62.ചില അധ്യാപകേതര സുഹൃത്തുക്കള്‍
എന്റെ ആര്‍.ഈ.സി.യിലെ ഔദ്യോഗിക ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ചില അധ്യാപക സഹ പ്രവര്‍ത്തകരെപ്പറ്റി മുമ്പെഴുതിയിരുന്നു. അധ്യാപകേതര സുഹൃത്തുക്കളില്‍ ചിലരെ ഇവിടെ ഓര്‍മ്മിക്കുന്നു. അതില്‍ ഒരാളിന്റെ മകന്റെ വിവാഹത്തിന് അടുത്ത് ഞാന്‍ പോയിരുന്നു. ശ്രീ എം.ടി.വര്‍ഗീസ് എന്നയാളിന്റെ മകന്‍. ഞങ്ങളുടെ ഇലക്ട്രിക്കല്‍ ലാബില്‍ അസിസ്ടന്റായി ആയി ജോലിയില്‍ പ്രവേശിച്ചു സ്വന്തം അദ്ധ്വാനം കൊണ്ടു കോഴിക്കോട് പോളിടെക്നിക്കില്‍ നിന്ന് വൈകുന്നേരം ക്ലാസ് അറ്റന്ഡ് ചെയ്തു ഡിപ്ലോമ പാസായി ജുനിയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നയാള്‍. ഇലക്ട്രിക്കല്‍ എഞ്ചിനീയറായതുകൊണ്ടു മാത്രം എക്സിക്യുട്ടീവ് എഞ്ചിനീയറാകാന്‍ കഴിയാതെ പോയ ആള്‍. അയാളുടെ മൂത്ത മകന്‍ ആബിയുടെയായിരുന്നു വിവാഹ ചടങ്ങ്, അയാള്‍ ഐ.ഐ.റ്റി. ബോംബെയില്‍ പി.എച്.ഡി.ക്കു ഗവേഷണം ചെയ്യുന്നു. വിവാഹം കഴിക്കുന്നതു അവിടെ തന്നെ ഗവേഷണം ചെയ്യുന്ന തൃശ്ശൂര്‍കാരിയായ ആഗ്നസിനെ.
പള്ളിയിലെ വികാരിയുടെ ഉപദേശത്തില്‍ നിന്ന്. : “ കുട്ടികളെ
നിങ്ങള്‍ ജീവിതത്തില്‍ മൂന്നു വാക്കുകള്‍ ധാരാളം ഉപയോഗിക്കുക, പരസ്പരം .
ഒന്ന് ‘ദയവായി. (please). ഭാര്യ ഭര്‍ത്താവിനോടായാലും
ഭര്ത്താവ് ഭാര്യയോടാ യാലും ‘ദയവായി’ എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ എന്തിനാണ് പിശുക്കു കാണിക്കുന്നത് . രണ്ടു “ഖേദമുണ്ട് ’(Sorry). തെറ്റുകള്‍ എല്ലാവരും വരുത്തുകയില്ലേ, ബോധപൂര്‍വം അല്ലെങ്കിലും മറ്റെയാള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു
കാര്യം ചെയ്‌താല്‍, ചെയ്യേണ്ടതായി വന്നാല്‍, ഒരു സോറി പറയുന്നതില്‍
എന്തിനാണ് നമ്മള്‍ മടിക്കുന്നത്. മൂന്നാമത്തെത് : നന്ദി (Thank you). ഭാര്യ ഭര്‍ത്താവിനു
നന്ദി പറയുകയോ, ഹേ മോശം എന്ന് കരുതേണ്ട. നല്ലത് തന്നെ. ( ഈ മൂന്നു വാക്കുകളും എത്രയും കൂടുതല്‍
പ്രാവശ്യം നമ്മള്‍ ഉപയോഗിക്കുന്നോ അതോ മറ്റു രീതിയില്‍ പ്രകടിപ്പിക്കുന്നോ എന്ന്
നമ്മുടെ ഇഷ്ടം. നന്ദി പറയുന്നതിന് പകരം സ്നേഹം നിറഞ്ഞ ഒരു ചിരി മതിയല്ലോ,
അല്ലെങ്കില്‍ തോളത്ത് ഒരു സ്നേഹപൂര്‍വമായ തട്ട് : എന്റെ അഭിപ്രായം ) നല്ല ഉപദേശം, ഇടയ്ക്ക്
വിവാഹം കഴിക്കുന്ന കുട്ടികള്‍ ഉറങ്ങിപ്പോയോ എന്ന് വികാരി ചോദിക്കുന്നുണ്ടായിരുന്നു.
ഏതായാലും നവദമ്പതികള്‍ക്ക് മംഗളം ആശംസിച്ചു കൊണ്ടു ഞാന്‍ ചടങ്ങ് കഴിഞ്ഞു തിരിച്ചു
പോന്നു. പള്ളിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരത്തിലുള്ള കന്‍വെന്ഷന്‍ കേന്ദ്രത്തിലെ സദ്യക്ക് നില്‍ക്കാതെ ഞാന്‍
വീട്ടിലേക്കു പോന്നു, വീട്ടിലെ പച്ചക്കറി ഭക്ഷണം കൂടുതല്‍ പ്രിയമായതുകൊണ്ടു .
മറ്റൊരാള്‍ ഞാന്‍ 1969ല്‍ ആര്‍.ഈ.സി.യില്‍
ചേര്‍ന്ന സമയം മുതല്‍ ഞങ്ങളുടെ അധ്യാപകജീവനക്കാരുടെ ഔദ്യോഗിക ഫയലുകള്‍ കൈകാര്യം
ചെയ്തിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് ശ്രീമതി ശാന്തകുമാരി. ഇന്നലെയും മിനിയാന്നും
ജോലിക്ക് ചേര്‍ന്നവരെന്നു പറഞ്ഞു ഞങ്ങളെ നിസ്സാരവത്ക്കരിക്കാന്‍ യാതൊരു ശ്രമവും
നടത്താതെ കാര്യങ്ങളുടെ അടിയന്തിരസ്വഭാവം അനുസരിച്ച് വേണമെങ്കില്‍ പ്യുണിനെ
നോക്കാതെ ഫയലും എടുത്തു മേലധികാരികളെ കാണിക്കാന്‍ കൊണ്ടു നടന്നു സഹായിച്ച ശാന്തകുമാരി.
എന്റെ ഉന്നത വിദ്യാഭ്യാസസംബന്ധമായതും പുറത്തു ജോലിക്കുള്ള അപേക്ഷയായാലും എല്ലാം ഞാന്‍
ചെയ്യുന്നതു പോലെ ആത്മാര്‍ത്ഥമായി കൈകാര്യം ചെയ്ത ആള്‍. ആദ്യകാലത്ത് ഫസലുല്‍ റഹീം
എന്നയാളായിരുന്നു അവരുടെ കൂടെ ജോലിയില്‍ ഉണ്ടായിരുന്നത്. സീനിയര്‍ അദ്ധ്യാപകരുടെ
കാര്യങ്ങള്‍ റഹീമും ഞങ്ങളെപ്പോലെ ജുനിയര്‍ അദ്ധ്യാപകരുടെ ശാന്തകുമാരിയും. ഞങ്ങള്‍ക്കൊക്കെ
വളരെ സഹായമായിരുന്നു. ആത്മാര്ഥമായി ജോലി ചെയ്യുന്ന ഒരു സ്ത്രീ. എപ്പോഴും ചിരിച്ചു
കൊണ്ടിരിക്കുന്ന മുഖത്തോടു കൂടിയേ അവരെ ഞാന്‍ കണ്ടിട്ടുള്ളൂ. യു.ഡി. ക്ലാര്‍ക്കായും
പിന്നെ ഡിവിഷണല്‍ അക്കൌണ്ടന്‍റായും പ്രമോഷന്‍ കിട്ടി ഫിനാന്ഷ്യല്‍ അസിസ്റ്റന്റായും
ജോലി ചെയ്തിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന.
ശാന്തകുമാരിക്കും കുടുംബത്തിനും ഐശ്വര്യം സന്തോഷവും ആശംസിക്കട്ടെ.
കോളേജില്‍ യൂനിവേര്‍സിറ്റി മാതൃകയില്‍ ഉള്ള അധ്യാപകേതര
തസ്തികകള്‍ ഉണ്ടായിരുന്നു. റെജിസ്ട്രാര്‍, ഡെപ്യുട്ടി റെജിസ്ട്ര്രാര്‍, അസിസ്റ്റന്റ്റ്
റെജിസ്ട്രാര്‍, സീനിയര്‍ സൂപ്രണ്ട്, ജുനിയര്‍ സൂപ്രണ്ട് എന്നിങ്ങനെ. ഇത്രയധികം പോസ്റ്റുകള്‍ കൊണ്ടു എന്ത്
നേടിയിരുന്നു എന്ന് ചോദിച്ചാല്‍ കാര്യങ്ങള്‍ വെച്ചു താമസിപ്പിക്കാനല്ലാതെ ഒരു
പ്രയോജനവും ഉള്ളതായി തോന്നിയിട്ടില്ല. റെജിസ്ട്രാര്‍ പോസ്റ്റ് പലപ്പോഴും ഒഴിവായി
കിടക്കുകയാവും പതിവ്. സാധാരണ പ്രിന്സിപ്പല്‍ അക്കാഡമിക് തലവനും റെജിസ്ട്രാര്‍ അഡ്മിനിസ്ട്രെട്ടീവ്
തലവനുമാണെന്നായിരുന്നു വെപ്പ്. എന്നാല്‍ ആര്‍.ഈ.സി.യില്‍ എല്ലാ അധികാരവും പ്രിന്സിപ്പലിന്റെ
കയ്യില്‍ ഒതുക്കി വച്ചിരുന്നു. അത് കൊണ്ടുതന്നെ ഈ അസംഖ്യം ആള്‍ക്കാര്‍ക്കു
കാര്യങ്ങള്‍ വെച്ച് താമസിപ്പിക്കുക മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. അതുകൊണ്ടു
ഡെപ്യുട്ടി റെജിസ്റ്റ്രാര്‍മാരെ ഞങ്ങള്‍ ‘ഡിലേ’ റെജിസ്റ്റ്രാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. റെജിസ്ട്രാറിന്റെ
മേശപ്പുറത്തു മിക്കപ്പോഴും ഫയലിന്റെ ഒരു ചെറിയ കുന്നു തന്നെ ഉണ്ടായിരുന്നു ഇപ്പോഴും
എന്റെ ഓര്‍മ്മയില്‍ ഒരു റെജിസ്ട്രാര്‍ സ്ഥിരമായി സീറ്റിലിരുന്നു ഭഗവദ് ഗീത
വായിക്കുകയായിരുന്നു ചെയ്തിരുന്ന പ്രധാനജോലി. ആര്‍.ഈ.സി.യില്‍ തന്നെ ഒന്നിലധികം
ഡെപ്യുട്ടി റെജിസ്ട്രാര്‍മാര്‍ ഉണ്ടായിരുന്നു. ഡെപ്യുട്ടി റെജിസ്റ്റ്രാര്‍ ( പര്ചെയ്സ് & ഫിനാന്സ് ), ഡെപ്യുട്ടി
റെജിസ്ട്രാര്‍ ( അഡമിനിസ്ട്രേഷന്‍) എന്നിങ്ങനെ. ഇങ്ങനെ കുറെ കൂടുതല്‍ തസ്തികകള്‍
ഉണ്ടായിരുന്നത് കൊണ്ടു അതതു സമയത്ത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു പരിഹാരം
കണ്ടു പിടിക്കേണ്ട പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടു പിടിക്കാതെ പ്രശ്നങ്ങളുടെ
എണ്ണം കൂടിക്കൊണ്ടിരുന്നു. പൊതുവേ പ്രിന്സിപ്പലാകുന്നവര്‍ അധ്യാപകരാകുമ്പോള്‍
ഭരണപരമായ കാര്യങ്ങളില്‍ അവരെ ശരിയായ രീതിയില്‍ നയിക്കുന്നതിന് പകരം പ്രിന്സിപ്പല്‍
എന്താഗ്രഹിക്കുന്നോ അത് ചെയ്തു കൊടുക്കുന്നതിലായിരുന്നു ഇവരില്‍ പലരുടെയും താല്പര്യം. സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍
മാത്രം അവര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നോ എന്നും സംശയിക്കത്തക്ക വിധം. എന്‍.ഐ.ടി .ആയപ്പോള്‍ പോസ്റ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട് എങ്കിലും
തീരുമാനങ്ങള്‍ കേന്ദ്രീകൃതമാകുന്നതു കൊണ്ടു പല കുഴപ്പങ്ങളും ജോലിക്കാര്‍ക്ക് അസംതൃപ്തിയും ഉണ്ടാകുന്നു. പണ്ടാരോ പറഞ്ഞത് പോലെ
“ അധികാരം
അഴിമതിയിലേക്ക് നയിക്കുന്നു പരമമായ അധികാരം അധികരിച്ച അഴിമതിയിലേക്കും” (Power
corrupts, absolute power corrupts absolutely).
Comments
Post a Comment