76.മകളുടെ വിവാഹവും ടി സി എസിലെ ജോലിയും

 മകള്‍ 1992ല്‍ ആര്‍.ഈ.സി.യില്‍ നിന്ന് ബി ടെക്ക് കഴിഞ്ഞു സൂരത്കല്‍ ആര്‍ ഈ സി യില്‍ എം ടെക്കിന്റെ പകുതി ചെയ്ത ശേഷം ബോംബെ ഐഐടിയില്‍ വീണ്ടും എം ടെക്കിനു ചേര്‍ന്ന വിവരം മുമ്പെഴുതിയിരുന്നു. പ്രായമായ പെണ്കുട്ടികള്‍ ഉള്ള എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം പെണ്കുട്ടികളുടെ വിവാഹം ആണ്. സൂരത്കലില്‍ പഠിച്ച ഒരു വര്‍ഷം വെറുതെ കളഞ്ഞതിനുശേഷമാണ് ബോംബെയില്‍ ചേര്‍ന്നത്‌. അവള്‍ മൂന്നാം സെമസ്റ്റര്‍ എത്തി , ഞങ്ങള്‍ പല വിവാഹാലോചനകളും നടത്തി, പക്ഷെ അയാള്‍ ഒരൊറ്റ വാശി ജോലി കിട്ടിയതിനു ശേഷം മാത്രം വിവാഹം മതിയെന്ന് .

അങ്ങനെ ഇരിക്കുമ്പോള്‍ പാലക്കാട് എന്‍.എസ്.എസ്.എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ലെക്ചറര്‍ തസ്തിക ഒഴിവുണ്ടെന്നു പരസ്യം കണ്ടു, അപേക്ഷ അയക്കാന്‍ പറഞ്ഞു. അദ്ധ്യാപനജോലി അവള്‍ക്ക് തീരെ ഇഷ്ടമല്ല എന്ന് നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഞങ്ങളുടെ നിര്‍ബന്ധം കൊണ്ടു ഇന്‍റര്‍വ്യൂവിനു വന്നു. ഇന്‍റര്‍വ്യൂ  ചങ്ങനാശ്ശേരിയില്‍ എന്‍.എസ്.എസ്.കേന്ദ്രത്തില്‍ വച്ചായിരുന്നു. ഇന്‍റര്‍വ്യൂ  നന്നായി ചെയ്തു. അവള്‍ റാങ്ക് ലിസ്റ്റില്‍ രണ്ടാമതായി. പക്ഷെ അന്ന് എന്‍.എസ്.എസ്സിലെ നിയമനങ്ങളില്‍ ചെറിയ സംഭാവന വാങ്ങുന്ന പതിവുണ്ടെന്നു കേട്ടിരുന്നു. ഒന്നാമതായി റാങ്ക് ചെയ്യപ്പെട്ടയാള്‍  കാണ്പൂര്‍  ഐഐടിയില്‍ നിന്ന് എംടെക് പൂര്‍ത്തിയാക്കി യിരുന്നു. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വൈക്കത്തു നിന്ന് ഞങ്ങള്‍ക്കറിയാവുന്ന ഒരു കുടുംബത്തില്‍ നിന്നായിരുന്നു. അയാള്‍ നമ്മുടെ സ്ഥാപനമല്ലേ എന്ന് പറഞ്ഞു ചെറിയ സംഭാവന കൊടുക്കാന്‍ തയ്യാറായിരുന്നു.

ഏതായാലും മകള്‍ക്ക് നിയമന ഉത്തരവ് വന്നു. അന്നത്തെ രീതി അനുസരിച്ച് രണ്ടാമത്തെ റാങ്കുള്ള ആള്‍ വേണ്ട എന്ന് പറഞ്ഞാല്‍ മാത്രമേ അടുത്തയാളെ വിളിക്കാന്‍ പറ്റൂ. ഈ സമയത്തിനിടയ്ക്ക് മകള്‍ക്ക് എഐടിയില്‍ ക്യാമ്പസ് സെലക്ഷനില്‍ ടാറ്റാ കണ്സള്‍ട്ടന്സി സര്‍വീസില്‍ സോഫ്ട്വെയര്‍ എഞ്ചിനീയര്‍ ആയി ജോലി കിട്ടിയിരുന്നു. ഇതും കൂടി ആയപ്പോള്‍ അയാള്‍ അദ്ധ്യാപനജോലിക്ക് വരുകയില്ല എന്നുറപ്പായി. എനിക്ക് പാലക്കാട്ടുനിന്ന് ഒരദ്ധ്യാപകന്‍ സ്ഥിരമായി ഫോണ്‍ ചെയ്തു കൊണ്ടിരുന്നു, സാറിന്റെ മകള്‍ ചേരുന്നുണ്ടോ എന്നറിയാന്‍. അയാളുടെ ഭാര്യ റാങ്ക് ലിസ്റ്റില്‍ നാലാമതൊ അഞ്ചാമതോ ഉണ്ടായിരുന്നു. എന്ത് വിലകൊടുത്തും അയാള്‍ ഭാര്യക്ക് താല്ക്കാലിക നിയമനം എങ്കിലും വാങ്ങാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. ഇതിനിടയ്ക്കു എന്‍.എസ്.എസ് താലൂക്കോഫീസ് വഴി അന്വേഷണം നാട്ടില്‍ അമ്മാവന്റെ അടുത്തും എത്തിയിരുന്നു. ചുരുക്കത്തില്‍ മകള്‍ ജോലിയില്‍ ചേരുന്നതില്‍ താല്പര്യമില്ല എന്ന് അമ്മാവനെക്കൊണ്ട് അവിടെ എഴുതി കൊടുപ്പിക്കേണ്ടി വന്നു. കരയോഗത്തിന്റെ സജീവ പ്രവര്‍ത്തകനായ അമ്മാവനും പറഞ്ഞു നമ്മുടെ സമുദായം അല്ലേ എന്നു പറഞ്ഞു കൊണ്ടു. സമുദായ നേതൃത്വത്തില്‍ നിന്ന് നമുക്കുണ്ടായ അനുഭവങ്ങള്‍ നല്ലതല്ലെങ്കിലും നമുക്ക് സമുദായ സ്നേഹം കാണിക്കാതെ വയ്യല്ലോ.

വിവാഹാലോചനകള്‍ക്ക് ഒന്നും അയാള്‍ അടുക്കുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ശ്രീമതിയുടെ അടുത്ത വീട്ടില്‍ താമസിക്കുന്ന ഒരു കസിന്റെ മകന്‍ സൌദി അറേബ്യയില്‍  നിന്ന് അവധിയില്‍ വീട്ടില്‍വന്നത്. ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന കസിനും ഭര്‍ത്താവും ഇലക്ട്രിസിറ്റി ബോര്‍ഡില്‍  ഉദ്യോഗസ്ഥരായിരുന്നു. സ്ഥിരതാമസം തിരുവനന്തപുരത്ത് അവര്‍ക്ക് രണ്ടു ആണ്കുട്ടികളായിരുന്നു. മൂത്തയാള്‍ ഡോക്ടര്‍ ബോംബെയില്‍ പഠിക്കുന്നു. ഇളയ ആള്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ് സൌദിയില്‍ ജോലി ചെയ്തിരുന്നത്. അപ്പോഴാണ്‌ എന്റെ പത്നിയുടെ അമ്മയ്ക്ക് നമ്മുടെ മകളെ അയാളുമായി വിവാഹം ആലോചിക്കണമെന്ന് ആഗ്രഹം. രാത്രി ഞങ്ങളെ ഫോണില്‍ വിളിച്ചു, അമ്മായിയുടെ ആഗ്രഹം അറിയിച്ചു, മറ്റുപലതും ആലോചിച്ചിട്ടും ഒന്നും മുന്നോട്ടു പോകാതിരിക്കെ ഇതെങ്കില്‍ അങ്ങനെ തന്നെ എന്ന് ഞങ്ങളും സമ്മതിച്ചു. അടുത്ത ദിവസം അമ്മായി ഈ കാര്യം പയ്യന്റെ മാതാപിതാക്കളുമായി ആലോചിച്ചു, അവര്‍ക്കും സമ്മതം തന്നെ എന്നറിഞ്ഞു.

പക്ഷെ കക്ഷികളെ ഒന്ന് പരസ്പരം കണ്ടു സംസാരിപ്പിക്കാന്‍ അവസരം കൊടുക്കണമല്ലോ. ഏതായാലും അയാള്‍ അടുത്ത ദിവസം ബോംബെയില്‍ ഒരു ജോലിക്ക് ചേരാന്‍ പോകുന്നു എന്നറിഞ്ഞു. ഐഐടിയില്‍ പഠിക്കുന്ന മകളുമായി സംസാരിക്കാന്‍ അടുത്തുള്ള ഹീര നന്ദാനി കോളനിയില്‍ താമസിക്കുന്ന ഒരു സുഹൃത്തിനോട് കാര്യം പറഞ്ഞു. അയാള്‍ ഒരു ഔപചാരികമായ പെണ്ണും ചെറുക്കനും കാണലിനു അവസരം ഉണ്ടാക്കാം എന്നേറ്റു. ഉച്ച ഭക്ഷണത്തിന് രണ്ടു പേരെയും അയാളുടെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ടു. ഞങ്ങള്‍ അല്‍പ്പം  ടെന്ഷനിലായിരുന്നു എങ്കിലും മകളെ വിവരം അറിയിച്ചു. അവളുടെ സുഹൃത്ത്‌ ശ്രീ ലങ്കയില്‍  നിന്നു വന്ന തനമകള്‍ എന്ന കുട്ടിയെ വിവരം അറിയിച്ചു മകളുടെ കൂടെ പോയി കാര്യം ശരിയാക്കണം മകളെ സമ്മതിപ്പിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ചു. ഏതായാലും സംഭവം നടന്ന ദിവസം രാത്രി വിളിച്ചപ്പോള്‍ മകള്‍ പ്രത്യേകം ഒന്നും പറഞ്ഞില്ല, തനമകള്‍ പറഞ്ഞു ,അങ്കിള്‍ പ്രശ്നമൊന്നുമില്ല, അവര്‍ കണ്ടു ഇഷ്ടപ്പെട്ടു സമ്മതിച്ചു എന്ന്. ഞങ്ങള്‍ക്ക് ആശ്വാസമായി. ഓണം അവധിക്കിടയില്‍ ഞങ്ങള്‍ നാട്ടില്‍ വന്നപ്പോള്‍ ഔപചാരികമായി തീരുമാനം ആയി. ഉടന്‍ തന്നെ നിശ്ചയം നടത്താം, എം ടെക് പഠിത്തം കഴിഞ്ഞാലുടനെ കല്യാണം എന്നും തീരുമാനിച്ചു. ശ്രീമതിയുടെ വീട്ടില്‍ വച്ച് വിവാഹ എന്‍ഗേജുമെന്റു നടത്തി. മകളെ ബോംബെയില്‍ നിന്ന് വിമാനത്തില്‍ വരുത്തി പരസ്പരം മോതിരം മാറ്റി. രണ്ടു കുടുംബങ്ങളും നല്ലതുപോലെ പരസ്പരം അറിയാവുന്നവരായത് കൊണ്ടു കാര്യങ്ങള്‍ വേഗത്തില്‍ തന്നെ നടന്നു.

മകളുടെ കോഴ്സ് കഴിഞ്ഞ ഉടനെ അവള്‍ ടി.സി.എസ്സില്‍ ചേര്‍ന്നു, ബോംബെയില്‍.1996 ഏപ്രില്‍ 24 നു ആലപ്പുഴ ഭീമായുടെ കല്യാണമണ്ഡപമായ ശ്രീ രാം മന്ദിരില്‍ വച്ച് വിവാഹം നടത്തി. വരന്റെ അമ്മ അല്‍പ്പം രാഷ്ട്രീയപ്രവര്‍ത്തനം ഉള്ളയാളായിരുന്നതുകൊണ്ടു മുന്‍ മുഖ്യമന്ത്രി ശ്രീ.പി.കെ.വാസുദേവന്‍ നായര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും കല്യാണത്തിനു വന്നു കുട്ടികളെ അനുഗ്രഹിച്ചു, ആര്‍ ഈ സി യില്‍ നിന്ന് അദ്ധ്യാപകരും അല്ലാത്തവരുമായ സഹപ്രവര്‍ത്തകര്‍ കുറേപ്പേര്‍ വിവാഹത്തിന് വന്നിരുന്നു. കുട്ടനാട് കാണാനും അവര്‍ക്കു കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ദിവസം അസംബ്ലി ഇലക്ഷന്‍ പലര്‍ക്കും ഇലക്ഷന്‍ ഡ്യുട്ടി ഉണ്ടായിരുന്നത് കൊണ്ടു വിശദമായി അവരെ ബോട്ടില്‍ കൊണ്ടുപോയി കുട്ടനാട് കാണിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രം. ഈ വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌ മാലതിയുടെ അച്ഛനും അമ്മയും (കുട്ടികളുടെ  നല്ലച്ചനും നല്ലമ്മയും) ആയിരുന്നു. അവരുടെ സീമന്ത പുത്രിയുടെ ആദ്യത്തെ സന്താനത്തിന്റെ വിവാഹത്തിന് എല്ലാ തയ്യാറെടുപ്പും അവരാണ് ചെയ്തത്, ഞാന്‍ പണം മാത്രം മുടക്കി. സദ്യക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യമായ വെളിച്ചെണ്ണ പോലും വീട്ടിലെ തേങ്ങ കൊപ്രയാക്കി എണ്ണയാക്കി എടുത്തിരുന്നു. നാടന്‍ പുന്നെല്ലിന്റെ അരിയും. ഞങ്ങളുടെ സഹോദരതുല്യരായ രാമന്പിള്ളയുടെയും ഹരിദാസിന്‍റെയും സഹായവും നന്ദിപൂര്‍വം  സ്മരിക്കുന്നു.

 

കോഴിക്കോട്ടു അളകാപുരിയില്‍ വച്ച് ആര്‍.ഈ.സി കോഴിക്കോട് സുഹൃത്തുക്കള്‍ക്ക്  വിവാഹാനന്തര പാര്ട്ടിയും നടത്തി.

 

വിവാഹം കഴിഞ്ഞു മകളും മരുമകനും ബോംബെയ്ക്ക് പോയി, അവിടെ ഖാണ്ടിവ്ലിയില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു താമസം തുടങ്ങി. മകള്‍ ടി.സി.എസ്സിലും മരുമകന്‍ ഒരു പ്രൈവറ്റ് കമ്പനിയിലും ജോലി. മൂന്നാല് മാസം കഴിഞ്ഞു ഞങ്ങള്‍ രണ്ടു പേരും അമ്മാവനുമായി ബോംബെയ്ക്ക് പോയി, അമ്മാവനെ ആദ്യമായി വിമാനയാത്രക്ക് കൂട്ടി കൊണ്ടു പോയി. എനിക്ക് NITIE യില്‍ ഒരാഴ്ചത്തെ അഡമിനിസ്റെട്ടീവ് പരിശീലനവും ഉണ്ടായിരുന്നു. ഞങ്ങള്‍ ഫ്ലാറ്റില്‍ ചെന്നപ്പോള്‍ രണ്ടു പേരും കൂടി ഉണ്ടാക്കിയ കറികള്‍ കൂടി ഭക്ഷണം കഴിച്ചു,. അതില്‍ ഭര്‍ത്താവ് ഉണ്ടാക്കിയ സാമ്പാറാണോ ഭാര്യ ഉണ്ടാക്കിയ അവിയലാണോ കൂടുതല്‍ മെച്ചം എന്ന് പറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രം ഞങ്ങള്‍ വിഷമത്തിലായി.

അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമായ ഈ ആഗ്രഹവും ദൈവകൃപയാല്‍ മംഗളമായി നടന്നു.

 

ടി സി എസ്സില്‍ മൂന്നു വര്‍ഷം ബോണ്ട് ഉണ്ടായിരുന്നതു  തീരുന്ന സമയത്ത് എന്റെ ഒരു സഹപ്രവര്‍ത്തകയുടെ ജ്യേഷ്ടന്റെ കമ്പനിയില്‍ അമേരിക്കയില്‍ ബോസ്റ്റണില്‍ സോഫ്ട്വെയര്‍ എഞ്ചിനീയറായി ആളെ വേണമെന്നറിഞ്ഞതനുസരിച്ചു മകളെ ടെലിഫോണ്‍ വഴി ഇന്‍റര്‍വ്യൂ  നടത്തി അവള്‍ക്ക് നിയമനം കിട്ടി. ( മൂന്നു വര്‍ഷം തീരുന്നതിനു മുമ്പ് കുറച്ചുനാള്‍ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ പുതിയതായി തുടങ്ങിയ ടി സി എസ് പരിശീലന കേന്ദ്രത്തിലും അവള്‍ ജോലി ചെയ്തു.) H1B വിസയില്‍ രണ്ടു പേരും കൂടി അമേരിക്കയില്‍ പോയി. ഇപ്പോഴും അവര്‍ രണ്ടു പേരും രണ്ടു കുട്ടികളുമായി അവിടെ സസുഖം കഴിയുന്നു. മരുമകനും സോഫ്ട്വെയറിലേക്ക് മാറിയെങ്കിലും  ഇപ്പോള്‍ തെര്‍മോഫിഷര്‍ എന്ന  കമ്പനിയില്‍ ഒരു സീനിയര്‍ മാനേജറായി  ജോലി ചെയ്യുന്നു. മകള്‍  സൊഫ്റ്റ്വെയറില്‍  നിന്നു  ഡാറ്റാ  അനലിസ്റ്റായി   ഒരു ഇന്ഷുറന്സ്  കമ്പനിയിലും  സീനിയറ് സ്ഥാനത്തും പ്രവര്‍ത്തിക്കുന്നു. 

 

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും