46. ഒരു സഹോദര തുല്യന്‍ , സ്നേഹിക്കാന്‍ മാത്രം അറിയാവുന്നയാള്‍
എന്റെ വളരെ അടുത്ത സുഹൃത്തിന്റെ ഭാര്യാ സഹോദരന്‍, എന്റെ ധര്‍മ്മപത്നിയെ സ്വന്തം ചേച്ചിയെപ്പോലെ കരുതുന്ന ആള്‍, പെട്ടെന്നൊരു ദിവസം ഡല്‍ഹിക്കു തിരിക്കുന്നു. സൌദിയില്‍ പോകാന്‍ അയലത്തെ സുഹൃത്തിന്റെ വിസ അടിപ്പിക്കാനാണ് വരവ്. ഗംഭീരമായി വിമാനത്തില്‍ തന്നെ. പക്ഷെ പുറപ്പെടുന്നതിനു ഏതാനും മണിക്കൂര്‍ മുമ്പാണ് ചേച്ചിക്ക് എന്താണ് കൊണ്ടു പോകേണ്ടത് എന്ന് ആലോചിച്ചത്. നേരെ വിട്ടു, ചാലക്കമ്പോളത്തിലേക്ക്. അര ചാക്ക് ഒന്നാം തരം കുത്തരി, ഒരു കുല കപ്പപഴം, (ചെങ്കദളി), കുറച്ചു ഉണക്ക മീന്‍ (കരുവാട് എന്ന് തിരുവനന്തപുരം ഭാഷ) ഇവയെല്ലാം കൂടി ഒരു ചാക്കില്‍ കെട്ടി കൂടെ കയറ്റി.
ഇന്നത്തെപ്പോലെ
സുരക്ഷാ പരിശോധന കര്‍ശനമല്ല. എന്നാലും ബോംബയില്‍ മാറി കേറ്റിയതിനിടെ ആരോ CISF ലെ ഒരു വിരുതന്‍ കയ്യിലിരുന്ന ഉപകരണം കൊണ്ട് ചാക്കില്‍ ഒരു കുത്തു
കൊടുത്തു. അരി കുറെ പുറത്തു ചാടി. ആള്‍ക്കാര്‍ ശ്രദ്ധിച്ചു. ഇതെന്താ? ചോദ്യമായി.
ആശാന്‍ അറിയാവുന്ന ഭാഷയില്‍ പറഞ്ഞു "അരിശ് അരിശ്". ഏതായാലും മത്സ്യം ആരും കണ്ടില്ല.
ഒരു വിധം ചാക്ക് വീട്ടില്‍ എത്തിച്ചു. പഴം വീട്ടില്‍ എത്തിയപ്പോള്‍ പായസം ആയി,
ഭഗവന്‍ ദാസിന്റെ പശുവിനു ഭക്ഷണവും. കുറെ നാള്‍ കൂടി ഞങ്ങള്‍ നല്ല കുത്തരി ചോറ് ഉണ്ടിട്ടു. നല്ല
പച്ചരി കിട്ടുമായിരുന്നെങ്കില്‍ നമ്മുടെ
നാടന്‍ കുത്തരി യുടെ ചോറ് ഒന്നു വേറെ തന്നെ.
രണ്ടാഴ്ച്ചത്തേക്ക് കുത്തരി സുലഭം. കരുവാടു കുറച്ചു ഒന്ന് രണ്ടു മലയാളി
സുഹൃത്തുക്കള്‍ക്കു പങ്കുവെച്ചു.
ആള്‍
ഭയങ്കരവൃത്തിക്കാരനാണ്. ഞങ്ങളുടെ അടുത്ത വീട്ടിലെ പഞ്ചാബിക്കുട്ടി ( പാഗല്‍ കാ ഭാഷ
ഫെയിം)
ഇടയ്ക് വീട്ടില്‍ വരും. ആ കുട്ടിയെ അയാള്‍ക്ക് തീരെ പിടുത്തമല്ല. ശ്രീമതിയോട് പറയും " ചേച്ചി, കേറ്റരുത്, കുളിക്കാത്ത ജാതിയാണ്, വല്ല രോഗവും വരും " എന്ന്. ഒരു ദിവസം ആ കുട്ടി ഞങ്ങളുടെ വീട്ടിനകത്തു
കയറിയത് ആശാന് പിടിച്ചില്ല. ആശാന് കക്ഷിയെ പുറത്താക്കണം. " അന്തര്‍ ആവോ
" എന്ന് പറഞ്ഞാല്‍ അകത്തു വരൂ എന്നാണ് എന്ന് അറിയാം. അതു കൊണ്ടു കക്ഷി
പുറത്തിറങ്ങി നിന്നിട്ട് കുട്ടിയെ വിളിച്ചു പറഞ്ഞു "അന്തര്‍ ആവോ",
പുറത്തേക്ക് ആന്ഗ്യം കാണിച്ചു. ഞങ്ങള്‍ എല്ലാം തല അറഞ്ഞു ചിരിച്ചു
അന്ന്.
പുറത്തു
പോയാല്‍ അയാള്‍ ഭക്ഷണം ഒന്നും കഴിക്കുകയില്ല. ബ്രിട്ടാനിയ ബിസ്കറ്റ് അല്ലാതെ.
കാലാവസ്ഥ മാറുമ്പോള്‍, ഡല്‍ഹിയില്‍ ചില സമയത്തു ഈച്ച
ശല്യം വളരെ കൂടുതല്‍ കാണാം. കക്ഷിക്ക് ഈച്ചയെ ഭയങ്കര അറപ്പാണ്. ഭക്ഷണം
കഴിക്കുമ്പോള്‍, ആരെങ്കിലും വീശി കൊടുക്കണം. മറ്റുള്ളവര്‍
കഴിക്കുമ്പോള്‍ അയാള്‍ വീശിതരും. " വേഗം കഴിക്കൂ, എന്റെ
കൈ കഴയ്ക്കുന്നു " എന്ന് പറഞ്ഞുകൊണ്ട്. ഒരു ദിവസം ബസ്സില്‍ നിന്നു ഓടിയിറങ്ങി
വന്ന പാടേ " ചേച്ചീ, ഡെറ്റോള്‍ എവിടെ " എന്ന്
ചോദിച്ചു കൊണ്ട്. കാരണം ബസ്സില്‍ വച്ചു ഒരീച്ച ആശാന്റെ മുഖത്ത് ഇരുന്നു. മുഖവും
കയ്യും എല്ലാം കഴുകി കഴിഞ്ഞാണ് ഇതു പറഞ്ഞതു.
ഇങ്ങനെയും
ഒരാള്‍, ശുദ്ധഗതിക്കാരന്‍, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന
നിഷ്കളങ്കന്‍, എന്നാലും അയാളുടെ ചെയ്തികളില്‍ നിന്ന് ഞങ്ങള്‍ക്ക്
ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ എന്നും എന്തെങ്കിലും ഉണ്ടാവുമായിരുന്നു. കുടുംബത്തിലെ
മൂത്തയാള്‍ ആയതു കൊണ്ടോ ജോലി തേടാന്‍ അല്‍പ്പം വൈകിയതു കാരണമൊ
ആണെന്നു തോന്നുന്നു അദ്ദേഹം നമ്മുടെ കെ എസ് ആര്‍ ടി സിയില്‍ കുറെ വര്‍ഷം തലസ്ഥാനനഗരിയിലെ
സിറ്റി ബസ്സിലും മറ്റും കണ്ടക്ടര്‍ ആയി ജോലി ചെയ്തു ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു.
വാല്‍ക്കഷ്ണം:
ആ സ്നേഹത്തിന്‍റെ നിറകുടം പൂര്‍ണ ആരോഗ്യവതിയല്ലാത്ത ചേച്ചിയെയും
കൂട്ടി എന്‍റെ പ്രിയയുടെ
സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തു നിന്നു
കൊച്ചിയില്‍ വന്നിരുന്നു. കൂട്ടുകാരിയുടെ മൃതശരീരം കാണാന്‍ ഇത്ര
നീണ്ട യാത്ര ഒഴിവാക്കി അയാളുടെ
ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി എന്നു
ഞാന്‍ വീണ്ടും വീണ്ടും
പറഞ്ഞിട്ടും. അതാണ് നിഷ്കളങ്കമായ
സ്നേഹത്തിന്‍റെ ആഴം. നന്ദി സഹോദരീ, സഹോദരാ നിങ്ങള്‍ക്കു
രണ്ടുപേര്‍ക്കും കുടുംബത്തിനും നന്മ മാത്രം
നേരുന്നു .
Comments
Post a Comment