53.കുവെയിറ്റില്‍ നിന്ന് ഒരു കത്തും വിരൂപ റാണി മത്സരം നടത്തുന്ന സുഹൃത്തും
എന്‍റെ അനുജന്‍ അശോക് കുമാര്‍ ഞങ്ങളുടെ കൂടെ താമസിച്ച് മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. അയാള്‍ സാഹിത്യകലാപ്രവര്‍ത്തനങ്ങള്‍ക്ക് അമിതമായ മുന്ഗണന കൊടുത്തതു കൊണ്ടു പ്രി ഡിഗ്രീ പാസായി വൈദ്യപഠനത്തിനു അവസരം കിട്ടാതെ ബിഎസ്സി (ഫിസിക്സ്) യ്കാണ് പഠിച്ചിരുന്നത്. അവസാന വര്‍ഷത്തെ മെയിന്‍ പരീക്ഷ ആദ്യത്തെ അവസരത്തില്‍ എഴുതിയില്ല. ആ സമയത്ത് ടെലിഫോണ്‍ ഓപ്പറെറ്റര്‍ ജോലിക്ക് അപേക്ഷിച്ചു, കിട്ടി. അതുകഴിഞ്ഞ് സെപ്റ്റംബര്‍ പരീക്ഷയില്‍ ബി.എസ്സിപരീക്ഷ പാസായി ഇരിക്കുകയായിരുന്നു. ടെലഫോണ്‍ ഓപ്പറേറ്റര്‍ ആയി കഷ്ടിച്ചു ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ടെലികോം ജൂനിയര്‍ എഞ്ചിനീയര്‍ ആയി മത്സര പരീക്ഷയെഴുതി പ്രമോഷന്‍ കിട്ടിയിരുന്നു.
പെട്ടെന്നൊരു
ദിവസം എനിക്ക് ഡല്‍ഹി ഐഐടി മേല്വിലാസത്തില്‍ ഒരു എയര്‍ മെയില്‍ കത്ത്
കിട്ടി. അത് അനുജന്റെതായിരുന്നു കുവെയിറ്റില്‍ നിന്ന്. അയാള്‍ കുവെയിറ്റില്‍ ഒരു ജപ്പാന്‍
ടെലികോം കമ്പനിയുടെ എഞ്ചിനീയറായി ജോലി ചെയ്യുന്നു എന്നും കാര്യങ്ങള്‍ മുമ്പേ
അറിയിക്കാത്തതില്‍ ക്ഷമിക്കണം എന്നും അറിയിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്.
സംഭവം
ഇങ്ങനെ ആയിരുന്നു. ഞങ്ങള്‍ ഡല്‍ഹിയിലേക്കു പോകുമ്പോള്‍ അയാള്‍ ജുണിയര്‍
എഞ്ചിനീയറായി പരിശീലനത്തിന് തിരുവനന്തപുരത്തായിരുന്നു. പരിശീലനം കഴിഞ്ഞു അയാള്‍
കോഴിക്കോട്ടു തന്നെ പോസ്റ്റിംഗ് വാങ്ങി. പഴയ രാഷ്ട്രീയഭ്രമം തീരെ
വിട്ടിട്ടുണ്ടായിരുന്നില്ല, കോഴിക്കോട്ടെ
പൌരമുഖ്യന്മാര്‍ മുതല്‍ വെറും സാധാരണക്കാര്‍ വരെയുള്ളവരോടുള്ള കൂട്ടുകെട്ടും,
എല്ലാവരെയും സമഭാവനയില്‍ കരുതുന്ന സൗഹൃദവും.. അന്ന് സബ് കലക്ടര്‍
ആയിരുന്ന ജയകുമാര്‍ (പിന്നീട് കോഴിക്കോട്ടുതന്നെ കളക്ടറും ചീഫ് സെക്രട്ടറിയും മറ്റും
ആയ ആള്‍), പ്രസിദ്ധ നോവലിസ്റ്റ് കാക്കനാടന്റെ സഹോദരന്‍ രാജന്‍
കാക്കനാടന്‍, സ്ഥലത്തെ പ്രധാന ദിവ്യന്മാരില്‍ ഒരാളായിരുന്ന
രാമദാസ് വൈദ്യന്‍ എന്നിവരെല്ലാം അക്കൂട്ടത്തില്‍ പെടും.
ഇവരില്‍
സാന്ദര്‍ഭികമായാണെങ്കിലും രാമദാസ് വൈദ്യെരെപ്പറ്റി പറയാതെ വയ്യ. ഞങ്ങളുടെ
തലമുറയിലെ കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതനായിരുന്നു അദ്ദേഹം. തൊഴില്‍ കൊണ്ടു ഒരു
ആയുര്‍വേദ വൈദ്യന്‍. ആരോഗ്യ വൈദ്യവിലാസിനി വൈദ്യശാല കോഴിക്കോട്ടു കോട്ടപ്പറമ്പ്
ആശുപത്രിക്ക് എതിര്‍ഭാഗത്തായി പ്രവര്‍ത്തിച്ചിരുന്നു. മിക്കവാറും സമയം വൈദ്യരെ
അവിടെ കാണുമായിരുന്നു, കോഴിക്കോട്ടെ
സാഹിത്യകാരന്മാര്‍ ആരെങ്കിലും അവിടെ കാണുകയും ചെയ്യും. എന്നാല്‍ വൈദ്യര്‍ വളരെ രസകരമായ,
എന്നാല്‍ ചിന്തിപ്പിക്കുന്ന, പല പരിപാടികള്‍ക്കും
നേതൃത്വം കൊടുത്തിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന് അല്‍പ്പം ‘നൊസ്സ്’ ഉണ്ടോ എന്ന്
അവരെ തോന്നിപ്പിക്കുന്ന ചില പരിപാടികള്‍. അതില്‍ ചിലതിതാ.
എല്ലാവരും
സ്റ്റാര്‍ ഹോട്ടലിലും മറ്റും വച്ച് സൌന്ദര്യമത്സരം നടത്തി മിസ് കേരള, മിസ് ഇന്ത്യ ഇവരെയൊക്കെ
തിരഞ്ഞെടുക്കുന്നു. വൈദ്യര്‍ വിചാരിച്ചു എന്ത് കൊണ്ടു ഒരു വിരൂപറാണി മത്സരം നടത്തി
കൂടാ? നടത്തുക തന്നെ ചെയ്തു. തുറന്ന മൈതാനത്ത് നടത്തിയ
മത്സരത്തില്‍ കോഴിക്കോട്ടെ ഏറ്റവും വിരൂപയായ ഒരു സ്ത്രീയെ വിരൂപ റാണിയായും ഒരു
പുരുഷനെ വിരൂപരാജനായും തിരഞ്ഞെടുത്തു. അവര്‍ക്ക് അര്‍ഹമായ സമ്മാനങ്ങളും കൊടുത്തു. മറ്റൊരു പരിപാടി
മുതലക്കുളത്തു അലക്കുകാര്‍ സ്ഥിരമായി തുണി അലക്കിക്കൊണ്ടിരുന്ന കല്ലിനെ ആദരിക്കുക
എന്നതായിരുന്നു. കോഴിക്കോട്ടെ നാട്ടുകാരുടെ മുഴുവന്‍ വിഴുപ്പലക്കി അഴുക്കു മുഴുവന്‍
ഏറ്റുവാങ്ങുന്ന ആ കല്ലിനെ വൈദ്യര്‍ ഒരു ദിവസം പൊന്നാട തന്നെ അണിയിച്ചു. പൊതുജനസാന്നിദ്ധ്യത്തില്‍.
റെയില്വേ സ്റ്റേഷന്റെ അടുത്തു വൈദ്യരുടെ വക ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. ലോകത്തിലെ
ആദ്യത്തെ ടെമ്പിള്‍ അറ്റാച്ച്ഡ് ഹോട്ടലായിരുന്നു അത്. വൃദ്ധരായ ഭാര്യാഭര്‍ത്താന്മാര്‍ക്ക്
ഇവിടെ കുറഞ്ഞ വാടകയില്‍ താമസിക്കുകയും എന്നും ക്ഷേത്ര ദര്‍ശനം
നടത്തുകയുമായിരുന്നു. തെങ്ങില്‍ നിന്ന് തേങ്ങ ഇടാന്‍ ആളുകള്‍ വളരെ കുറവാണെന്ന്
കണ്ടു ഒരു സ്വാശ്രയ തെങ്ങുകയറ്റ പരിശീലന കോളേജു അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ഒരു
കലക്ടര്‍ ,ശ്രീ ചൌഹാന്‍, തെങ്ങ് കയറി
തന്നെ ആയിരുന്നു ആ കോളേജു ഉദ്ഘാടനം ചെയ്തത് കുഞ്ചന്‍ നമ്പ്യാരുടെ രീതിയില്‍ അന്ന്
ആള്‍ക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പല പരിപാടികളും അദ്ദേഹം
മുന്കയ്യെടുത്ത് സംഘടിപ്പിച്ചു വന്നു.
ഇങ്ങനെയുള്ള പലരും അനുജന്റെ ഉറ്റസുഹൃത്തുക്കളായിരുന്നു. അനുജന്‍ അല്പം തീവ്രവാദി
കമ്മ്യുണിസ്റ്റാണോ എന്ന സംശയത്തില്‍ പോലീസിന്റെ നോട്ടപ്പുള്ളിയുമായിരുന്നു എന്ന് പിന്നീട്
കേട്ടു..
അനുജന്റെ
കത്തില്‍ നിന്ന് കിട്ടിയ വിവരം : കോഴിക്കോട്
ജൂണിയര്‍ എഞ്ചിനീയറായി ജോലി ചെയ്യുമ്പൊള്‍ അവന്റെ ഒരു സുഹൃത്ത് ബോംബെയില്‍ നിന്ന്
വിളിച്ചു ചോദിച്ചു .”എടാ നിനക്ക് കുവെയിറ്റില്‍ ജോലിക്ക് പോകാന്‍ ആഗ്രഹമുണ്ടോ
എങ്കില്‍ സര്‍ട്ടിഫിക്കറ്റും ഒക്കെ ആയി മൂന്നു ദിവസത്തിനകം ബോംബെയില്‍ വരുക, ഒരു ഇന്റെര്വ്യുവിനു ഹാജരാകാന്‍ തയാറായി”. ചുമ്മാ ഒരു
രസത്തിനു ആരോടോ കുറച്ചു പണവും കടം വാങ്ങി അനുജന്‍ മംഗലാപുരം വഴി ബസ്സില്‍ ബോംബെയില്‍
എത്തി. ഇന്ഗ്ലീഷിലും മറ്റും നല്ല അവഗാഹം ഉള്ള അവനെ ജാപ്പനീസ് എഞ്ചിനീയര്‍മാര്‍ക്ക്
നന്നായി ഇഷ്ടപ്പെട്ടു, അവര്‍ അയാളെ ജെടെക് എന്ന കമ്പനിയില്‍
എഞ്ചിനീയര്‍ ആയി തിരഞ്ഞെടുത്തു. എത്രയും വേഗം ജോലിയില്‍ ചേരാന്‍ ആവശ്യപ്പെട്ടു.
അന്ന് ടെലകോം ഡിപ്പാര്‍ട്ടുമെന്റില്‍ വിദേശ ജോലിക്ക് അവധി കൊടുക്കുകയില്ല. ജുനിയര്‍
എഞ്ചിനീയര്‍ ജോലി രാജി വെച്ചു അയാള്‍ കുവെയിറ്റിലേക്ക് വിമാനം കയറി. അവിടെ കേബിള്‍
എഞ്ചിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. കൂടുതലും കമ്പനി മാനേജരുടെ പേര്സണല്‍
(ടെക്നിക്കല്‍) അസിസ്റ്റന്റായിട്ടായിരുന്നു ജോലി. നന്നായി ഭാഷ കൈകാര്യം ചെയ്യാന്‍
അറിയാവുന്നു കൊണ്ടു അയാളുടെ സഹായം മീറ്റിങ്ങുകളില്‍ ബോസ്സിന് അത്യാവശ്യമായിരുന്നു.
ഇത്രയൊക്കെ ആയിരുന്നു അയാളുടെ കത്തില്‍. ഉണ്ടായിരുന്നത്. അറബി വേഷത്തില്‍ അയാളുടെ
ഒരു ഫോട്ടോയും. അത്ഭുതം എന്ന് തന്നെ പറയാം ഇവിടെ വിപ്ലവം പ്രസംഗിച്ചു നടന്ന കക്ഷി
ഒരു സുപ്രഭാതത്തില്‍ വിദേശത്ത് പെട്രോഡോളര്‍ ഉണ്ടാക്കുന്ന ജോലി നോക്കുന്നു.

Comments
Post a Comment