42.ആര്‍.ഈ.സി.യിലെ പ്രശ്നങ്ങളും ഗവേഷണത്തിനുള്ള ശ്രമങ്ങളും

 

1975  മുതല്‍   78  വരെയുള്ള കാലഘട്ടം   ആര്‍.ഈ.സി.യെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങളുടെകാലമായിരുന്നു. ജീവനക്കാരെ സംബന്ധിച്ച് സേവനവേതന വ്യവസ്ഥകളില്‍ ഉണ്ടായിരുന്ന അപാകതകളും  അദ്ധ്യാപകര്‍ക്ക്   ഉദ്യോഗക്കയറ്റത്തിനുള്ള   സാദ്ധ്യതകളില്ലായ്മ്മയും  ആയിരുന്നു   പ്രശ്നങ്ങള്‍.  കുട്ടികളെ  സംബന്ധിച്ചാകുമ്പൊള്‍   റാഗിംഗും അനുബന്ധമായ  പ്രശ്നങ്ങളും അക്കാലത്ത് അസ്വാസ്ഥ്യങ്ങള്‍   ഉണ്ടാക്കിയിരുന്നു. അദ്ധ്യാപകരില്‍   പ്രത്യേകിച്ചും  എഞ്ചിനീയറിങ്ങ് അല്ലാത്ത വകുപ്പുകളിലെ  അദ്ധ്യാപകര്‍ അഞ്ചും  പത്തും,   വര്‍ഷം   മറ്റു കോളേജുകളില്‍    ജോലി  ചെയ്ത  പരിചയവുമായി  ആദ്യം  കിട്ടുന്ന   കുറച്ചു  മെച്ചപ്പെട്ട  പ്രതിഫലം  നോക്കി  ആര്‍.ഈ.സി.റ്റില്‍ വന്നതായിരുന്നു. എന്നാല്‍   വര്‍ഷങ്ങള്‍   മുന്നോട്ട്  പോയപ്പൊള്‍ ആദ്യം പ്രവേശിച്ച   തസ്തികയില്‍  തന്നെ  പത്തും  പതിനഞ്ചും വര്‍ഷം തുടരേണ്ടിവന്നു . സര്‍ക്കാര്‍  കോളെജുകളില്‍  സമയബന്ധിത  പ്രമോഷനില്‍  13  വര്‍ഷം  കഴിഞ്ഞാല്‍  അസിസ്റ്റന്‍റ്  പ്രൊഫസറായും  20  വര്‍ഷം  കഴിഞ്ഞാല്‍ പ്രൊഫസറായും  കയറ്റം   എം.ടെക്ക് ബിരുദം ഉണ്ടെങ്കില്‍ കിട്ടുമായിരുന്നു. ആര്‍.ഈ.സി.യില്‍    പുതിയ  കോര്‍സുകള്‍   ഒന്നും  തുടങ്ങാതെ  വര്‍ഷങ്ങള്‍  കഴിഞ്ഞു  പോയപ്പോള്‍ അവസരങ്ങള്‍   കുറഞ്ഞു. സമയബന്ധിത  പ്രമോഷനു വേണ്ടി അദ്ധ്യാപകര്‍ മുറവിളി   കൂട്ടി. അതുപോലെ  അദ്ധ്യാപകേതര  ജീവനക്കാരിലും  ചിലര്‍ക്ക്  അനര്‍ഹമായ പ്രൊമോഷന്‍  കൊടുക്കുകയും  മറ്റു  ചിലര്‍ക്ക്   നിഷേധിക്കുകയും ചെയ്തു  എന്നതും   പരാതികള്‍ക്ക്   കാരണമായി. അദ്ധ്യാപകരില്‍  ഒരു   കൂട്ടം  കേന്ദ്രസര്‍ക്കാര്‍  വേതന  സ്കെയിലില്‍  നിന്നു  സംസ്ഥാന സര്‍ക്കാര്‍  കോളെജുകളിലെ സ്കെയിലും  പ്രമോഷന്‍ രീതിയും  മതി  എന്നും   ആര്‍.ഈ.സി.യില്‍ നീതി  കിട്ടുന്നില്ല  എന്നു  പറഞ്ഞു  നഗരത്തില്‍  നീതിദേവതയുടെ  ശവപ്പെട്ടി  ചുമന്നു കൊണ്ട്  പ്രകടനം  നടത്തുക  വരെ  ചെയ്തു.

എന്നാല്‍  ആര്‍.ഈ.സി.യില്‍ പ്രമോഷന്‍  സാദ്ധ്യതക്ക്   എം.ടെക്ക്  മാത്രം  പോര  പി.എച്.ഡി.യും വേണ്ടി വരും എന്നുള്ളതു  കൊണ്ട്  ഉന്നത വിദ്യാഭ്യാസത്തിനു  പോകാന്‍ ഉള്ള  സാദ്ധ്യതകള്‍ ഞങ്ങളില്‍  ചിലര്‍ ആരായുന്നുണ്ടായിരുന്നു.  ഭാഗ്യവശാല്‍  ശമ്പളത്തോടെ അവധിയും ചെറിയ  ഒരു സ്റ്റൈപ്പെന്ഡും   കിട്ടുന്ന  QIP  (Quality  Improvement  Programme) പദ്ധതിയില്‍  എല്ലാ  വര്‍ഷവും  ഓരോ  വകുപ്പില്‍ നിന്നും  ഒന്നോ രണ്ടോ  പേരെ  അയക്കുന്നുണ്ടായിരുന്നു.   ആകെയുള്ള  അദ്ധ്യാപകരില്‍   ആറില്‍  ഒന്നു  പേര്‍ക്കു  മാത്രമേ  ഒരേ സമയത്ത്  ഈ അവധി  കൊടുക്കുമായിരുനുള്ളു. 1978 ല്‍   ഞങ്ങളുടെ  ഇലക്ട്രിക്കല്‍  വിഭാഗത്തില്‍  ഒരു  ഒഴിവു  മാത്രമേ  ഉണ്ടായിരുന്നുള്ളു. എന്‍റെ  സീനിയറും ഉറ്റ സുഹൃത്തുമായ  വെങ്കടരമണി  (വൈവി)  സാറിനായിരുന്നു   അവസരം . എന്നാല്‍  അദ്ദേഹം തന്നെ  എന്നോടും അപേക്ഷ  അയക്കാന്‍ പറഞ്ഞു. കാരണം  ഈ പദ്ധതിയില്‍  സെലക്ഷന്‍  കിട്ടാന്‍   നല്ല  മല്‍സരം  ഉള്ളതുകൊണ്ട്  രണ്ടു  പേരില്‍  ഒരാള്‍ക്ക് മാത്രം  സെലക്ഷന്‍  കിട്ടിയാല്‍ അയാള്‍ക്കു  പോകാം, രണ്ട് പേര്‍ക്കും  കിട്ടിയാല്‍ അപ്പോള്‍  നോക്കാം എന്നു  പറഞ്ഞാണ് എന്നെ  പ്രോത്സാഹിപ്പിച്ചത്. അങ്ങനെ വൈവിയും  ഞാനും   ഗവേഷണ ബിരുദത്തിനു  പ്രവേശനത്തിനു അപേക്ഷിച്ചു.

വൈവിക്ക്കാണ്പൂര്‍ ഐ.ഐ.ടി.യിലും എനിക്ക്  ഡല്‍ഹി  ഐ.ഐ.ടി.യിലും പ്രവേശനത്തിനു  തിരഞ്ഞെടുക്കപ്പെട്ടു.   മദിരാശി  ആയിരുന്നു  ഏറ്റവും  അടുത്തുള്ള  ഐ.ഐ.ടി. എങ്കിലും  ഡല്‍ഗിയിലേക്ക് ദൂരക്കൂടുതല്‍  ഉണ്ടെങ്കിലും  പുതിയ  ഒരു സ്ഥാപനത്തില്‍  പഠിക്കാന്‍  ഉള്ള  ആഗ്രഹവും  എന്‍റെ  ഉപരിപഠന  വിഷയമായ   സിസ്റ്റംസ് എഞ്ചിനീയറിങ്ങില്‍  ഡല്‍ഹി  ഐ.ഐ.ടി.യില്‍ മെച്ചപ്പെട്ട  ഗവേഷണം  നടക്കുന്നുണ്ട് എന്നും കേട്ടിരുന്നു. പക്ഷേ  രണ്ട്  പേരില്‍  ഒരാള്‍ക്ക്  മാത്രമേ  അവസരം  ഉള്ളല്ലോ  എന്നുള്ളതു  കൊണ്ട്   ഞാന്‍   പിന്നോട്ട്   നിന്നു.   എന്നാല്‍  അന്നത്തെ  ഞങ്ങളുടെ  തലവനായ  ചാര്‍ലൂ  സാറിനും രണ്ടാമനായിരുന്ന  ശ്രീനിവാസന്‍  സാറിനും വൈവിയുടെ  നിര്‍ബന്ധം  കൊണ്ട്  രണ്ടുപേരെയും അയക്കാന്‍ പ്രിന്‍സിപ്പാളിനോട്  ശുപാര്‍ശ  ചെയ്യാന്‍  അപേക്ഷിച്ചു,  ഭാഗ്യവശാല്‍   ആ വര്‍ഷം  മെക്കാനിക്കല്‍  വകുപ്പില്‍ നിന്ന്  ആര്‍ക്കും   ഈ പദ്ധതിയില്‍  പ്രവേശനത്തിനു  സെലക്ഷന്‍  കിട്ടിയിരുന്നില്ല.  അതുകൊണ്ട് അടുത്ത  വര്‍ഷം  ഇലക്ട്രിക്കലില്‍  ഒരദ്ധ്യാപകന്‍    ഗവേഷണം  പൂര്‍ത്തിയാക്കി  തിരിച്ചു  വരാന്‍  ഉണ്ടായിരുന്നതു  കൊണ്ട്  അടുത്ത വര്‍ഷത്തെ  ഒഴിവ്   ഈ വര്‍ഷത്തേക്ക്  പരിഗണിച്ച് എന്നെ കൂടി  അയക്കാന്‍  ഞങ്ങളുടെ പ്രൊഫസര്‍മാരുടെ  ശുപാര്‍ശ  പ്രിന്സിപ്പാള്‍  അംഗീകരിച്ചു.

മദിരാശിയിലെ  ഉപരിപഠനകാലത്ത്   കുടുംബത്തെ  കൊണ്ടുപോകാന്‍ കഴിയാഞ്ഞതു കൊണ്ട്  ഇത്തവണ ശ്രീമതിയെയും  കുഞ്ഞുങ്ങളെയും   ആദ്യമേ തന്നെ  കൂടെ  കൂട്ടാന്‍  തീരുമാനിച്ചു. അങ്ങനെ മംഗലാപുരം  നിസാമുദ്ദീന്‍  ജയന്തി  ജനതാ  എക്സ്പ്രെസ്സില്‍ വൈവിയും  പത്നിയും  മകന്‍ ജയറാമും   ഞാനും ഭൈമിയും മകളും  മകനും  ഒരേ  കമ്പാര്‍ട്ടുമെന്‍റില്‍   ഒരേ  ത്രീ  ടയര്‍  കമ്പാര്‍റ്റുനെന്‍റിനെ  ഒരേ ബേയില്‍    കോഴിക്കൊട്ടു നിന്നു  യാത്ര   ചെയ്തു. വഴിയില്‍  ഉടനീളം കൂട്ടത്തില്‍ ചെറിയ  കുട്ടിയായ ജയറാമിന്‍റെയും ഞങ്ങളുടെ കുട്ടികളുടെയും കുസൃതികള്‍ കണ്ട്   രണ്ട് ദിവസം പൊയതറിഞ്ഞില്ല.   വൈവിയും  കുടുംബവും   ഝാന്സിയില്‍  ഇറങ്ങി  കാണ്പൂരിലേക്ക് പോയി. ഞങ്ങള്‍  നാലുപേരും ഡല്‍ഹിയിലെ  നിസാമുദ്ദീന്‍  റെയില്വേ  സ്ടെഷനിലേക്കും  എത്തി. അവിടെ  ഞങ്ങളെ  കാത്ത്   ഞങ്ങളുടെ  ഫിസിക്സ്  ഡിപ്പാര്‍ട്ടുമെന്‍റിലെ  സ്നേഹ നിധിയായ  കോലപ്പന്‍ പിള്ള  സാര്‍  നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹവും   കുടുംബവും  ഞങ്ങള്‍ക്കു  വേണ്ടി  ചെയ്ത  നല്ല  കാര്യങ്ങളും  മൂന്നാം ക്ലാസിലും ഒന്നാം ക്ലാസിലും  പഠിക്കുന്ന രണ്ട് ചെറിയ  കുട്ടികളൊടൊപ്പം  നാട്ടില്‍  നിന്ന്  2000  കി,മീ.റില്‍  അധികം ദൂരെ  കാലാവസ്ഥയില്‍ പോലും  തികച്ചും  വ്യത്യസ്തമായ  ഡല്‍ഹിയിലെ  ആദ്യത്തെ  അനുഭവങ്ങളും  മറ്റും തുടര്‍ന്നുള്ള  ലക്കങ്ങളില്‍  വായിക്കാം.   

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും