58.ഒരു ട്രാജഡിയുടെയും അറിയാതെ ചെയ്ത നന്മയുടെയും കഥ

 ഞങ്ങളുടെ ക്യാമ്പസില്‍ താമസിക്കുന്നവരെ സഹായിക്കാനുണ്ടായിരുന്നവരില്‍ രണ്ടു പേര്‍ ഹോസ്റ്റലില്‍ ജോലിയുള്ളവരായിരുന്നു. കണ്ണനും ഭാസ്കരനും. ഇവരില്‍ കണ്ണന്റെ ജോലി ഹോസ്റ്റലിലെ ഫ്ലോര്‍മില്ലില്‍ ഗോതമ്പ് പൊടിക്കുകയും മെസ്സിലെ അരിയരക്കുന്ന ഗ്രയിന്‍ഡറിന്റെയും മറ്റും പ്രവര്‍ത്തനം നോക്കുകയും അറ്റകുറ്റപ്പണികള്‍ ശ്രദ്ധിക്കുകയും ആയിരുന്നു. നല്ല ഒന്നാം തരം പണിക്കാരന്‍. തന്റെ പണി തനിക്കറിയാമെന്ന് അയാള്‍ക്ക്  ‌ തന്നെ ഒരു തോന്നല്‍ ഉണ്ടായിരുന്നു എന്നതുമാത്രമായിരുന്നു ചെറിയ ഒരു പ്രശ്നം. ഇവര്‍ രണ്ടു പേരും ചില്ലറ ഒപ്പിക്കാന്‍ ക്വാര്‍ട്ടേര്‍സില്‍ ടെലിവിഷന്‍ ആന്റെന പിടിപ്പിക്കാന്‍ വരുമായിരുന്നു, കോഴിക്കോട്ടുനിന്നുള്ള ആദ്യത്തെ ടി. വി.പ്രക്ഷേപണം തുടങ്ങിയ കാലമായിരുന്നു, പട്ടണത്തില്‍ നിന്ന് 22 കിലോ മീറ്റര്‍ ദൂരത്തില്‍ മോശമല്ലാതെ ടി.വി.ചിത്രങ്ങള്‍ കിട്ടണമെങ്കില്‍ രണ്ടോ മൂന്നോ പൂര്‍ണനീളം പൈപ്പെങ്കിലും വേണ്ടി വരും. ഇവ കൂട്ടി ചേര്‍ത്ത് ക്വാര്‍ട്ടറിന്റെ മുകളില്‍ ഫിറ്റു ചെയ്തു ആന്റെനയുടെ ദിശ ശരിയാക്കി ചിത്രവും ശബ്ദവും കിട്ടുന്ന രീതിയിലാക്കാന്‍ കുറച്ചു പണിയുണ്ടാവും. ഇത്തരം ജോലിക്ക് ഇവര്‍ രണ്ടു പേരും വളരെ മിടുക്കന്മാരായിരുന്നു. അവധി ദിവസം മൂന്നു വീട്ടിലെങ്കിലും അവര്‍ അന്ന് ആന്റെന ഫിറ്റു ചെയ്യുമായിരുന്നു. ന്യായമായ പണം അവര്‍ പറഞ്ഞു വാങ്ങുമായിരുന്നു. ഹോസ്റ്റലില്‍ വാര്‍ഡനായിരുന്നപ്പോള്‍ കണ്ണന്‍ കുറച്ചു നാള്‍ എന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു, വാര്ഡന്‍ എന്ന നിലയില്‍. ഞങ്ങളുടെ പ്രൊഫസര്‍ ശ്രീനിവാസന്‍ സാറിന്റെയും അഭിപ്രായത്തില്‍ ഇയാള്‍ നല്ല കുട്ടി തന്നെ. ഭാസ്കരനും നല്ല പണിക്കാരന്‍ തന്നെ. വിദ്യാഭ്യാസയോഗ്യത കുറവാണെങ്കിലും ഇവരെ രണ്ടു പേരെയും ഹോസ്റ്റലില്‍ നിന്ന് ഞങ്ങള്‍ ഇലക്ട്രിക്കല്‍ ഡിപ്പാര്ട്ടുമെന്റില്‍ ലാബ്‌ അറ്റന്‍ഡര്‍മാരായി തിരഞ്ഞെടുത്തു, പ്രവര്‍ത്തിപരിചയത്തിനു സര്‍ട്ടിഫിക്കെറ്റുണ്ടാക്കി. എട്ടാം ക്ലാസ് വരെ മാത്രമേ അവര്‍ രണ്ടു പേരും പഠിച്ചിരുന്നുള്ളൂ എങ്കിലും പണിയിലെ ആത്മാര്‍ത്ഥത കൊണ്ടു മെസ്സിലെ താല്‍ക്കാലികജോലിയില്‍ നിന്ന് കോളേജിലെ സ്ഥിരം ജോലിയിലേക്ക് മാറ്റം കൊടുത്തു. എന്നാല്‍ കണ്ണന് ലാബിലെ ജോലി തീരെ ഇഷ്ടപ്പെട്ടില്ല, ലാബിലെ സ്റ്റാഫും ക്യാമ്പസ്സിലെ ഇലക്ട്രിക്കല്‍ മെയിന്റെനന്സ് സ്റ്റാഫും ഒരേ ലാവണത്തിലായതു കൊണ്ടു കണ്ണന്‍ ലാബില്‍ നിന്ന് മെയിന്റെനന്സിലേക്ക് മാറ്റം വാങ്ങിപ്പോയി.

അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ഞങ്ങളുടെ മെയിന്‍ ബില്ഡിങ്ങിലെ രണ്ടാം നിലയില്‍ ഉള്ള ഡ്രായിംഗ് ഹാളില്‍ കുട്ടികള്‍ വരയ്ക്കുന്നത് നോക്കിയിരിക്കുകയായിരുന്നു. സാധാരണ ഡ്രായിംഗ് ക്ലാസില്‍ ആദ്യത്തെ അരമണിക്കൂര്‍ മാത്രമേ ഞങ്ങള്ക്ക് അധ്യാപകര്‍ക്ക പണിയുള്ളൂ. എന്താണ് വരക്കേണ്ടത്, എങ്ങനെയാണ് എന്ന് പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്, അത് കഴിഞ്ഞാല്‍ അദ്ധ്യാപകര്‍ വെറുതെ ഇരിക്കുകയായിരിക്കും. ഞാന്‍ വെറുതെ ഞങ്ങളുടെ കോളേജിന്റെ മുന്നിലെ രാജവീഥിയില്‍ നോക്കിയിരിക്കുന്നു, അവിടെ ഒരു ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് എന്തോ വീഴുന്നത് ശ്രദ്ധിച്ചു, ആള്‍ക്കാര്‍ കുറെ ഓടിക്കൂടി ആരോ പോസ്റ്റില്‍ പണി ചെയ്യുമ്പോള്‍ വീണതായിരുന്നു, ഞാനും ഓടി ചെന്ന് നോക്കിയപ്പോള്‍ വീണത്‌ ഞങ്ങളുടെ കണ്ണനായിരുന്നു. ആരൊക്കെയോ ഷോക്കടിച്ചതായിരിക്കുമെന്നു കരുതി ശരീരം മുഴുവന്‍ തിരുമ്മുകയും മറ്റും ചെയ്തു. ആരോ ഒരു വണ്ടി വിളിച്ചു കൊണ്ടു വന്നു നേരെ അയാളെ ക്യാമ്പസ് ആശുപത്രിയില്‍ എത്തിച്ചു, പക്ഷെ ഉച്ച കഴിഞ്ഞു അവിടെ ഡോക്ടര്മാര്‍ ആരും ഉണ്ടായിരുന്നില്ല, കാര്യം ഗൌരവമായി തോന്നിയത് കൊണ്ടു നേരെ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോയി. പിറ്റേ ദിവസം ഞങ്ങള്‍ അറിഞ്ഞത് കണ്ണന്റെ നട്ടെല്ലിലാണ് ക്ഷതം പറ്റിയതെന്നാണ്. പോസ്റ്റിലുള്ള തെരുവ് വിളക്കിന്റെ ബള്‍ബു മാറ്റുമ്പോള്‍ കാല്‍ തെറ്റി താഴെയുള്ള സ്റ്റേ കമ്പിയിലെക്കു പിടലി അടിച്ചായിരുന്നു അയാള്‍ വീണത്‌. വീഴ്ച്ചയുടെ ആഘാതത്തിലാണ് നട്ടെല്ലിനു പരുക്ക് പറ്റിയത്. മൂന്നാമത്തെയോ നാലാമത്തെയോ കശേരുവിനാണ് പരുക്ക്. ഭാഗികമായി ശരീരം തളര്‍ന്നുപോയി. ഏതാണ്ടു ഒരു വര്‍ഷത്തോളം അയാള്‍ ജീവനും മരണത്തിനും ഇടയ്ക്ക് ആടിയാടി ജീവിച്ചു, ഇതിനിടയില്‍ വീട്ടുകാര്‍ കിട്ടാവുന്ന കടം എല്ലാം വാങ്ങി ചിലവാക്കി. ഞങ്ങളും കോളേജില്‍ നിന്ന് നല്ലൊരു തുക പിരിച്ചു കൊടുത്തു പരമാവധി സഹായിച്ചു എങ്കിലും ഏതാണ്ടു ഒരു വര്‍ഷം കഴിയുന്നതിനു മുമ്പ് കണ്ണന്‍ ഞങ്ങളെ എല്ലാം വിട്ടുപിരിഞ്ഞു പോയി.

ഏതായാലും കണ്ണനു അപകടം പറ്റി മരിച്ചത് ജോലിക്കിടയിലായിരുന്നതുകൊണ്ടു അയാളുടെ മകന് കോളേജില്‍ ആശ്രിതര്‍ക്കുള്ള ജോലി കൊടുക്കാന്‍ കഴിഞ്ഞു, അയാളുടെ വിദ്യാഭ്യാസയോഗ്യതക്കനുസരിച്ചുള്ള ജോലി ആയിരു ന്നില്ല, ക്ലാസ് നാലു ജീവനക്കാരനായി ലൈബ്രറിയില്‍ ആയിരുന്നു പോസ്റ്റിംഗ്, അതുകഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞു ലൈബ്രറി അസിസ്റ്റന്റിന്റെ രണ്ടുവേക്കന്സി ഉണ്ടായി. അവിടെ ജോലി ചെയ്യുന്നവരില്‍ നിന്ന് ഇതിലേക്ക് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. അന്നത്തെ പ്രിന്സിപ്പലായിരുന്ന എം.പി. ചന്ദ്രശേഖരന്‍ ഇവര്‍ക്ക് ഒരു ടെസ്റ്റ് നടത്താന്‍ എന്നെയാണ് ഏല്പിച്ചത്, ഞാന്‍ അവര്‍ക്ക് മലയാളത്തില്‍ സാമാന്യം നിലവാരമുള്ള ഒരു ടെസ്റ്റ് നടത്തി റാങ്ക് ചയ്തു. അത് കഴിഞ്ഞു ഇന്ടര്‍വ്യൂ നടത്തിയപ്പോഴും ഞാന്‍ ഉണ്ടായിരുന്നു, ഇന്ടര്‍വ്യൂവിനും  ടെസ്റ്റിനും വേറെ വേറെ മാര്‍ക്കിട്ടു കൂട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്തിനു രണ്ടു പേര്‍ക്ക് ആകെ ഒരേ മാര്‍ക്കായിരുന്നു. ഇതില്‍ ആരെ അടുക്കണം എന്ന് തീരുമാനിക്കാന്‍ പ്രിന്‍സിപ്പല്‍ എന്നോടു ചോദിച്ചു. ഞാന്‍ പറഞ്ഞു ഇവര്‍ക്കൊക്കെ ഇന്റര്‍വ്യൂവിനെക്കാള്‍ എഴുത്തുപരീക്ഷ ആയിരിക്കും നല്ലത്. അത് കൊണ്ടു എഴുത്തുപരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്കു  കിട്ടിയ ആളെ രണ്ടാമതായി എടുക്കാം എന്ന് പറഞ്ഞു. ഞാന്‍ ലിസ്റ്റ് തയാറാക്കി കമ്മറ്റിക്കാരുടെ ഒപ്പ് വാങ്ങി പ്രിന്സിപ്പലിനെ ഏല്പിച്ചു,

രണ്ടു ദിവസം കഴിഞ്ഞു  ഞാന്‍ ലൈബ്രറിയില്‍ പോയപ്പോള്‍ ഒന്നാം റാങ്കുകാരന്‍ എന്നെ വന്നു കണ്ടു, അയാള്‍ പറഞ്ഞറിഞ്ഞത് രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ പ്രിയപ്പെട്ട കണ്ണന്റെ മകനായിരുന്നു എന്നാണ്. ഞാന്‍ ഈ കക്ഷിയെ അതിനു മുമ്പ് കണ്ടിട്ടില്ല, കോളേജില്‍ വച്ചും അല്ലാതെയും.അറിയാതെയെങ്കിലും ഇങ്ങനെ ആ കുടുംബത്തിനു ശാശ്വതമായ ഒരു നന്മ ചെയ്യുന്നതിന് എനിക്ക് അവസരം കിട്ടിയതിനു ദൈവത്തിനു നന്ദി പറഞ്ഞു. അച്ഛന്റെ ചികിത്സക്ക് കടം കയറി മുങ്ങിയ ആ കുടുംബത്തിനു ചെയ്യാന്‍ കഴിഞ്ഞ ഒരു ദീര്‍ഘകാല ഉപകാരത്തില്‍ അങ്ങനെ ഞാന്‍ കൃതാര്‍ത്ഥനായി

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും