59.ഒരു റമസാന്റെ ദു:ഖ സ്മരണകള്‍
റംസാന്‍, തീവ്രമായ വൃതാനുഷ്ടാനത്തില്‍ ശരീരവും മനസും ശുദ്ധീകരിച്ചു ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന ദിവസം. എന്നാല്‍ ആര്‍.ഈ.സി ജീവിതത്തില്‍ റംസാന്‍ ഇപ്പോഴും എന്റെ ഒരു പ്രിയസുഹൃത്തിന്റെ വിയോഗത്തില്‍ ഉള്ള ദു:ഖസ്മരണകളാണ് ഉണര്‍ത്തുന്നത്.
ഞങ്ങളുടെ
തൊട്ടടുത്ത ക്വാര്‍ട്ടറില്‍ താമസിച്ചിരുന്ന സുലൈമാന്‍ സാറും കുടുംബവുമായി ഞങ്ങള്‍
വളരെ അടുപ്പത്തില്‍ ആയിരുന്നു. സുലൈമാന്‍ സാര്‍ ടി കെ എമ്മില്‍ നിന്ന് ആറീസിയിലേക്ക്
വന്നതാണ്. മാത്തമാറ്റിക്സ് ഡിപ്പാര്ട്ടുമെന്റിലെ അദ്ധ്യാപകനായിരുന്നു. കൊല്ലത്തു
വച്ച് തന്നെ അദ്ദേഹവുമായി പരിചയമായി. എനിക്ക് ക്ലാസ് എടുത്തിട്ടില്ല എങ്കിലും ഞാന്‍
സാറെന്നു തന്നെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സൈനബയും എന്റെ ഭാര്യ
മാലതിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. കുട്ടികള്‍ അവര്‍ക്ക് മൂന്നു പേര്‍.
മൂത്തയാള്‍ ഷാനവാസ് എന്റെ മകന്‍ മനോജിന്റെ ക്ലാസില്‍ തന്നെ സില്‍വര്‍ ഹില്‍സില്‍
ആണ് പഠിച്ചിരുന്നത്. ഇളയ കുട്ടികള്‍ ഷെറീനയും ശിബിയും ഞങ്ങളുടെ മകളെക്കാള്‍
ഇളയവരായിരുന്നു എങ്കിലും നല്ല കൂട്ടുകാര്‍. ഇവര്‍ കുട്ടികള്‍ക്ക് രണ്ടു കൂട്ടര്‍ക്കും
ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അവരവരുടെ വീട്ടില്‍ വയ്ക്കുന്ന ആഹാരത്തെക്കാള്‍
അവര്‍ക്ക് പ്രിയം മറ്റേ വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരമായിരുന്നു. മറ്റേ വീട്ടില്‍
വെച്ചിട്ടുള്ള എന്ത് ഭക്ഷണ സാധനമായാലും ബിസ്കറ്റായാലും മിഠായി ആയാലും അടുക്കളയില്‍
കയറി ഏതു പാത്രത്തില്‍ വച്ചിരിക്കുന്നു എന്ന് പോലും കൃത്യമായി അവര്‍ ഓര്‍മ്മ വച്ച്
പറയുമായിരുന്നു. അവിടെ ചെന്നാല്‍ അടുക്കളയില്‍ ഇന്ന പാത്രങ്ങളിരിക്കുന്ന സാധനം
അവര്‍ ചോദിച്ചു വാങ്ങി കഴിച്ചിരുന്നു. അവരവരുടെ വീട്ടില്‍ വച്ച ആഹാരം
കഴിക്കാത്തവര്‍ സ്വന്തം പോലെയുള്ള അയല്വക്കത്തെ വീട്ടില്‍ പോയി ആഹാരം
കഴിക്കുന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും പരാതിയും ഉണ്ടായിരുന്നില്ല.
റംസാന്‍
കാലത്ത് പല ദിവസവും ഞങ്ങളുടെ എല്ലാവരുടെയും വൈകുന്നേരത്തെ ഭക്ഷണം സുലെയ്മാന്‍
സാറിന്റെ വീട്ടില്‍ നിന്നായിരുന്നു, ഔപചാരികമായ നോയമ്പ് തുറക്കലൊന്നും അന്ന് അത്ര സാധാരണമായിരുന്നില്ല.
ഹോസ്റ്റല്‍ വാര്‍ഡനായിരുന്നപ്പോള്‍ സാറിനു റംസാന്‍ മെസ്സിന്റെ ചാര്‍ജും ഉണ്ടായിരുന്നു.
ചില ശാപ്പാട്ടുരാമന്മാര്‍ സാധാരണ പകല്‍ മെസ്സിലും രാത്രി റംസാന്‍ മെസ്സിലും ഭക്ഷണം
കഴിക്കുന്ന കാര്യം സാര്‍ രസകരമായി പറയുമായിരുന്നു. സുലൈമാന്‍ സാറിന്റെ വീട്ടില്‍
കോഴി മാംസമോ ആട്ടു മാംസമോ കറി ഇല്ലാത്ത ദിവസം അപൂര്‍വം ആയിരുന്നു. ഞങ്ങളോ പകുതി (ശ്രീമതി)
ശുദ്ധസസ്യാഹാരികള്‍. അതൊന്നും കുട്ടികളുടെ ഭക്ഷണത്തെ ബാധിച്ചിന്നില്ല. ചെറിയ
പെരുന്നാള്‍ ദിവസം തീര്‍ച്ചയായും അവര്‍ നാട്ടില്‍ പോയിട്ടില്ലെങ്കില്‍ ഭക്ഷണം
എല്ലാവര്‍ക്കും അവരുടെ കൂടെ ആയിരുന്നു, അല്ലെങ്കില്‍ പാര്‍സല്‍
വീട്ടിലെത്തുമായിരുന്നു.
കുറെ
വര്‍ഷം കഴിഞ്ഞു കുട്ടികള്‍ വലുതായി. ഞങ്ങള്‍ കോഴിക്കോട്ടു നഗരത്തില്‍ ഒരു വീട്
വച്ച് താമസം മാറി. ഞാന്‍ മിക്കവാറും കോളേജു ബസ്സില്‍ ആയിരുന്നു തിരിച്ചു പോകുന്നത്
ഒരു ദിവസം വഴിയില്‍ വച്ച് സാറെന്നെ തടഞ്ഞു നിര്‍ത്തി പറഞ്ഞു, “മോഹന്‍ദാസെ റമസാന്‍ അല്ലേ, ഇത്തവണ നമ്മള്‍ കൂടിയില്ലല്ലോ, ഒരു ദിവസം ഞാന്‍
സൈനബയോടു പറഞ്ഞു നേരത്തെ ഭക്ഷണം ഉണ്ടാക്കി തരാം. പാര്‍സലായി അത് വീട്ടില്‍ കൊണ്ടു
പോയി കഴിക്കണം എല്ലാവരും കൂടെ ഇങ്ങോട്ട് വരാന്‍ കഴിയില്ലെങ്കില്‍” എന്ന്. ശരി സാറേ, അടുത്ത ആഴ്ച ഒരു ദിവസം ആകാമെന്ന്
പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.
ഈ
സംഭവം കഴിഞ്ഞുള്ള വാരാന്ത്യത്തില്‍ ആണ് ആ ദാരുണ സംഭവം നടന്നത്. സുലൈമാന്‍ സാര്‍ സ്വന്തം നാടായ ചേന്ദമംഗല്ലൂര്‍ (പരവൂര്‍)
പുതിയ വീട് വച്ച് കൊണ്ടിരി ക്കുകയായിരുന്നു. എല്ലാ ആഴ്ചയും വീടിന്റെ പണിയുടെ
പുരോഗതി നോക്കാന്‍ വീട്ടില്‍ പോകുന്നത് പതിവായിരുന്നു, തനിയെ. ആ ആഴ്ച അദ്ദേഹം ഞായറാഴ്ച രാത്രിയില്‍
വൈകു ന്നേരം പരവൂരെ വീട്ടില്‍ നിന്നു രാത്രി അല്പം വൈകിയാണ്, വീട്ടില്‍ നിന്ന് നോയമ്പ് തുറന്നു ഉച്ച ഭക്ഷണം കഴിഞ്ഞു ബസ്സില്‍
പുറപ്പെട്ടത്. സാധാരണ ബാങ്ക് വിളിക്കുന്നതിനു മുമ്പ് വീട്ടില്‍ എത്തി ഭക്ഷണം
(അത്താഴം) പുലര്‍ച്ചക്കു മുമ്പ്
കഴിക്കുന്ന പതിവായിരുന്നു. പക്ഷെ അന്ന് ബസ്സ് താമസിച്ചതുകൊണ്ടോ മറ്റോ സാര്‍
വീട്ടില്‍ എത്തിയപ്പോള്‍ ബാങ്കു വിളിച്ചു കഴിഞ്ഞു. ഭക്ഷണം കഴിക്കാതെ തന്നെ
തിങ്കളാഴ്ച ജോലിക്ക് പോയി. വൈകുന്നേരം സാധാരണ പോലെ നോയമ്പുതുറന്നു തരിക്കഞ്ഞിയും
കാരയ്ക്കായും മറ്റും കഴിച്ചു സാര്‍ കട്ടിലില്‍ ചാരി കിടന്നു കൊണ്ടു കേന്ദ്ര
ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം ആയിരുന്നത് കൊണ്ടു രാത്രി ഒമ്പത് മണിയുടെ ദൂരദര്‍ശനിലെ
ഇങ്ങ്ലീഷ് വാര്‍ത്ത കേട്ടുകൊണ്ടിരിക്കുക ആയിരുന്നു. ശ്രീമതി അടുക്കളയില്‍
രണ്ടാമത്തെ ഭക്ഷണം തിരുതകൃതിയായി പാചകം ചെയ്തു കൊണ്ടിരിക്കുന്നു. അതെല്ലാം ഒരു
മാതിരി തീര്‍ന്നപ്പോള്‍ അവര്‍ സാറിന്റെ അടുത്തു കിടക്കമുറിയില്‍ വന്നു
ആളുറങ്ങിയെന്നു കണ്ടു, ടി വി ഓണായി തന്നെ ഇരിക്കുന്നു. “നിങ്ങള്‍ അങ്ങോട്ട് മാറി കിടന്നെ, ഞാനും കൂടി ഒന്ന്
നടുവ് നിവര്‍ത്തിക്കോട്ടേ “ എന്ന് പറഞ്ഞു കയ്യില്‍ പിടിച്ചു
മാറ്റാന്‍ ശ്രമിച്ചു. കയ്യില്‍ പിടിച്ചപ്പോള്‍ കൈ വല്ലാതെ തണുത്തിരുന്നു എന്തോ
അപാകത തോന്നി അയല്വ്ക്കത്തു നിന്ന് ആരെയോ വിളിച്ചു. അപകടം സംശയിച്ചു ഡോക്ടറെ
വരുത്തി നോക്കിയപ്പോള്‍ സാറിന്റെ ജീവന്‍ പോയി കഴിഞ്ഞിരുന്നു. ഡോക്ടര്‍ വന്നു
പരിശോധിച്ചപ്പോള്‍ അരമണിക്കൂര്‍ മുമ്പെങ്കിലും മരിച്ചു കാണുമെന്നായിരുന്നു
പറഞ്ഞത്. ആരും അറിയാതെ ഒരു നിശ്ശബ്ദമായ ശക്തമായ ഹൃദയാഘാതം ആയിരുന്നിരിക്കണം
എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. അങ്ങനെ ഞങ്ങളുടെ സുലെയ്മാന്‍ സാര്‍
പെട്ടെന്ന് ഇഹലോകവാസം വെടിഞ്ഞു. ഞങ്ങള്‍ എല്ലാവരും കൂടി ബോഡിയോടൊപ്പം പറവൂരില്‍
പോയി സംസ്കാരത്തില്‍ പങ്കെടുത്തു മടങ്ങിപ്പോന്നു. വളരെയധികം തമാശ പറയുന്നതില്‍
മിടുക്കിയായിരുന്ന, എപ്പോഴും സാറിനെ കളിയാക്കി വര്‍ത്തമാനം
പറഞ്ഞിരുന്ന ശ്രീമതി സൈനബ പിന്നീട് ചിരിച്ചു ഞങ്ങള്‍ കണ്ടിട്ടില്ല. കുട്ടികള്‍
നല്ലവണ്ണം പഠിക്കുന്നവരായിരുന്നത് കൊണ്ടു മൂന്നു പേരും നല്ല നിലയില്‍ എത്തി.
മൂത്തയാള്‍, മകന്‍ കൊച്ചി യൂണിവേര്‍സിറ്റിയില്‍ നിന്ന് ഷിപ്
ടെക്നോളജിയില്‍ ബിരുദം നേടി ഇപ്പോള്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. രണ്ടാമത്തെ മകള്‍
കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബി ടെക് പാസായി കുടുംബിനിയായി സൌദി
അറേബ്യയില്‍ കഴിയുന്നു. മൂന്നാമത്തെ മകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന്
ബിരുദം നേടി കുറച്ചുനാള്‍ ലണ്ടനില്‍ ആയിരുന്നു, ഇപ്പോള്‍
ഡോക്ടര്‍ ആയി ഗള്‍ഫില്‍ ജോലിചെയ്യന്നു.
മൂത്ത മകളുടെ മകള്‍ക്ക് NEET പരീക്ഷയില്‍ 61 ആം റാങ്ക് കിട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. അച്ഛന്റെ
ഉപദേശം നേരിട്ട് കിട്ടിയില്ലെങ്കിലും അവര്‍ മൂന്നു പേരും നല്ല നിലയില്‍ കഴിയുന്നു
എന്നത് ദൈവാനുഗ്രഹം എന്ന് തന്നെ പറയാം .
എല്ലാ
റംസാന്‍ വരുമ്പോഴും ഞാനും ശ്രീമതിയും ഞങ്ങളുടെ പ്രിയപ്പെട്ട സുലെയ്മാന്‍ സാറിനെ ഓര്‍മ്മിക്കുമായിരുന്നു.
അദ്ദേഹത്തിന്റെ പാവന സ്മരണക്കു മുമ്പില്‍ എന്റെയും കുടുംബത്തിന്റെയും
അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.സാറിന്‍റെ
മക്കള്‍ക്കും ചെറുമക്കള്‍ക്കും ശ്രീമതിക്കും ആയുരാരോഗ്യ സൌഖ്യങ്ങളും നേരുന്നു.

Comments
Post a Comment