72.ആദ്യത്തെ വാഹനവും ലൈസന്‍സു, ശ്രീമതിയുടെ വീഴ്ചയും

 ആര്‍.ഈ.സി.യില്‍ ആദ്യകാലത്ത് ക്യാമ്പസില്‍ അപൂര്‍വ്വം  ആള്‍ക്കാര്‍ക്ക്  മാത്രമേ സ്വന്തമായ വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ക്രമേണ ക്യാമ്പസില്‍ പലരും സ്കൂട്ടര്‍ വാങ്ങി തുടങ്ങി. 

കുട്ടനാട്ടിലെ വെള്ളക്കുഴിയില്‍ നിന്നുവന്ന എനിക്ക് വള്ളം തുഴയാന്‍ അറിയാം, നീന്തലും. ഇത് രണ്ടും അറിയാതെ കുട്ടനാട്ടില്‍ ജീവിക്കാന്‍ അന്ന് വിഷമമായിരുന്നു. ഇന്ന് തലങ്ങും വിലങ്ങും റോഡുകള്‍ ആയപ്പോള്‍ വള്ളവും ബോട്ടുമില്ലാതെ ആള്‍ക്കാര്‍ക്ക് ജീവിക്കാം. കൊല്ലത്ത് വച്ച് കൂട്ടുകാര്‍ രാത്രി സൈക്കിള്‍ വാടകയ്ക്കെടുത്ത് എന്നെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും അതു പരാജയപ്പെട്ടു. എന്റെ ഒരു സുഹൃത്ത് ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജില്‍ വാചകമടിക്കാന്‍ സൈക്കിളില്‍ വരുമ്പോള്‍ ഞാന്‍ അയാളുടെ സൈക്കിളിന്റെ കാരിയറില്‍ ഇരുന്നു ചെറിയ ഒരു വോളിബാള്‍ കളിക്കുന്ന മൈതാനത്ത് കുറേശ്ശെ കുറേശ്ശെ തനിയേ സൈക്കിള്‍ ചവിട്ടി ബാലന്സുണ്ടാക്കി പിന്നീട് രാത്രി സൈക്കിള്‍ വാടകയ്കെടുത്ത് രണ്ടാം കുറ്റിയിലെ തിയേറ്ററില്‍ സെക്കന്റ് ഷോ കാണാന്‍ പോയി സൈക്കിള്‍ സവാരി ഉറപ്പാക്കി, ഒന്നു രണ്ടു പ്രാവശ്യം ആള്‍ക്കാരെ  ഇടിച്ചിട്ടു നാട്ടുകാരുടെ തല്ലു കിട്ടാതെ രക്ഷപെടുകയും ചെയ്തു. അപ്പോള്‍ അറിയാവുന്ന വാഹനങ്ങള്‍ ചെറിയ വള്ളവും സൈക്കിളും. രണ്ടും മനുഷ്യര്‍ കയ്യും കാലും ഉപയോഗിച്ചു  പ്രവര്‍ത്തിപ്പിക്കുന്നവ. 

മറ്റു പലരും സ്കൂട്ടര്‍ വാങ്ങിയപ്പോള്‍ എനിക്കും ഒരു ആഗ്രഹം, സ്ക്കൂട്ടര്‍ വാങ്ങണം. ആദ്യം ലൈസന്സ് എടുക്കണം. ലേണേര്‍സ് ലൈസന്സ് വാങ്ങി ക്യാമ്പസ്സിലെ കൂടുകാരുടെ ആരുടെയോ പഴയ സ്കൂട്ടറില്‍ അല്‍പ്പം  പഠിച്ചു ഒരു മാതിരി ഓടിക്കാം എന്നായി. ലൈസന്സ് വാങ്ങാന്‍ കാര്‍ ലൈസന്സിന് H പോലെ സ്കൂട്ടര്‍ ലൈസന്സിന് 8 ആണെടുക്കെണ്ടിയിരുന്നതു. എന്നാല്‍ കാലു നിലത്തു കുത്താതെ 8 എടുക്കാനൊന്നും കഴിയുന്ന പരുവമായില്ല , എങ്കിലും ലൈസന്സിന് അപേക്ഷിച്ചു. അന്ന് ഡ്രൈവിംഗ് സ്കൂളില്‍ പണം കൊടുത്താല്‍ പെട്ടെന്ന് ലൈസന്‍സ്  ഒപ്പിച്ചുതരുമായിരുന്നു. വെറുതെ ലൈസന്‍സ് വാങ്ങുന്നതില്‍ ഉള്ള മന: സാക്ഷിക്കുത്ത് ഒഴിവാക്കാന്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ എടുക്കാന്‍ തന്നെ തീരുമാനിച്ചു ചേവായൂരില്‍ ഉള്ള മൈതാനത്തു പോയി. ഡ്രൈവിംഗ് സ്കൂളില്‍ നിന്ന് കൊടുത്ത പണത്തിന്റെ കൊഴുപ്പിലാണോ അറിയില്ല ടെസ്റ്റ് എടുത്ത ഇന്സ്പെക്ടര്‍ കുറെ ദൂരത്തു നിന്ന് സ്കൂട്ടര്‍ ഓടിച്ചു വരാന്‍ പറഞ്ഞെ ഉള്ളൂ. അയാളുടെ അടുത്തു ചെന്ന് അയാളെ ഇടിക്കാതെ സ്കൂട്ടര്‍ നിര്ത്തി ടെസ്റ്റ്‌ പാസായതായി മനസ്സിലായി. കുറച്ചു ദിവസം കഴിഞ്ഞു ലൈസന്സ് കിട്ടി.

അന്നത്തെ ഏറ്റവും പുതിയ സ്കൂട്ടര്‍ എല്‍ എം എല്‍ വെസ്പ ആയിരുന്നു. അതിന്റെ ഒരു മൂന്നു ഗിയര്‍ ഉള്ള മോഡല്‍ ഇറങ്ങിയ കാലം . ഒരു ഗിയര്‍ കുറവായപ്പോള്‍ ഓടിക്കാന്‍ അത്രയും എളുപ്പമായിരിക്കുമല്ലോ എന്ന് കരുതി LML Vespa T3 എന്ന മോഡല്‍ വാങ്ങി. ഇളം പച്ച നിറത്തില്‍ ഉള്ള ഒരു സ്കൂട്ടര്‍. നല്ല ഓമനത്വമുള്ള വാഹനം . വണ്ടി ക്ഷേത്രത്തില്‍ കൊണ്ടു പോയി വാഹനപൂജയും ഒക്കെ നടത്തി കുറേശ്ശെ ഓടിച്ചു തുടങ്ങി. ഒരു ദിവസം ശ്രീമതിയെയും കൂട്ടി സ്റ്റോറില്‍ പോയി ഒരു ചാക്കില്‍ കുറെ അരിയും മറ്റും മുമ്പില്‍ ബ്രേക്കിന്റെ അടുത്തു വച്ച് F ടൈപ്പ് ക്വാര്ട്ടറിന്റെ അടുത്തെത്തിയപ്പോള്‍  ഇറക്കത്തില്‍ ചാക്ക് ബ്രേക്കിന്റെ മുകളിലേക്ക് നീങ്ങി എന്റെ കാലു ബ്രേക്കില്‍ ചവിട്ടാന്‍ വയ്യാതായി. ഞാനും ശ്രീമതിയും റോഡിന്റെ ചെരിവില്‍ മണ്ണില്‍ വീണു. രണ്ടു പേര്‍ക്കും ഒന്നും സംഭവിച്ചില്ലെങ്കിലും പിന്നീടൊരിക്കലും ശ്രീമതി എന്റെ പുറകില്‍ സ്കൂട്ടറില്‍ കയറിയിട്ടില്ല. പിന്നീട്  2  ചക്ര വാഹനം  വാങ്ങിക്കഴിഞ്ഞേ  എന്‍റെ  ഡ്രൈവിങ്ങ്   വൈദഗ്ദ്ധ്യം  അംഗീകരിച്ചു തന്നുള്ളു.

പിന്നീട് ദൂരെയുള്ള C ടൈപ്പ് ക്വാര്‍ട്ടറിലേക്ക് മാറിയപ്പോള്‍ രാവിലത്തെ 8 മണിയുടെ ക്ലാസില്‍ പോകാനും മറ്റും സ്കൂട്ടര്‍ സൌകര്യമായി. എട്ടു മണിക്ലാസിനു പോകുമ്പോള്‍ മകള്‍ കോളേജില്‍ ചേര്‍ന്നുകഴിഞ്ഞു പുറകില്‍ കയറും. പക്ഷെ അവള്‍ എട്ടിന് അഞ്ചു മിനുട്ട് ഉള്ളപ്പോഴേ വീട്ടില്‍ നിന്ന് ഇറങ്ങൂ. എനിക്കാണെങ്കില്‍ രണ്ടാം നിലയിലുള്ള സ്റ്റാഫ് റൂമില്‍ നിന്ന് ചോക്കും ഹാജര്‍ ബുക്കും എടുത്തു ക്ലാസില്‍ പോകുന്നതിനു മുമ്പ് അഞ്ചു മിനിട്ടെങ്കിലും അന്നത്തെ ക്ലാസിനെപ്പറ്റി ചിന്തിക്കണം, നേരത്തെ എത്ര പ്രാവശ്യം പഠിപ്പിച്ചതായാലും തയ്യാറായതായാലും ഇത് ഇന്നും ഇതെനിക്കാവശ്യമാണ്. ഇക്കാര്യം ചൊല്ലി ഞാനും മകളും മിക്കവാറും വഴക്കുകൂടുമായിരുന്നു. പോരാഞ്ഞു രാവിലെ എട്ടു മണിക്ക് ലേഡീസ് ഹോസ്റ്റലിലെ കുട്ടികള്‍ രാജവീഥിയില്‍ പരന്നു താറാവിന്‍ കൂട്ടം പോലെ റോഡു മുഴുവന്‍ അടച്ചു നടക്കുമ്പോള്‍ അവരെ ഇടിച്ചു താഴെയിടും എന്ന് മകളോട് പറഞ്ഞിട്ടും ഉണ്ട്. കുറച്ചു നാള്‍ A ഹോസ്റ്റലിന്റെയും ഹോസ്റ്റല്‍ ഓഫീസിന്റെയും ഇടക്കുള്ള റോഡില്‍ കൂടിയായി യാത്ര, അതിലെ പെണ്കുട്ടികള്‍ പോകാത്തത് കൊണ്ടു. ആ സ്കൂട്ടര്‍ ഞാന്‍ കുറെ നാള്‍ കൊണ്ടു നടന്നു. പിന്നീട് വിദേശത്ത് അവധിക്കു പോയപ്പോള്‍ ഒരു സഹപ്രവര്‍ത്തകന് നിസ്സാര വിലയ്ക്ക് വിറ്റിട്ടു  പോയി.  

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും