64.ശബരിമലയാത്രകള്‍ കോഴിക്കോട്ടു നിന്ന്
ഹെര്‍ണിയ ശസ്ത്രക്രിയ കഴിഞ്ഞു മൂന്നുമാസമായിട്ടുണ്ടാവും. അപ്പോഴാണ് മണ്ഡലകാലം ആരംഭിച്ചത്. ശബരിമലയ്ക്ക് പോകുന്നവരുടെ വ്രതാനുഷ്ടാനത്തിന്റെ കാലം. കുട്ടിയായിരുന്നപ്പോള്‍ അച്ഛന്റെ കൂടെ പലപ്രാവശ്യം നാട്ടില്‍ നിന്ന് മലയ്ക്കു പോയിട്ടുണ്ട് , അവസാനം എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശബരിമലയ്ക്ക് പോയത്. അന്നു യാത്ര അച്ഛനും ചിറ്റപ്പനും മകളും ഞാനും കൂടി ആയിരുന്നു. അങ്ങോട്ട് എരുമേലി, അഴുത, കരിമല, പമ്പ വഴി നടന്നാണ് പോയിരുന്നത്. ശരിക്കും ബുദ്ധിമുട്ടുകള്‍ സഹിച്ചുള്ള യാത്ര. ഭക്ഷണസാധനങ്ങള്‍ തലച്ചുമടായി കൊണ്ടു വന്നു ഇടത്താവളത്തില്‍ വച്ച് കഞ്ഞിയും മറ്റും ഉണ്ടാക്കി ചമ്മന്തിപ്പൊടിയും ചുട്ട പപ്പടവുമായി കഞ്ഞി കുടിച്ചു കൊണ്ടായിരുന്നു യാത്ര. വഴിയില്‍ കടുവ പോലെയുള്ള വന്യമൃഗങ്ങളെ ഭയപ്പെടുകയും വേണമായിരുന്നു. ഇപ്പോള്‍ പമ്പ വരെ വാഹനങ്ങള്‍ എത്തും . അവിടെ നിന്നുള്ള മല കയറിയാല്‍ മതി. പഴയ നാല്പത്തിയൊന്നു ദിവസം വ്രതം അനുഷ്ടിക്കുന്നതിനു പകരം ഇപ്പോള്‍ അങ്ങനെയൊന്നും ഇല്ല. മണ്ഡലകാലം മുഴുവന്‍ ആള്‍ക്കാര്‍ പോകുന്നു വരുന്നു.
അന്ന് ആര്‍.ഈ.സി.യില്‍ നിന്ന് ഞങ്ങള്‍ ഏതാനും അദ്ധ്യാപകര്‍
ഒരുമിച്ച് ശബരിമലക്ക് പോയിരുന്നു, സംഘമായി. ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്‍റിലെ
ഭരതന്‍ സാര്‍, മെക്കാനിക്കലിലെ എ ബാലസുബ്രമണ്യം സാര്‍ ഇവരൊക്കെ ഇതിലെ സ്ഥിരം അംഗങ്ങളായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമം തീരാറായ കാലത്ത് ഞാനും ശബരിമലയ്ക്ക് പോകാന്‍
തീരുമാനിച്ചു. കോഴിക്കോട്ടു നിന്ന് ബസ്സില്‍ ആയിരുന്നു യാത്ര. വൈകുന്നേരം
കോഴിക്കോട്ടു നിന്ന് പുറപ്പെട്ടു രാത്രി ഗുരുവായൂരില്‍ തങ്ങി പുലര്‍ച്ചെ തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍,
ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ , എരുമേലി എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് യാത്ര. രണ്ടാം ദിവസം
വൈകുന്നേരം പമ്പയില്‍ എത്തിച്ചേരും. പമ്പയില്‍ കുളിച്ചു മല കയറി ഏകദേശം രാത്രി 8 – 9 മണിക്ക് സന്നിധാനത്തിലെത്തും. അതായിരുന്നു പതിവ്. രാവിലെ നെയ്യഭിഷേകം നടത്തി
പ്രസാദം വാങ്ങി 7 മണിയോടെ മലയിറങ്ങും. രാത്രി 8 മണിക്ക് തിരിച്ചു കോഴിക്കോട്ടെത്തും.
യാത്ര അല്പം ശ്രമകരമാണ് എങ്കിലും ഇത്രയധികം ക്ഷേത്രങ്ങളില്‍ ഒറ്റയടിക്ക് ദര്‍ശനം
നടത്താന്‍ കഴിയുകയും അവസാനം കലിയുഗവരദനായ ശബരിമല ധര്‍മ്മശാസ്താവിനെ വണങ്ങാന്‍
കഴിയുന്നതും അപൂര്‍വം ആയ അനുഭവം ആയിരുന്നു.
മാലയിട്ടവര്‍ എല്ലാവരും അയ്യപ്പന്മാര്‍, ഉച്ചനീചത്വം ഇല്ലാത്ത ആ
ഉദാത്തമായ സങ്കല്പമാവണം ശബരിമല തീര്‍ത്ഥാകരുടെ
എണ്ണം ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനു കാരണം. പിക്നിക്കിനു പോകുന്ന
ലാഘവത്തോടെ മലയ്ക്കു പോകുന്നവര്‍ക്കു ശരിക്കും ആ തീര്‍ത്ഥാടന യാത്രയുടെ അനുഭവം
കിട്ടുമോ എന്ന് സംശയമാണ്.
ആദ്യമാദ്യം കെ.റ്റി.ഡി.സി.യുടെ ബസില്‍ ആയിരുന്നു
യാത്ര, അത് പക്ഷെ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ സാധാരണ
മണ്ഡല കാലാവസാനം വരെ കാത്തിരിക്കാറില്ല. വലിയ തിരക്കായി പമ്പയാര്‍ പോലും അഴുക്കു
നിറഞ്ഞുമലീമസമാകുന്നതിനു മുമ്പ് പോയി തിരിച്ചു വരുക ആയിരുന്നു. ചിലര്‍ വ്രതം നാല്പത്തൊന്നു
ദിവസം തുടരും എന്ന് മാത്രം. കുറെ കഴിഞ്ഞു ധര്‍മ്മശാസ്താ ട്രാവല്സിന്റെ ബസ്സിലായി
യാത്ര. അവര്‍ സന്നിധാനത്തില്‍ നെയ്യഭിഷേകം നടത്താനുള്ള സഹായം ചെയ്യുമായിരുന്നു.
സന്നിധാനത്തിലെ പ്രധാന വഴിപാടായ നെയ്യഭിഷേകം ചെയ്തിരിക്കണം. അവസാനവര്‍ഷങ്ങളില്‍ വിവേകാനന്ദ ട്രാവല്സില്‍ ആയിരുന്നു യാത്ര. അവരും
നല്ല രീതിയില്‍ തന്നെ യാത്രക്കാരുടെ സൌകര്യത്തിനു പ്രാധാന്യം കല്‍പ്പിച്ചു തന്നെ
യാത്രാപരിപാടി ആസൂത്രണം ചെയ്തിരുന്നു. ഗുരുവായൂരിലും സന്നിധാനത്തിലും താമസസൌകര്യവും
ചെയ്തു തന്നിരുന്നു. തലേ ദിവസം തളിക്ഷേത്രപരിസരത്തുള്ള ഒരു ലക്ഷ്മി സ്റ്റോര്‍സില്‍
നിന്നാണ് സാധനങ്ങള്‍ എല്ലാം വാങ്ങുക.
പോകുന്ന ദിവസം രാവിലെ എല്ലാവരും ക്ഷേത്രദര്‍ശനം കഴിഞ്ഞു ഒത്തുകൂടി
നെയ്തെങ്ങായ്ക്കുള്ള നാളികേരം വൃത്തിയാക്കി കണ്ണ് തുരന്നു വെള്ളം കളഞ്ഞു ഉണക്കി കോര്‍ക്കിട്ടു
ഭദ്രമാക്കുന്നു. മറ്റു തേങ്ങായും വൃത്തിയാക്കി എടുക്കുന്നു. സാധനങ്ങള്‍ എല്ലാം
പരിശോധിച്ച് തയാറാക്കി വെച്ചതിന് ശേഷം ഉച്ചഭക്ഷണം കഴിഞ്ഞാണ് അടുത്തുള്ള ചിന്മയ
ക്ഷേത്രത്തില്‍ വെച്ചാണ് കെട്ടു മുറുക്കുക. അത് കഴിഞ്ഞു ഏതെങ്കിലും കാറില്‍
കോഴിക്കോ ട്ടെത്തി പുറപ്പെടുന്നു. മൂന്നാം ദിവസം വൈകുന്നേരം തിരിച്ചെത്തും. പിന്നെപ്പിന്നെ
എന്റെ സുഹൃത്തുക്കള്‍ കോഴിക്കോട് നഗരത്തിലെ വീടിനടുത്തുള്ള അഴകൊടിദേവി ക്ഷേത്രത്തില്‍
വച്ചും കെട്ടുനിറച്ചുവന്നു. കൂട്ടത്തില്‍
എന്റെ ഒരു നെയ്തെങ്ങായും അവര്‍ കൊണ്ടു പോകുന്നു. ഓരോ വര്‍ഷവും ഞങ്ങളുടെ കൂട്ടുകമ്പനിയിലെ
അംഗങ്ങള്‍ മാറിയും കുറഞ്ഞും ഇരിക്കും. സ്ഥിരമായ അംഗങ്ങളായിരുന്നു ഭരതന്‍ സാര്‍, എ.ബാലസുബ്രമണിയയ്യര്‍
സാര്‍ ഇവര്‍. 1981 മുതല്‍ ഞാനും ഇരുപതിലധികം വര്‍ഷങ്ങള്‍ ശബരിമലയ്ക്ക് പോയിട്ടുണ്ട്. രക്താദിസമ്മര്‍ദ്ദവും മറ്റും തുടങ്ങിയപ്പോള്‍ എം.ഡി.
പാസായ മകന്‍റെയും ഡി.എം.കഴിഞ്ഞപോലെ എല്ലാവരെയും വാല്‍സല്യപൂര്‍വ്വം
ഉപദേശിച്ചു കൊണ്ടിരുന്ന അമ്മയുടെയും
സ്നേഹപൂര്‍വമായ വിലക്കല്‍ കൊണ്ടു മാത്രം
പിന്നീട് പോകാതായി. കൊച്ചിയില്‍ താമസം ആയപ്പോഴും എന്‍റെ കൂടെ
മലയ്ക്ക് പോകുമായിരുന്ന സുഹൃത്തുക്കള്‍ ശബരിമലക്കു പോകുന്ന വഴി ചോറ്റാനിക്കര
ക്ഷേത്രത്തില്‍ എത്തുന്ന സമയം കാലേകൂട്ടി അറിയിക്കുകയും ഞാന്‍ അവിടെ എത്തി അവരെ വന്ദിച്ച്
ശബരിമലയില്‍ ഭണ്ഡാരത്തില്‍ ഇടാന്‍ അല്‍പ്പം പണം കൊടുത്തയക്കുകയും ചെയ്യുന്നു. അങ്ങനെയും
ചില ഓര്‍മ്മകള്‍.
Comments
Post a Comment