61. ഒരു ശസ്ത്രക്രിയയും രണ്ടു ഡോക്ടര്‍ മാരും

 ഡല്‍ഹിയില്‍ നിന്ന് തിരിച്ചു വന്നിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ. പെട്ടെന്നൊരു ദിവസം കക്കൂസില്‍ പോയിരുന്നപ്പോള്‍ അടിവയറ്റില്‍ വല്ലാത്ത വേദന. ചെറിയ വേദനയല്ല, ജീവിതത്തില്‍ ഇത് വരെ അനുഭവിക്കാത്ത ശക്തിയായ വേദന. ഞാന്‍ നിലവിളിച്ചു പോയി. ശരീരം ആകെ വിയര്‍ത്തുകുളിച്ചു. ശ്രീമതിയെ വിളിച്ചു ഒരു വിധം കട്ടിലില്‍ ചെന്ന് വീണു. കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല. അന്ന് ഇന്നത്തെ പ്പോലെ വാഹനസൗകര്യം ഒന്നുമില്ല. വേദന അല്പം കുറഞ്ഞപ്പോള്‍ മെല്ലെ നടന്നു ഞങ്ങളുടെ ക്യാമ്പസ് ആശുപത്രിയില്‍ എത്തി . ശ്രീമതിയും കൂടെ ഉണ്ടായിരുന്നു. കുട്ടികള്‍ സ്കൂളില്‍ പോയിരുന്നു, അപ്പോഴേക്ക്. ഡോക്ടര്‍ കാര്യമായി പരിശോധിച്ചു. പാന്റ്സും മറ്റും ഊരി വയറിന്റെ അടിഭാഗം വിശദമായി പരിശോധിച്ച്. ചുമച്ചു കാണിക്കാന്‍ പറഞ്ഞു. ചുമച്ചു നോക്കിയപ്പോള്‍ അടിവയറ്റില്‍ നിന്ന് ഗുദഭാഗത്തേക്ക് എന്തോ നീങ്ങുന്നത്‌ പോലെ തോന്നി. ജനനേന്ദ്രിയത്തിന്റെ മുകള്‍ ഭാഗത്ത്‌ മാംസളമായ ഭാഗത്ത്‌ ചെറിയ ഒരു തടിപ്പും. ആ തടിപ്പ് ചുമയ്ക്കുമ്പോള്‍ മുകളിലോട്ടും താഴോട്ടും നീങ്ങുന്നുണ്ടായിരുന്നു.

ഡോക്ടര്‍ പെട്ടെന്നു തന്നെ രോഗ നിര്‍ണയം നടത്തി, ഹെര്‍ണിയ (inguinal hernia) എന്ന രോഗമാണ്. കുടലിറക്കം എന്നു മലബാറില്‍  പറയുന്ന ഈ അസുഖത്തിനു ശസ്ത്രക്രിയ മാത്രമേ ചികിത്സയുള്ളൂ എന്നു പലരും പറഞ്ഞു. പ്രത്യേകിച്ചും ആരംഭദിശയില്‍  കൂടുതല് പ്രശ്നം ഉണ്ടാകാന് സാദ്ധ്യത ഉണ്ടത്രേ. മനസ്സിലാക്കിയതില്‍ നിന്നു നമ്മുടെ ഉദരഭിത്തിയുടേ താഴ് ഭാഗത്തുള്ള പേശികളുടെ ബലക്കുറവു മൂലം അതിലൊരു  ചെറിയ സുഷിരം ഉണ്ടാവുന്നു. കുടലിന്റെ ഒരു ഭാഗം ജനനേന്ദ്രിയത്തിന്റെ വശത്തുള്ള ആ സുഷിരത്തില് കൂടി താഴോട്ടു വൃഷണസഞ്ചിയിലേക്കു ഇറങ്ങുന്നതാണു കുടലിറക്കം. ആദ്യം ആ സുഷിരം ചെറിയതായിരിക്കും. കൂടുതല് ഭാരം എടുക്കുമ്പോഴോ, മലവിസറ്ജനം ചെയ്യുമ്പോള് മുക്കുന്നതു കൊണ്ടൊ പെട്ടെന്നു കുടലിന്റെ ഭാഗം താഴേക്കിറങ്ങുന്നു. തീവ്രമായ വേദന ആ സമയത്തുണ്ടാവുന്നു. ജീവിതത്തില്‍  ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം വേദന. വേദനയുടെ ശക്തിയില്‍  വിയര്‍ത്തുകുളിച്ചു വല്ലാതെ തളരുന്നു. സുഷിരം വളരെ ചെറുതാണെങ്കില്‍  കുടലിന്റെ പുറത്തേക്കു ചാടുന്ന ഭാഗം രക്ത ഓട്ടം നിലച്ചു നീല നിറം ആവുകയാണെങ്കില്‍  ആ ഭാഗം മുറിച്ചു കളയേണ്ടിവന്നേക്കുമത്രേ. ഇതിനാണു സ്ട്രാങുലേറ്റഡ് ഹെറ്ണിയ (strangulated hernia) എന്നു പറയുന്നതു. ശ്രദ്ധിക്കാതിരുന്നാല്‍  ജീവാപായം വരെ വരാന് സാധ്യത ഉണ്ടാവും. എന്നാല്‍  കുറച്ചു പഴക്കം ചെന്ന് കഴിയുമ്പോള്‍ ഈ സുഷിരം വലുതാകുകയും കുടലിന്റെ താഴോട്ടുള്ള ഇറക്കം കൂടുതല് പ്രാവശ്യം സംഭവിക്കാമെന്നാലും വേദനകുറയുകയും മുമ്പ് പറഞ്ഞ മാതിരി ഉണ്ടാകാവുന്ന അപകടം ഒഴിവാകുകയും ചെയ്യുന്നു. പരിചയമായിക്കഴിയുമ്പോള്‍ താഴോട്ടിറങ്ങുന്ന കുടല് ഭാഗത്തെ വിരലു കൊണ്ടു തള്ളി പഴയ സ്ഥിതിയിലാക്കി കെട്ടി വക്കാനും കഴിയുന്നു. ഉറപ്പുള്ള ലങ്കോട്ടി (കൌപീനം) അഥവാ ഉദരഭിത്തികള്‍ക്ക്  ശക്തികിട്ടാന് തുകലു കൊണ്ടുള്ള ബെല്‍റ്റുപയോഗിച്ചാല് കുറെയൊക്കെ ബുദ്ധിമുട്ടു ഒഴിവാക്കാം. പക്ഷേ യാത്രക്കിടയിലോ മറ്റോ കുടലിറങ്ങിയാല് വളരെ ബുദ്ധിമുട്ടുണ്ടാകാം.

ഏതായാലും കൂടുതല്‍  ചിന്തിക്കാതെ ഓപ്പറേഷനു തന്നെ തീരുമാനിച്ചു. പലപ്പോഴായി അനുഭവിച്ചവന്ന വേദനയുടെ ശക്തി അത്ര ഉണ്ടായിരുന്നു. കോഴിക്കോട്ടു മെഡിക്കല്‍ കോളേജിലെ നല്ല ശസ്ത്രക്രിയാവിദഗ്ദ്ധനെന്നറിയപ്പെടുന്ന ഒരു അസിസ്റ്റന്റ് പ്രൊഫസ്സറെയാണു കാണിച്ചതു. വളരെ നല്ല മനുഷ്യന്. വീട്ടില് പോയി കണ്ടു കാര്യമായി സംസാരിച്ചു. കൂടുതല് പരിചയപ്പെട്ടപ്പോള് സാധാരണയുള്ള കണ്സല്ട്ടേഷന് ഫീസുപോലും വാങ്ങിയില്ല. ഭാര്യയോട്  ഞാന് പറഞ്ഞു വീട്ടില് അറിയിക്കേണ്ട, കുഞ്ഞുങ്ങള്‍  രണ്ടുപേരെയും സഹപ്രവര്‍ത്തകരുടെ കൂടെ ആക്കി, ഞാനും ഭാര്യയും ആശുപത്രിയില്‍  പേവാര്ഡില്‍ ഒരു മുറി കിട്ടിയതനുസരിച്ചു ഓപ്പറേഷനു തയാറായി. കൂട്ടിനായി മംഗലാപുരത്തു ജോലി ചെയ്യുന്ന അളിയനെയും കൂട്ടി. സ്വതവേ തന്നെ പേടി കൂടുതലായ ശ്രീമതി പലരോടും അന്വേഷിപ്പോള്‍  പേവാര്‍ഡില്‍ താമസം സുഖമാണെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞുള്ള ദിവസങ്ങളില് ചില ബുദ്ധിമുട്ടുകളുണ്ടാകാം. തീവ്രപരിചരണം ആവശ്യമുള്ള ആ ദിവസങ്ങളില്‍  പേവാര്‍ഡില്‍  വേണ്ടത്ര  പരിചരണം കിട്ടുമോ എന്നു ശ്രീമതിക്കു വലിയ ശങ്ക. അതുകൊണ്ടു ഒന്നു രണ്ടു ദിവസം ശസ്ത്രക്രിയാ വാര്‍ഡില്‍  തന്നെ കിടക്കണമെന്നു അയാള്‍ക്ക് നിര്‍ബന്ധം. വാര്‍ഡില്‍  കിടക്കുന്നവര്‍ക്ക് യൂണിറ്റ് തലവന്റെ അനുവാദം വേണം. എന്റെ ഓപ്പറെഷന് ചെയ്യാന് തീരുമാനിച്ച സര്‍ജന്‍  തന്നെ തലവനെ കാണുന്നതു നല്ലതു എന്നു പറഞ്ഞു.

തലവന് കുപ്രസിദ്ധനായ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു. കൈക്കൂലിവാങ്ങുന്നതില്‍  യാതൊരു വൈമനസ്യവും ഇല്ലാത്ത ആള്. അന്നു കോഴിക്കോട്ടു അഴിമതിക്കാരും മനുഷ്യത്വം ഇല്ലാത്തവരുമായ ചില ഡോക്ടര്‍മാരെ ജനകീ യവിചാരണ നടന്നതായി കേട്ടു. ഈ ഡോക്ടറും ലിസ്റ്റില് പെട്ടതായിരുന്നു. ഏതായാലും അളിയന്റെ കയ്യില് കുറച്ചു പണവുമായി തലവനെ വീട്ടില്‍  പോയി കാണാന് പറഞ്ഞുവിട്ടു.. അദ്ദേഹം രോഗി ആരാണെന്നു പോലും ചോദിക്കാതെ പണം വാങ്ങി പോക്കറ്റില് ഇട്ടു. പിറ്റേ ദിവസം ശസ്ത്രക്രിയ നടന്നു . വാര്‍ഡിന്റെ ഒരു മൂലയില് പകുതി ഭാഗം പൊളിഞ്ഞ ഒരു കട്ടിലില്‍  എനിക്കു കിടക്കാന് തന്നു. ഒരു ഭാഗം നാല്പത്തഞ്ച് ഡിഗ്രീയോളം മുകളിലേക്കു ചെരിഞ്ഞു നില്കുന്ന ഒരു കട്ടില്‍. തലവനെ പ്രത്യേകം കണ്ടതിനുള്ള പ്രത്യേക സംഭാവന ആവാം. എന്നു സമാധാനിച്ചു.

പക്ഷേ എനിക്കു അന്നു രാത്രി കാളരാത്രി ആയിരുന്നു. കാരണം മൂത്ര ശങ്ക തീര്‍ക്കാന്‍  ഒരു മാറ്ഗവുമില്ല. വാറ്ഡിലെ  മുത്രപ്പുരയിലെ വൃത്തികേടില്‍  മൂത്രം ഒഴിക്കാന് സാധാരണ ആള്‍ക്കാര്‍ക്ക് തന്നെ വലിയ വിഷമമാണു, പിന്നാണോ വയറിന്റെ താഴ്ഭാഗം നാലിഞ്ചു പിളര്‍ന്നുകുത്തിക്കെട്ടിയിരിക്കുന്ന എനിക്ക്. അല്ലാതെ തന്നെ പ്രൈവസി കുറഞ്ഞാല് മൂത്രം വീഴ്ത്താന് അല്പം ശങ്ക കൂടുതലുള്ള ഞാന്. ടാപ്പ് തുറന്നിട്ടു നോക്കി, ചൂടുവെള്ളം വയറിനു മുകളില് വച്ചു നോക്കി, ഒരു പ്രയോജനവും ഇല്ല. പന്ത്രണ്ടു മണിക്കൂര്‍  മൂത്രം പോകാന് കഴിഞ്ഞില്ലെങ്കിലുള്ള ബുദ്ധിമുട്ടുകള് അനുഭവിച്ചവര്‍ക്കു മാത്രമേ  അറിയൂ. രക്തത്തില് യൂറിയായുടെ അംശം കൂടിയാല്‍  ആളു ഇപ്പോള് മരിക്കുമോ എന്നു വരെ തോന്നാം ( ഡോക്ടറ് മാറ് ഡിസ്ട്രസ്സ് ലക്ഷണങ്ങള് distress symptoms) എന്നു പറയുന്ന നിലയിലേക്കു ഞാന് നീങ്ങി.) കാരണം മനസ്സിലാക്കിയപ്പോള് ഡോക്ടര്മാറ് പേവാര്‍ഡിലേക്കു പൊയ്കൊള്ളാന് അനുവാദം തരുകയും ചെയ്തു. അവിടെ എത്തി ഏതാനും മിനുട്ടുകള്‍ക്കകം  മൂത്രം ഒഴിച്ചപ്പോള്‍  എന്റെ വിഷമം മാറുകയും ചെയ്തു.

കുറച്ചു ദിവസങ്ങള്‍  കഴിഞ്ഞു ആശുപത്രിയില്‍  നിന്നു വീട്ടിലേക്ക് പോന്നു. അതിനു ശേഷം ഒന്നു രണ്ടു പ്രാവശ്യം വയറ്റില് ഗ്യാസ് നിറഞ്ഞതു കൊണ്ടു ചെറിയ ബുദ്ധിമുട്ടുകളുണ്ടായി, നമ്മുടെ ഓപ്പറേഷന് ചെയ്ത ഡോക്ടറുടെ അടുത്തു പോയി. ഒരിക്കല്‍  പോലും ഒരു പൈസാ സ്നേഹപൂര്‍വം കൊടുത്തിട്ടും അദ്ദേഹം വാങ്ങിയില്ല. അവസാനത്തെ ചെക്കപ്പു കഴിഞ്ഞു പോരുമ്പോള്‍  അദ്ദേഹം അറിയാതെ ഞാന് കുറച്ചു പണം അദ്ദേഹത്തിന്റെ മേശവിരിയുടെ താഴെ വച്ചു പോന്നു. വീട്ടില്‍  വച്ചുള്ള കണ്സല്‍ട്ടേഷനു ന്യായമായ തുക വാങ്ങുന്നതില്‍  വലിയ തെറ്റൊന്നും ഇല്ലല്ലോ. അവരുടെ വിശ്രമസമയത്ത് ചെയ്യുന്ന ജോലിക്ക് ന്യായമായ പ്രതിഫലം വാങ്ങുന്നതില്‍ ഞാന്‍ തെറ്റൊന്നും കണ്ടില്ല.

ചുരുക്കത്തില് തന്റെ അദ്ധ്യക്ഷതയിലുള്ള വാര്‍ഡില്‍  തന്റെ അസ്സിസ്റ്റന്റ് ഓപെറേഷന് ചെയ്ത രോഗി ആരെന്നു പേരുപോലും ചോദിക്കാതെ പണം വാങ്ങിയ തലവനായ ഒരു ഡോക്ടറ്, ശസ്ത്രക്രിയ ഭംഗി ആയി ചെയ്തിട്ടും ഒരു പൈസ പോലും വാങ്ങാത്ത മറ്റൊരു ഡോക്ടറ്. ആദ്യത്തെ ആളിനെ പിന്നീടു ജനകീയ വിചാരണ ചെയ്യുക തന്നെ ചെയ്തു, ഞാന് സ്ഥലത്ത് ഇല്ലായിരുന്നു എങ്കിലും. പത്രത്തില്‍  വായിച്ചപ്പോള് ഇത്തരം ആള്‍ക്കാര്‍  അതു അര്‍ഹിക്കുന്നു എന്നു തന്നെ തോന്നി.

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും