68.പ്രൊഫഷണല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍

 എഞ്ചിനീയറിംഗ് മെഡിസിന്‍ നിയമം എന്നീ   മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരവരുടെ പ്രൊഫഷണല്‍ സംഘടനകള്‍ അംഗങ്ങള്‍ക്ക് തൊഴിലില്‍ വലിയ സഹായം ആവുന്നുണ്ട്. പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്ക്. എഞ്ചിനീയര്‍മാരുടെ സംഘടനകളായ ഇന്സ്റ്റിട്യൂഷന്‍ ഓഫ് എഞ്ചിനീയെര്സ് ഇന്ത്യ ( IEI), ഇന്സ്ടിട്യൂഷന്‍ ഓഫ് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയെര്സ് ( IEEE, USA ), സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ (SSI), ഇന്സ്റ്റിട്യൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയെര്സ് ( IETE ), ഇന്ത്യന്‍  മെഡിക്കല്‍ അസോസിയേഷന്‍ (IMA) ഇവയൊക്കെ അതില്‍ പെടുന്നു. പ്രത്യേക പ്രൊഫഷണല്‍ ബിരുദവും കുറച്ചെങ്കിലും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കാണ് അംഗത്വം കിട്ടുന്നത്. അംഗത്വഫീസ്‌ അതതു വര്‍ഷം  അടയ്ക്കണം. വിദ്യാര്‍ത്ഥികള്‍ക്ക്  കുറഞ്ഞ ഫീസില്‍ അംഗമാകാം. ഒരു സ്ഥലത്ത് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്  ആ സൊസൈറ്റിയുടെ പ്രാദേശിക ചാപ്റ്റര്‍ തുടങ്ങാം. അവിടെ ചെറിയ സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടത്താം. വിദ്യാര്‍ഥികളുടെ ചാപ്റ്റര്‍ തുടങ്ങിയാല്‍ അംഗത്വ ഫീസായി വാങ്ങിയ തുകയുടെ ഒരു ഭാഗം ചാപ്ട്റ്ററിന്റെ പരിപാടികള്‍ക്കായി തിരിച്ചു നല്കുന്നു. കുട്ടികളുടെ സാങ്കേതിക അറിവും നേത്രുത്വ പാടവവും പ്രസംഗ പരിചയവും പ്രബന്ധങ്ങള്‍ എഴുതി അവതരിപ്പിക്കാനും ഉള്ള പരിശീലനവും മറ്റും കൊടുക്കാന്‍ കഴിയും. ഉപരിപഠനത്തിനും മറ്റും വിദേശത്തുള്ള അദ്ധ്യാപകരുമായും മറ്റും സ്വതന്ത്രമായി ബന്ധപ്പെടാന്‍ ഇത്തരം സൊസൈറ്റി അംഗത്വം പ്രയോജനപ്പെടുന്നു. ഇത്തരം സംഘടനകളില്‍ അംഗമാണെന്നു സ്വയം പരിചയപ്പെടുത്തിയാല്‍ തന്നെ പല സഹായങ്ങളും മറ്റംഗങ്ങള്‍ ചെയ്യാന്‍ മടി കാണിക്കുകയില്ല. സംഘടനകള്‍ പ്രസിദ്ധീകരിക്കുന്ന ചില ജേര്‍ണലുകള്‍ അംഗങ്ങള്‍ക്ക് അയച്ചു തരുന്നു.

ഇതില്‍  ചില  സംഘടനകള്‍   തുടര്‍ വിദ്യാഭ്യാസത്തിനു  വേണ്ടി  പരിശീലനം  നടത്തി   പരീക്ഷ എഴുതി  അംഗത്വം   കൊടുക്കുന്നു. ഉദാഹരണത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സൊസൈറ്റിയായ  ഇന്സ്റ്റിട്യൂഷന്‍ ഓഫ് എഞ്ചിനീയെര്സ് ഇന്ത്യ ( IEI),  ഡിപ്ലോമാ  പാസായവര്‍ക്കും മറ്റും നടത്തുന്ന  A.M.I.E. പരീക്ഷകളുടെ A, B ഭാഗങ്ങള്‍ രണ്ടും  പാസായാല്‍ അത് എഞ്ചിനീയറിംഗ് ബിരുദത്തിനു തുല്യമായി കണക്കാക്കി  ജോലിയില്‍ കയറ്റം കിട്ടാനും മറ്റും  പ്രയോജനപ്പെടുന്നു. അതുപോലെ ഇന്ഗ്ലണ്ടിലെ റോയല്‍  കോളേജു നടത്തുന്ന MRCP, FRCS  എന്നീ സൊസൈറ്റി അംഗത്വവും   മെഡിക്കല്‍  ബിരുദം ഉള്ളവര്‍  പരീക്ഷകള്‍ എഴുതി  നേടുന്നതാണു. ഇന്ത്യയില്‍ MD  , MS  ബിരുദങ്ങള്‍ക്ക് തത്തുല്യമായ DNB (Diplomate of National Board) പരീക്ഷയും  ഇത്തരമാണ്.

എന്‍റെ പ്രൊഫഷണല്‍  സൊസൈറ്റി  പ്രവര്‍ത്തനം  ഡല്‍ഹിയില്‍  വച്ചു  തന്നെ  തുടങ്ങിയിരുന്നു.  സിസ്റ്റംസ് സൊസൈറ്റിയുടെ  തുടക്കവും  അതിന്റെ ആര്‍ഈ.സി ചാപ്ടര്‍   ഉണ്ടാക്കിയതും  മുമ്പെഴുതിയിരുന്നല്ലോ.    പ്രൊഫഷണല്‍  സൊസൈറ്റികളില്‍  ഇലകട്രിക്കല്‍  ഇലക്ട്രോണിക്സ്   കംപ്യുട്ടര്‍  ശാഖകളില്‍  പ്രവര്‍ത്തിക്കുന്നവരുടെ  ലോകത്തിലെ ഏറ്റവും  വലിയ  സംഘടനയായ  IEEE യില്‍  1981 ലാണ് ഞാന്‍   അംഗമായത്. ആദ്യകാലത്ത് വാര്‍ഷിക അംഗത്വ ഫീസ്‌ 30 40 ഡോളര്‍ വലിയ തുകയായി തോന്നിയെങ്കിലും ക്രമേണ അതിന്റെ പ്രയോജനം മനസ്സിലാക്കിയപ്പോള്‍ അത് അത്ര വലിയ തുകയായി തോന്നിയില്ല. എന്റെ ഡിപ്പാര്ട്ടുമെന്റിലെ പ്രൊഫ.തിരുവെങ്കടം സാര്‍ ആയിരുന്നു എന്നെ ഇതിനു പ്രോത്സാഹിപ്പിച്ചത്. (എനിക്ക് ഗുരുതുല്യനായിരുന്നു അദ്ദേഹം).ക്രമേണ ഇങ്ങനെയുള്ള ഒരു സൊസൈറ്റിയില്‍ അംഗമായാല്‍ പകുതി അംഗത്വഫീസ്‌ കോളേജില്‍ നിന്നും കിട്ടുമെന്നായി. ആറാം ശമ്പളകമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ച് പ്രൊഫഷണല്‍ സൊസൈറ്റി അംഗത്വഫീസ്‌ മുഴുവനും കോളേജു തന്നെ വഹിക്കാം എന്നായിരുന്നു. കഴിഞ്ഞ 40  വര്ഷ‌മായി ഞാന്‍ IEEE യില്‍ അംഗമാണ്. അംഗമായിരുന്ന വര്‍ഷങ്ങളുടെ എണ്ണവും അയാളുടെ വയസും കൂടി കൂട്ടിയാല്‍ നൂറിലധികം ആയാല്‍ അയാള്‍ക്ക് ‌ ആജീവനാന്ത അംഗത്വം ലഭിക്കുന്നു. അങ്ങനെ ഞാന്‍ ഇപ്പോള്‍ IEEE യില്‍ ആജീവനാന്ത അംഗം ആകുന്നു, അംഗത്വ ഫീസ്‌ കൊടുക്കാതെ തന്നെ.

ആര്‍.ഈ.സി.യില്‍ 1981 മുതല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ഒരു ചാപ്റ്റര്‍ ( ശാഖ) പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. തിരുവെങ്കടം സാര്‍ ആയിരുന്നു അന്ന് ഈ ശാഖയുടെ കൌണ്സിലര്‍. ഈ ബ്രാഞ്ച് കേരളത്തിലെ തന്നെയാണ്  ആദ്യത്തെ വിദ്യാര്‍ത്ഥികളുടെ ശാഖയായിരുന്നു. ഈ ശാഖയുടെ പ്രവര്ത്തനം നിയന്ത്രിക്കുന്നത് കുട്ടികള്‍ തന്നെ ആയിരുന്നു, കൌണ്സിലര്‍ വെറും ഒരു ഉപദേശകന്റെ ഭാഗം മാത്രമാണ് വഹിച്ചിരുന്നു. പിന്നീട് ഞാന്‍ തന്നെ ഈ ശാഖയുടെ കൌണ്സിലര്‍ ആയി. കുട്ടികള്‍ അംഗങ്ങളായവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അദ്ധ്യക്ഷന്‍ കാര്യദര്‍ശി ഖജാഞ്ചി എന്നിവരും കാര്യനിര്വഹണ സമിതിഅംഗങ്ങളും ഉണ്ടായിരിക്കും. ഇവരെല്ലാം കൂടി വളരെയധികം പ്രയോജനപ്രദമായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. കേരള സ്റ്റെയിറ്റ് ഇലക്ട്രിസിറ്റി ബോര്ഡില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എം.അനില്‍ ,(Anil M KSEB) അമേരിക്കയില്‍ പഠിച്ചശേഷം ജോലി ചെയ്യുന്ന രാഹുല്‍ (Rahul Potera), ബാംഗളൂര്‍ ഐ.ഐ.എസ്.സി യില്‍ എം.എസ്.ചെയ്തു ഗവേഷണം നടത്തിയ ദീപക് മലാനി ( Deepak Malani) എന്നിവര്‍ ചെയര്‍മാന്‍മാര്‍  ആയിരുന്നപ്പോള്‍ ഈ ശാഖയുടെ പ്രവര്‍ത്തനം മാതൃകാപരം തന്നെ ആയിരുന്നു. അവരുടെ ഉത്സാഹവും സംഘടനാപാടവവും അനുകരണീയം തന്നെ ആയിരുന്നു.


IEEE എന്ന പ്രൊഫഷണല്‍ സൊസൈറ്റി ലോകത്തിലെ ഏറ്റവും വലിയ ഇത്തരം സംഘടനയാണ്. ആ സംഘടനയിലേക്ക് നയിച്ച അമേരിക്കന്‍ സൊസൈറ്റി ഓഫ് എഞ്ചിനീയെര്സ് ( AIEE ) തുടങ്ങിയത് പ്രസിദ്ധ ശാസ്ത്രജ്ഞന്മാരായ തോമസ്‌ ആല്‍വാ എഡിസണും ( സ്വനഗ്രാഹി യന്ത്രം, വൈദ്യുതവിളക്കുകള്‍ തുടങ്ങി അസംഖ്യം കണ്ടു പിടുത്തങ്ങളുടെ ഉപജ്ഞാതാവു), ഗ്രഹാം ബെല്‍ ( ടെലിഫോണ്‍ കണ്ടുപിടിച്ചയാള്) എന്നിവരായിരുന്നു. 1887 ആദ്യത്തെ വൈദ്യുതവിതരണവ്യുഹം ഉണ്ടായ അതേ വര്‍ഷം ന്യുയോര്ക്കില്‍ ആയിരുന്നു തുടക്കം. ഇല്കട്രോണിക്സ് ഉപകരണങ്ങള്‍ക്ക് പ്രചാരം ഉണ്ടായപ്പോള്‍ ഇലക്ട്രോണിക് എഞ്ചിനീയെര്സ് സ്ഥാപിച്ച റേഡിയോ എഞ്ചിനീയെര്സ് സൊസൈറ്റി ( Institute of Radio Engineers – IRE) പിന്നീട് വലിയ സംഘടനയായി. IRE യും , AIEE യും കൂടി ചേര്‍ന്നാണ് 1964 ല്‍ IEEE എന്ന സംഘടന രൂപം കൊണ്ടത്. ഏഴു ലക്ഷത്തിലധികം അംഗങ്ങള്‍ ഉള്ള IEEE ലോകത്തിലാകെ പത്തു മേഖലകളായി പ്രവര്ത്തിക്കുന്നു. ഈ സംഘടനയുടെ തലസ്ഥാനം അമേരിക്കക്കയിലെ ന്യു ജെര്സിയില്‍ ആണ്. ഇന്ത്യ പത്താമത്തെ മേഖലയില്‍ ആണ്, ഏഷ്യ പസിഫിക് മേഖല. ഓരോ മേഖലയിലും ഓരോ രാഷ്ട്രങ്ങളില്‍ കൌണ്സിലും അവയുടെ കീഴില്‍ സെക്ഷനുകളും പ്രവര്ത്തിക്കുന്നു. കേരള സെക്ഷന്‍ ഇന്ത്യാ കൌണ്സിലില്‍ ഉള്‍പ്പെട്ടിരിക്കുന്നു. കേരള സെക്ഷന്റെ തലസ്ഥാനം തിരുവനന്തപുരത്താണ്. അതുകൊണ്ടു പല സമ്മേളനത്തിനും മലബാറില്‍ നിന്ന് അംഗങ്ങള്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യേണ്ടി വന്നിരുന്നു.

പുതിയ ശമ്പള കമ്മീഷന്‍ ശുപാര്ശകള്‍ വന്നപ്പോള്‍ ഞാന്‍ എന്‍.ഐ.ടിയില്‍ കുറെ അംഗങ്ങളെ കൂടി ചേര്‍ത്തു.  നോക്കിയപ്പോള്‍ മലബാറില്‍ തന്നെ 400 ഓളം അംഗങ്ങള്‍ ഉണ്ടെന്നു കണ്ടു. മലബാര്‍ മേഖലയില്‍ IEEE യുടെ പ്രവര്‍ത്തനം വികസിപ്പിക്കാന്‍ ഒരു ഉപവിഭാഗം (subsection)  ഉണ്ടാക്കാന്‍ എന്‍.ഐ.ടി.യിലെ ചില സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ശ്രമിച്ചു . മലബാറില്‍ നിന്നും തലസ്ഥാനത്തു സ്ഥിരതാമസം ആക്കിയ ശ്രീ വി.കെ. ദാമോദരൻ, ശ്രീ.പി.എം.ശശി ഇവരുടെ അനുഗ്രഹാശംസകളും ഉണ്ടായിരുന്നു. അങ്ങനെ IEEE യുടെ മലബാര്‍ ഉപവിഭാഗം ( subsection) രൂപം കൊണ്ടു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്കോട് ജില്ലകള്‍ ചേര്ത്തായിരുന്നു മലബാര്‍ ഉപവിഭാഗത്തിന്റെ പ്രവര്ത്തനമേഖല. ഞാന്‍ അതിന്റെ സ്ഥാപക അദ്ധ്യക്ഷനുമായി. അതിന്റെ ഫലമായി ഈ ഭാഗത്ത്‌ കൂടുതല്‍ പ്രവര്ത്തനം നടത്താന്‍ കഴിഞ്ഞു. ഡോ.സമീര്‍ ആദ്യത്തെ സെക്രട്ടറിയുമായി. കുട്ടികളുടെ ചാപ്റ്ററുകള്‍ക്ക്  കൂടുതല്‍ സഹായം ചെയ്യാനും സമൂഹത്തിന്റെ നന്മയ്ക്ക് പല കാര്യങ്ങളും അങ്ങനെ ചെയ്യാനും കഴിഞ്ഞു. എഞ്ചിനീയറിംഗിന് ചേരാന്‍ തയാറെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി കഴിഞ്ഞ ആറിലധികം വര്ഷമായി അവരുടെ അഭിരുചികള്‍ക്കനുസരിച്ചു ഏതു ബ്രാഞ്ചാണ് തിരഞ്ഞെടുക്കേണ്ടത് , എഞ്ചിനീയറിംഗ് പഠനം എങ്ങനെ വിജയകരമായി മുന്നോട്ടു കൊണ്ടു പോകാം എന്നീ കാര്യങ്ങളില്‍ ഏകദിന ശില്പശാല നടത്തുന്നു മലബാര്‍ ഉപവിഭാഗം. വീട്ടമ്മമാര്‍ക്ക്  എല്‍ഈഡി വിളക്കുകള്‍ സംയോജിപ്പിക്കാനും ആദിവാസികളുടെ വീടുകളില്‍ സൌരോര്‍ജം എത്തിക്കാനും ചില പരിപാടികള്‍ ചെയ്തു വരുന്നു. സ്ത്രീകളായ എഞ്ചിനീയര്‍മാരുടെ ( WIE- Women in Engineering) എന്ന കൂട്ടായ്മ എഞ്ചിനീയറിംഗിനു പഠിക്കുന്ന പെണ്കുട്ടികള്‍ക്ക് പ്രോത്സാഹനം നല്കി വരുന്നു. കേരളസെക്ഷനിലെ കൊണ്ഫെറന്‍സ് കാര്യങ്ങളുടെ അദ്ധ്യക്ഷനും വിദ്യാഭ്യാസ കാര്യങ്ങളുടെ ഉപദേഷ്ടാവും ആയിരുന്നു  ഈയുള്ളവന്‍. കേരള  സെക്ഷന്‍ ഏറ്റവും  നല്ല  വോളന്‍റിയര്‍ ആയും  ഏറ്റവും നല്ല  അദ്ധ്യാപകനായും അവാര്‍ഡ് നല്‍കി. അടുത്ത്  ഇന്ത്യാ  കൌണ്‍സിലും   എന്‍റെ  പ്രവര്‍ത്തനങ്ങള്‍ക്ക് ആജീവനാന്ത സംഭാവനകള്‍ക്ക്   ഒരു അംഗീകാരം നല്‍കുകയുണ്ടായി.

IEEE യുടെ ശക്തി അതിലുള്ള വിദ്യാര്‍ത്ഥിഅംഗങ്ങളുടെ ഊര്‍ജവും  ശുഷ്കാന്തിയും ആണ്. അവര്‍ക്കു വേണ്ട ഉപദേശം കൊടുത്തു അവരെ അവര്‍ക്കും സമൂഹത്തിനും പ്രയോജനമുള്ള പൌരന്മാരാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. IEEE യിലെ അംഗങ്ങള്‍ പാലിക്കേണ്ട പ്രവര്‍ത്തന നിയമങ്ങള്‍ താഴെ കൊടുക്കുന്നു.

1. ചെയ്യുന്ന ജോലിയില്‍ പൊതുജനങ്ങളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ പരിഗണിച്ചു കൊണ്ടു തീരുമാനങ്ങള്‍ എടുക്കുക, ഇവയെ ഏതെങ്കിലും രീതിയില്‍ ഹനിക്കാന്‍ സാധ്യതയുണ്ട് എങ്കില്‍ അത് പൊതുജനങ്ങളെ അറിയിക്കുക.

2. പരസ്പരം സംഘട്ടനമോ എതിര്‍പ്പോ  ഉണ്ടാകുന്ന അവസരങ്ങളൊഴിവാക്കുക, ഉണ്ടാവാന്‍ സാധ്യതയുണ്ട് എങ്കില്‍ അത് മുന്കൂട്ടി പരസ്യമാക്കുക.

3. അവകാശവാദങ്ങള്‍ സത്യ സന്ധമായതും, യാഥാര്‍ഥ്യ ബോധത്തോടെ ഉള്ളതും ആയിരിക്കുക.

4. ഏതു രീതിയിലുള്ള അഴിമതിയും കൈക്കൂലിയും പൂര്‍ണമായും ഒഴിവാക്കുക.

5. സാങ്കേതികവിദ്യയെയും അതിന്റെ ശരിയായ ഉപയോഗത്തെപറ്റിയും ശരിയായി മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുക,

6. നമ്മളുടെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന പുതിയ പ്രവണതകളെ കുറിച്ച് ബോധാവാന്മാരായിരിക്കുക. തന്റെ യോഗ്യതക്കും പ്രായോഗിക  പരിചയത്തിനും അനുസരിച്ചുള്ള ജോലികള്‍ മാത്രം ഏറ്റെടുക്കുക,ചെയ്യുക.

7. നാം ചെയ്യുന്ന ജോലിയെ ആരെങ്കിലും സത്യസന്ധമായി വിമര്‍ശിച്ചാല്‍ അതിന്റെ പ്രസക്തിയും അതില്‍ ഉന്നയിച്ച കാര്യങ്ങളും ക്ഷമാപൂര്വ്വം  മനസ്സിലാക്കി മാത്രം പ്രതികരിക്കുക, ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുക, അതനുസരിച്ച് പദ്ധതിയില്‍ യുക്തമായ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ വരുത്തുക.

8. ജാതി,മത,ലിംഗ,വര്ഗ വിവേചനമില്ലാതെ എല്ലാവരെയും സമന്മാരായി കണക്കാക്കുക.

9. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ വേദനിപ്പിക്കുകയോ അവരുടെ സ്വത്തുവകകളെ ബാധിക്കുകയോ നഷ്ടം ഉണ്ടാക്കുകയോ  മാന്യതയെ ക്ഷതപ്പെടുത്തുകയോ ചെയ്യുന്ന  കാര്യങ്ങള്‍ ചെയ്യാതിരിക്കുക.

10. സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഈ നിര്‍ദ്ദേശശങ്ങള്‍ പാലിക്കാന്‍ സഹായിക്കുക.

ഒരു പക്ഷെ  ഇതെല്ലാം കര്‍ശനമായി  എഞ്ചിനീയര്‍മാര്‍  പാലിക്കുന്നുണ്ടോ  എന്ന് ചോദിക്കാം , പക്ഷെ   മെഡിക്കല്‍  ബിരുദം എടുക്കുന്നവര്‍  എടുക്കുന്ന  ഹിപ്പോക്രറ്റീസിന്റെ  പ്രതിജ്ഞ പോലെ   ഇതാണ്  ശരിക്കും  ചെയ്യേണ്ടത്  എന്ന്   യുവ എഞ്ചിനീയര്‍മാരെ  ബോധവാന്മാരാക്കുക , അവരെ  ഇതൊക്കെ അനുസരിച്ച്  പ്രവര്‍ത്തിക്കണം എന്ന് ആഹ്വാനം ചെയ്യുക  ഇവ   ഇത്തരം  സംഘടനകള്‍  ചെയ്യുന്നു.

 

 

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും