ആര്‍ ഈ സി യില്‍ നിന്ന് അന്ന് ഉപരിപഠനത്തിനു പോകുമ്പോള്‍ തിരിച്ചു വന്നു
കോളേജില്‍ ജോലി ചെയ്യാമെന്ന് ഒരു ബോണ്ട് ഒപ്പിടണമായിരുന്നു. അല്‍പ്പം അനീതിയാണെന്ന് തോന്നാ മെങ്കിലും ശമ്പളത്തോടെയുള്ള
അവധിയാണെങ്കിലും ശമ്പളമില്ലാത്ത അവധിയാണെങ്കിലും ബോണ്ടിന്റെ കാലാവധി പഠിക്കാന്‍
പോയ കോഴ്സിന്റെ കാലം തന്നെയായിരുന്നു. ഞാന്‍ എം.ടെക്ക് പഠിക്കാന്‍ കഷ്ടിച്ചു
എട്ടുമാസം മാത്രമാണ് ശമ്പളമില്ലാത്ത അവധിയെടുത്തതെങ്കിലും ബോണ്ട് രണ്ടു കൊല്ലം (
എം ടെക് കോഴ്സിന്റെ കാലം ) തന്നെയായിരുന്നു. ഏതായാലും ആര്‍ ഈ സി യിലെ
പ്രശ്നങ്ങളെപ്പറ്റി കുറേശ്ശെ മനസ്സിലായതുകൊണ്ടു എം.ടെക് ബിരുദത്തിന്റെ ബലത്തില്‍
പുറത്തേക്കു പോകാന്‍ അപേക്ഷ അയച്ചു തുടങ്ങി. നല്ല സ്ഥാപനങ്ങളിലേക്ക് അപേക്ഷ കോളേജു
വഴി തന്നെ അയക്കണം. അതിനു ബോണ്ടിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചു കൊള്ളാം എന്ന്
വീണ്ടും ഒപ്പിട്ടു കൊടുക്കണം, നിര്‍ബന്ധമാണ്. എന്തും വരട്ടെ എന്ന് വിചാരിച്ചു ഞാന്‍ ചില
സ്ഥാപനങ്ങളിലേക്ക് അപേക്ഷ അയച്ചു തുടങ്ങി.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ (UPSC) പരസ്യം അനുസരിച്ചും വേറെയും പല അപേക്ഷകളും
അയച്ചു. ആഗ്രഹങ്ങള്‍ പലപ്പോഴും സാധിച്ചു കൊള്ളണമെന്നില്ലല്ലോ. എന്തു കൊണ്ടോ UPSC
ഒന്നും ക്ലിക്ക് ചെയ്തില്ല. മറ്റൊന്ന് ബാംഗളൂരിലെ നാഷണല്‍
എയറോനോട്ടിക്കല്‍ ലബോറട്ടറിയില്‍ (NAL) സയന്റിസ്റ്റ് എന്ന
ജോലിയായിരുന്നു. NAL ഒരു ഗവേഷണ സ്ഥാപനം ആയിരുന്നു. എന്നതായിരുന്നു
പ്രധാന ആകര്‍ഷണം. അങ്ങനെയുള്ള സ്ഥാപനം
ആകുമ്പോള്‍ പി.എച്.ഡി ചെയ്യാനും അവസരം കിട്ടുമെന്നാരോ പറഞ്ഞു. സയന്റിസ്റ്റായുള്ള
ശ്രേണിയില്‍ രണ്ടാമത്തെ ലെവലില്‍ ഉള്ള തസ്തികയായിരുന്നു. ഇന്‍റര്‍വ്യൂ വളരെ നന്നായിരുന്നു. എന്റെ ഇഷ്ടവിഷയമായ
കണ്ട്രോള്‍ സിസ്റ്റംസില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍ കൂടുതലും. വിശദമായ മുഖാമുഖം കഴിഞ്ഞപ്പോള്‍ വളരെ തൃപ്തി തോന്നി.
NAL ലില്‍ ജോലി കിട്ടാന്‍ നല്ല സാദ്ധ്യതയുണ്ട് എന്ന് ഞാനാരോടോ അറിയാതെ പറഞ്ഞു
പോയി. പക്ഷെ അടുത്ത ദിവസം മുതല്‍ അല്‍പ്പം മുതിര്‍ന്ന ഒരദ്ധ്യാപകന്‍ സ്ഥിരമായി
എന്നോടു ചോദിച്ചു തുടങ്ങി. “ ഹലോ എന്നാണ് ബാംഗളൂരിനു
പോകുന്നത് “ . എല്ലാ ദിവസവും അദ്ദേഹം ഇത് ചോദിച്ചു
തുടങ്ങി. ആദ്യം മറ്റൊന്നും വിചാരിച്ചില്ല എങ്കിലും അധികമായപ്പോള്‍ അദ്ദേഹത്തിന്റെ
ഉദ്ദേശം എന്നെ കളിയാക്കുകയാണെന്നു മനസ്സിലായി. അപ്പോള്‍ ഞാന്‍ പറഞ്ഞു “സാറേ ഞാന്‍ ആര്‍.ഈ.സി, വിട്ടു പോകുന്നെങ്കില്‍
ഒളിച്ചു പോകുകയില്ല, എല്ലാവരോടും പറഞ്ഞിട്ടെ പോകുകയുള്ളൂ,
പ്രത്യേകിച്ചും സാറിന്റെ വീട്ടില്‍ വന്നു പറയാം” എന്നു പറയേണ്ടി വന്നു. അതോടു കൂടി അദ്ദേഹത്തിന്റെ
അന്വേഷണവും നിലച്ചു. ഒന്ന് രണ്ടു മാസം കാത്തിരുന്നു
എങ്കിലും ഇതും ക്ലിക്കായില്ല.
ഏതായാലും പ്രധാന ലക്ഷ്യം ഉപരിപഠനം
തന്നെ. എന്റെ നാട്ടിലെ ആദ്യത്തെ എഞ്ചിനീയറായ എന്‍.എന്‍.പണിക്കര്‍ ചേട്ടന്‍ അന്ന്
കാലിഫോര്‍ണിയ യൂണിവേസിറ്റിയില്‍ സമുദ്ര
എഞ്ചിനീയറിങ്ങില്‍ ഗവേഷണം നടത്തുന്നുണ്ടായിരുന്നു. അദ്ദേഹം ഞാന്‍ ബി.എസ്സി.
എഞ്ചിനീയറിംഗ് പാസായപ്പോള്‍ അമേരിക്കയിലെ ചില നല്ല യൂണിവേസിറ്റികളുടെ ലിസ്റ്റ്
തന്നിരുന്നു. അന്ന് ഒരു എയര്‍മെയില്‍ കത്തിനും മൂന്നു രൂപാ അമ്പത് പൈസ ചിലവാക്കാന്‍
ബുദ്ധിമുട്ടായിരുന്നതുകൊണ്ടു (ആദ്യ ശമ്പളം 250 രൂപാ മാത്രം) അപേക്ഷ
അയച്ചിരുന്നില്ല. ഏതായാലും പഴയ മേല്‍വിലാസം തേടിപ്പിടിച്ചു വിദേശത്തെ ചില യൂണിവേര്‍സിറ്റികളില്‍
പി.എച്.ഡി.ക്ക് അപേക്ഷ അയച്ചു. അന്നും
ഇന്നും അമേരിക്കയില്‍ പഠിക്കണമെങ്കില്‍ ഇന്ത്യയില്‍ പഠിച്ച കുട്ടികള്‍ക്ക് ഇവിടന്നു
പോകുന്നതിനു മുമ്പ് സാമ്പത്തികസഹായം ഉറപ്പാക്കാന്‍ വിഷമമാണ്. ചില യൂണിവേര്‍സിറ്റികളില്‍
പ്രവേശനം കിട്ടി, മറ്റു ചിലതില്‍ സാമ്പത്തിക സഹായത്തിനു
സാദ്ധ്യതയുണ്ട് എന്നും അറിഞ്ഞു. പക്ഷെ രണ്ടും കൂടി ഒത്തു വന്നില്ല. പണ്ടു അടിയാന്‍
പറഞ്ഞതു പോലെ “ ഏനുളളപ്പോള്‍
താളില്ല, താളുള്ളപ്പോള്‍ ഏനില്ല “ എന്ന പോലായി.
അങ്ങനെ ഒന്നു രണ്ടു വര്‍ഷം ശ്രമങ്ങള്‍
തുടര്‍ന്നു. ഒന്നും ഒന്നും ശരിയാകാതെ ഇരിക്കുമ്പോഴാണ് കോമണ്‍ വെല്‍ത്ത് സ്കോളര്‍ഷിപ്പിന്റെ അപേക്ഷ ക്ഷണിച്ചത് കണ്ടത്.
യു.കെ.യിലെ യൂണിവേര്‍സിറ്റിയില്‍ ഉപരിപഠനം നടത്താനുള്ള സുവര്‍ണാവസരം. ആണല്ലോ എന്നു കരുതി അപേക്ഷ അയച്ചു. അവസാനതീയതി വളരെ അടുത്തു
പോയതു കൊണ്ടു അല്പം തിരക്കിലാണ് അയച്ചത്. ഫോട്ടോ കോപ്പി അന്ന് നിലവിലില്ല. എല്ലാ സര്‍ട്ടിഫിക്കെറ്റുകളും
ടൈപ്പ് ചെയ്തു കോപ്പി അയക്കേണ്ടിയിരുന്നു. സമയക്കുറവു കൊണ്ടു രാത്രിയില്‍ ഞാനും
വെങ്കടരമണി സാറും കൂടി അവയെല്ലാം ടൈപ്പു ചെയ്തു അപേക്ഷ അയച്ചു. മുന്‍കൂര്‍
കോപ്പിയാണയച്ചത്. ഒരു കോപ്പി കോളേജിലും കൊടുത്തു പ്രോപ്പര്‍ ചാനലില്‍ അയക്കാന്‍.
ഏതായാലും ഒരു മാസം കഴിഞ്ഞു ഇന്‍റര്‍വ്യൂവിനു ക്ഷണം കിട്ടി. പക്ഷെ മുന്‍കൂര്‍
കോപ്പിയായത് കൊണ്ടു കോളേജില്‍ നിന്ന് ഒരു വിരോധമില്ല സര്‍ട്ടിഫിക്കേറ്റ് (NOC : No Objection Certificate ) ഇന്ടര്‍വ്യൂ സമയത്ത് ഹാജരാക്കണം
എന്ന് എഴുതിയിരുന്നു. ഞാന്‍ പ്രിന്സിപ്പാളിനെ കണ്ടു കാര്യം പറഞ്ഞു. അദ്ദേഹം ആദ്യമേ
തന്നെ ദ്വേഷ്യത്തില്‍ “നിങ്ങളെന്തു കൊണ്ടു അപേക്ഷ കോളേജു വഴി അയച്ചില്ല?” എന്ന് . ഞാന്‍ സമയക്കുറവു കൊണ്ടായിരുന്നു. അന്ന് തന്നെ ഞാന്‍
ഒരു കോപ്പി കോളേജിലും കൊടുത്തിരുന്നു. “നിങ്ങള്‍ക്ക് ബോണ്ടില്ലേ?” അടുത്ത ചോദ്യം . ഞാന്‍ പറഞ്ഞു ബോണ്ടിന്റെ കാലാവധി തീരാന്‍
ഏതാനും മാസങ്ങളെ ഉള്ളൂ. മിക്കവാറും അത് കഴിഞ്ഞേ പോകേണ്ടി വരുകയുള്ളൂ. പക്ഷെ അദ്ദേഹം
പറഞ്ഞു “സാധ്യമല്ല. നിങ്ങള്‍ ആഫീസ് നിയമങ്ങള്‍
പാലിക്കാത്തത് കൊണ്ടു NOC തരാന്‍ പറ്റുകയില്ല” എന്ന് തീര്‍ത്തുപറഞ്ഞു. അദ്ദേഹം നാലുദിവസത്തേക്ക് ഏതോ
ഔദ്യോഗിക കാര്യത്തിനു പോകുകയും ചെയ്തു. ഞാന്‍ വിഷമത്തിലായി. ഇന്റര്‍വ്യൂ ദിവസവും അടുത്തു വന്നു. അന്ന് കോഴിക്കോട് ആര്‍.ഈ.സി. ഭരണസമിതിയുടെ ചെയര്‍മാന്‍ കോഴിക്കോട് യൂണിവേര്‍സിറ്റിയിലെ
വൈസ് ചാന്സലര്‍ പ്രൊഫ.മുഹമ്മദ് ഗനി ആയിരുന്നു. വളരെ സാത്വികനായ സ്നേഹസമ്പന്നനായ
മനുഷ്യന്‍. പഴയ ഓക്സ്ഫോര്‍ഡ് പ്രൊഫസര്‍. ആരോ ഉപദേശിച്ചതനുസരിച്ച് ഞാന്‍ അദ്ദേഹത്തെ
കണ്ടു കാര്യം പറഞ്ഞു . എന്റെ സങ്കടം കണ്ടു അദ്ദേഹം എനിക്ക് NOC നല്കാന്‍ പ്രിന്സിപ്പാളിന്
നിര്‍ദ്ദേശം കൊടുത്തു. ഞാന്‍ അത് കൊണ്ടു കോളേജില്‍ വന്നു പ്രൊഫസര്‍ ഇന്‍ ചാര്‍ജായ ചാര്ളൂ സാറിനെ കണ്ടു, അദ്ദേഹം
ഉടന്‍ തന്നെ NOC യുടെ ഡ്രാഫ്റ്റ് ഉണ്ടാക്കാന്‍ ആഫീസില്‍ നിര്‍ദ്ദേശം കൊടുത്തു. ഓഫീസ്സുകാര്‍ ഡ്രാഫ്റ്റ്
ശരിവച്ചു വാങ്ങി അവസാന കോപ്പി ടൈപ്പ് ചെയ്യാന്‍ കൊണ്ടു പോയി. പിറ്റെ ദിവസം ഇഷ്യു
ചെയ്യും എന്നുറപ്പായപ്പോള്‍ ഞാന്‍ കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കു വിമാനത്തില്‍
പോകാനുള്ള ടിക്കറ്റും ബുക്കുചെയ്തു, ട്രെയിനില്‍ യാത്ര
ചെയ്താല്‍ നിശ്ചിത ദിവസത്തിന് മുമ്പ് എത്തുകയില്ല എന്നത് കൊണ്ടു. പക്ഷെ എന്റെ ദൌര്‍ഭാഗ്യം
എന്നു തന്നെ പറയട്ടെ പ്രിന്സിപ്പല്‍ അവധി ക്യാന്സലാക്കി അടുത്ത ദിവസം
തിരിച്ചെത്തി. എന്റെ NOC യില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. “നിങ്ങള്‍ ഗനിസാഹിബിനെ തെറ്റിദ്ധരിപ്പിച്ചായിരിക്കും
സമ്മതം വാങ്ങിയത്” എന്ന് പറഞ്ഞുകൊണ്ടു. ചാര്‍ലൂ സാര്‍
പറഞ്ഞു നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒരു ഇന്‍റര്‍വ്യൂവിനു പോകാനുള്ള
അനുവാദം പോലും അദ്ദേഹം എനിക്ക് നിഷേധിച്ചു. ഏതായാലും അങ്ങനെ ഒരു നല്ല അവസരം കൂടി എനിക്കു നിഷേധിക്കപ്പെട്ടു. മറ്റു ചില കാര്യങ്ങളിലും അദ്ദേഹത്തില്‍ നിന്ന് എന്നോട് എന്തോ വിരോധം ഉള്ളതു പോലെയുള്ള പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ട്.
ഏതായാലും ഞാന്‍ എന്റെ വിധിയെ പഴിച്ചു ആര്‍.ഈ.സി യില്‍ നിന്ന് പോകാനുള്ള എല്ലാ
ശ്രമങ്ങളും തല്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. മാനസിക വിഷമം ഒഴിവാക്കാന്‍ ഞങ്ങളുടെ
അന്നത്തെ ഉറ്റ സുഹൃത്തായിരുന്ന മാത്തമാറ്റിക്സിലെ വറ്ഗീസ് ഫിലിപ്പ് സാറും കുടുംബവുമായി
ഒരു മൈസൂര്‍ ബാംഗ്ലൂര്‍ യാത്രക്കുപോയി. ഏതാനും ദിവസം എല്ലാം മറക്കാന്‍, കുഞ്ഞുങ്ങളുമായി
ബസ്സില്‍ തന്നെ പുറപ്പെട്ടു.
Comments
Post a Comment