60. ഒരു സ്ഥാനക്കയറ്റവും കൂടെ ഹൈക്കോടതിയില്‍ ഒരു കേസും
ആറീസിയുടെ കഷ്ടകാലം കഴിഞ്ഞതായിതോന്നി എന്ന് പറഞ്ഞുവല്ലോ. വര്‍ഷങ്ങളായി ഒഴിവുകിടന്ന തസ്തികകള്‍ ആറീസിയിലെ അംഗീകൃതരീതി അനുസരിച്ച് അഖിലേന്ത്യാ പരസ്യത്തില്‍ കൂടി നികത്താനുള്ള ശ്രമങ്ങള്‍ പുതിയ പ്രിന്സിപ്പാളിന്‍റെ ശ്രമഫലമായി തുടങ്ങി. ഒരു ഘട്ടത്തില്‍ ആറീസിയിലെ ഒരു എഞ്ചിനീയറിംഗ് വകുപ്പില്‍ തലവനാകാന്‍ ഒരു പ്രൊഫസര്‍ പോലും ഇല്ലാത്ത സ്ഥിതി ഉണ്ടായി. വര്‍ക് ഷോപ്പ് സൂപ്രണ്ടായിരുന്ന ഒരാളെ അസിസ്റ്റന്റ്റ് പ്രൊഫസറായി തസ്തിക മാറ്റി തലവനാക്കി വച്ചിരിക്കുക യായിരുന്നു. ഏതായാലും അങ്ങനെയുള്ള അവസ്ഥ മാറുമെന്നു ഉറപ്പായി.
ഞങ്ങളുടെ
ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ്ലും സിവില്‍ ഡിപ്പാര്‍ട്ടുമെന്റിലും അന്ന്
പ്രൊഫസര്‍ തസ്തിക രണ്ടു മാത്രം ആയിരുന്നു. ഒന്ന് ബി ടെക് കോര്സിന്റെയും മറ്റൊന്ന്
ഒരേ ഒരു എം ടെക് കോര്സിന്റെയും. എന്നാല്‍ അസിസ്റ്റന്റ്റ് പ്രൊഫസര്‍ തസ്തിക
മൂന്നെണ്ണം ഇലക്ട്രിക്കലിലും ഒരെണ്ണം ഇലക്ട്രോണിക്സിലും ഉണ്ടായിരുന്നു. ഇതെല്ലാം പതിവു
പോലെ അഖിലേന്ത്യാ പരസ്യം പത്രങ്ങളില്‍ വന്നു. ഡിപ്പാര്‍ട്ടുമെന്റില്‍ എന്നെക്കാള്‍
സീനിയറായി കുറച്ചുപേര്‍ ലെക്ച്ചറര്‍മാരായി തന്നെ തുടരുന്നുണ്ടായിരുന്നു. എന്നാല്‍
പി.എച്.ഡി ബിരുദം നേടിയവര്‍ മൂന്നു പേര്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. തുറന്ന
മത്സരം ആയതു കൊണ്ടു ഇന്ത്യയില്‍ എവിടെ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാന്‍
കഴിയുമായിരുന്നു. ആര്‍.ഈ.സികളുടെ അന്നത്തെ സ്ഥിതി മോശമായി പരക്കെ
അറിയപ്പെട്ടിരുന്നത് കൊണ്ടു പുറത്തു നിന്ന് അധികം അപേക്ഷകര്‍ ഇല്ലായിരുന്നു. അത്
കൊണ്ടു ഞങ്ങള്‍ പി.എച്ച്.ഡി യുള്ള മൂന്നു
പേര്‍ക്ക് ഇലക്ട്രിക്കലിലും ഇലക്ട്രോണിക്സിലെ തസ്തിക എന്റെ കൂടെ കാണ്പൂര്‍ ഐ.ഐ.ടി
യില്‍ നിന്ന് പി.എച്ച്.ഡി നേടിയ വെങ്കടരമണിക്കും കിട്ടി. എന്നാല്‍ ഞങ്ങളെക്കാള്‍
രണ്ടു വര്‍ഷം മുമ്പ് ആറീസിയില്‍ ജോലി
ചെയ്തു തുടങ്ങിയ ഒരാള്‍ക്ക് സീനിയോറിറ്റി അനുസരിച്ച് പ്രമോഷന്‍ കിട്ടിയില്ല
എന്ന് പരാതി. സെലക്ഷന്‍ കമ്മറ്റി സര്‍വീസ് ദൈര്‍ഘ്യത്തോടൊപ്പം ഉയര്‍ന്ന യോഗ്യതയ്ക്കും
ഗവേഷണ പ്രബന്ധങ്ങള്‍ക്കും മറ്റും പ്രാധാന്യം കൊടുത്തു എന്നതു വ്യക്തമായിരുന്നു.
അഖിലേന്ത്യാ തിരഞ്ഞെടുപ്പ് നടത്തുന്നതും അതിനു വേണ്ടി തന്നെ ആയിരുന്നല്ലോ.
അങ്ങനെ
പ്രൊമോഷന്‍ കിട്ടാതിരുന്ന ആ അദ്ധ്യാപകന്റെ
കാര്യവും കഷ്ടമായിരുന്നു. അദ്ദേഹം കുറെയധികം കാലം അസുഖം മൂലം നാട്ടില്‍ നിന്നും
വിദൂരസ്ഥലങ്ങളിലെ ഐഐടികള്‍ പോലെയുള്ള മറ്റു സ്ഥാപനങ്ങളില്‍ പോയി ഗവേഷണം ചെയ്യാന്‍
മടിച്ചത് കൊണ്ടു പി.എച്ച്.ഡി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മദിരാശി ഐഐടിയില്‍
നിന്ന് എം.ടെക് ബിരുദം എന്നെക്കാള്‍ മുമ്പുതന്നെ നേടിയിരുന്നു. ശുദ്ധഗതിക്കാരനായ
അദ്ദേഹത്തെ ആരൊക്കെയോ ഇളക്കി വിട്ടു, ഞങ്ങളുടെ മൂന്നു
പേരുടെയും സെലക്ഷന്‍ തെറ്റായ രീതിയില്‍ ആയിരുന്നു എന്നും സീനിയോറിറ്റി അനുസരിച്ച്
അദ്ദേഹത്തിനാണ് പ്രൊമോഷന് കിട്ടാന്‍ അര്‍ഹതയെന്നും മറ്റും കാണിച്ചു ഹൈക്കോടതിയില്‍
കേസ് കൊടുത്തു. അദ്ദേഹത്തിന് പ്രൊമോഷന്‍ നിഷേധിച്ചത് മൌലികാവകാശലംഘനം ആണെന്ന് വരെ പറഞ്ഞു
കൊണ്ടു ഫയല്‍ ചെയ്ത കേസ് കോടതി ഫയലില്‍ സ്വീകരിച്ചു പ്രിന്സിപ്പാളിനും അന്നത്തെ സെലക്ഷനില്‍ പ്രൊമോഷന്‍ കിട്ടിയ 28 പേര്‍ക്കും നോട്ടീസ്
അയച്ചു.
സാധാരണഗതിയില്‍
കോടതിയില്‍ ഇത്തരം കേസുകള്‍ സെലക്ഷന്‍ കമ്മറ്റി ഉണ്ടാക്കിയതിലോ അപേക്ഷ
ക്ഷണിച്ചതിലോ മറ്റോ എന്തെങ്കിലും വഴി വിട്ടു ചെയ്തിട്ടുണ്ടോ എന്നായിരുന്നു
നോക്കുന്നത്. എല്ലാ കാര്യങ്ങളും നേരെ ചൊവ്വേ ചെയ്തിരുന്നതുകൊണ്ടു ഈ കേസ്
നിലനില്ക്കില്ല എന്നുറപ്പായിരുന്നു. പോരാഞ്ഞു ഞങ്ങള്‍ എല്ലാവരും പുതിയ തസ്തികയില്‍
നിയമിച്ചു കൊണ്ടുള്ള ഓര്‍ഡര്‍ കൈപ്പറ്റി ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാണ് കേസ് ഫയല്‍
ചെയ്തത്. എന്നാലും ആദ്യമായി കോടതിയില്‍ ഒരു കേസ് വന്നപ്പോള്‍ ഒന്നുലഞ്ഞു. പ്രിന്സിപ്പാളിന്റെ
ഉപദേശം അനുസരിച്ച് ഞങ്ങളും എറണാകുളത്തു പോയി ഒരു വക്കീലിനെ കേസ് ഏല്‍പ്പിച്ചു.
കുറെ പണവും ചിലവാക്കി. പാവം സഹപ്രവര്‍ത്തകനെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരുന്നു.
അന്നും ആറീസി ക്യാമ്പസ്സില്‍ ആള്‍ക്കാര്‍ തമ്മില്‍ അടിപിടി കൂടുന്നത് കണ്ടു
രസിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു. പാവം “അരയ്ക്കാനും കലക്കാനും വേറെ ആളുണ്ടാവുമെങ്കിലും കുടിക്കുന്നത് അവനവന്‍
തന്നെ വേണ്ടി വരും” എന്ന കാര്യം അയാള്‍ മറന്നു. പ്രൊമോഷന്‍
കിട്ടാത്ത തല്ക്കാലത്തെ മനോവിഷമത്തില്‍ അദ്ദേഹം വര്‍ഷങ്ങളായി കൂടെ ജോലി ചെയ്തുവന്ന
ഞങ്ങള്‍ക്കെതിരെ കേസ് കൊടുത്തു. പക്ഷെ ഈ കേസ് പിന്നീട് ഉപേക്ഷിക്കപ്പെട്ടു എന്നാണു
തോന്നുന്നത്, സുപ്രീം കോടതിയില്‍ ഒരു പ്രാവശ്യം ഏതോ കേസ്
വാദിച്ചിട്ടുള്ള ആളായിരുന്നു മേല്പറഞ്ഞ കക്ഷിയുടെ വക്കീല്‍. ഓരോ പ്രാവശ്യവും അയാള്‍ക്ക്
പണം കൊടുക്കാത്തത് കൊണ്ടോ എന്തോ പിന്നീട് ആ കേസിനെപ്പറ്റി ഒന്നും കേട്ടിട്ടില്ല.
ഞങ്ങളുടെ നിയമനം രണ്ടു വര്‍ഷം കഴിഞ്ഞു സ്ഥിരപ്പെടുത്തുകയും ചെയ്തു.
അങ്ങനെ
1983 ഒക്ടോബര്‍ മൂന്നാം തീയതി , അതായതു ലെക്ച്ചറര്‍ ആയി 14 വര്‍ഷം കഴിഞ്ഞു ഞാന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി. ആര്‍.ഈ.സി യിലെ
ഏറ്റവും മോശമായ സാഹചര്യത്തില്‍ എന്തും വരട്ടെ എന്ന് വിചാരിച്ചു ഡല്‍ഹിയില്‍ പോയി
പഠിച്ചത് കൊണ്ടു പ്രയോജനം ഉണ്ടായി. അന്ന് സര്‍ക്കാര്‍ കോളേജുകളില്‍ എം.ടെക് ബിരുദം
ഉണ്ടെങ്കില്‍ ആര്‍ക്കും പതിമൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്വാഭാവികമായി
അസിസ്റ്റന്റ് പ്രൊഫസര്‍ ആകാമായിരുന്നു എന്നത് വേറൊരു വസ്തുത. ആര്‍.ഈ.സി യില്‍
അന്നും എന്‍.ഐ.ടി. ആയിക്കഴിഞ്ഞ ഇപ്പോഴും അഖിലേന്ത്യാ മത്സരത്തില്‍ കൂടി മാത്രമേ
സ്ഥാനക്കയറ്റം കിട്ടുകയുള്ളൂ. സീനിയോറിറ്റി
മാത്രം നോക്കി സ്ഥാനക്കയറ്റം
കൊടുക്കുന്ന കാലം കഴിഞ്ഞു. യൂണിവേര്‍സിറ്റി
ഗ്രാന്‍റ്സ് കമ്മീഷന്‍ വരെ നിശ്ചിതമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമേ സ്ഥാനക്കയറ്റം കൊടുക്കാവൂ എന്ന് നിര്‍ദ്ദേശം കൊടുത്തു
കഴിഞ്ഞു. ആറീസി പോലെയുള്ള മികവിന്‍റെ
കേന്ദ്രം ആകാന്‍ ഉദ്ദേശിച്ച് ഉണ്ടാക്കിയ ഒരു സ്ഥാപനത്തില്‍ എന്തൊക്കെ അടിസ്ഥാനമാക്കി ഒരദ്ധ്യാപകന് പ്രമോഷന്‍
കൊടുക്കാം എന്നു ഈയുള്ളവന്‍ ഉള്‍പ്പെടെ
ആറീസിയിലെ മൂന്നു വകുപ്പദ്ധ്യക്ഷന്മാര്‍ ഉണ്ടാക്കിയ മാനദണ്ഡങ്ങളെ പറ്റി വേറൊരു ലക്കത്തില്‍ എഴുതാം.
Comments
Post a Comment