട്ടില്‍ സഹായിക്കാന്‍
വന്നു കൊണ്ടിരുന്ന സ്ത്രീ യൊട് പറഞ്ഞു
“ തനിക്ക് അസുഖം
വരുമെന്ന് ഭയം ഉണ്ടെങ്കില്‍
താന്‍ വരേണ്ട “
എന്ന്. അയാള്‍ പറഞ്ഞു
“ ചേച്ചീ , എനിക്കു ഭയം ഒന്നുമില്ല, ഞാന്‍ ചേച്ചിയുടെ കൂടെ നിന്നു നോക്കിക്കൊള്ളാം , എനിക്കു മുമ്പ്
ഈ അസുഖം വന്നിട്ടുണ്ട്”, അതുകൊണ്ട് അയാള്‍ ഒരുമടിയും കൂടാതെ
ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഏതായാലും
വീട്ടില്‍ ഉള്ളവര്‍ക്ക് ചിക്കന്‍ പോക്സ് വന്നാല്‍ അവരുടെ
അസുഖം മാറുന്നതു വരെ സ്പെഷ്യല്‍ കാഷ്വല്‍ അവധി കിട്ടാന്‍ എനിക്ക് യോഗ്യത ഉണ്ടായിരുന്നു. അതുകൊണ്ട്
എനിക്ക് വീട്ടില്‍ കുഞ്ഞുങ്ങളെ
നോക്കി ഇരിക്കാന്‍ കഴിഞ്ഞു.
പക്ഷേ അമ്മ കുളിച്ചു കഴിഞ്ഞപ്പോള്‍ മോള്‍ക്ക് രോഗം വന്നു, അയാളെ മാറ്റി
കിടത്തിയെങ്കിലും. രോഗം കാര്യമായി ഇല്ലായിരുന്നു എങ്കിലും. പക്ഷേ അമ്മയുടെ കൂടെക്കിടന്നു കളിച്ച മകന്
യാതൊരു പ്രശ്നവും ഉണ്ടായില്ല. അത്ഭുതമെന്നു പറയട്ടെ
അയാള്‍ക്ക് ചിക്കന്‍ പോക്സ് വൈറസ്സിനെതിരെ
സ്വാഭാവിക പ്രതിരോധശേഷി ഉണ്ടായിരിക്കാം എന്നാണ്
ഞങ്ങളുടെ ഡോക്ടറ് പറഞ്ഞത്.
ഭാവിയില്‍ ഡോക്ടറാകാന്‍ വിധിക്കപ്പെട്ട അയാള്‍ക്ക്
മുങ്കൂര്‍ പ്രതിരോധശേഷി ദൈവം അനുഗ്രഹിച്ചു കൊടുത്തതാണോ , അറിയില്ല.
വാല്‍ക്കഷണം: ഞങ്ങളെ അന്നു സഹായിച്ച കാര്‍ത്തി
എന്നു പേരുള്ള സ്നേഹമയിയായ ആ സ്ത്രീ പിന്നീട്
കുറെ വര്‍ഷം ഞങ്ങളുടെ വനിതാ ഹോസ്റ്റലില്‍ മെസ്സില്‍
ജോലിയിരുന്നതിനു ശേഷം പിരിഞ്ഞു. ഞങ്ങള്‍
നഗരത്തില്‍ താമസം ആയിക്കഴിഞ്ഞ് ശ്രീമതിയുടെ രോഗാരംഭത്തില്‍ അയാളെ വന്നു കണ്ടു. രോഗവിവരം അറിഞ്ഞ് വല്ലാതെ വിഷമിക്കുന്നതായി തോന്നി.
ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍ അയാള്‍ക്കും
ഉണ്ടായിരുന്നു. ആ സ്നേഹനിധിക്കും കുടുംബത്തിനും ഈ അവസരത്തില്‍
നന്മ നേരുന്നു.
Comments
Post a Comment