90. മതവും രാഷ്ട്രീയവും അല്പം ചരിത്രവും തുര്‍ക്കിയില്‍
യൂറോപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുര്‍ക്കിയെ ആധുനിക തുര്‍ക്കിയാക്കിയതു കെമാല്‍ പാഷ എന്ന അത്തത്തുര്‍ക്കായിരുന്നു. ( അത്തത്തുര്‍ക്ക് : മഹാനായ തുര്‍ക്ക് ) തുര്‍ക്കിയുടെ ഭരണഘടന അനുസരിച്ചു ഇന്നും മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കാന്‍ പാടില്ല. കെമാല്‍ പാഷ ഒന്നാം ലോകമഹായുദ്ധത്തിലെ ഒരു സുപ്രധാന വിജയത്തില്‍ കൂടിയാണു മുന്‍ നിരയിലേക്കു വന്നതു. പ്രധാനമായും ഒരു യോദ്ധാവായിരുന്നു അദ്ദേഹം. ഇന്നും തുര്‍ക്കിയുടെ ഭരണത്തില്‍ പട്ടാളകൌണ്സിലിനു നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. MGK എന്നറിയപ്പെടുന്ന ഈ കൌണ്സിലിന്റെ അംഗീകാരം ഇല്ലാതെ ഒരു ഭരണഘടനാ പരിഷ്കാരവും പ്രാബല്യത്തില്‍ വരുകയില്ല. മുസ്ലിം വനിതകള്‍ ശിരോവസ്ത്രം ആപ്പീസുകളിലും സ്കൂളിലും ധരിക്കരുതു എന്നതു ഒരു നിയമമാണു. അസംബ്ലിയില്‍ ശിരോവസ്ത്രതോടെ വന്ന ഒരു സ്ത്രീ അംഗത്തിന് അംഗത്വം നഷ്ടപ്പെട്ടു എന്നു കേട്ടു. സ്കൂളുകളിലും കൊളേജുകളിലും ശിരോവസ്ത്രം അണിഞ്ഞു ആരെയും കാണുകയില്ല. ശ്രീമാന്റെ ക്ലാസ്സില്‍ മിക്കവാറും ഒരേ രീതിയില്‍ മുടിയുള്ള കുട്ടികളെ കണ്ടപ്പോള്‍ കാര്യം രഹസ്യമായി അന്വേഷിച്ചു. കുറച്ചു യാഥാസ്തികരായ മുസ്ലിം പെണ്കുട്ടികള്‍ കറുത്ത ശിരോവസ്ത്രം ആദ്യം ധരിക്കുന്നു. അതിനുമുകളില്‍ കറുത്ത മുടിയുടെ ടോപ്പ് വക്കുന്നു. ഈ ടോപ്പ് വക്കുന്ന കുട്ടികളാണു ഒരേ പോലെ മുടിയുള്ളവരായി ആശാന് തോന്നിയത്. ഇപ്പോള്‍ ഭരണത്തില്‍ ഇരിക്കുന്നതു യാഥാസ്തികരുടെ പാര്‍ട്ടി ആണു. അവര്‍ പല നിയമ നിര്‍മ്മാണണത്തിനും ശ്രമിക്കുന്നുണ്ടു. പക്ഷെ പലതും MGK യുടെ എതിര്‍പ്പില്‍ മുന്നോട്ടു പോകുന്നില്ല.
പൊതുവെ തുര്‍ക്കിഷ്
മുസ്ലിമുകള്‍ പുരോഗമന വാദികളാണു. യാഥാസ്ഥിതികക
മുസ്ലിമുകള്‍ ഇക്കാരണത്താല്‍ തുര്‍ക്കിഷ് മുസ്ലീമുകളെ അല്പം പുച്ഛത്തില്‍ ആണ്
കാണുന്നതു.ഒരു കയ്യില്‍ ബിസ്മി ചൊല്ലുന്ന ജപമാലയും മറ്റെ കയ്യില്‍ ഒരു ഗ്ലാസ്സ്
ബിയറും അസാധാരണമായ കാഴ്ചയല്ല. മുസ്ലിം വിശേഷങ്ങള്‍ എല്ലാം വിശദമായിതന്നെ അവര്‍
കൊണ്ടാടാറുണ്ടു. റമദാനും ബക്രീദും,
എല്ലാം. ബക്രിദിന്റെ തലേ ദിവസം നിരത്തുകളെല്ലാം കഴുകി വൃത്തിയാക്കി
ഇടുന്നു. പിറ്റേ ദിവസം ആടിനെ അറുത്തു ചോര തളം കെട്ടിക്കിടക്കുന്നതും കാണാം
എന്നാലും. സാമ്പത്തികമായി ഇടത്തരക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ബക്രീദിനു ആടിനെ
കൊല്ലുന്നു. ചെണ്ടപോലെ ഒരു വാദ്യവും
കൊട്ടി ഒരു സംഘം ആടിനെ കൊല്ലാന്‍ ആയി വീടുവീടായി നീങ്ങുന്നതു കാണാം. മുറിച്ച മാംസം
എല്ലാവര്‍ക്കും കൂടി വീതിച്ചു കൊടുക്കുന്നു. . ഈ ദിവസങ്ങളില്‍ മാത്രം വര്‍ഷത്തിലൊരിക്കല്‍
ആട്ടിന്‍ മാംസം കഴിക്കുന്ന കുറെയെങ്കിലും പാവങ്ങള്‍ തുര്‍ക്കിയിലുണ്ടത്രേ, പത്രത്തില്‍ വായിച്ചതായോര്‍ക്കുന്നു.
തുര്‍ക്കിയുടെ യുറോപ്പ്യന്‍ കൌണ്സില്‍
അംഗത്വത്തിനു പ്രധാന പ്രതിബന്ധമായി പറയുന്നതു അവരുടെ മനുഷ്യാവകാശ ധ്വംസനമാണു.
കോടതി ഉണ്ടെങ്കിലും പലപ്പൊഴും കുറ്റവാളികളെ കോടതിയില്‍ ഹാജരാക്കുന്നതു വളരെ
വൈകിയാവും. പലപ്പൊഴും വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രത്യേകിച്ചും രാഷ്ട്രീയ തടവുകാരുടെ.
കുറ്ദുകള്‍ എന്നറിയപ്പെടുന്ന ജനവിഭാഗം ഇങ്ങനെ വര്‍ഷങ്ങളായി തടവില്‍ കഴിയുന്നു. ഞങ്ങള്‍ അവിടെ
ഉണ്ടായിരുന്നപ്പോള്‍ ജയിലിലുള്ള കുര്ദുകള്‍ നീണ്ട നിരാഹാര സമരത്തിലായിരുന്നു.
കാരണം അവരുടെ ജയിലില്‍ ബാരക്കുകള്‍ നിര്‍മ്മിച്ചു അവരെ കൂട്ടം കൂടാന്‍
അനുവദിക്കാതിരിക്കുന്നതിനുള്ള ശ്രമത്തില് പ്രതിഷേധിച്ചായിരുന്നു സമരം. കുറെയേറെപ്പേര്‍ മരിക്കുകയും ചെയ്തു, ഈ സമരത്തില്‍. എന്നിട്ടുപോലും
വിട്ടു വീഴ്ചയില്ല. ഇവരോട് അനുകമ്പയുള്ളവര്‍ പോലും അത് പരസ്യമായി
പ്രകടിപ്പിക്കാറില്ല.
ഇന്ദിരാഗാന്ധിയും പച്ചക്കറിക്കാരനും തമിഴ് സുഹൃത്തും
ഞങ്ങള്‍
സ്ഥിരമായി അടുത്തുള്ള ഒരു പച്ചക്കറിക്കടയില്‍ നിന്നാണു സാധനം വാങ്ങിയിരുന്നതു.
കടക്കാരനൊരു രസികനായിരുന്നു. ആദ്യം ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ശ്രീമാനുമായി വലിയ
തര്‍ക്കം ഉണ്ടായി. പ്രശ്നം ഗാന്ധിയായിരുന്നു.
അയാള്‍ക്ക് ഗാന്ധി ആയി ഇന്ദിരാഗാന്ധിയെ മാത്രമേ അറിയൂ. ശ്രീമാന്‍ പറഞ്ഞു. “ ഇന്ദിരാഗാന്ധിക്കു ഗാന്ധി കുടുംബവുമായി
ഒരു ബന്ധവുമില്ല. അവരെ വിവാഹം കഴിച്ചത് ഒരു പാര്‍സി ആയിരുന്നു. അതില്‍ നിന്നു
ഗാന്ദി എന്ന കുടുബപ്പേര്‍ സൌകര്യപൂര്‍വം ഗാന്ധി ആക്കുകയാണു ചെയ്തതു, അവരോ അവരുടെ
അഭ്യുദയകാംക്ഷികളോ വളരെ ബുദ്ധിപൂര്‍വ്വം ചെയ്ത ഒരു കളി. രാഷ്ട്രപിതാവിന്റെ
പിന്തുടര്‍ച്ചക്കാര്‍ എന്ന അവകാശം സ്ഥാപിക്കാന്‍വേണ്ടി. നെഹ്രുവും
മഹാത്മാഗാന്ധിയുമായുള്ള മമതയില്‍ കൂടുതലായൊന്നും ഇല്ല”. അയാള്‍ ആദ്യം സമ്മതിച്ചു കൊടുത്തില്ല എങ്കിലും കാര്യം
മനസ്സിലാക്കിയപ്പോള്‍ ഇന്ദിരാഗാന്ധിയും കുടുംബവും മഹാത്മാഗാന്ധിയുടെ പിന്മുറക്കാര്‍
അല്ല എന്നു അംഗീകരിചു. അയാള്‍ക്കറിയുമോ ഇന്ത്യന്‍ പൌരത്വം എടുക്കാന്‍ പോലും ആദ്യം
മടിച്ച ഒരാളാണു മറ്റൊരു ‘ഗാന്ധി’ എന്ന പേരില്‍ കുറച്ചുനാള്‍ ഇന്ത്യയുടെ ഭരണം പരോക്ഷമായി
നിയന്ത്രിച്ചത് എന്നു. അതിനു ശേഷം ഞാന്‍ തനിച്ചു കടയില്‍ ചെല്ലുമ്പോള്‍ ‘ ഇന്ദിരാ ഗാന്ധി ‘ എന്നു പറഞ്ഞു അയാള്‍ എന്നെ കളിയാക്കുമായിരുന്നു.
ഒരു
ദിവസം ആ കടയില്‍ വച്ചു ഒരു തുര്‍ക്കിക്കാരനെ ഞങ്ങള്‍ പരിചയപ്പെട്ടു. അയാളുടെ ഒരു
സുഹൃത്ത് ഇന്ത്യക്കാരന്‍ അടുത്തുണ്ടെന്നു പറഞ്ഞു. അയാളുടെ ഫോണ്‍ നമ്പരും തന്നു.
ഞങ്ങള്‍ വീട്ടിലെത്തിയ ഉടനെ ഫോണില്‍ വിളിച്ചു അയാളുമായി .കുറെയേറെ സംസാരിചു.
സൌകര്യം പോലെ വീട്ടിലേക്കു വരാം എന്നു പറഞ്ഞു. പിറ്റേ ദിവസം ഞായറാഴ്ച ആയിരുന്നു.
കാളിങ് ബെല്‍ അടിച്ചതു കേട്ടു വാതില്‍ തുറന്നപ്പോള്‍ ഒരു കറുത്തിരുണ്ട ദീര്‍ഘകായനായ
ഒരു ഇന്ത്യക്കാരനും ഒരു തുര്ക്കിഷ് വനിതയും ആണു. ഞാന്‍ അവരെ സ്വീകരിച്ചിരുത്തി.
അയാളാണു നമ്മുടെ തമിഴ്നാട്ടുകാരനായ ഇന്ത്യക്കാരന്‍. മണി ആദ്യമായി അഡനയില്‍ കണ്ടു
മുട്ടിയഇന്ത്യക്കാരന്. അയാളൊടൊപ്പം ഉള്ളതു അയാള്‍ താമസിക്കുന്ന വീട്ടിന്റെ ഉടമയും
സഹപ്രവര്‍ത്തകയും നാലു വര്‍ഷമായി അഡനയില്‍ എത്തിയിട്ടു. ദുബായി കേന്ദ്രമായിട്ടുള്ള
ഒരു കെട്ടിടനിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭാര്യയും രണ്ടു പെണ്മക്കളും
നാട്ടിലാണു. ദീപാവലിക്കു സാധാരണ നാട്ടില്‍ പോകും. ജോലി സംബന്ധമായി ധാരാളം യാത്ര
ഉള്ളതുകൊണ്ടു അവരെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. താമസസ്ഥലത്തു ഭക്ഷണം
കിട്ടുമെന്നുള്ളതു കൊണ്ടു ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കാം. മണിയും നല്ല ഒരു കുക്കായതുകൊണ്ടു
ഇന്ത്യന്‍ വിഭവങ്ങള്‍ അവര്‍ക്കും കഴിക്കാം. സഹപ്രവര്‍ത്തകയുടെ നാലു സഹോദരങ്ങളും
അമ്മയും അമ്മൂമ്മയുമായി അവര്‍ കഴിയുന്നു. ഞങ്ങളുടെ കൂടെ അത്താഴം കഴിച്ചാണു അവര്‍
പോയതു. ഞങ്ങളെ അടുത്ത ദിവസം അങ്ങോട്ടു ക്ഷണിക്കുകയും ചെയ്തു. കുശാലായ തുര്‍ക്കിഷ്
ഇന്ത്യന്‍ വിഭവങ്ങളുടെ ഒരു സമഞ്ജസമായ സമ്മേളനമായിരുന്നു ഭക്ഷണം മിക്കവാറും ഒരു
ദിവസം ഞങ്ങള്‍ ആ സ്നേഹസമ്പന്നമായ കുടുംബത്തില്‍ കഴിഞ്ഞു. ഞങ്ങള്‍ തുര്‍ക്കിയില്‍
നിന്നു തിരിച്ചു പോന്നുകഴിഞ്ഞു മണിക്കു ദുബായിലേക്കു മാറ്റം കിട്ടിയെന്നു
അറിയിച്ചു. കുറച്ചുനാള്‍ കൂടി ഇമെയില്‍ വഴി ബന്ധം നില നിര്‍ത്തിയിരുന്നു.
Comments
Post a Comment