51. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

 

പല കാര്യത്തിലും  പുരുഷന്മാരേക്കാള്‍ മുന്‍ വിധികളും അന്ധവിശ്വാസങ്ങളും സ്ത്രീകള്‍ക്കാണെന്നുകൂടുതലെന്നു എനിക്ക് തോന്നുന്നു. പ്രത്യേകിച്ചും സ്വന്തം ഭര്‍ത്താവിനെയും കുട്ടികളെയും സംബന്ധിക്കുന്ന കാര്യങ്ങളാണെങ്കില്‍ തീര്‍ച്ച. എന്റെ ധര്‍മ്മദാരങ്ങളും ഇതിനൊരപവാദം ആയിരുന്നില്ല. നിസ്സാരകാര്യം ആണെങ്കിലും അവര്‍ക്കു കരയാനും ഉറക്കം പോകാനും വലിയ കാര്യമൊന്നും വേണ്ടല്ലോ. (സ്ത്രീ വിമോച നക്കാര്‍ ക്ഷമിക്കണേ )

ഈ പരമ്പരയില് കുറെ മുമ്പ് എന്റെ ഭാര്യ വിവാഹസമയത്ത്ത് എന്നെ അണിയിച്ച വിവാഹ മോതിരം ഞങ്ങളുടെ അടുത്തുള്ള പുഴയില് കുളിക്കുന്നതിനിട യില് വീണു പോയി എങ്കിലും അത്ഭുതകരമായ രീതിയില് അത് തിരിച്ചു കിട്ടുകയും ചെയ്ത സംഭവം എഴുതിയിരുന്നു.. എഞ്ചിനീയറിങ്ങ് ഒന്നും അറിയാത്ത ഒരു വയോവൃദ്ധന്റെ ഉപദേശം കേട്ട് സിമുലേഷന് എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു അത്. ഇവിടെ മോതിരമല്ല ശ്രീമതിയുടെ താലി ആയിരുന്നു എന്ന വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു

  സംഭവവും ഡല്‍ഹിയില്‍ വച്ച് തന്നെ നടന്നത് . ഒരു ദിവസം ഞാന്‍ ഇന്സ്റ്റിട്യൂട്ടിലെ പകല്‍ മുഴുവന്‍ ഗവേഷണം കഴിഞ്ഞു ക്ഷീണിതനായി വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ശ്രീമതി വളരെ ദു:ഖിതയായി ഇരിക്കുന്നു. എന്താണ് സംഭവം, കുഞ്ഞുങ്ങള്‍ ഒന്നും പറയുന്നില്ല. കാര്യങ്ങള്‍ അന്വേഷിച്ചു പരിഹാരം കണ്ടെത്താനുള്ള പ്രായവും അവര്‍ക്കായില്ലല്ലോ. സംഭവം ഇതാണ്. വീട്ടുകാരിയുടെ താലിമാലയില്‍ നിന്ന് കെട്ടുതാലി എങ്ങനെയോ നഷ്ടപ്പെട്ടു പോയി. ഞാന്‍ പറഞ്ഞു താലിയല്ലേ പോയുള്ളൂ, ഞാന്‍ പച്ച ജീവനോടെ ഉണ്ടല്ലോ, നമുക്ക് സൗകര്യം പോലെ നാട്ടില്‍ പോകുമ്പോള്‍ ഒരെണ്ണം വാങ്ങാം .പക്ഷേ ശ്രീമതിക്ക് അത് പോര. അപ്പോള്‍ തന്നെ സാധനം ഉണ്ടാക്കണം. ഞാനറിഞ്ഞിടത്തോളം താലികള്‍ പല രീതിയില്‍ ഉണ്ടാവും. ഓരോ ജാതിക്കാര്‍ക്കും ദേശക്കാര്‍ക്കും ഭാഷ സംസാരിക്കുന്നവര്‍ക്കും താലിയുടെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസം ഉണ്ടെന്നു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇവിടെ നാട്ടിലെപ്പോലെ റെഡിമെയ്ഡ് താലി കിട്ടാനുള്ള സാദ്ധ്യതയും വളരെ കുറവാണെന്ന് ഉറപ്പായി. എന്‍റെ  അറിവില്‍ സ്വര്‍ണപ്പണിക്കാര്‍ തന്നെ ഞങ്ങള്‍ താമസിക്കുന്ന ദക്ഷിണ ഡല്‍ഹിയില്‍ ആരുമുള്ളതായി അറിയില്ല. ഉത്തര ഡല്‍ഹിയില്‍  കരോള്‍ ബാഗിലാണ് ചില സ്വര്‍ണക്കടകളും മറ്റും ഉള്ളത്. അവിടെ പോകണമെങ്കില്‍ മുക്കാല്‍ മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്യണം. ശ്രീമതിയുടെ വാശി കാരണം ക്ഷീണമുണ്ടെങ്കിലും ഒരു കാലിച്ചായ കുടിച്ചിട്ട് ഞാന്‍ പുറപ്പെട്ടു. കരോള്‍ ബാഗില്‍ ചെന്ന് കുറെ അന്വേഷിച്ചു ഒരു സ്വര്‍ണപ്പണിക്കാരന്റെ താവളം കണ്ടു പിടിച്ചു കാര്യം അവതരിപ്പിച്ചു. ഉദ്ദേശിച്ചത് പോലെ സാധനം ഉണ്ടാക്കി എടുത്തെ പറ്റൂ, റെഡി മെയ്ഡ് ഇല്ല. . ഏതായാലും ഞാന്‍ അതിന്റെ ആകൃതി (ആലിന്റെ ഇല പോലെ ) വരച്ചു കാണിച്ചു ഒന്നോ രണ്ടോ ഗ്രാമില്‍ ഉണ്ടാക്കാന്‍ ഉള്ള പണവും കൊടുത്തു രാത്രി തിരിച്ചെത്തി. മൂന്നാം ദിവസം പോയി അത് വാങ്ങി കഴുത്തില്‍ ഇട്ടിട്ടേ ശ്രീമതിക്ക് ‌ സമാധാനമായുള്ളൂ.

 

 




Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും