55.ഡല്‍ഹിയില്‍നിന്ന് കോഴിക്കോട്ടേക്ക് മടക്ക യാത്ര


അങ്ങനെ ഡല്‍ഹിയിലെത്തിയിട്ടു വര്‍ഷം മൂന്നാകാന്‍ പോകുന്നു. ഗവേഷണത്തില്‍ മോശമല്ലാത്ത വിജയം നേടി എന്ന് രണ്ടു ഗൈഡന്മാരും അംഗീകരിച്ചു. നാലുപ്രധാന പ്രബന്ധങ്ങള്‍ക്കുള്ള ഫലങ്ങള്‍ കിട്ടിയിട്ടുണ്ട്. മൂന്നെണ്ണം എഴുതി അയക്കുകയും ചെയ്തു. നാലാമത്തേതിന്റെ രൂപരേഖയും ആയിട്ടുണ്ട്. ജൂലായ്‌ ആദ്യം തിരിച്ചു ആറീസിയില്‍ ചേരണമല്ലോ എന്ന് കരുതി തീസിസിന്റെ ജോലി ഡിസംബറില്‍ തന്നെ ഞാന്‍ തുടങ്ങിയിരുന്നു. കുറേശ്ശെ എഴുതിത്തുടങ്ങുകയും ചെയ്തു.

പക്ഷേ എനിക്ക്   അവധി  ജുലായ്  അവസാനം വരെ  ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ അദ്ധ്യയനവര്‍ഷം ജൂണില്‍  തുടങ്ങുന്നതു  കൊണ്ട്  കുട്ടികളെ  നേരത്തേ  സ്കൂളില്‍  ചേര്‍ത്തേ  മതിയാവൂ. ഇവിടെയും കുട്ടികളെ കോഴിക്കോട്ടെ നല്ല സ്കൂളുകളില്‍ ചേര്‍ക്കാന്‍ കോലപ്പന്‍പിള്ള സാര്‍ തന്നെ സഹായിച്ചു. കുട്ടികള്‍ക്ക് സാമാന്യം നല്ല മാര്‍ക്കുണ്ടായിരുന്നതു കൊണ്ടു കാര്യം എളുപ്പമായി. പ്രത്യേകിച്ചും മകള്‍ക്ക്.  മകളെ അന്നും ഇന്നും നഗരത്തിലെ ഏറ്റവും മെച്ചപ്പെട്ട സ്കൂളുകളില്‍ ഒന്നായ പ്രോവിഡന്സ് ഹൈസ്കൂളിലും മകനെ സില്‍വര്‍ ഹില്‍സ് സ്കൂളിലും ചേര്‍ക്കാനായിരുന്നു ശ്രമം . കുട്ടികളെ കാണാതെ പറ്റുകയില്ല എന്ന് തീര്‍ച്ച പറഞ്ഞെങ്കിലും പ്രോവിഡന്സിലെ സിസ്റ്റര്‍മാര്‍ പകുതി സമ്മതിച്ചിരുന്നു, പ്രത്യേകിച്ചു ആറീസി യിലെ അധ്യാപകരുടെ കുട്ടികളോടുള്ള മമത കൊണ്ടു തന്നെ പക്ഷെ മകന്റെ കാര്യം ആയിരുന്നു കൂടുതല്‍ വിഷമം. സില്‍വര്‍ ഹില്‍സില്‍  അവനെ ചേര്‍ക്കേണ്ട ക്ലാസില്‍ ഒരു ബാച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികള്‍ ആവശ്യത്തിനു കിട്ടിയാല്‍ രണ്ടാമത് ഒരു ബാച്ചും കൂടി തുടങ്ങും രണ്ടാമത്തെ ബാച്ച് തുടങ്ങുകയാണെങ്കില്‍ അവനെ ചേര്‍ക്കാം എന്ന്  ഫാദര്‍ പറഞ്ഞു. അങ്ങനെ കുട്ടികളെയും ശ്രീമതിയെയും ആറീസിയില്‍  ആക്കാന്‍ മേയ് ഇരുപതോടു കൂടി ജയന്തി ജനതയില്‍ പുറപ്പെടാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. Top of Form

Bottom of Form

മൂന്നു വര്‍ഷമായി അല്പാല്പമായി വാങ്ങി കൂട്ടിയ സാധനങ്ങളില്‍ ഒഴിവാക്കാന്‍ അധികം ഇല്ലായിരുന്നു. പ്രധാനപ്പെട്ടവ കുറച്ചു പുസ്തകങ്ങളും പാത്രങ്ങളും മറ്റുമായിരുന്നു. അന്ന് ഡല്‍ഹിയില്‍ മാത്രം കിട്ടിയിരുന്ന വളരെ കുറച്ചു ‍ മാത്രം മണ്ണെണ്ണ ചിലവാകുന്ന ഇന്ത്യന്‍ ഓയില്‍ കമ്പനി ഇറക്കിയ നൂതന്‍ എന്ന പേരുള്ള സ്റ്റവ് ഒന്ന് രണ്ടുപേര്‍ക്ക് വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. അതും വാങ്ങി, ഒഴിവാക്കാന്‍ പറ്റുന്നതെല്ലാം ഒഴിവാക്കി. കോലപ്പന്‍ പിള്ള സാറിന്റെ അളിയന്‍ കൃഷ്ണപിള്ള തന്നെ ആയിരുന്നു സഹായം. അയാള്‍ വലിയ രണ്ടു പെട്ടി ഉണ്ടാക്കിക്കൊണ്ടുവന്നു. അതിനകത്ത് പാത്രങ്ങള്‍ എല്ലാം കയറ്റി, കുറെ പുസ്തകങ്ങളും എന്തിന് കുറെ വസ്ത്രങ്ങള്‍ വരെ അതിനകത്ത് കയറ്റാന്‍ കഴിഞ്ഞു. വീട്ടുപയോഗത്തിന് വാങ്ങിയിരുന്ന പ്ലാസ്റ്റിക്  ടേപ്പ് കെട്ടിയ ഒരു മടക്കു കട്ടിലും രണ്ടു മടക്കു കസേരകളും ഫ്രിഡ്ജും കൂടെ കൊണ്ടു പോകാന്‍ തീരുമാനിച്ചു. ഫ്രിഡ്ജിനു മരത്തില്‍ കൂടുണ്ടാക്കി തന്നത് കൃഷ്ണന്‍ തന്നെ. എല്ലാം കൂടി ഞങ്ങള്‍ നാലുപേരുടെ ട്രെയിനിലെ ലഗേജ് പരിധിയില്‍ നിന്ന് കുറെയധികം കൂടുതല്‍ ഉണ്ടായിരുന്നു.

ജയന്തി ജനതാ മംഗലാപുരത്തേക്കുള്ള യാത്ര തുടങ്ങുന്നത് ദക്ഷിണ ഡല്‍ഹിയിലെ  ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു. നമ്മുടെ സാധനങ്ങള്‍ എല്ലാം ബ്രെയ്ക്ക് വാനില്‍ തന്നെ ഇട്ടാല്‍ മാത്രമേ നമ്മുടെ കൂടെ കോഴിക്കോട്ടെത്തിക്കാന്‍ കഴിയൂ എന്നാരോ പറഞ്ഞതനുസരിച്ച് റെയില്വെയിലെ പോര്‍ട്ടര്‍മാര്‍ക്കും പാര്‍സല്‍  ക്ലാര്‍ക്കിനും അവര്‍ പറഞ്ഞ തുക കൊടുത്തു സാധനം വണ്ടിയില്‍ കയറ്റി. ഞങ്ങളുടെ സാധനങ്ങള്‍ ബ്രെയ്ക്ക് വാനില്‍ തന്നെ ആണെന്ന് പറഞ്ഞു സാധനം കയറ്റിയ വാന്‍ കാണിക്കുകയും ചെയ്തു. ഞാനും കുടുംബവും അല്ലാതെ മറ്റു സുഹൃത്തുക്കള്‍ ആരും ഇല്ല കൂടെ. കോഴിക്കോട്ടു കോലപ്പന്‍ പിള്ള സാര്‍ പോര്‍ട്ടര്‍മാരെ ബുക്ക് ചെയ്തു നില്ക്കാമെന്നു പറഞ്ഞിരുന്നു. വഴിയില്‍ വച്ച് ഇടയ്ക്കൊന്നു നോക്കാം എന്ന് പറഞ്ഞു നാഗപ്പൂര്‍ വച്ച് വണ്ടിയുടെ ഒരറ്റം മുതല്‍  മറ്റേ അറ്റം വരെ നോക്കിയെങ്കിലും നമ്മുടെ സാധനം കയറ്റിയ പാര്‍സല്‍ വാന്‍ കണ്ടില്ല. എന്താണെന്ന് ഗാര്ഡിനോടു അന്വേഷിച്ചപ്പോഴാണ് അറിയുന്നത് നമ്മുടെ സാധനങ്ങള്‍, രണ്ടു വലിയ പെട്ടിയും ഫ്രിഡ്ജും ബ്രേക്ക് വാനിനു പകരം പാര്‍സല്‍ വാനിലാണ് കയറ്റിയത് എന്ന്. ജയന്തിജനതായുടെ ബ്രെയ്ക്ക് വാന്‍ ഷോരണൂരില്‍ നിന്ന് കൊച്ചിയിലേക്കായിരിക്കും പോകുന്നതു എന്നും. പാര്സല്‍ വാന്‍ ഇടയുക്കുള്ള സ്റ്റേഷനില്‍ വേര്‍പെടുത്തി കുറെ സാധനങ്ങള്‍ ഇറക്കി , വേറെ സാധനങ്ങള്‍ കയറ്റി പുറകെ വരുന്ന വേറെ ഏതെങ്കിലും ട്രെയിനില്‍ ബന്ധിപ്പിച്ചു മെല്ലെ മെല്ലെയേ കോഴിക്കോട്ടെത്തുക ഉളളത്രേ. എവിടെയൊക്കെ നിര്‍ത്തുമെന്നോ എന്ന് കോഴിക്കോട്ടു എത്തുമെന്നോ ഒന്നും പറയാന്‍ വയ്യ എന്നും ഗാര്‍ഡ് പറഞ്ഞു. വെറുതെ പണം കൊടുത്തത് മിച്ചം,  മദ്രാസിക്ക്  ഒരു  പാര  കൂടി.

ചുരുക്കത്തില്‍ കോഴിക്കോട്ടിറങ്ങിയപ്പോള്‍ അത്യാവശ്യം വേണ്ട പല സാധനങ്ങളും, ദൈനംദിന പാചകത്തിനുള്ള പാത്രങ്ങള്‍ വരെ വലിയ പെട്ടിയിലായിപ്പോയി. അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും കട്ടിലും കസേരയും മറ്റുള്ളവര്‍ക്കു വേണ്ടി വാങ്ങിയ നൂതന്‍ സ്റ്റവും കൂടെ കമ്പാര്‍ട്ടുമെന്റില്‍ വച്ചത് മാത്രം കയ്യില്‍ കിട്ടി. ബ്രേക്ക് വാനില്‍ നിന്ന് ഭാരമുള്ള സാധനങ്ങളിറക്കാന്‍ വേണ്ടി നിര്‍ത്തിയ പോര്‍ട്ടര്‍മാരെയും ആര്‍ ഈ സി യില്‍ നിന്ന് വാടകയ്ക്ക്എടുത്തു കൊണ്ടു വന്ന മിനി ലോറിയും പറഞ്ഞു വിട്ടു ഞങ്ങള്‍ ഒരു ടാക്സിയില്‍ ആര്‍ ഈ സി യില്‍ എത്തി.

ഡല്‍ഹിയില്‍ എത്തിയപ്പോഴത്തെ പോലെ ആദ്യ ദിവസം കോലപ്പന്‍ പിള്ളസാറിന്റെ വീട്ടില്‍ കഴിഞ്ഞു. ആര്‍.ഈ.സി യില്‍  താമസിക്കാന്‍ ഇടം ഇല്ലാത്തത് കൊണ്ടു തല്ക്കാലം ഒരു ക്വാര്‍ട്ടേര്‍സ് കിട്ടുമോ എന്ന് നോക്കി. ഒരു ക്വാര്‍ട്ടര്‍ ഒഴിവുണ്ടായിരുന്നു, പക്ഷെ ഞാന്‍ അവധിയില്‍ ആയതു കൊണ്ടു അലോട്ട് ചെയ്യാന്‍ നിയമം ഇല്ല എന്നറിഞ്ഞു , ബാക്കി അവധി റദ്ദാക്കി ഡിപ്പാര്‍ട്ടുമെന്റില്‍ ജോയിന്‍ ചെയ്തു. ക്വാര്‍ട്ടേറ്സ് അലോട്ട് ചെയ്തു വാങ്ങി. D9B എന്ന ക്വാര്ട്ടര്‍ ആയിരുന്നു കിട്ടിയത്. കോഴിക്കോട് മുക്കം റോഡിനടുത്തു തന്നെ.  കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനും വീട്ടുകാരിക്ക്‌ ഷോപ്പിംഗ്‌ കേന്ദ്രത്തിനും ഒക്കെ അടുത്തുള്ളതായിരുന്നു ആ ക്വാര്‍ട്ടേറ്സ്. ഞങ്ങള്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ പല വീടുകളില്‍ ആയി ഇട്ടിരുന്ന ഫര്‍ണിച്ചര്‍ എല്ലാം പെറുക്കിയെടുത്തു കൊണ്ടു വന്നു. ടൌണില്‍ പോയി അത്യാവശ്യം പാചകത്തിനുള്ള പാത്രങ്ങളും വാങ്ങി. ഗ്യാസ് കണക്ഷനും ശരിയാക്കി വീട്ടിലെ അടുക്കളയിലേക്കുള്ള  കാര്യങ്ങള്‍ ശരിയാക്കി. അടുത്ത ദിവസം തന്നെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്തു. ഭാഗ്യത്തിന് സില്‍വര്‍ ഹില്സില്‍ രണ്ടാമത്തെ ബാച്ചു തുടങ്ങാന്‍ ആളെ കിട്ടിയത് കൊണ്ടു മകനും പ്രവേശനം കിട്ടി .മകള്‍ക്ക് പ്രോവിഡന്സ് ഗേള്‍സ്‌ സ്കൂളിലും. അങ്ങനെ ഒരു വിധം എല്ലാം ശരിയാക്കി ഞാന്‍ തിരിച്ചു പുറപ്പെട്ടു.

ക്യാമ്പസ്സില്‍ ആയതു കൊണ്ടു എല്ലാവരുടെയും, പ്രത്യേകിച്ച്, കോലപ്പന്‍ പിള്ള സാറിന്റെയും കുടുംബത്തിന്റെയും, സഹായം ഉണ്ടായിരുന്നത് കൊണ്ടു ശ്രീമതിക്ക് കാര്യങ്ങള്‍ മാനേജു ചെയ്യാമെന്നുറപ്പ് ഉണ്ടായിരുന്നു. ഞാന്‍ തിരിച്ചു പോകുന്നത് വരെ എല്ലാ ദിവസവും റെയില്വേ സ്റ്റേഷനില്‍ ചെന്ന് അന്വേഷിച്ചു കൊണ്ടിരുന്നു. നമ്മുടെ സാധനങ്ങള്‍ വന്നോ എന്നറിയാന്‍. ഞാന്‍ തിരിച്ചു പോകുന്നതിനു മുമ്പ് സാധനം കിട്ടിയില്ല, അതു കൊണ്ടു ഒരു പോര്‍ട്ടറെ  നമ്മുടെ സാധനം ബുക്കു ചെയ്ത കടലാസും  മേല്‍വിലാസം എഴുതിയ ഒരു പോസ്റ്റ് കാര്‍ഡും ഏല്‍പ്പിച്ചു. സാധനം വന്നാല്‍ ശ്രീമതിയെ അറിയിക്കാന്‍. റെയില്വേ സ്റ്റേഷനില്‍ ഇങ്ങനെ ദൂരസ്ഥലത്ത് നിന്നു വന്ന ചില ഫ്രിഡ്ജുകള്‍ കംപ്രസ്സര്‍ പൊട്ടി കിടക്കുന്നത് കണ്ടു ഞങ്ങള്‍ മോഹിച്ചു വാങ്ങിയ ഫ്രിഡ്ജു എതു രൂപത്തിലായിരിക്കും നമുക്ക് തിരിച്ചു കിട്ടുക എന്ന് ഭയപ്പെട്ടു. വളരെ കുറച്ചുമാത്രം കയറ്റിറക്കു  ജോലിക്കാര്‍ ഉള്ള റെയില്വേയിലെ ജോലിക്കാര്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് സാധനങ്ങള്‍ ഇങ്ങനെ പൊട്ടി പൊളിഞ്ഞു പോകുന്നത് എന്നാള്‍ക്കാര്‍  പറഞ്ഞു. കൂടുതല്‍ സ്ഥലത്ത് കയറ്റി ഇറക്കി വീണ്ടും കയറ്റുമ്പോള്‍ ഉണ്ടാകുന്ന തകരാറുകളായിരുന്നു ഇത്. സാധനം വന്നാല്‍ ആരെയെങ്കിലും വിട്ടു അതെടുപ്പിക്കാനും ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഞാന്‍ തീസിസ് സമര്‍പ്പിച്ചു ജൂലായ്‌ പകുതി കഴിഞ്ഞു തിരിച്ചു വന്നതിനു ശേഷം ആണ് ഞങ്ങള്‍ക്ക് ഫ്രിഡ്ജും രണ്ടു പെട്ടിയും റെയില്വേയില്‍ നിന്ന് തിരിച്ചു കിട്ടിയത്. ഭാഗ്യവശാല്‍ സാധനങ്ങള്‍ ഒന്നും കേടായില്ല, കൃഷ്ണപിള്ളയുടെ പെട്ടിയും ഫ്രിഡ്ജിന്റെ പാക്കിങ്ങും ഒന്നാം തരമായിരുന്നത് കൊണ്ടു , ഒരു കേടുപാടും കൂടാതെ എല്ലാം തിരിച്ചു കിട്ടി, അല്‍പ്പം വൈകി എന്നു മാത്രം.


Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും