103.ആര്‍.ഈ.സി.യില്‍ നിന്ന്എന്‍.ഐ.ടി.യിലേക്ക്

 റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജുകളുടെ പ്രവര്‍ത്തനരീതിയെപ്പറ്റി മുമ്പ് പല സന്ദര്‍ഭങ്ങളിലും കുറിച്ചിരുന്നു. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ സംയുക്തഭരണസ്ഥാപനമായി സ്ഥാപിച്ച സ്വയംഭരണസ്ഥാപനങ്ങളായി രുന്നല്ലോ ആര്‍.ഈ.സി.കള്‍. ചെലവ് സിംഹഭാഗവും കേന്ദ്രത്തില്‍ നിന്നും, ഭരണനിയന്ത്രണം സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിലും ആയിരുന്നു. ഏകദേശം 200 കോടിയോളം വാര്‍ഷിക ബഡജറ്റ് അന്നു തന്നെ  ഉണ്ടായിരുന്ന സ്ഥാപനത്തിന്റെ വാര്‍ഷിക ചിലവിന്റെ പകുതി മാത്രം (50 ലക്ഷമോ അതില്‍ കുറവോ ) മാത്രമേ സംസ്ഥാനം മുടക്കിയിരുന്നുള്ളൂ. എന്നാല്‍ വിദ്യാഭ്യാസമന്ത്രിയുടെയും തിരുവനന്തപുരത്ത് നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥന്മാരുടെയും കനിവിനു വേണ്ടി വര്‍ഷങ്ങള്‍ യാചിച്ചു അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാര്‍ നീണ്ടകാലം സമ്മര്‍ദ്ദം  ചെലുത്തിയെങ്കിലും അവസാനം 2002 ല്‍ മാത്രമാണ് ആര്‍.ഈ.സി.കളെ  കേന്ദ്ര മാനവശേഷി വിഭവവികസനവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിക്കൊണ്ടു നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്, ഇവയ്ക്കു  നാഷണല്‍ ഇന്സ്റ്റിട്യുറ്റ് ഓഫ് ടെക്നോളജി എന്ന പേരും കൊടുത്തു.

എന്‍.ഐ.ടി.കള്‍ക്ക് ആര്‍.ഈ.സി.കള്‍ക്ക് ഉണ്ടായിരുന്ന ഭരണപരമായ സ്വയം ഭരണത്തോടൊപ്പം അക്കാഡമിക് സ്വയം ഭരണവും കിട്ടി. സ്വന്തമായി  പഠനപദ്ധതിയുണ്ടാക്കി പരീക്ഷ നടത്തി ഐ.ഐ.ടി.കളെപ്പോലെ ഡിഗ്രി കൊടുക്കാനുള്ള അധികാരം വന്നു ചേര്‍ന്നു. അതാതു യൂണിവേര്സിറ്റികളുടെ നിയന്ത്രണവും ഇല്ലാതായി. ആര്‍.ഈ.സി.കളില്‍ ചിലതിനു സ്വയംഭരണ കോളേജുകള്‍ എന്ന സ്ഥാനം ( ഉദാഹരണം തൃശ്ശിനാപ്പള്ളി ആര്‍.ഈ.സി ) ചില സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു എങ്കിലും നമ്മുടെ കോഴിക്കോട് ആര്‍.ഈ.സി.യില്‍ യൂണിവേര്‍സിറ്റിയില്‍  അഫിലിയേറ്റ് ചെയ്ത കോളേജായിരുന്നതു കൊണ്ട് പൂര്‍ണമായ അക്കാഡമിക് സ്വയംഭരണം ഉള്ള സ്ഥാപനം ആക്കിയെടുക്കുവാന്‍  ഒരു പാടു മാററങ്ങള്‍ വേണ്ടി വന്നു. സ്വന്തമായ സെനറ്റും ബോര്‍ഡ് ഓഫ് സ്റ്റഡീസ് , ഡീന്മാര്‍ എന്നിവ വേണ്ടി വന്നു. റെജിസ്ട്രാര്‍ ഡെപ്യുട്ടി റെജിസ്ട്രാര്‍ അസിസ്റ്റന്റ്  റെജിസ്ട്രാര്‍ എന്നീ തസ്തികള് ഉണ്ടായിരുന്നു എങ്കിലും യൂണിവേര്‍സിറ്റിയുടെ അത്ര ബൃഹത്തല്ലെങ്കിലും ഒരു യൂണിവേര്സിറ്റി മാതൃക ഉണ്ടാകേണ്ടിയിരുന്നു. പ്രിന്സിപ്പല്‍  എന്ന പദവി മാറ്റി ഡയരക്ടര്‍ എന്ന പദവിയാക്കി. അപ്പോഴത്തെ പ്രിന്സിപ്പല്‍മാരെ  എന്‍.ഐ.ടി. കളുടെ ആദ്യ ഡയരക്ടര്‍മാരായി തുടരാനനുവദിച്ചു.

അക്കാഡമിക് സ്വയം ഭരണം വന്നപ്പോള്‍ ഇന്ത്യയിലും വിദേശത്തും ഉള്ള പല നല്ല വിദ്യാഭ്യാസസ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന ക്രെഡിറ്റ് സിസ്റ്റം എന്‍.ഐ.റ്റി.യിലും ഉണ്ടാക്കണം എന്നതായിരുന്നു ആദ്യത്തെ പടി. അതനുസരിച്ച് ഐ.ഐ.ടി.കളിലെപ്പോലെ പൂര്‍ണമായി പഠനപദ്ധതിയും സിലബസും ഉടച്ചു വാര്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഈ ചുമതല പ്രധാനമായും ഡീന്‍ എന്ന ഉദ്യോഗസ്ഥന്റെ ചുമതലയായിരുന്നു. പൊതുവേ നമ്മുടെ അദ്ധ്യാപകര്‍ക്ക് പലര്‍ക്കും ക്രെഡിറ്റ് സിസ്റ്റം എന്നാല്‍ മാര്‍ക്ക് ഗ്രെയ്ഡാക്കുക എന്നതില്‍ കൂടി ഒന്നും അറിയാത്തവരായിരുന്നു. എന്‍.ഐ.ടി. യില്‍ അന്ന് നാല് ഡീന്മാരെ പുതിയതായി നിയമിച്ചു. ഭരണസംബന്ധമായ കാര്യങ്ങള്‍ക്ക്  ഒരു ഡീന്‍(Dean Administration), അക്കാഡമിക് കാര്യങ്ങള്‍ക്ക് രണ്ടു ഡീന്മാര്‍ (ബി.ടെക്.കോര്സിനു ഒരാള്‍  മറ്റൊരാള്‍ എം. ടെക്, പി.എച്.ഡി.തുടങ്ങിയ കോര്‍സുകള്‍ക്ക്മറ്റൊരാള്‍  (Dean Academic UG, Dean Academic PG Studies & Research) വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ക്ക് ‍ നാലാമാതൊരാളും ( Dean Student Affairs ) നിയമിക്കപ്പെട്ടു. അകാഡമിക് ഡീനായി നിയമിക്കപ്പെട്ടവര്‍ വിദേശരാജ്യങ്ങളിലെയും മറ്റും ക്രെഡിറ്റ് സമ്പ്രദായം നിലവില്‍ ഉള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരാകുന്നതു എന്ത് കൊണ്ടും നല്ലതായിരുന്നു. പക്ഷെ നമ്മുടെ പല സ്ഥാപനങ്ങളിലും നടക്കുന്നത് പോലെ കോഴിക്കോട് എന്‍.ഐ.ടിയിലും ഇത്തരം നിയമനങ്ങള്‍ സ്വന്തം സ്നേഹിതന്മാരെയും തനിക്കോ തന്റെ ആള്‍ക്കാര്‍ക്കോ എന്തെങ്കിലും ഉപകാരം മുമ്പ് ചെയ്തവര്‍ക്ക് നന്ദി സൂചകമായും സമ്മാനിക്കപ്പെട്ടു.

വിദേശത്ത് ക്രെഡിറ്റ് സിസ്റ്റം നിലവിലിരുന്ന രണ്ടു യൂണിവേര്സിറ്റികളില്‍  ജോലി  ചെയ്തിരുന്ന ഞാന്‍ ആറുമാസത്തെ അവധി റദ്ദാക്കി സ്ഥാപനത്തിനു വേണ്ടി തിരിച്ചു വരാം എന്ന അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്ത ഡയറക്ടര്‍  ഞാന്‍ തിരിച്ചു വന്നപ്പോള്‍ ആ വാഗ്ദാനം പൂര്‍ണമായി മറന്നു. എഞ്ചിനീയറിംഗ് സ്ഥാപനത്തിലെ യു.ജി. ഡീന്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ അല്ലാത്ത ഒരു അദ്ധ്യാപകനും ( മുമ്പ് ആര്‍.ഈ.സി. പ്രവേശനത്തിനു ചുക്കാന്‍ പിടിച്ചിരുന്നയാള് ) പി.ജി.ഡീന്‍ തന്റെ തന്നെ വകുപ്പിലെ ആത്മാര്‍ത്ഥസുഹൃത്തിനും നല്കി. യു.ജി.ഡീന്‍ ആയിരുന്നയാള് ആത്മാര്‍ത്ഥതയുള്ള ആളായിരുന്നതുകൊണ്ടു കാര്യങ്ങള്‍ കുറെയെങ്കിലും പഠിച്ചും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്തും നിയമ സംഹിത ഉണ്ടാക്കി. എന്നാല്‍ പി.ജി.ഡീനായ ആള്‍ ജുനിയറായ ആരെക്കൊണ്ടോ ഐ.ഐ.ടിയുടെ വെബ്സൈറ്റില്‍ നിന്ന് കോപ്പി ചെയ്തു കൊടുത്ത കാര്യങ്ങള്‍ ഐ.ഐ.ടി എന്ന സ്ഥലത്തെല്ലാം എന്‍.ഐ.ടി എന്നു മാറ്റി എന്‍.ഐ.ടി.യിലെ എം.ടെക്കിന്റെയും പി.എച്.ഡി യുടെയും നിയമസംഹിത ഉണ്ടാക്കി. അവധി വെട്ടിച്ചുരുക്കി തിരിച്ചു വന്ന എനിക്ക് അക്കാഡമിക് കാര്യങ്ങളില്‍ എന്തെങ്കിലും ക്രിയാത്മകമായി സംഭാവന ചെയ്യാനുള്ള അവസരം അങ്ങനെ നിഷേധിക്കപ്പെട്ടു. ഏതായാലും എന്നെ ഒരു മൂലയിലിരുത്താന്‍ ഉള്ള ശ്രമം ഞാന്‍ ഒരു വെല്ലുവിളി ആയെടുത്ത് എന്റെ സംഭാവനകള്‍ സ്ഥാപനത്തിന് വേണ്ടെങ്കില്‍ സമൂഹത്തിനു പൊതുവേ ആകട്ടെ എന്ന് കരുതി എന്റെ ആദ്യത്തെ വലിയ പുസ്തകം എഴുതിതുടങ്ങി. Modern Control Engineering Sanguine Technical Publishers Bangalore  ഒരു വര്‍ഷം കൊണ്ടു അത് പൂര്ത്തിയാക്കി പ്രസിദ്ധീകരിച്ചു. പൊതുവേ നല്ല സ്വീകരണമാണ് ഈ ബുക്കിനു കിട്ടിയത്. കേരളത്തിലും പുറത്തും ഉള്ള ഏതാനും യൂണിവേര്‍സിറ്റികളില്‍  ടെക്സ്റ്റ് ബുക്കായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രണ്ടു പ്രാവശ്യം പ്രിന്റു ചെയ്ത ഈ ബുക്ക്കഴിഞ്ഞ വര്‍ഷം പുതുക്കിയ രണ്ടാം പതിപ്പും ഇറങ്ങി.

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും