88. ടര്‍ക്കിയിലെ ജനങ്ങള്‍ അവരുടെ സ്നേഹവും മര്യാദയും

 (മാലതിയുടെ  ആഖ്യാനം   തുടരുന്നു )

 

ഇന്ത്യക്കാരോട് തുര്‍ക്കിയിലെ ആള്‍ക്കാര്‍ക്ക് വളരെ അധികം സ്നേഹാദരങ്ങള്‍ ഉണ്ട്. ഗാന്ധിജിയും ആധുനിക തുര്‍ക്കിയുടെ പിതാവായ കെമാല്‍ പാഷ എന്ന അത്തത്തുര്‍ക്ക് ( മഹാനായ തുര്‍ക്ക്) വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. തുര്‍ക്കിയിലെ ആദ്യത്തെ ബാങ്ക് ആയ ഇഷ് (ജോലി - തൊഴിലാളി) ബാങ്ക് തുടങ്ങിയപ്പോള്‍ ഗാന്ധിജി ഒരു ചെറിയ തുക ബാങ്കിലേക്ക് സംഭാവന ചെയ്തുവത്രേ. ഗാന്ധിജിയെപ്പറ്റി മിക്കവാറും എല്ലാവര്‍ക്കും അറിയാം. ഗാന്ധി സിനിമ കാണാത്തവര്‍ അപൂര്‍വം ആയിരുന്നു. ശ്രീമാന്റെ വിദ്യാര്‍ത്ഥികള്‍ക്കു പലര്‍ക്കും  ഗാന്ധി സിനിമയുടെ സിഡി സ്വന്തമായുണ്ട്. അവരുടെ സംശയം പലതും ക്ലാസ്സില്‍ തന്നെ ചോദിക്കും. ഒരുപാടു പേര്‍ക്കറിയേണ്ടത് ' ഗാന്ധിജി എന്തുകൊണ്ട് ഒറ്റ വസ്ത്രം മാത്രം ഉടുത്തു ജീവിച്ചു എന്നാണു'. 'ഒറ്റ വസ്ത്രം പോലും വാങ്ങാന്‍ കഴിവില്ലാത്ത എത്രയോ ആള്‍ക്കാര്‍ എന്റെ നാട്ടില്‍ ഉള്ളപോള്‍ ഞാന്‍ ഒറ്റ വസ്ത്രമേ ഉടുക്കൂ ' എന്ന് അദ്ദേഹം പ്രതിജ്ഞ എടുത്തിരുന്നു എന്ന് പറയുമ്പോള്‍ അവരുടെ കണ്ണിലെ ബഹുമാനവും സന്തോഷവും കാണേണ്ടതു തന്നെ. അവരുടെ മിക്കവരുടെയും അഭിപ്രായത്തില്‍ ഹിന്ദുസ്ഥാന്‍ (ഇന്ത്യ) അവരുടെ എല്ലാക്കാലത്തെയും സുഹൃത്തും പാകിസ്താന്‍ അവരുടെ സഹോദരരാജ്യവും ആണത്രേ. ( ഹിന്ദുസ്ഥാനി അര്കടാഷ്- പാകിസ്ഥാനി കര്ദേശ്- ടര്‍ക്കിഷ് ഭാഷയില്‍ ) ഇന്ത്യന്‍ ജനതയോടുള്ള വികാരത്തിന് ചെറിയ രണ്ടു ഉദാഹരണങ്ങള്‍ ഇതാ. ( അടുത്ത  കാലത്ത് ടര്‍ക്കിയുടെ  ഭരണം  യാഥാസ്ഥിതിക മുസ്ലീം നേതൃത്വത്തില്‍ ആയപ്പൊള്‍    ചില  വ്യത്യാസങ്ങള്‍  കാണാമെങ്കിലും  ജനങ്ങള്‍ ഭാരതീയരെ   സ്നേഹിക്കുകയും  ബഹുമാനിക്കുകയും ചെയ്യുന്നു എന്നാണറിയുന്നത് മോഹന്‍ ദാസ് ) .

 

ഞങ്ങള്‍ ഗസ്റ്റ് ഹൌസില്‍ നിന്ന് ഒരിക്കല്‍ അഡന ടൌണില്‍ പോകാന്‍ ഒരു ബസ്സില്‍ കയറി. എന്റെ പട്ടുസാരി കണ്ടു ഡ്രൈവര്‍ ശ്രീമാനെ വിളിച്ചു അദ്ദേഹത്തിന്റെ അടുത്തിരുത്തി. മുഅയാള്‍ക്കറിയാവുന്ന മുറി ഇംഗ്ലീഷില്‍ വര്‍ത്തമാനം തുടങ്ങി. ഭയങ്കര സ്നേഹത്തോടെ. നിങ്ങള്‍ ഇന്ത്യക്കാരല്ലേ? അയാള്‍ക്ക്  ഇന്ത്യക്കാരെ വളരെ ഇഷ്ടമാണ്. കാരണം പറഞ്ഞപ്പോഴാണ് രസം. അയാള്‍ ഒരു ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്ക് ബോംബയില്‍ വന്നിരുന്നുവത്രേ. അറബ് രാജ്യങ്ങളിലെ ഇടത്തരക്കാര്‍ ഇന്നും ചികിത്സക്ക് ഇന്ത്യയില്‍ വരുന്നുണ്ട്. യൂറോപ്പിലോ അമേരിക്കയിലോ പോകാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍. ചുരുക്കത്തില്‍ ചങ്ങാത്തം കൂടി അയാള്‍ കണ്ടക്ടരെ വിളിച്ചു നിര്‍ദ്ദേശം കൊടുത്തു. 'മാഷിനോട് ടിക്കറ്റിനു പണം വാങ്ങേണ്ട' എന്ന്. അഡനയില് താമസം ആയി കഴിഞ്ഞു അയാളുടെ ബസ്സില്‍ കയറിയാല്‍ പൈസ വാങ്ങുന്നത് തീരെ ഇല്ലാതായി. ചെറിയ തുകയാണെങ്കിലും സൌജന്യം ഒഴിവാക്കാന്‍ മടിച്ച് മറ്റു ബസ്സുകള്‍ അന്വേഷിക്കേണ്ടി വന്നു.

 

മറ്റൊരിക്കല്‍ ആശാന്‍ വീട്ടില്‍  ടെലിഫോണ്‍ സ്ഥാപിക്കാന്‍ അപേക്ഷ കൊടുക്കാന്‍ എക്സ്ചേഞ്ച് അന്വേഷിച്ചു നടക്കുമ്പോഴാണ്. സ്ഥലം പരിചയമില്ലാത്തതു കൊണ്ടു ഏത് ബസ്സില്‍ പോകണം എവിടെയാണ് എന്ന് അന്വേഷിച്ചപ്പോള്‍ ഒരാള്‍ മുമ്പോട്ട്‌ വന്നു. "ഞാന്‍ അതുവഴിയാണ് പോകുന്നത്. സാര്‍ എന്റെ കൂടെ വന്നോളൂ" എന്ന് പറഞ്ഞു കൂടെ കൂട്ടി. ചെറിയ ടെമ്പോ വാന്‍ മാത്രമേ അതിലെ പോകൂ. അയാള്‍ ടെമ്പോയില്‍ ആശാനെയും കൂട്ടി. അയാള്‍ക്ക് ഇറങ്ങേണ്ട സ്ഥലമായപ്പോള്‍ ആശാനെ ഡ്റൈവര്ക്കു പരിചയപ്പെടുത്തി പ്രത്യേകം എക്സ്ചേഞ്ചിന്റെ മുന്നില്‍‌ തന്നെ ഇറക്കണമെന്ന് ചട്ടം കെട്ടിയിട്ടു മാത്രമെ അയാള്‍ പോയുള്ളൂ. ശ്രീമാന്‍ ഇറങ്ങിയശേഷം വണ്ടിക്കൂലി കൊടുത്തപ്പോഴാണ്‌ അറിയുന്നത് അയാള്‍ രണ്ടുപേരുടെയും വണ്ടിക്കൂലി ഡ്രൈവറുടെ പക്കല്‍ കൊടുത്തു കഴിഞ്ഞിരുന്നു എന്ന്. തികച്ചും അപരിചിതരായ ഞങ്ങളെ പോലുള്ളവരോട് ഇങ്ങനെ സ്നേഹാദരപൂര്‍വം  ഇടപെടുന്ന ഒരു ജനതയ്ക്‌ ഞങ്ങളുടെ ഹൃദയംഗമമായ നമോവാകം. മനുഷ്യനില്‍ ഇന്നും നന്മ നിലനില്‍കുന്നു എന്നതിന് ഒരുപാടു അനുഭവങ്ങള്‍ ഞങ്ങള്‍ക്കണ്ടായി . ചിലത് വഴിയെ പറയാം

സുന്ദരികളും  സുന്ദരന്മാരും

തുര്‍ക്കിയിലെ ജനങ്ങള്‍ അതീവ സൌന്ദര്യം ഉള്ളവരാണ്. കറുത്ത മുടിയും തെളിഞ്ഞ കണ്ണുകളും ചുവപ്പു കലര്‍ന്ന വെളുപ്പു നിറവും ഉള്ളവര്‍. ഇതൊക്കെയാണെങ്കിലും അവരുടെയിടയില്‍ വിവാഹമോചനം കൂടുതല്‍ നടക്കുന്നു. ഉന്നതവിദ്യാഭ്യാസം ചിലവേറിയതായതു കൊണ്ടാവാം പെണ്‍കുട്ടികള്‍ അധികം പഠിക്കാറില്ല. പകുതിയലിധികം പെണ്‍കുട്ടികള്‍ പോലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാറില്ല. ഞങ്ങള്‍ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായി. അവരാണാദ്യം പരിചയപ്പെടാന്‍ വരുന്നതു. ഇന്ത്യയെപ്പറ്റി അറിയാന്‍ അത്യാവേശം കാണിക്കുന്നു ആയിടക്കുണ്ടായ ലാത്തൂര്‍ ഭൂകമ്പം അവരെ വളരെ വേദനിപ്പിച്ചു എന്നു അവര്‍ പറഞ്ഞു. അന്നു ഭൂകമ്പത്തില്‍ ബുദ്ധിമുട്ടനുഭവിച്ച ആള്‍കാറ്കു റിലീഫ് ഉപകരണങ്ങളും ആഹാര സാധനങ്ങളുമായി ആദ്യം എത്തിയതു തുര്‍ക്കിയില്‍ നിന്നുള്ള വിമാനമായിരുന്നു എന്നോര്‍ക്കുക. തുര്‍കിയിലും ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ടു. അവര്‍ക്ക് അതിന്റെ ദുഖം നല്ലവണ്ണം അറിയും.(  ഇപ്പൊള്‍  ടര്‍ക്കിയിലെ  ഭരണ  നേതൃത്വം  ഐക്യരാഷ്റ്റ്റ സഭയിലും  മറ്റും  പാകിസ്താനെ  തുണക്കാന്‍ വേണ്ടി ഭാരതത്തെ  ആക്രമിച്ചു   സംസാരിച്ചു  എങ്കിലും   കഴിഞ്ഞ  ആഴ്ചയില്‍  ടര്‍ക്കിയിലുണ്ടായ   ദാരുണമായ  ഭൂകമ്പത്തില്‍  അവിടെ  ദുരിതാശ്വാസ  സഹായവുമായി  എത്തിയ  ആദ്യത്തെ  രണ്ട്  വിമാനങ്ങള്‍   ഇന്ത്യയുടെതായിരുന്നു,  രണ്ടാമത്തേത്  അറബികളുടെ  ബദ്ധശത്രുക്കളായ  ഇസ്രയേലിന്‍റെയും: മോഹന്‍ ദാസ്)

പൂക്കളെയും ചെടികളെയും വളരെ അധികം സ്നേഹിക്കുന്നുണ്ടു തുര്‍ക്കിക്കാര്‍. പാര്‍ട്ടിക്കു പോകുമ്പൊള്‍ സാധാരണ സമ്മാനമായി കൊണ്ടുപോകുന്നതു പൂക്കളും ചെറിയ പൂച്ചട്ടികളില്‍ വളര്‍ത്തിയ  ചെടികളുമാണു. നമ്മുടെ ആശാനു കുട്ടികള്‍ ഒരു സ്പെഷ്യല്‍ ക്ളാസ്സ് എടുത്തതിനു ഭംഗിയുള്ള ഒരു ചെടിയാണു ഉപഹാരമായി നല്‍കിയതു. അതു ഇന്ത്യയില്‍ കൊണ്ടുപോയി വളര്‍ത്തണമെന്നു അവര്‍ പ്രത്യേകം അപേക്ഷിചു. ദൌര്‍ഭാഗ്യവശാല്‍ അതു ഞങ്ങള്‍ക്കതു കൊണ്ടുവരാന്‍ കഴിഞ്ഞില്ല. വേനല്‍ അവധിക്കാലം കഴിഞ്ഞു തിരിച്ചു ചെന്നപ്പോള് അതുണങ്ങി വരണ്ടിരുന്നു. തുര്‍കിഷ് ജനത അദ്ധ്യാപകരെ വളരെ ബഹുമാനിക്കുന്നു. കുട്ടികളെപ്പോലെ അദ്ധ്യാപകര്‍ക്കും പകുതി ചാറ്ജേ ബസ്സില്‍ ഉള്ളൂ. മ്യൂസിയത്തിലും മറ്റു കാഴ്ച കാണാനും പകുതി ചാര്‍ജു മതി. എനിക്കു മുഴുവന്‍ ചാര്‍ജും കൊടുക്കണം. ബസ് സ്റ്റോപ്പുകള്‍ എല്ലാം തന്നെ പൂക്കള്‍ കൊണ്ടു നിറഞ്ഞിരിക്കും. പിച്ചി ചെടികൊണ്ടു വള്ളിക്കുടില്‍ ഉണ്ടാകിയ പോലെ. നിറച്ചു പൂക്കളുമായി സുഗന്ധം പരത്തി അതു നില്‍കുന്നു. ആരും പൂക്കള്‍ പറിക്കാല്ല. ഇവിടത്തെ മണ്ണിന്റെ ആവാം പൂക്കള്‍ക്കിത്ര വലിപ്പം കാണുന്നതു. ചെമ്പരുത്തി ചെടിയില്‍ പോലും ഇലകള്‍ കാണാറില്ല., പൂക്കള്‍ നിറഞ്ഞിട്ടു. ഇവയുടെ വേരില്‍ പോലും പൂക്കള്‍ ഉണ്ടാവും എന്നു ഞാന്‍ തമാശയായി പറയുമായിരുന്നു

അഡനയിലെ  തടാകം

അവധി ദിവസങ്ങളില്‍ ഞങ്ങള്‍ അഡന തടാകം കാണാന്‍ പോകുമായിരുന്നു. മിക്കവരും എന്നെ ഒരു കൌതുക വസ്തുവെപ്പൊലെ നോക്കിയിരുന്നു. സ്ത്രീ പുരുഷഭേദമെന്യെ.  പലരും എന്നെ പിടിച്ചുനിര്‍ത്തി സാരിയുടെ ഭംഗി വര്‍ണിച്ചിരുന്നു. ഒരു ദിവസം ഒരു അമ്മയും മകളും നില്‍ക്കുന്നതു ദൂരെ നിന്നും ഞങ്ങള്‍ ശ്രദ്ധിച്ചു. ആരെയോ കാത്തുനില്‍ക്കുന്നതു പോലെ . ഞങ്ങള്‍ അടുത്തു എത്തിയപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ ആ പെണ്‍കുട്ടി ഓടിവന്നു എന്റെ രണ്ടു കവിളിലും ചുംബിചു. പെട്ടെന്നായതു കൊണ്ടു ഞാന്‍ ഞെട്ടിപ്പോയി. എന്താണു കാരണം? ആ കുട്ടിയുടെ അമ്മ പറഞ്ഞു. ഞങ്ങള്‍ നിങ്ങളെ കാത്തു നില്ക്കുകയായിരുന്നു. മകളുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണു ഇന്നു ഇവിടെ നിന്നതു. അവള്‍ക്ക് നിങ്ങളെ പരിചയപ്പെടണം. സംസാരിക്കണം. ഇതു ഞങ്ങളുടെ സ്നേഹപ്രകടനം മാത്രമാണു. ഒന്നും വിചാരിക്കരുതു.. എനിക്കു സന്തോഷമായി. ഞങ്ങള്‍ കുറെ നേരം സംസാരിച്ചു . അവര്‍ തുര്‍കിഷ് ഭാഷയിലും ഞാന്‍ ഇംഗ്ളീഷിലും . പക്ഷെ ഭാഷ ഒരു പ്രശ്നമേ ആയിരുന്നില്ല ആ സംഭാഷണത്തിനു. കാരണം അതു സ്നേഹത്തിന്റെ ഭാഷ ആയിരുന്നു. ഈ സംഭവത്തിനു ശേഷം ശ്രീമാനു എന്നോടു അല്പം അസൂയ ഉണ്ടായോ എന്നു മാത്രം ഒരു സംശയം.

അഡന തടാകത്തിന്റെ ഒരു വശത്ത് ഒരു മുസ്ലിം പുരോഹിതന്റെ ഖബറ് ആണു. ചെറിയ ഒരു കുന്നിന്റെ മുകളില്‍. ധാരാളം സന്ദര്‍ശകര്‍ അവിടെ വന്നു കൊണ്ടിരുന്നു. അവിടെ പ്രാര്‍ത്ഥിച്ചാല്‍  ഉദ്ദിഷ്ടകാര്യം സാധിക്കുമത്രെ. ഞങ്ങളും അവിടെ പ്രാര്‍ത്ഥിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രാര്‍ത്ഥന ഫലിച്ചു എന്നു പറയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം ഉണ്ടു.

ഞങ്ങളുടെ ഭക്ഷണം മിക്കവാറും എല്ലാ രാജ്യക്കാരും തൃപ്തിയോടെ ആസ്വദിച്ചിരുന്നു എന്നതില്‍ അഭിമാനം ഉണ്ടു. റഷ്യക്കാര്‍, അഫ്ഘാന്‍കാര്, ജര്‍മ്മനിക്കാര്, ഇന്ഗ്ലണ്ടുകാര്‍, പാകിസ്താന്‍കാര്‍ എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. പൊതുവെ യുറോപ്പിലുള്ളവര്‍ക്ക്  നമ്മുടെ എരിവു പിടിക്കാറില്ല, എന്നാലും നമ്മുടെ കറികളുടെ മണവും രുചിയും അവര്‍ക്ക് ഇഷ്ടമാണു. എരിവു കൊണ്ടു കണ്ണില്‍ കൂടി വെള്ളം വന്നാലും അവര്‍ സന്തോഷമായി ഭക്ഷണം കഴിച്ചിരുന്നു. ശ്രീമാന്റെ സഹപ്രവര്‍ത്തകന്റെ ഭാര്യ മദാമ്മ എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകകയായിരുന്നു. ഞാന്‍ ഉണ്ടാകിയ ചിക്കന്‍ കറി ശ്രീമതി സുഖമായി കഴിക്കും. ഞങ്ങള്‍ ലണ്ടനില്‍ ഇന്ത്യന്‍ റെസ്റോറന്റില്‍ പോകാറുണ്ട്. അവിടെ ഇന്ത്യന്‍ കറിയുടെ വാസനക്കു എട്ടു പൌണ്ടും കറിക്കു രണ്ടു പൌണ്ടുമാണ് വില എന്നു തമാശയായി പറഞ്ഞിരുന്നു. നമ്മുടെ കറിയുടെ വാസന അവര്‍ക്ക് അത്ര ഇഷ്ടമായിരുന്നു. ചിലപ്പോള്‍ ഈ വാസന ആസ്വദിക്കാന്‍ മാത്രം അവര്‍ സായാഹ്ന സവാരി റെസ്റ്റോറന്റിന്റെ അടുത്തുകൂടിയാക്കുമത്രെ! പക്ഷെ സായിപ്പു പൂര്‍ണമായിട്ടും ഈ അഭിപ്രായക്കാരനായിരുന്നില്ല. ആശാനു എരിവു തീരെ പിടിക്കില്ല. ശ്രീമാനുമായുള്ള സംഭാഷണതില്‍ പലപ്പൊഴും ഇംഗ്ലണ്ടില്‍ വിദേശികള് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള് വിശദീകരിച്ചിരുന്നു. ബ്രിട്ടീഷ് പൌണ്ടിന്റെ ആകര്‍ഷണത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നു   പാരീസ് വഴിയും മറ്റും നിയമ വിധേയമല്ലാതെ വിദേശികള് ഇംഗ്ലണ്ടില്‍ എത്തുന്നതും പാക് കച്ചവടക്കാര്‍ വില്പന സാധനങ്ങള്‍ നിരത്തില്‍ ഇറക്കി വച്ചു വാഹനങ്ങള്‍ക്ക്  അസൌകര്യം ഉണ്ടാക്കുന്നതും ക്രിക്കറ്റ് കാണുമ്പോള്‍ ഉണ്ടാക്കുന്ന ബഹളവും എല്ലാം അദ്ദേഹം വിശദമായി ശ്രീമാനുമായി ചര്‍ച്ച ചെയ്തിരുന്നു. ഒരു പക്ഷെ ഞങ്ങള്‍ പാകിസ്താനികള്‍ ആയിരുന്നു എങ്കില്‍ സായിപ്പിന്റെ കുറ്റവാളികള്‍ ഇന്ത്യക്കാരാകുമെന്നു ഞങ്ങള്‍ പറയുമായിരുന്നു. അവര്‍ ഭരിച്ചിരുന്നതുകൊണ്ടാണു ഇന്ത്യക്കു നല്ല റോഡുകളും റയില്‍വേയും ഉണ്ടായതു എന്നു സായിപ്പു പറയും. സംഗതി സത്യമാണെങ്കിലും വാദത്തിനു വേണ്ടി ഇതംഗീകരിക്കാറില്ല. പലപ്പൊഴും ഇതു ഒരു നീണ്ട വാദപ്രതിവാദത്തിലെക്കു നയിച്ചിരുന്നുവത്രെ! വാസ്തവത്തില്‍ ബ്രിട്ടീഷുകാരില്‍ കുറച്ചുപേരെങ്കിലും അന്നും  പഴയ കൊളോണിയല്‍ മന:സ്ഥിതി വച്ചു കൊണ്ടിരിക്കുന്നു എന്നതു വാസ്തവമാണു. അതു പോലെ നമ്മുടെ ഇടയില്‍ ചിലരിലെങ്കിലും അവരോടുള്ള യജമാന മനോഭാവവും .

 

 




 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും