47.തക്കാളിക്കും പാര വെക്കുന്ന നമ്മുടെ നാട്ടുകാര്‍

 


കഴിഞ്ഞ  ലക്കത്തില്‍ നാട്ടില്‍ നിന്ന് ഞങ്ങളുടെ ഒരു സഹോദര സ്ഥാനീയന്‍ സൌദി അറേബ്യയിലേക്ക് കൂട്ടുകാരനു  വിസ സംബന്ധമായി വന്നത് എഴുതിയിരുന്നല്ലോ. കുറച്ചുനാള്‍ കഴിഞ്ഞു സുഹൃത്ത് അയാളുടെ നാട്ടുകാരനായ കക്ഷിയുമായി ഡല്‍ഹിയില്‍ എത്തി. വിദേശത്തേക്കുള്ള യാത്രാമദ്ധ്യേ. സൌദിയിലേക്ക് പോകുന്ന ആള്‍ക്ക് ഒന്നാം തരമായി തയ്യല്‍ (തുന്നല്‍) അറിയാം. തുന്നല്‍പ്പണി ചെയ്യാന്‍ ആണ് വിസയും കിട്ടിയത്. എംബസിയില്‍ പോയി എന്തൊക്കെയോ ചടങ്ങുകള്‍ക്കും ടിക്കറ്റു ഓക്കേ ആവാനും മൂന്നു നാല് ദിവസം താമസം ഉണ്ടായിരുന്നു. വെറുതെ ഇരിക്കേണ്ട എന്ന് പറഞ്ഞു അയാള്‍ അടുത്ത വീട്ടില്‍ നിന്നു ഒരു കൈത്തുന്നല്‍ യന്ത്രം വാങ്ങി രണ്ടു ദിവസം കൊണ്ടു ഞങ്ങളുടെ മകള്‍ക്കും മകനും രണ്ടു ജോഡി ഡ്രസ്സ് തയ്ച്ചു തന്നു. ഒന്നാം തരം പണിക്കാരന്‍ തന്നെ.

പക്ഷെ കക്ഷിക്ക് മലയാളം മാത്രമേ അറിയൂ. മറ്റൊരു ഭാഷയും അറിയില്ല. യാത്രയില്‍ മലയാളം അറിയാത്ത ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ എന്ത് ചെയ്യും? ഞങ്ങള്‍ ഒരു കടലാസ്സില്‍ അയാളെപ്പറ്റിയുള്ള എല്ലാ വിവരവും ഇംഗ്ലീഷില്‍ എഴുതി അയാളുടെ പോക്കറ്റില് സുരക്ഷിതമായി നിക്ഷേപിച്ചു. ആരെന്തു ചോദിച്ചാലും ഇതെടുത്തുകാണിച്ചാല്‍ മതി എന്നു പറഞ്ഞു. പാസ്പോര്‍ട്ടും  ടിക്കറ്റും മറ്റത്യാവശ്യരേഖകളും ആരുടെ കയ്യിലും കൊടുക്കരുതെന്നും പറഞ്ഞ് അയാളെ യാത്രയാക്കി. ശരിക്കും തക്കാളി കയറ്റി അയക്കുന്നതു പോലെ.

അയാള്‍ അവിടെ ചെന്നു ഒരു അറബിയുടെ കൂടെ തുന്നല്‍ ജോലിക്കുചേര്‍ന്നു.  ആത്മാര്‍ത്ഥത കൊണ്ടും പണിയിലുള്ള കഴിവുകൊണ്ടും പെട്ടെന്നുതന്നെ അയാള്‍ അറബിയുടെ കണ്ണിലുണ്ണിയായി. രണ്ടു കൊല്ലത്തിനകം അയാളുടെ വീട്ടിലെ കടം എല്ലാം തീര്‍ത്തു. പെങ്ങളുടെ കല്യാണം നടത്തി. വീട് നന്നാക്കി. അടുത്ത വര്‍ഷം നാട്ടില്‍ വരുന്നു എന്ന് അമ്മയോട് പറഞ്ഞു.

പക്ഷെ അവന്റെ ഈ ഉയര്‍ച്ചയില്‍ അസൂയാലുക്കളായ നമ്മുടെ നാട്ടുകാര്‍ അതേ കടയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും ഇതു സഹിച്ചില്ല. ജോലി കിട്ടിയിട്ട് ഒരിക്കല്‍ പോലും വീട്ടിലേക്ക്‌ വരാത്ത അയാളുടെ മൃതശരീരമാണ് അമ്മയ്ക്കും വീട്ടുകാര്‍ക്കും കാണാന്‍ തിരിച്ചു കിട്ടിയത്. ഏതാണ്ട് മൂന്നു വര്‍ഷം കഴിഞ്ഞിരുന്നു, അപ്പോള്‍. കേട്ടറിഞ്ഞത് കൂട്ടത്തിലുള്ളവരാരോ അയാളെ അപായപ്പെടുത്തി എന്നാണ്. ശരിയോ തെറ്റോ അറിയില്ല. പക്ഷെ അങ്ങനെ സംഭവിച്ചു എങ്കില്‍ അതിനു കാരണം അയാളുടെ ആത്മാര്‍ത്ഥതയും ജോലിയിലുള്ള ശുഷ്കാന്തിയുമല്ലാതെ മറ്റൊന്നുമല്ല. പാവവും നിഷ്കളങ്കനുമായ ഒരു ചെറുപ്പക്കാരനെ വക വരുത്തിയത് നമ്മുടെ നാട്ടുകാര്‍ തന്നെ ആയിരുന്നുവത്രേ. നാട്ടില്‍ മാത്രമല്ല വിദേശത്ത് പോയാലും മലയാളികള്‍ നമ്മുടെ തനി സ്വഭാവം, മറ്റുള്ളവര്‍ക്കു 'പാര' വെക്കുന്ന സ്വഭാവം മറക്കുകയില്ലല്ലോ. ഒരു കുടുംബത്തിന്റെ എല്ലാമെല്ലാം ആയ ഒരാളിന്റെ ജീവന്‍ കൂടി അങ്ങനെ പൊലിഞ്ഞു പോയി. അതാണത്ഭുതം, സങ്കടവും.

 

 

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും