84.കാലിക്കറ്റ് യൂണിവേര്‍സിറ്റി പരീക്ഷകള്‍ ചില അനുഭവങ്ങള്‍

 റീജിയണല്‍  എഞ്ചിനീയറിങ്ങ്  കോളേജ് 2002ല്‍ എന്‍.ഐ.ടി. ആകുന്നതിനുമുമ്പ് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ കീഴിലുള്ള  ഒരു  കോളേജ് ആയിരുന്നല്ലൊ. അന്നു  തൃശ്ശൂര്‍  ഗവ. എഞ്ചിനീയറിങ്ങ്കോളേജ്, പാലക്കാട്  എഞ്ചിനീയറിങ്ങ്  കൊളേജ്   ആര്‍.ഈ.സി. എന്നിവക്കു ഒരേ സിലബസും  പരീക്ഷാസമ്പ്രദായവും  ആയിരുന്നു.  യൂണിവേര്‍സിറ്റി  പരീക്ഷയുടെ  ഉത്തരക്കടലാസ് ഈ  മൂന്നു കോളെജുകളിലെ  പരീക്ഷകര്‍  ആയിരുന്നു   മൂല്യനിര്‍ണയം  ചെയ്തിരുന്നത്. അതുപോലെ പ്രായോഗിക പരീക്ഷക്ക്   എക്സ്ടേറ്ണല്‍  പരീക്ഷകരായി ഞങ്ങള്‍   ചിലരൊക്കെ  പോകുമായിരുന്നു.   പ്രായോഗിക  പരീക്ഷക്ക്   നിയമിതനായാല്‍  ഞാന്‍  മിക്കവാറും  തൃശ്ശൂരും  പാലക്കാട്ടും ഞാന്‍ പോകുമായിരുന്നു. കുട്ടികളും   പത്നിയും  ക്യാമ്പസ്സില്‍  ആയതുകൊണ്ട്  എന്‍റെ  സഹായം  ഇല്ലാതെ  മൂന്നോ നാലോ  ദിവസം തനിയെ  കഴിഞ്ഞുകൊള്ളും  എന്ന് ഉറപ്പും  ഉണ്ടായിരുന്നു. ഹോട്ടലില്‍  താമസിച്ച്   വാടക  കൊടുത്തു ഭക്ഷണവും  കഴിച്ചു  പരീക്ഷ  നടത്തിയാല്‍ സാമ്പത്തികമായി   കാര്യമായ നേട്ടം  ഒന്നും  ഉണ്ടായിരുന്നില്ല എങ്കിലും ഒരു  അദ്ധ്യാപകന്‍ എന്ന  നിലയില്‍  അല്‍പ്പം ചില്ലറ  ഉണ്ടാക്കാന്‍ ഇതൊക്കെയേ മാര്‍ഗം ഉണ്ടായിരുന്നുള്ളു. പുതിയ  ആള്‍ക്കാരെ  പരിചയപ്പെടാനും സാധിക്കും. ഇക്കാരണത്താല്‍    ഞാന്‍   ഇതില്‍ മുടക്കം  വരുത്താറില്ലായിരുന്നു. അതിനെപ്പറ്റി  വിശദമായി  ഞാന്‍   എന്‍റെ  ബ്ലോഗില്‍  എഴുതിയിട്ടുണ്ട്. തല്‍ക്കാലം   പാലക്കാട്  എഞ്ചിനീയറിങ്ങ് കോളേജിലെ   ചില  വ്യക്തിപരമായ അനുഭവങ്ങള്‍   മാത്രം   ഇവിടെ  കുറിക്കുന്നു.  ഒന്ന് എന്റെ അനുജന്റെ പരീക്ഷാസംബന്ധമായി, മറ്റൊന്ന് എന്റെ കൂടെ പരീക്ഷ പേപ്പര്‍ മൂല്യ നിര്‍ണയം ചെയ്ത സഹപരീക്ഷകനെപ്പറ്റി.

 ആദ്യം എന്റെ അനുജന്റെ കാര്യം തന്നെയാവട്ടെ. എന്റെ ഇളയ അനുജന്‍ വിമല്‍ കുമാര്‍ എന്‍ എസ് എസ്സില്‍ സിവില്‍ എഞ്ചിനീയറിങ്ങിനു പ്രവേശനം നേടി , ആര്‍ ഈ സി യില്‍ പ്രവേശനം കിട്ടാനുള്ള റാങ്കു അയാള്‍ക്കുണ്ടായിരുന്നില്ല എന്നാണ്  ഓര്‍മ്മ. ഒന്നാം വര്‍ഷം  എല്ലാ ബ്രാഞ്ചുകള്‍ക്കും അന്ന് ഒരേ സിലബസ് ആയിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ്  ഒരു പൊതുപരീക്ഷ പേപ്പറും. കാലിക്കറ്റ് യുണിവേര്സിറ്റി പരീക്ഷാ നിയമനത്തില്‍ എനിക്ക് ഈ പേപ്പര്‍ തന്നെയാണ് കിട്ടിയത്. പ്രൊഫ.ശ്രീകുമാരന്‍ നമ്പീശന്‍ സാര്‍ ചീഫ് എക്സാമിനറും ഞാന്‍ അഡീഷണല്‍ എക്സാമിനര്‍മാരില്‍ ല്‍ ഒരാളും. അന്ന് പരീക്ഷകനായി നിയമനം കിട്ടിയാല്‍, പരീക്ഷകന്റെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും ആ പരീക്ഷ എഴുതുന്നുണ്ട് എങ്കില്‍ പരീക്ഷാ കണ്ട്രോളറെ വിവരം മുങ്കൂട്ടി അറിയിക്കണമെന്നാണ് നിയമം. ഇതനുസരിച്ച് എനിക്ക് പരീക്ഷ സംബന്ധിച്ച നിയമന ഉത്തരവ് കിട്ടിയ അന്ന് തന്നെ എന്റെ അനുജന്‍ ഈ പരീക്ഷ എന്‍.എസ്.എസ്.എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എഴുതുന്നുണ്ട്, അത് കൊണ്ട് അയാളുടെ ഉത്തരക്കടാസ് എനിക്ക് അയച്ചു തരരുത് എന്ന് പ്രത്യേകം എഴുതി അറിയിച്ചു. എന്നാല്‍ തപാലില്‍ വന്ന ഉത്തരക്കടലാസുകളുടെ കെട്ടു ഞാന്‍ തുറന്നു നോക്കിയപ്പോള്‍ ഫാള്സ് നമ്പര്‍ ഇട്ടിട്ടുണ്ടായിരുന്നു എങ്കിലും അനുജന്റെ കയ്യക്ഷരം എനിക്ക് സുപരിചിതമായിരുന്നതുകൊണ്ടു അയാളുടെ ഉത്തരക്കടലാസും കൂട്ടത്തില്‍ ഉണ്ടെന്നു കണ്ടു. യൂണിവേര്‍സിറ്റി  അധികൃതര്‍ ഞാന്‍ അയച്ച അപേക്ഷ നോക്കിയിട്ടില്ല എന്ന് സാരം. ഏതായാലും ആ ഉത്തരക്കടലാസ് ഞാന്‍ മൂല്യ നിര്‍ണയം ചെയ്യുന്നത് ധാര്‍മ്മികമായി തെറ്റായി എനിക്ക് തോന്നി. അതുകൊണ്ടു ഞാന്‍ ആ പേപ്പര്‍ നമ്പീശന്‍ സാറിനു അയച്ചു കൊടുത്തു, ഈ ഉത്തരക്കടലാസ് സാറുതന്നെ നോക്കിയാല്‍ മതി എന്നറിയിച്ചുകൊണ്ട്. കാരണം മാത്രം വ്യക്തമാക്കിയില്ല. ഒരു കാര്യം മാത്രം ചെയ്തു, അന്ന് ഞങ്ങള്‍ ഉണ്ടാക്കിയ മൂല്യ നിര്‍ണയ പദ്ധതി ( scheme of valuation) അനുസരിച്ച് അയാള്‍ക്ക് ‌ഓരോ ചോദ്യങ്ങള്‍ക്കും എന്റെ മൂല്യനിര്‍ണയത്തില്‍ കിട്ടാവുന്ന മാര്‍ക്കു കൂട്ടി എന്റെ ഡയറിയില്‍ കുറിച്ചുവെച്ചു. അത് 71 / 100 ആയിരുന്നു. പരീക്ഷാഫലം വന്നു കഴിഞ്ഞ് അനുജനെ കണ്ടപ്പോള്‍ അയാള്‍ക്ക് ‌ ഇലക്ട്രില്‍ എഞ്ചിനീയറിങ്ങിനു കിട്ടിയ മാര്‍ക്ക് എത്രയെന്നു ചോദിച്ചു, 81/100 ആയിരുന്നു.  അപ്പോള്‍ ചേട്ടന്‍ പരീക്ഷാപേപ്പര്‍ നോക്കാഞ്ഞത് നന്നായി എന്ന് അവനും ഞാനും പറഞ്ഞു ചിരിച്ചു.

മറ്റൊരനുഭവം ഇത് പോലെ ഒരു ഉത്തരക്കടലാസ് മൂല്യ നിര്‍ണയത്തില്‍ തന്നെ. ഞാന്‍ കുറച്ചു കൂടി സീനിയര്‍ ആയി. ഞാന്‍ ചീഫ് എക്സാമിനര്‍ ആയ ഒരു പേപ്പറിന് എന്‍ എസ് എസ്സിലെ ഒരു യുവ അദ്ധ്യാപകന്‍ അഡീഷണല്‍ എക്സാമിനര്‍ ആയിരുന്നു. സാധാരണ കൂടുതല്‍ ഉത്തരക്കടലാസുകള്‍ ഉള്ളപ്പോള്‍ ഒരു ചീഫ് എക്സാമിനറും  രണ്ടോ മൂന്നോ അഡീഷണല്‍ എക്സാമിനര്‍മാറും  ഉണ്ടാവും. അഡീഷണല്‍ എക്സാമിനര്‍മാര്‍ മൂല്യ നിര്‍ണയം ചെയ്ത പരീക്ഷാകടലാസുകള്‍ ചീഫ് എക്സാമിനര്‍ക്ക് അയച്ചുകൊടുക്കണം. ചീഫ് എക്സാമിനര്‍ അതില്‍ 10% പേപ്പറുകളെങ്കിലും വീണ്ടും മൂല്യ നിര്‍ണയം (revaluation) ചെയ്തു മാര്‍ക്കില്‍  കാര്യമായ വ്യത്യാസം ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട്  ചെയ്യണം എന്നാണു നിയമം. ബാക്കി എല്ലാ പരീക്ഷാ പേപ്പറിലെയും മാര്‍ക്ക്  കൂട്ടിയിട്ടതില്‍ തെറ്റുണ്ടോ (recounting)എന്ന് പരിശോധിക്കുകയും വേണം. ഇതനുസരിച്ച് ഞാന്‍ പാലക്കാട്ടെ സുഹൃത്ത്‌ മൂല്യ നിര്‍ണയം ചെയ്ത പരീക്ഷാകടലാസുകള്‍ പരിശോധിച്ചു. പക്ഷെ ഫലം ഞെട്ടിക്കുന്നതായിരുന്നു. അയാള്‍ മൂല്യനിര്‍ണയം ചെയ്തതു തീരെ ശ്രദ്ധയില്ലാതെ ആയിരുന്നു. മിക്ക പേപ്പറിലും പല ചോദ്യങ്ങള്‍ക്കും മാര്‍ക്കിട്ടിരുന്നില്ല. ഇട്ടതു തന്നെ മൂല്യ നിര്‍ണയപദ്ധതി അനുസരിച്ചൊന്നുമല്ല എന്നും കണ്ടു. കുട്ടികള്‍ക്ക്  അര്‍ഹമായ മാര്‍ക്കു  കിട്ടുവാന്‍ ചുരുക്കത്തില്‍ അയാള്‍ അയച്ചു തന്ന എല്ലാ പരീക്ഷാകടലാസുകളും ഞാന്‍ വീണ്ടും മൂല്യ നിര്‍ണയം ചെയ്യേണ്ടി വന്നു. നിയമം അനുസരിച്ച് ചെയ്യേണ്ട 10% നു പകരം 100% പേപ്പറും വീണ്ടും ചെയ്യേണ്ടി വന്നു. ചീഫ് എക്സാമിനര്‍ക്ക് അയാള്‍ മൂല്യനിര്ണയം ചെയ്യുന്നതിന്റെ കൂടെ അഡീഷണല്‍ ചെയ്ത പേപ്പറുകളുടെ 10% പേപ്പര്‍ മാത്രം കൂട്ടിയാണ് പ്രതിഫലം കിട്ടുക. എനിക്ക് പ്രതിഫലം കിട്ടിയില്ലെങ്കിലും കുട്ടികള്‍ക്ക് അര്‍ഹമായ മാര്‍ക്ക്  നഷ്ടപ്പെടരുത് എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ ഈ പരീക്ഷകനെ പറ്റി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് അയാള്‍ കുറച്ചു മാസമായി ഒരു ആള്‍ദൈവത്തിന്റെ പുറകെ ഭക്തിമാര്‍ഗത്തില്‍ ആയിരുന്നു എന്നും അധികം താമസിക്കാതെ ചെറുപ്പക്കാരിയും സുന്ദരിയും സുശീലയുമായ ഭാര്യയേയും ഒന്നര വയസ്സുള്ള ഓമനക്കുഞ്ഞിനെയും ഉപേക്ഷിച്ചു സ്ഥിരമായി ആള്‍ദൈവത്തിന്റെ കൂടെ കൂടിയെന്നുമാണ്. ഏതായാലും പിന്നീട് അദ്ദേഹവുമായി എനിക്ക് ബന്ധപ്പെടെണ്ടി വന്നിട്ടില്ല. കേട്ടറിഞ്ഞത് അയാള്‍ അവരുടെ കീഴില്‍ ഉള്ള ഏതോ കോളേജില്‍ പ്രിന്സിപ്പാള്‍ ആയി ജോലി ചെയ്യുന്നു എന്നാണു. കുടുംബത്തെ ഉപേക്ഷിച്ചു തന്നെ. എന്നാല്‍ അയാളുടെ ഗുരു മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കുന്നത് മാനവ സേവ തന്നെയാണ് മാധവ സേവ എന്നാണു. ആദ്യം അവനവന്‍ ചെയ്യുന്ന കര്‍മ്മത്തില്‍ തികഞ്ഞ ആത്മാര്‍ത്ഥത  കാട്ടാന്‍ കഴിയാത്ത ഒരാള്‍ എത്ര ഭക്തനായാലും എന്ത് കാര്യം? മോക്ഷപ്രാപ്തിക്കു ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് എത്ര മാത്രം ശരിയായിരിക്കും ? .

 പാലക്കാട്ട് പരീക്ഷ നടത്തിയതില്‍ വേറെ ഒരു ഓര്‍മ്മ പില്ക്കാലത്ത്‌ ആര്‍ ഈ സി യില്‍ എന്റെ എം ടെക് വിദ്യാര്‍ത്ഥിയും ദീര്‍ഘകാലസഹപ്രവര്‍ത്തകനും ആയി തീര്‍ന്ന  ഒരാളെ പറ്റിയാണ്. ഞാന്‍ അവസാന വര്‍ഷം ഉള്ള ഒരു പരീക്ഷയ്ക്ക് എക്സ്ടേറ്ണല്‍ എക്സാമിനര്‍ ആയിരുന്നു. നാലു  ദിവസത്തെ പരീക്ഷയുടെ അവസാന ദിവസം. ആ ദിവസം രണ്ടു ബാച്ചിനെ പരീക്ഷയുള്ളൂ. 9 12 വരെയുമം 11 - 2 വരെയും ആക്കി തീര്‍ത്താല്‍  നേരത്തെ തിരിച്ചു കോഴിക്കോട്ടെക്ക് പുറപ്പെടാമല്ലോ എന്ന് കരുതി അന്ന് ഇന്‍റേര്‍ണല്‍ എക്സാമിനര്‍ ആയ നമ്പീശന്‍ സാര്‍ എല്ലാവരെയും പ്രത്യേകിച്ചും ഓര്‍മ്മിപ്പിച്ചു . മൂന്നു ബാച്ചുള്ളപ്പോള്‍ ഒരു മണിക്കൂര്‍ ഓവര്‍ലാപ്  അല്‍പ്പം ബുദ്ധിമുട്ടുള്ളതാണ്. കുട്ടികള്‍ എല്ലാം കൃത്യമായി ചെയ്തില്ലെ ങ്കില്‍ പ്രശ്നം ആവാം. അങ്ങനെയിരിക്കെ അന്ന് ആദ്യത്തെ ബാച്ചിലെ ഒരു കുട്ടി പരീക്ഷയ്ക്ക് ഒരു മണിക്കൂറിലധികം വൈകിയാണ് വന്നത്. സാധാരണ ഒരു പരീക്ഷയ്ക്കും അര മണിക്കൂറില്‍ കൂടുതല്‍ താമസിച്ചു വന്നാല്‍ പരീക്ഷക്കിരിക്കാന്‍ അനുവദിക്കാന്‍ നിയമമില്ല. ഇയാള്‍ ക്ലാസിലെ നല്ല മാര്‍ക്കു കിട്ടുന്ന ആളാണെന്നു ഇന്റെര്ണ‍ല്‍ പറഞ്ഞു. നിയമം അനുസരിച്ച് അനുവദിക്കേണ്ട എങ്കിലും അയാള്‍ കുറെ ദൂരത്തു കോങ്ങാട് നിന്ന് വന്ന ബസ്സ് വഴിയില്‍ വച്ച് തകരാറായി വേറെ ബസ്സില്‍ കയറി കോളേജില്‍ എത്തിയതായിരുന്നു എന്ന് പറഞ്ഞു അയാള്‍ കരച്ചിലിന്റെ വക്കത്തായി. ഇന്റെര്ണല്‍ ഒന്നും വിട്ടുപറയുന്നും ഇല്ല, അനുകൂലമായോ പ്രതികൂലമായോ. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അന്തിമ തീരുമാനം എക്സ്ടേറ്ണല്‍ പരീക്ഷകന്റെതാണ്. ഇയാളെ ഒരു മണിക്കൂര്‍ താമസിച്ചു പരീക്ഷയ്ക്ക് കയറ്റിയാല്‍ അടുത്ത ബാച്ചിലെ ഒരാളിന് പ്രശ്നം ആകാനും സാദ്ധ്യത ഉണ്ടാവും. ഏതായാലും ഞാന്‍ പറഞ്ഞു : ബാക്കിയുള്ള രണ്ടു മണിക്കൂര്‍ തരാം, അതുകൊണ്ടു പരീക്ഷ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക്  അവസരം തരാം, എന്താ? എന്ന്ചോദിച്ചു. അയാള്‍ സമ്മതിച്ചു രണ്ടു മണിക്കൂറിനു പകരം ഒന്നേ മുക്കാല്‍ മണിക്കൂര്‍ കൊണ്ടു അയാള്‍ പരീക്ഷ വൈവാ ഉള്‍പ്പെടെ  എല്ലാം നന്നായി ചെയ്തു തീര്‍ത്തു. നിയമം കൃത്യമായി പാലിച്ചാല്‍ അയാളുടെ ഒരു വര്‍ഷം പോകുമെന്നുറപ്പായിരുന്നു. ചേതം ഇല്ലാത്ത ഉപകാരം അയാള്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, പക്ഷെ. കക്ഷി കുറച്ചു നാള്‍ മുമ്പ് എന്‍. ഐ.ടിയില്‍ നിന്ന് പ്രൊഫസര്‍ ആയി റിട്ടയര്‍ ചെയ്തു. പേര് ഡോ.കെ.എസ്.ശിവാ നന്ദന്‍. ദീര്‍ഘകാലം ഞങ്ങള്‍ ഒരേ മുറിയിലാണിരുന്നത്, ഒരു പി.എച്.ഡി വിദ്യാര്‍ത്ഥിയുടെ സഹഗൈഡും ആയിരുന്നു.

                                                                                                             

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും